തടാകത്തിന്റെ ഒത്ത നടുക്ക്…
എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.
റിനി ഒരു വള്ളത്തിൽ കയറിയിരുന്ന് ആഞ്ഞുതുഴഞ്ഞു. എത്രയും പെട്ടെന്ന് കരയിൽ നിന്നും അകലേക്ക് പോകാൻ അവളുത്കടമായി ആഗ്രഹിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ചക്രവാകപ്പക്ഷികൾ പറന്നുയരുന്ന മനോഹരമായ കാഴ്ചകൾ കണ്ട് അവൾ തുഴച്ചിൽ നി൪ത്തി.
ബാഗിൽ നിന്ന് ക്യാമറ എടുത്ത് ഫോക്കസ് ചെയ്തു. കുറേ നല്ല ഫോട്ടോസ് എടുത്തു. സൂര്യൻ മറയാനൊരുങ്ങി നിൽക്കുന്നു. മേഘങ്ങളില്ലാത്ത സുന്ദരമായ വാനം.
ഓളങ്ങളില്ലാത്ത ശാന്തമായ തടാകം.. റിനി ഓർമ്മകളിലേക്ക് വേച്ചുപോയി. അപ്പൻ എന്നും മ ദ്യപിച്ചു ബോധമില്ലാതെ വരുന്നതിനാൽ വീട്ടിൽ നിൽക്കാൻ തെല്ലും ഇഷ്ടമായിരുന്നില്ല.. ഹോസ്റ്റൽ ഫീസടക്കാൻ മൂന്ന് പ്രാവശ്യവും വൈകിയതോടെ ഈ മാസം മുതൽ ഇനി താമസിപ്പിക്കാൻ വയ്യെന്ന് മേട്രൺ തീ൪ത്തുപറഞ്ഞിരിക്കുകയാണ്..
തടാകത്തിൽ ഒത്ത നടുക്ക് തനിക്ക് സുരക്ഷിതമായി താമസിക്കാൻ കഴിഞ്ഞെങ്കിലെന്ന് അവളാഗ്രഹിച്ചു. പുറത്തെ ലോകം മാം സദാഹിയായി പിറകേ ഓടിവരുമ്പോൾ പോയൊളിക്കാൻ തനിക്കൊരു കൊച്ച് അഭയം വേണം.
കുപ്പിയിൽ നിന്നും വെള്ളമെടുത്ത് കുടിക്കുമ്പോൾ അവൾ ചിന്തിച്ചു. ഈ ദാഹജലം തീ൪ന്നാൽ താനെങ്ങോട്ട് പോകും…
തടാകത്തിന്നടിയിൽ നിന്നും ചെറിയൊരു തിരയിളക്കം റിനി തിരിച്ചറിഞ്ഞു. ക്രമേണ അത് കൂടിക്കൂടി വന്നു. അൽപ്പം പരിഭ്രമത്തോടെ അവളാ നീലിമയാ൪ന്ന ജലത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കിനിന്നു.
വലുപ്പമുള്ള ഒരു മത്സ്യം ഉയ൪ന്നുപൊങ്ങി അന്തരീക്ഷത്തിൽ നിന്നുകൊണ്ട് അവളോട് ചോദിച്ചു:
അഭയം വേണമെന്നു പറഞ്ഞാൽ നിരസിക്കാത്ത ഈ തടാകത്തെ നിനക്ക് വിശ്വസിച്ചുകൂടെ?
അതിന് ഞാനെവിടെ കിടക്കും? എങ്ങനെ ഉണ്ണും, ഉറങ്ങും, പഠിക്കും?
അതിനൊക്കെ വഴിയുണ്ടാക്കാം. നീ വീട്ടിൽ പറഞ്ഞിട്ടാണോ പോന്നത്?
അല്ല…
ആരും തിരക്കിവരില്ലേ?
ഇല്ല, മമ്മ മരിച്ചതിൽപ്പിന്നെ എന്റെ കാര്യങ്ങൾ ആരും അന്വേഷിക്കാറില്ല.
നിനക്കിവിടെ സുഖമായി കഴിയാം.. ഒരു കുറവുമില്ലാതെ.. കൂട്ടുകാരുമായ് കളിച്ചും ചിരിച്ചും..
അതാരാ എനിക്ക് കൂട്ടായി വരാൻ പോകുന്നവ൪?
ഇതിനകത്ത് ആരൊക്കെയുണ്ടെന്നറിയോ.. പണ്ടൊരു മുത്തച്ഛൻ വന്ന് തടാകത്തിന്റെ താഴ്വാരം കാണാനിറങ്ങി. തടാകം തിരിച്ചു പോകാനനുവദിച്ചില്ല. പിന്നെയൊരു കുഞ്ഞിപ്പെണ്ണ് അമ്മയുടെ കൈ വിടുവിച്ച് ഓടി വന്നു….
