വൃദ്ധസദനത്തിൽ ആക്കുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല. മുഖത്തുള്ള ആ വിഷമം കണ്ടില്ല എന്ന് ഞാനും നടിച്ചു……

ഞാൻ അനാഥൻ

Story written by Suja Anup

“മോനെ നീ ഒന്ന് ഇവിടം വരെ വരാമോ. ഒത്തിരി ആയില്ലേ നിന്നെ നേരിട്ടൊന്നു കണ്ടിട്ട്..”

“അച്ഛനെന്താ ഈ പറയണേ, എനിക്കിവിടെ നല്ല തിരക്കാണ്. ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കാൾ ചെയ്യുന്നില്ലേ, പിന്നെ എന്തിനാ അച്ഛാ, ഞാൻ നേരിട്ട് വരുന്നത്.”

പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞു, പതിയെ അച്ഛൻ ഫോൺ വച്ചൂ. പതിവില്ലാതെ അച്ഛൻ ഒത്തിരി സങ്കടപ്പെട്ടൂ.

ആകെയുള്ള ഒരു അനിയത്തി അമേരിക്കയിൽ ആണ്. ഞാൻ കാനഡയിലും. കൂടെ വരാൻ അച്ഛനിഷ്ടമുണ്ടോ എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല. റിട്ടയർ ആയവർ താമസിക്കുന്ന വലിയൊരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോന്നത്. ഇവിടെ എനിക്ക് എൻ്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ നേരമില്ല, പിന്നെ എങ്ങനെ അച്ഛനെ നോക്കും..?

എപ്പോഴും തിരക്കാണ്. ഒന്നിനും സമയമില്ല.

അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് തറവാട്ടിൽ അച്ഛനെ ആക്കുവാൻ വയ്യ. സുഖമില്ലാതെ എങ്ങാനും വീണു പോയാൽ, കൂടെ നിൽക്കുവാൻ ആളെ പോലും കിട്ടില്ല. വൃദ്ധസദനത്തിൽ എടുക്കത്തും ഇല്ല.

ഇപ്പോൾ രണ്ടുവർഷമായി അച്ഛൻ വൃദ്ധസദനത്തിൽ കഴിയുന്നൂ. പേരുകേട്ട തറവാട്ടുകാരൻ, നല്ലൊരു തുക പെൻഷൻ ഉണ്ട്. എന്നിട്ടും അവസാനം അവിടെ എത്തി.

വൃദ്ധസദനത്തിൽ ആക്കുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല. മുഖത്തുള്ള ആ വിഷമം കണ്ടില്ല എന്ന് ഞാനും നടിച്ചു.

തിരക്കുകൾ കൂടിയതോടെ നാട്ടിലോട്ടുള്ള യാത്രകൾ കുറഞ്ഞു. അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ്, എന്നെ സംബന്ധിച്ചു അനാവശ്യ ചെലവ് തന്നെ.

എന്തോ പെട്ടെന്ന് മനസ്സിൽ ഒരു വിങ്ങൽ, ആദ്യമായാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറഞ്ഞത്. ഏതായാലും ഭാര്യയേയും മക്കളെയും കൂടെ കൂട്ടിയില്ല. ഒരാഴ്ച നാട്ടിൽ പോയി നിൽക്കുവാൻ തീരുമാനിച്ചു.

അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്തൂ. തൽക്കാലം ഒരു വർക്ക് ഫ്രം ഹോം ഒപ്പിച്ചൂ. തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ..

അനിയത്തിയോട് വരുന്നോ എന്ന് ചോദിച്ചൂ.

അവൾക്കും തിരക്ക് തന്നെ..

നാട്ടിൽ എത്തിയ ഉടനെ അച്ഛനെ കാണുവാൻ ഓടി..

അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി. ആകെ ക്ഷീണിച്ചിരിക്കുന്നൂ. എന്നെ വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു.

ആദ്യമായാണ് അച്ഛനെ ഞാൻ കരഞ്ഞു കണ്ടത്.

“എന്താ അച്ഛാ…?”

“ഒന്നൂല്ല ഉണ്ണി..”

“യാത്ര സുഖമായിരുന്നോ.”

ഞാൻ തലയാട്ടി.

“രണ്ടു ദിവസ്സം നീ ഇവിടെ താമസിക്കണം. മറുത്തൊന്നും പറയരുത്.”

“വേണ്ട അച്ഛാ, ഞാൻ വന്നു കണ്ടാൽ പോരെ. പുറത്തു ഹോട്ടലിൽ താമസിച്ചോളാ൦.”

