ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അച്ഛന്റെ പ്രേമം ഞാൻ കണ്ടു പിടിച്ചു. കഴിഞ്ഞ ഓണത്തിന് പൂ പറിക്കാൻ പോയപ്പോൾ പാമ്പു കടിച്ചു മരിച്ച ഭാർഗ്ഗവിയമ്മയുടെ മൂത്ത മകൾ ഭാനുമതിയാണ് കക്ഷി.

‘ഭാനുമതിയെ ഇഷ്ടമാണൊ അച്ഛന്…?’

തലയുയർത്താതെ ആ അറുപതുകാരൻ അതേയെന്ന് പറഞ്ഞു. ചിരിക്കാൻ തോന്നിയിട്ടും ഞാൻ പിടിച്ചു നിൽക്കുകയായിരുന്നു. അച്ഛന്റെ പരുങ്ങൽ കാണുമ്പോൾ അയലത്തെ സുലോചനയ്ക്ക് ഞാൻ പണ്ട് എഴുത്തു കൊടുത്ത നാളായിരുന്നു എനിക്ക് ഓർമ്മ വന്നത്. അന്ന് അമ്മയുണ്ടായിരുന്നു. അച്ഛൻ മടലുകൊണ്ട് എന്നെ തല്ലിയപ്പോൾ അമ്മയാണ് രക്ഷിച്ചത്.

അച്ഛനെ എനിക്ക് ഇഷ്ട്ടമേ ആയിരുന്നില്ല. ഒറ്റമോനായതു കൊണ്ട് ഒലക്കക്കടിച്ച് വളർത്തണമെന്നാണ് അച്ഛന്റെ പക്ഷം. പക്ഷെ ; പതിമൂന്നാമത്തെ പ്രായത്തിൽ അമ്മ മരിച്ചപ്പോൾ അച്ഛന്റെ കരച്ചിൽ എനിക്ക് താങ്ങാനായില്ല. അന്നു ഞാൻ അച്ഛനെ ഓർത്താണൊ, പുതച്ചു കിടക്കുന്ന അമ്മയെ ഓർത്താണോ കരഞ്ഞതെന്ന് ഇപ്പോഴും നിശ്ചയമില്ല.

അമ്മയില്ലാതായി പോയ ആ വീട്ടിൽ അച്ഛൻ പിന്നീട് എങ്ങനെയായിരുന്നു എന്നതിന്റെ ഉത്തരമാണ് പരിഷ്ക്കാരിയായ ഞാൻ. എന്റെ ആഗ്രഹത്തിന് അനുസരിച്ച് പഠിപ്പിക്കാൻ അച്ഛൻ കൊണ്ട വെയിൽ എനിക്കറിയാം. അമ്മയില്ലാത്ത എന്നെ ആ മനുഷ്യൻ പിന്നീട് നുള്ളിയിട്ടു പോലും നോവിച്ചിട്ടില്ല. എല്ലാം എന്റെ ഇഷ്ട്ടത്തിനു വിട്ടു.

രാജ്യം കടന്നു ജോലിക്ക് കയറിയപ്പോഴും, അവിടുത്തുകാരിയെ കെട്ടിയപ്പോഴും അച്ഛന് എന്നോട് യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. എന്തു പറഞ്ഞാലും മോന്റെ ഇഷ്ടം പോലെ ജീവിക്കൂവെന്നേ അച്ഛൻ പറയാറുള്ളൂ…

ഇത്തവണ ലീവിന് വന്നപ്പോൾ കൂട്ടുകാരിൽ ഒരാളാണ് ഭാനുമതിയുമായുള്ള അച്ഛന്റെ ബന്ധം എന്നെ ധരിപ്പിച്ചത്. അമ്പടാ കേമായെന്നേ എനിക്ക് ആ നേരം തോന്നിയുള്ളൂ. എന്റെ കൂടെ വരാൻ പറയുമ്പോൾ അച്ഛൻ മടിക്കുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാകുമെന്ന് ഞാൻ ഊഹിച്ചു. നിനക്ക് കുറച്ചി ലാകുമെന്ന് കരുതിയാണ് ഓൻ ഓളെ പൊറുപ്പിക്കാത്തതെന്ന് ചന്ദ്രേട്ടനും പറഞ്ഞു. അച്ഛന്റെ കൂട്ടുകാരനാണ് ചന്ദ്രേട്ടൻ.

