എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
മൂന്നാം തരത്തിൽ പഠിക്കുന്ന തന്റെ മകന് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാതിയുമായി ഒരു മാതാവ് സ്കൂളിലേക്ക് വന്നിരുന്നു. പുതിയ ക്ലാസ്സ് ടീച്ചറെന്ന നിലയിൽ പ്രിൻസിപ്പാൾ മാഡം എന്നെയും വിളിപ്പിച്ചു.
‘മാഡം, മൂന്ന് കൊല്ലം കഴിഞ്ഞില്ലേ… ഒന്നും വേണ്ട… അറ്റ്ലീസ്റ്റ് എഴുതാനും വായിക്കാനുമെങ്കിൽ….’
ആ സ്ത്രീ വളരേ മാന്യമായാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, പ്രിൻസിപ്പാൾ മാഡത്തിന്റെ ശബ്ദം ഉയർന്നു.
‘കുട്ടികൾ പഠിക്കാത്തതിന്റെ ഉത്തരവാദിത്തം സ്കൂളിന് മാത്രമല്ല. രക്ഷിതാക്കളും ശ്രദ്ധിക്കണം…’
ആ പറഞ്ഞതിനോട് കുട്ടിയുടെ അമ്മ യോജിച്ചില്ല. വീട്ടിൽ നിന്ന് പഠിപ്പിക്കണമെങ്കിൽ പറഞ്ഞ ഫീസും തന്ന് സ്കൂളിലേക്ക് പറഞ്ഞയക്കണോയെന്നാണ് ആ സ്ത്രീ ചോദിക്കുന്നത്. പ്രിൻസിപ്പാൾ മാഡത്തിന് ഉത്തരം മുട്ടിപ്പോയി. രക്ഷിതാവ് തുടർന്നു.
‘എനിക്ക് ജോലിയുള്ളതാണ്. വീട്ടിൽ ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും പിള്ളേരെ പഠിപ്പിക്കുന്ന ഉത്തരവാദിത്തം സ്കൂളിന്റേത് മാത്രമാണ്. അതിനുള്ള നടപടികൾക്ക് കൂടെ നിൽക്കാനേ രക്ഷിതാക്കൾക്ക് പറ്റൂ… പിന്നെയൊരു കാര്യം, താങ്ങാൻ പറ്റുന്ന അറിവേ കുട്ടികൾക്ക് കൊടുക്കാവൂ… എല്ലാം കുiത്തി കയറ്റാതെ ഉറപ്പുള്ള അടിത്തറയാണ് ഉണ്ടാക്കേണ്ടത്…’
പ്രഭാഷണം പോലെ ഞാൻ കേട്ടിരുന്ന് പോയി. അറിവുള്ള സ്ത്രീ. ഈ സ്കൂളിൽ പുതിയതായത് കൊണ്ട് എല്ലാവരെയും പഠിച്ച് വരുന്നതേയുള്ളൂ… പഠിപ്പിക്കേണ്ട കുട്ടികളെയും പരിചയപ്പെടുന്നതേയുള്ളൂ…
‘ശ്രദ്ധിച്ചോളാം മാഡം…’
ഒരു ക്ലാസ്സ് ടീച്ചറെന്ന നിലയിൽ ആ രക്ഷിതാവിനോട് ഞാൻ പറഞ്ഞു. രംഗം വഷളായൊന്നുമില്ല. സുഖകരമായി തന്നെ ഞങ്ങൾ പിരിഞ്ഞു. ഉത്തരവാദിത്തമായി കുട്ടിയ മൂന്നാം തരത്തിനെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് മാത്രമേ ആ രാത്രിയിൽ ഞാൻ ചിന്തിച്ചുള്ളൂ…
ആ സ്ത്രീ പറഞ്ഞത് വളരേ ശരിയാണ്. കുട്ടികൾ ആദ്യം വശമാക്കേണ്ടത് ഭാഷയാണ്. മറ്റെല്ലാം പതിയേ ആർജ്ജിച്ചോളും.
‘ഇന്നൊരു കളിയാണ്. നിങ്ങളുടെ ഓർമ്മയിൽ തെളിയുന്ന എല്ലാത്തിന്റെയും പേരെഴുതണം. ആൾക്കാർ, സാധനങ്ങൾ, ചെടികൾ, പൂക്കൾ, അങ്ങനെ, എന്തൊക്കെ കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ… അതൊക്കെ എഴുതാം…’
അതിനായി ഒരു പീരിയഡ് മുഴുവൻ അവർക്ക് കൊടുത്തു. കുട്ടികൾ എഴുതിയതെല്ലാം ക്ലാസ്സ് ലീഡർ മുഖാന്തരം സ്റ്റാഫ് റൂമിലേക്കും എത്തിച്ചു. നോക്കാൻ നേരം കിട്ടാത്തത് കൊണ്ട് വീട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചത്. രാത്രിയിൽ സമയമെടുത്ത് പരിശോധിച്ചു. സ്വന്തം പേര് പോലും തെറ്റി എഴുതിയവരെ പ്രത്യേകം മാറ്റിവെക്കാൻ തോന്നി.