മനസ്സിൽ പല പദ്ധതികളും ഉണ്ടായിരുന്നൂ. ഇനി അച്ഛൻ എത്ര നാൾ എന്നറിയില്ല. വീട് വിൽക്കണം. തിരിച്ചു ഈ നാട്ടിലേക്ക് ഒരു മടക്കം ഇല്ല. മക്കൾ അവിടത്തെ സംസ്കാരവുമായി ഇഴുകി ചേർന്നിരിക്കുന്നൂ. പിന്നെ ഈ നാട്ടിൽ ആർക്കു വേണ്ടി വരണം. അനിയത്തിയും അതിനു നിർബന്ധിച്ചു തുടങ്ങിയിട്ട് കുറെ ആയി.

“മോനെ, രണ്ടു ദിവസ്സം നീ ഇവിടത്തെ ഗസ്റ്റ് റൂമിൽ താമസിക്കണം. മറുത്തൊന്നും പറയരുത്.”

അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ അവിടെ താമസിച്ചു.

ആദ്യദിവസം കുഴപ്പമില്ലാതെ പോയി.

രണ്ടാം ദിവസ്സം തന്നെ വിരസത തോന്നിത്തുടങ്ങി. ആരോ പിടിച്ചു ജയിലിൽ ഇട്ട ഒരവസ്ഥ. എല്ലാം ഒരാവർത്തനം പോലെ.

ഭക്ഷണം മുതൽ, നടപ്പു, കിടപ്പു എല്ലാറ്റിനും ഒരു സമയം ഉണ്ട്. യാന്ത്രികമായ ഒരു ജീവിതം. ഒരു സ്വപ്നങ്ങളും ആ മതിലിനുള്ളിൽ കടന്നു വരില്ല. യാതൊന്നും പ്രതീക്ഷിക്കുവാനും ഇല്ല. ഒരു പക്ഷേ ജയിലിനേക്കാൾ ഭീകരം.

അച്ഛൻ ഒരു പരാതിയും കൂടാതെ രണ്ടു വർഷങ്ങൾ ഇവിടെ നിന്നല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടൂ .

രണ്ടാം ദിവസ്സം അച്ഛൻ എന്നോട് ഒന്നും മിണ്ടിയില്ല. മൗനവ്രതത്തിൽ ആണത്രേ. ഒരു പേപ്പറിൽ എഴുതി കാണിച്ചു.

അതോടെ വിരസത ഏറി.

പിറ്റേന്ന് അച്ഛൻ പറഞ്ഞു.

“ഉണ്ണി, നാളെ നമുക്ക് തറവാട്ടിലേക്ക് പോവണം.”

“അതെങ്ങനാ അച്ഛാ, നിറയെ പൊടി ഉണ്ടാകും. അടച്ചിട്ടിരിക്കുവല്ലേ. നോട്ടക്കാരൻ അത് അടിച്ചു തുടച്ചിടുന്നുണ്ടോ എന്ന് കണ്ടറിയണം.”

“നീ അവനെ വിളിച്ചു പറ. കുറച്ചു ആളുകളെ കൂട്ടി അതൊന്നു വൃത്തി യാക്കുവാൻ. എനിക്ക് അവിടെ രണ്ടു ദിവസ്സം നിൽക്കണം.”

ഞാൻ നോട്ടക്കാരനെ വിളിച്ചു കാര്യം പറഞ്ഞു.

ഏതായാലും പിറ്റേന്ന് അച്ഛനെയും കൂട്ടി അവിടേക്കു ചെന്നൂ.

പാവം, അമ്മയുടെ അസ്ഥിതറയിൽ ആദ്യം എന്നെക്കൊണ്ട് വിളക്ക് വപ്പിച്ചൂ. പിന്നെ അച്ഛന് എന്നും പ്രീയപ്പെട്ട ആ മുറിയിലേക്കു പോയി. പലപ്പോഴും എനിക്ക് തോന്നി ആ മുറിയിൽ ഇപ്പോഴും അമ്മയുണ്ടെന്നു. കുറച്ചു കഞ്ഞി കുടിച്ചെന്നു വരുത്തി അച്ഛൻ ഉറങ്ങുവാൻ കിടന്നൂ.

രാത്രിയിൽ എപ്പോഴോ ഞാനും ഉറങ്ങി.

“ഉണ്ണീ”

പെട്ടന്ന് അച്ഛൻ വിളിച്ചൂ..

“എന്താ അച്ഛാ..”

“നീ ആ വൃദ്ധസദനത്തിലെ ജാലകം വഴി പുറത്തേക്കു നോക്കിയിട്ടുണ്ടോ.”