വേണ്ട, നി൪ത്ത്, എനിക്ക് കേൾക്കണ്ട… റിനി ചെവികൾ പൊത്തി കുനിഞ്ഞിരുന്നു..
എങ്കിൽ മുഴുവൻ പേരെയും കണ്ടാൽ നീയെന്തു പറയും?
വേണ്ട, അൽപ്പം സന്തോഷവും സമാധാനവും ആഗ്രഹിച്ചാണ് ഇങ്ങോട്ട് പോന്നത്, ഇവിടെയും സങ്കടങ്ങൾ കേൾക്കാൻ വയ്യ..
നീ എന്റെ കൂടെ താഴെ വരുന്നുണ്ടോ? ഉണ്ടെങ്കിൽ ആ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ മുഴുവൻ കളയണം. അതിലെ ഒറ്റക്കമ്മലിട്ട അവന്റെ ചിത്രം ആദ്യം കളയണം…
അതെങ്ങനെ നീയറിഞ്ഞു? റിനി ആകാംക്ഷ അടക്കിവെക്കാനാകാതെ ചോദിച്ചു.
അവനല്ലേ നിന്റെ പിറകേ വന്നത്? അതുകൊണ്ടല്ലേ നീ വള്ളത്തിൽ കയറി ഇത്രവരെ തുഴഞ്ഞെത്തിയത്…
താഴെ വന്നാൽ എനിക്കെന്തു തരും?
എന്തും തരും… പക്ഷേ ഒരു നിബന്ധനയുണ്ട്. അവിടെ വന്നാൽ ചിരിക്കാനേ പാടുള്ളൂ, ഒരിക്കലും കരയരുത്..
അതെനിക്ക് പറ്റില്ല. ഞാനിടയ്ക്ക് കരയും. താഴെ കുടുങ്ങിപ്പോയ കുട്ടിയെ കാണുമ്പോൾ ചിരിക്കുന്നതെങ്ങനെ?
കുടുങ്ങുകയോ?
അതേ, പേപ്പറിൽ വാ൪ത്ത വന്നിരുന്നല്ലോ, എന്തോ വള്ളികളും വേരുകളുമായി തടാകം നിറയെ സഞ്ചാരികൾക്ക് ഇറങ്ങാൻ കഴിയാത്തവണ്ണം മോശമായി രിക്കയാണെന്ന്.. അതല്ലേ, ഈ വള്ളങ്ങളൊക്കെ ഇങ്ങനെ വിശ്രമിക്കാൻ തുടങ്ങിയത്..
ആ വള്ളികളും വേരുകളും കൊണ്ടാണ് തടാകത്തിന്റെ ഒത്ത നടുക്ക് നമ്മൾ കൊട്ടാരം പണിതിരിക്കുന്നത്… കാണണ്ടേ? വാ…
മത്സ്യം ജലത്തിന്റെ താഴ്വാരത്തിലേക്ക് ഊളിയിട്ടു. വെള്ളമൊക്കെ റിനിയുടെ ദേഹത്ത് തെറിച്ചു.
റിനി ചിരിച്ചു. അവൾ ചുറ്റും നോക്കി. ഇരുട്ട് തന്നെ വിഴുങ്ങാനായി വായും പിള൪ന്ന് പാഞ്ഞടുക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. അവൾ ക്യാമറ എടുത്ത് തീരത്തേക്ക് വലിച്ചെറിഞ്ഞു. പക്ഷേ അത് വെള്ളത്തിൽ തന്നെ പോയിവീണു.
അടുത്ത ദിനം ഒറ്റക്കമ്മലുകാരന്റെ ഫോട്ടോ പേപ്പറിൽ വരുന്നതോ൪ത്ത് അവളൊന്നുകൂടി ചിരിച്ചു. ശേഷം അവളൊരു മത്സ്യകന്യകയേപ്പോലെ തടാകത്തിന്റെ ആഴമളക്കാൻ തീരുമാനിച്ചു..
പെട്ടെന്ന് അവൾക്ക് വീട്ടിൽ തലേന്ന് താൻ നട്ട പവിഴമല്ലിയെ ഓ൪മ്മവന്നു. വരണ്ട ചുണ്ടുകൾ വിട൪ത്തി ദാഹാ൪ത്തമായി അത് തന്നെ കാത്തുകിടക്കുക യാണെന്നോ൪മ്മ വന്നപ്പോൾ അവൾ തുഴയെടുത്ത് തീരത്തേക്ക് തിരിച്ചു തുഴഞ്ഞു.
*************