ഒരു മണിക്കൂർ നേരം കൊടുത്തിട്ടും പത്തിൽ കൂടുതൽ ആരും എഴുതിയിട്ടില്ല. അതിൽ തന്നെ നിരവധി അക്ഷരത്തെറ്റുകൾ. കുട്ടികൾക്ക് അറിയാത്തത് കൊണ്ടല്ല. നൂറോളം ഓർമ്മകൾ അവരുടെ തലയിൽ മിന്നിയിട്ടുണ്ടാകും. പക്ഷേ, എഴുതാൻ പറ്റുന്നില്ല. പ്രകടിപ്പിക്കാൻ ഭാഷ വേണമല്ലോ…
പിറ്റേന്ന് തൊട്ട് ക്ലാസിലെ കുട്ടികളെ മറ്റൊരു വിഷയവും പഠിപ്പിക്കേ ണ്ടായെന്ന് തീരുമാനിച്ചു. ഭാഷ പഠിച്ചതിന് ശേഷം മതി മറ്റെല്ലാമെന്ന് ചിന്തയാണ് തലയിൽ. തെറ്റില്ലാതെ എഴുതാനും വായിക്കാനും പഠിച്ചാൽ അതൊരു താക്കോലായി എന്നും കൂടെ ഉണ്ടാകും. അറിവുകളിലൂടെ ജീവിതത്തെ മെച്ചപ്പെടുത്താൻ അത് സഹായമാകും. ആ വിദ്യ അറിയാതെ എന്ത് പഠിച്ചിട്ടും കാര്യമില്ല.
ഭാഷയുടെ പ്രാധാന്യം കുട്ടികൾക്ക് ഞാൻ പറഞ്ഞ് കൊടുക്കുകയാണ്. കിന്നരിപല്ലുകൾക്ക് മനസിലാകുന്നൊന്നുമില്ല. എന്നുവെച്ച് പിൻ വാങ്ങാൻ പറ്റുമോ…! ഓരോ നാളും ഓരോ കളികളിലൂടെ അവരിൽ ഞാൻ ഭാഷയെ വളർത്താൻ തുടങ്ങി.
‘ സാർ… വീക്കിലി ടെസ്റ്റ് നടത്തണം. ഇപ്പോൾ ഭാഷകൾ മാത്രമേ പഠിപ്പിക്കുന്നൂള്ളൂവെന്ന് കേട്ടു..’
ഒരുനാൾ പ്രിൻസിപ്പാൾ മാഡം പ്രത്യേകം വിളിച്ച് ചോദിച്ചതാണ്.
‘യെസ് മാഡം. ആർക്കും എഴുതാനും വായിക്കാനുമൊന്നും അറിയില്ല… ചോദ്യപ്പേപ്പർ മനസിലാക്കാനെങ്കിലും പറ്റണ്ടേ… ടെസ്റ്റുകളൊന്നും ഇപ്പോൾ നടത്തുന്നില്ല…’
“നൊ, നൊ, എക്സാംസ് കണ്ടക്റ്റ് ചെയ്യണം. മാർക്കുകളൊക്കെ രക്ഷിതാക്കൾക്ക് കൃത്യമായി നോട്ടിഫിഫൈ ചെയ്യേണ്ടതാണ്. ഡെയിലി റിപ്പോർട്ട്, മന്ത്‌ലി റിപ്പോർട്ട്, എല്ലാം സബ്‌മിറ്റ് ചെയ്യണം. ഔർ സ്കൂൾ ഹാവ് ഇറ്റ്സ് ഓൺ റെഗുലേഷൻസ് യു നോ…”
ഞാൻ വെറുതേ തലകുലുക്കി. വലിയ ആത്മവിശ്വാസത്തോടെയാണ് കുട്ടികളുടെ പഠനനിലവാരം ഉയർത്താനുള്ള ശ്രമവുമായി മുന്നിട്ട് ഇറങ്ങിയത്. ഇപ്പോൾ ടെസ്റ്റ് നടത്താതെ ഇരിക്കുന്നത് ഞാൻ മാത്രമേയുള്ളൂ പോലും…!