ഞാൻ ആ മുറിയിൽ ഭ്രാന്ത് പിടിച്ചാണ് കഴിഞ്ഞത്. അതിനിടയിൽ അങ്ങനെ ഒന്ന് ചെയ്തില്ല. അത് പക്ഷേ, അച്ഛനോട് പറഞ്ഞില്ല.

“എന്നും വൈകുന്നേരം ഞാൻ ആ ജാലകത്തിലൂടെ അങ്ങനെ നോക്കി നിൽക്കും. അപ്പോൾ അറിയാതെ മനസ്സിൽ തോന്നും. അത് നമ്മുടെ തറവാട് വീടാണ് എന്ന്. നിൻ്റെ കുട്ടികൾ അവിടെ മുറ്റത്തു ഓടി നടക്കുന്നുണ്ട്. നിൻ്റെ അമ്മ അവർക്കു കഥകൾ പറഞ്ഞു കൊടുക്കുന്നുണ്ട്.”

“നിനക്കറിയാമോ, ആ വീട്ടിൽ അവൾ ഇപ്പോഴും ഉണ്ട്. നീ രണ്ടു വർഷമായി തിരിഞ്ഞു നോക്കിയില്ല എന്ന് എന്നോട് അവൾ പരാതി പറഞ്ഞു. ഇനി ആ ജയിലിലേക്ക് ഞാൻ എന്തായാലും ഇല്ല. പക്ഷേ നിന്നെ ബുദ്ധിമുട്ടിക്കുവാനും വയ്യ. എനിക്ക് അവൾ വേണം. ഇനിയുള്ള കാലം ഞാൻ അവൾ ക്കൊപ്പം അവിടെ കഴിഞ്ഞോളാം. നിന്നോട് എനിക്ക് പരാതിയൊന്നും ഇല്ല കേട്ടോ. നിനക്ക് നന്മ മാത്രമേ വരൂ.”

“ആ വീട് നീ ആർക്കും വിൽക്കരുത് കേട്ടോ. എന്നെങ്കിലും നിനക്കൊരു വിഷമം തോന്നിയാൽ അവിടേക്കു ഓടി വരണം. അവിടെ ഞങ്ങൾ ഉണ്ടാകും. നിന്നെ കാത്തിരിക്കും. ഞാൻ പോവാട്ടോ..”

പെട്ടെന്ന് അമ്മ വന്നു നെറ്റിയിൽ ഒരുമ്മ തന്നൂ. ഞാൻ ഞെട്ടി എഴുന്നേറ്റൂ.

നോക്കുമ്പോൾ മുറിയിൽ ആരുമില്ല. പക്ഷെ, ആ നനവ് നെറ്റിയിൽ അപ്പോഴും ഉണ്ടായിരുന്നൂ.

നേരെ അച്ഛൻ്റെ മുറിയിലേക്ക് ഓടി. അപ്പോഴേക്കും അച്ഛൻ പോയിരുന്നൂ. ഇനി മടങ്ങി വരാത്ത ഒരു ലോകത്തേക്ക്.

അനിയത്തി വന്നില്ല, ഒരു ചടങ്ങിനും. തിരക്കാണത്രെ.

വീട് വിൽക്കുന്ന കാര്യം ചോദിക്കുവാൻ പക്ഷേ അവൾ മറന്നില്ല. അവളുടെ ഷെയർ കൂടെ ഞാൻ അങ്ങു വാങ്ങി.

തിരിച്ചു പറക്കുമ്പോൾ മനസ്സിൽ ഒന്ന് തീരുമാനിച്ചിരുന്നൂ. വർഷത്തിൽ ഒരിക്കൽ ഞാൻ വരും.

“അവിടെ അച്ഛനും അമ്മയും ഉണ്ട്. അവർക്കെന്നെ കാണണം. ജീവിച്ചിരുന്നപ്പോൾ ഞാൻ അത് ചെയ്തില്ല. മനസ്സിൽ ആ തീ അണയാതെ കിടപ്പുണ്ട്, ഒപ്പം കുറ്റബോധവും. ഒരുപാടു സമ്പാദിച്ചു, അതിനിടയിൽ ബന്ധങ്ങൾ തിരിച്ചറിഞ്ഞില്ല. ഇനി ഇപ്പോൾ ഒന്ന് വിളിക്കാനും പരിഭവം പറയാനും ആരുമില്ല. ഇന്ന് എനിക്കറിയാം ഞാൻ അനാഥൻ ആണെന്ന്.”

Related Posts

Leave a Reply

Your email address will not be published. Required fields are marked *