‘അച്ഛൻ വിളിച്ചാൽ കൂടെ വരുമോ ആള്…? വാ നമുക്ക് പെണ്ണു കാണാൻ പോകാം…’

ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട് വരാമെന്നും പറഞ്ഞു. ഞാൻ വിട്ടില്ല. ഇത്തവണ ലീവു കഴിഞ്ഞ് പോകും മുമ്പേ നിങ്ങളെ കെട്ടിക്കാൻ തീരുമാനിച്ചെന്ന് അച്ഛനോട് ഞാൻ പറഞ്ഞു.

‘നീയെന്റെ അച്ഛനാകല്ലെ ചെക്കാ…’

എന്നും പറഞ്ഞ് മുഖം ചുളിച്ചുകൊണ്ട് അച്ഛൻ അപ്പോൾ അകത്തേക്ക് പോകുകയായിരുന്നു… എനിക്ക് തിരിച്ചു പോകേണ്ട തീയതി അടുത്തിരി ക്കുകയാണ്. അതിനു മുമ്പേ രണ്ടിനെയും പിടിച്ച് കെട്ടിക്കാന്ന് വെച്ചാണ് ഞാൻ ഇങ്ങനെയൊക്കെ ശ്രമിക്കുന്നത്. പക്ഷെ, അച്ഛൻ വഴങ്ങുന്നില്ല. ആലോചി ച്ചപ്പോഴാണ് ഈ കാര്യത്തിൽ എന്നെക്കാളും കൂടുതൽ അച്ഛൻ ഭയക്കുന്നത് വീടിനോട് ചേർന്നുള്ള ബന്ധുക്കളെയാണെന്ന് ഞാൻ മനസിലാക്കിയത്.

‘വല്ല്യമ്മയറിഞ്ഞില്ലേ… അച്ഛന്റെ കല്ല്യാണമുണ്ട്… ‘

തമാശ പറയാതെ പോയെന്നും പറഞ്ഞ് വല്ല്യമ്മ ചിരിച്ചു. സത്യമാണെന്ന് മരിച്ചുപോയ അമ്മയെ ആണയിട്ട് പറഞ്ഞപ്പോഴാണ് മൂക്കത്ത് വിരലും വെച്ച് വല്ല്യമ്മ എന്നെ വിശ്വസിച്ചത്. കുടുംബക്കാർ മുഴുവൻ അച്ഛനോട്‌ ഈ കാര്യം ചോദിക്കണമെന്ന ചിന്തയിലാണ് പിറ്റേന്ന് തൊട്ട് ബന്ധുക്കളെയെല്ലാം ഞാൻ സന്ദർശിക്കാൻ തുടങ്ങിയത്.

‘ആട്ടെ… വയസ്സുകാലത്ത് നിന്റെ അച്ഛനെ കെട്ടാൻ പോണത് ആരാ..?’

അമ്മായിയാണ് ചോദിച്ചത്. വല്ല്യമ്മയോട് പറഞ്ഞ മറുപടി തന്നെ അമ്മായിക്കും ഒരു ചിരിയിൽ പൊതിഞ്ഞ് ഞാൻ കൊടുത്തു. പാമ്പുകടിയേറ്റ് മരിച്ച ഭാർഗ്ഗവിയുടെ മോളാണെന്ന് പറഞ്ഞപ്പോൾ തന്നെ ആര് ഭാനുമതിയോയെന്ന് അമ്മായി ചോദിക്കുകയായിരുന്നു. അതേയെന്ന് പറഞ്ഞ് ഞാൻ കണ്ണുകൾ ഇറുക്കി.

‘പെറാത്തത് കൊണ്ട് കെട്ടിയോൻ ഇട്ടിട്ട് പോയവളെയാണൊ വയസ്സുകാലത്ത് നിന്റെ അച്ഛൻ കണ്ടുപിടിച്ചത്…? എന്റെ പ്രായുണ്ട് ഓൾക്ക്…’

എനിക്കത് പുതിയ അറിവായിരുന്നിട്ടും അതിനിപ്പോൾ എന്താ കുഴപ്പമെന്ന് ചോദിച്ച് അവിടെ നിന്നും ഞാൻ ഇറങ്ങി. രണ്ടിടത്ത് പറഞ്ഞതുകൊണ്ട് രണ്ടു നാൾക്കുള്ളിൽ ബന്ധുക്കളെല്ലാം വിവരം അറിഞ്ഞോളും. എല്ലാവരുടെയും ചോദ്യത്തിൽ വാശി കയറി അച്ഛൻ ഭാനുമതിയെ വീട്ടിലേക്ക് കൊണ്ടു വരുകയും ചെയ്യും. അതായിരുന്നു എന്റെ ഉദ്ദേശ്യം.