ചിലർക്കൊന്നും എഴുതാൻ പോലും അറിയില്ലെന്ന് ഇന്നാള് പത്താം തരത്തിന്റെ ക്ലാസ്സ് ടീച്ചർ വരെ പറയുന്നത് കേട്ടു. ആഗ്രഹത്തോടെ വന്ന പ്രൊഫഷനാണ്. വിദ്യാഭ്യാസ മേഖലയ്ക്കാണ് അടിസ്ഥാനമില്ലാത്തതെന്ന് ആ നേരം എനിക്ക് തോന്നിപ്പോയി. അല്ലെങ്കിൽ, ആർക്ക് വേണ്ടിയാണ് ആഴ്ചയിൽ ആഴ്ചയിൽ പരീക്ഷകൾ. എന്തായാലും കുട്ടികൾക്ക് വേണ്ടിയല്ല. താങ്കളുടെ കുട്ടികളെ ഞങ്ങൾ ഇത്രേം പഠിപ്പിക്കുന്നുണ്ടെന്ന് കാട്ടാനുള്ള സ്കൂളിന്റെ പേരിന് വേണ്ടിയാണോ…! അതിൽ, മനസുഖം തേടുന്ന രക്ഷിതാക്കൾക്ക് വേണ്ടിയാണോ? അറിയില്ല. എന്തായാലും, എന്റെ കുട്ടികൾ ഇപ്പോൾ എഴുതാനും വായിക്കാനും പഠിക്കട്ടെ…
‘സാർ, ബി സീരിയസ്. ഞാൻ പറഞ്ഞതല്ലേ.. യു ഹാവ് റ്റു ഓബെ ഔർ മാനേജ്‍മെന്റ് പൊളിസീസ്…’
പരീക്ഷയ്ക്കായുള്ള ചോദ്യപ്പേപ്പർ തയ്യാറാക്കാത്തത് കൊണ്ട് കേൾക്കേണ്ടി വന്ന ശകാരമാണ്. പ്രിൻസിപ്പാൾ മാഡത്തിന് പതിവിലും ദേഷ്യം വന്നു. പഠിക്കാൻ ഇരിക്കുന്ന സ്കൂളും, പഠിപ്പിക്കാൻ പോകുന്ന സ്കൂളും രണ്ടാണെന്ന് ബോധ്യമാകുകയാണ്. ശരിയാണ്. എല്ലാവരും വിദ്യാർത്ഥികൾ തന്നെ. പക്ഷേ, മാനേജ്‍മെന്റിന്റെ ചൂരലിനെ പേടിക്കേണ്ട മുതിർന്ന കുട്ടികളാണ് ടീച്ചറുകളെന്ന് കരുതിയിരുന്നില്ല. തൊണ്ട പൊട്ടിയാലും, കാല് കുഴഞ്ഞാലും, സ്കൂളിന്റെ മുഴുവൻ ഭാരം തലയിൽ ആകുമെന്ന് പ്രതീക്ഷിച്ചതേയില്ല…
ഓരോ നാളും പഠിപ്പിക്കുന്നതെല്ലാം പോയിന്റ് ചെയ്ത് പ്രിൻസിപ്പാളിനെ ഏൽപ്പിക്കണമെന്നത് കഷ്ടമാണ്. ആഴ്ചകളിൽ ചോദ്യപ്പേപ്പർ തയ്യാറാക്കാനും നിലവിലെ സാഹചര്യത്തിൽ പ്രയാസമുണ്ട്. മാസ റിപ്പോർട്ട് എഴുതാൻ മൂന്ന് നാല് നാളുകൾ തന്നെ വേണ്ടിവരും. അതിന് പുറമെ, അധ്യാപകർക്കുള്ള പലതരം ഡ്യൂട്ടികൾ സ്റ്റാഫ് റൂമിന്റെ നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്. ഇതിന്റെ ഇടയിൽ എപ്പോഴാണ് കുട്ടികളെ പഠിപ്പാനുള്ള നേരമെന്ന് ഓർക്കുമ്പോൾ അന്താളിപ്പാണ്.
ഇതൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും വിശ്രമം ഇല്ലാത്തവർ ഉണ്ടാകും. അവരോട് സഹതപിക്കാനേ പറ്റുന്നുള്ളൂ… പറയുമ്പോഴും കേൾക്കുമ്പോഴുമുള്ള സുഖമൊന്നും അധ്യാപന വൃത്തിയിൽ ഇല്ലെന്ന് അറിയുകയാണ്. കുട്ടികളെ വർഷങ്ങളോളം കിട്ടിയിട്ടും മാതൃകാപരമായ ഒരു തലമുറയെ പോലും വാർത്തെടുക്കാനുള്ള അടിത്തറ വിദ്യാഭ്യാസ മേഖലയ്ക്ക് ഇല്ല. ആ ലജ്ജയിൽ ഞാൻ രാജി എഴുതുകയാണ്. കുരുന്നുകളേ മാപ്പ്….!!!