പിന്നീടുള്ള നാളുകളിലൊന്നും അച്ഛൻ എന്നോട് മിണ്ടിയില്ല. വേണ്ടാത്ത കാര്യത്തില് ഇടപെട്ടോയെന്ന് ഞാനും ചിന്തിച്ചുപോയി. ഭാനുമതിയുടെ വീട്ടിൽ പോയി സംസാരിക്കാനുള്ള തോന്നൽ അങ്ങനെയാണ് മാറിയത്. നാളുകൾ കഴിഞ്ഞു. ഒടുവിൽ എനിക്ക് തിരിച്ചു പോകാനുള്ള ദിവസത്തിന്റെ തലേനാളും വന്നുചേർന്നു.

‘അച്ഛന്റെ ഇഷ്ട്ടം പോലെ ജീവിക്കൂ… എന്തിനും ഞാനുണ്ട്…’

പണ്ടൊക്കെ എന്നോട് പറയാറുണ്ടായിരുന്ന അതേ വാചകം ഞാൻ അച്ഛനോട് പറഞ്ഞു. ബന്ധുക്കളുടെ നടുവിൽ എന്നെ എറിഞ്ഞു കൊടുത്തിട്ട് നാളെ നീ പോകുകയാണല്ലേയെന്ന് അച്ഛൻ അപ്പോൾ എന്നോട് ചോദിച്ചു. അറിയാതെ എന്റെ തല കുനിഞ്ഞുപോയി.

‘നാളെ കൃഷ്ണന്റെ അമ്പലത്തിൽ നിന്ന് കെട്ട് നടത്താം… ഭാനുവിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്.’

അമ്പട കേമായെന്നും പറഞ്ഞ് അച്ഛന്റെ നരച്ച താടിയിലും മീശയിലും നോവിക്കാതെ ഞാൻ പിടിച്ചു വലിച്ചു. ആ മനുഷ്യനിൽ അപ്പോഴാണ് നാണമെന്ന ഭാവം ആദ്യമായിട്ട് ഞാൻ കാണുന്നത്..

‘പിന്നെയൊരു കാര്യം കൂടിയുണ്ട്… ബാങ്കോക്കിലേക്ക് ഞങ്ങളെ ഹണിമൂണിന് അയക്കണം. ഇപ്പോൾ കല്ല്യാണം കഴിഞ്ഞവരെല്ലാം അങ്ങോട്ടാണുപോലും പോകുന്നത്… ഭാനു ഇതുവരെ വിമാനത്തിൽ കേറിയിട്ടില്ല.. ഞാനും…’

അതു കേട്ട നിമിഷം എന്റെ ചിരി താനേ അണഞ്ഞു. ബന്ധുക്കളെല്ലാം ഒരു പോലെ എതിർപ്പു കാട്ടിയതിന്റെ പ്രതികാരമാണോ അച്ഛനിലെന്ന് എനിക്ക് തോന്നാതെയില്ല. അച്ഛന്റെ ഇഷ്ട്ടം പോലെ തന്നെ നടക്കട്ടെയെന്ന് പറഞ്ഞു കൊണ്ട് തല കുലുക്കാനെ എനിക്ക് സാധിച്ചുള്ളൂ. ആദ്യമായിട്ടാണ് അച്ഛൻ എന്നോടൊരു ആഗ്രഹം പറയുന്നത്. അതു സാധിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ മകനാണെന്ന് പറഞ്ഞ് ഞാൻ എന്തിനാണ് ഈ ഭൂമിയിൽ…

ഗൈഡിനെ മാറ്റി നിർത്തി അച്ഛനും ഭാനുമതിയും അവിടുത്തെ തീരദേശ സുഖവാസ കേന്ദ്രമായ പട്ടായയിലൂടെ കൈകോർത്ത് നടക്കുന്ന രംഗം എന്റെ മനസ്സിൽ തെളിയുകയാണ്. നേരത്തേ അണഞ്ഞുപോയ ചിരി ചിറിയിലേക്ക് വീണ്ടും തെളിയുന്നത് ഞാൻ ആ നിമിഷം അറിയുന്നുണ്ടായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *