മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
ശിവരാമേട്ടാ…… നിറകണ്ണുകളോടെ ഗിരിജ ശിവരാമന്റെ അടുത്തേയ്ക്ക് വന്നു… എന്തിനാ ശിവരാമേട്ടാ എന്നോട് ഒളിക്കുന്നത്? സന്തോഷമാണെങ്കിലും, സങ്കടമാണെങ്കിലും നമുക്ക് ഒരുമിച്ച് അനുഭവിക്കാം. അതല്ലേ വേണ്ടത്? അല്ലേ ശംഭൂ….
മോനെ ദാ ഇത് കുടിക്ക്….. ഇപ്പോൾ നല്ല ചൂടല്ലേ…. രഞ്ജുവിനുള്ളത് ഞാൻ അടുക്കളയിൽ വച്ചിട്ടുണ്ട് കേട്ടോ…. നിങ്ങൾ സംസാരിച്ചിരിക്ക്. എനിക്ക് അടുക്കളയിൽ കുറച്ചു ജോലി കൂടിയുണ്ട്.
അടുക്കളയിലേയ്ക്ക് പോകാനായി തിരിഞ്ഞ ഗിരിജയെ ശിവരാമൻ വിളിച്ചു…
എടി ഗിരീജേ……
ഉം… എന്താ ശിവരാമേട്ടാ…. വെള്ളം വല്ലതും വേണോ?ഗിരിജ ചോദിച്ചു.
എനിക്ക് വെള്ളമൊന്നും വേണ്ട.
നീ അടുക്കളയിലേയ്ക്ക് ഓടുന്നത് ആരും കാണാതെ കരയാനാണോ എന്ന് ഒരു സംശയം.
ഇല്ല ശിവരാമേട്ടാ ഞാൻ കരയില്ല…. എന്തിനാ കരയുന്നത്….? ഇപ്പോൾ നഷ്ടപ്പെടുന്നതൊന്നും നമ്മുടേതല്ല. അത് നമ്മുടേതാണെന്ന് നമ്മൾ തന്നെയല്ലേ വിചാരിച്ചത്.
ഇപ്പോൾ കിട്ടിയത് വലിയ ഒരു തിരിച്ചറിവല്ലേ…? ഇനി ഈ വീട്ടിൽ ഒരു ഒത്തുകൂടൽ ഉണ്ടാവില്ല. അതുകൊണ്ട് ഉള്ള സമയം നമുക്ക് സന്തോഷമായിട്ട് ഇരിക്കാം…. അല്ലേ മോനേ…? അമ്മ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലല്ലോ അല്ലേ?
ഏയ്… ഒരു തെറ്റും ഇല്ലമ്മേ…. നിങ്ങൾ രണ്ടുപേരും വിഷമിക്കണ്ട. ഇവിടെ നിന്നിറങ്ങി എങ്ങോട്ട് പോകുമെന്ന ചിന്തയും വേണ്ട. ഞങ്ങളുടെ കൂടെ ആ വീട്ടിൽ നമുക്ക് എല്ലാവർക്കും കൂടി താമസിക്കാം…. അമ്മയും അച്ഛനും എതിരൊന്നും പറയരുത്.
ഇല്ല…. മക്കളേ…. നിങ്ങളെന്തു പറഞ്ഞാലും ഞങ്ങൾ നിങ്ങളുടെ കൂടെ വരില്ല.ഇനി മുതൽ ഞങ്ങൾ ആർക്കും ഒരു ഭാരമാവില്ല….
ആരോടും പിണക്കം ഉണ്ടായിട്ടല്ല. പക്ഷെ വേണ്ട. അതൊന്നും ശരിയാവില്ല.
അച്ഛാ…. ഇത്പാ കമാണോന്ന്നോ ക്കിക്കേ… അച്ഛനിഷ്ടപ്പെട്ട കളർ നോക്കിയാ ഞാൻ വാങ്ങിച്ചത്…
അച്ഛന്റെ മുഖത്ത് ഇപ്പോഴും ഒരു സന്തോഷമില്ലല്ലോ. ഞങ്ങളോട് ഇപ്പോഴും അച്ഛന് ദേഷ്യാണെങ്കിൽ ഞങ്ങൾ ഇന്ന് തന്നെ തിരിച്ചു പൊയ്ക്കോളാം…രഞ്ജു സങ്കടത്തോടെ പറഞ്ഞു…
ദേഷ്യോ…. എന്റെ പൊന്നുമോളോട് അച്ഛന് ദേഷ്യോ…. ഇല്ല മോളേ… അച്ഛന് കുറ്റബോധം മാത്രേ ഉള്ളൂ…. എന്റെ കുഞ്ഞിന് അച്ഛനൊന്നും തന്നില്ലല്ലോ എന്ന കുറ്റബോധം… രഞ്ജുവിനെ തന്നോട് ചേർത്ത് നിർത്തി ശിവരാമൻ ഏങ്ങി കരഞ്ഞു.
അച്ഛാ… അച്ഛനെന്തിനാ കരയുന്നേ… അച്ഛനെനിക്കൊന്നും തന്നില്ലെന്നു പറഞ്ഞു ആരാ അച്ഛനെ കുറ്റപ്പെടുത്തിയേ….
രഞ്ജു അമ്പരപ്പോടെ ചോദിച്ചു.
ഇല്ല മോളേ എന്നെ ആരും കുറ്റപ്പെടുത്തയില്ല.. പക്ഷെ കല്യാണം കഴിഞ്ഞ അന്ന് മുതൽ ഈ നാലുദിവസം അച്ഛനും അമ്മയ്ക്കും തിരിച്ചറിവിന്റെ ദിവസങ്ങളായിരുന്നു….ശിവരാമൻ കണ്ണുകൾ തുടച്ചു. മോള് അമ്മയുടെ അടുത്തേയ്ക്ക് ചെല്ല്. അവൾക്കുള്ള സാരി ആണോ ഈ കവറിൽ? ആണെങ്കിൽ അവൾക്ക് കൊണ്ടുപോയി കൊടുക്ക്. അവളും ഒന്ന് സന്തോഷിച്ചാട്ടെ…
അച്ഛാ എന്റെ കയ്യിലുള്ളത് അമ്മയ്ക്കുള്ള സാരി ആണ്. അത് ഞാൻ അമ്മയ്ക്ക് കൊടുത്തോളാം..
പക്ഷെ അച്ഛന്റെ കണ്ണ് നിറയാനുള്ള കാരണം അതിപ്പോൾ എനിക്കറിയണം.
കാരണം ഞാൻ പറഞ്ഞാൽ മതിയോ?വാതിൽക്കൽ അഞ്ജുവിന്റെ ശബ്ദം കേട്ടാണ് രഞ്ജു തിരിഞ്ഞു നോക്കിയത്…
ചേച്ചി… ചേച്ചി വന്നത് ഞങ്ങൾ അറിഞ്ഞില്ലല്ലോ. കാറിനല്ലേ വന്നത്. നരേട്ടൻ എവിടെ… അഞ്ജുവിനെ കണ്ടപ്പോൾ രഞ്ജു പരിസരം മറന്ന് ചോദിച്ചുകൊണ്ടിരുന്നു.
നീ വന്നതിന്റെ ആഘോഷം നടക്കുകയല്ലായിരുന്നോ അതാ കേൾക്കാത്തെ…
ഇതെന്താ പുതിയ ഷർട്ട് ആണോ ശിവരാമന്റെ കയ്യിൽ ഇരുന്ന ഷർട്ട് നോക്കികൊണ്ട് അഞ്ജു ചോദിച്ചു.
അതേ… ശംഭു കൊണ്ടുവന്ന് തന്നതാ….
ഓ…. ഞാനാർക്കും ഒന്നും കൊണ്ടുവന്നിട്ടില്ല. കാരണം വെറുതെ കളയാൻ എന്റെ കയ്യിൽ പൈസ ഒന്നുമില്ല.ഞാൻ ഇനി തിരിച്ച് ജോലിക്ക് പോകുന്നില്ല. ജോലി റിസൈൻ ചെയ്തിട്ടാ ഞാൻ ഇങ്ങോട്ട് പോന്നത്.
രഞ്ജുവിനും ശിവരാമനും ഗിരിജയ്ക്കും ഉള്ള പുതിയ അറിവായിരുന്നു അത്.
എന്താടി നീ പറഞ്ഞത്….. നീ ജോലി രാജി വച്ചെന്നോ…. എത്ര കഷ്ടപ്പെട്ട് കിട്ടിയ ജോലി ആയിരുന്നെടി അത്…. നീ ഇത് എന്ത് ഭവിച്ചാ…..
ശിവരാമൻ നിർത്തിയിടത്ത് നിന്ന് അഞ്ജു തുടങ്ങി.
അതേ… എനിക്ക് കഷ്ടപ്പെട്ട് കിട്ടിയ ജോലിയാ… ആ കഷ്ടപ്പാട് എന്റേത് മാത്രമാണ്. ജീവിതകാലം മുഴുവൻ ഞാൻ കഷ്ടപ്പെട്ട് ജീവിക്കുമെന്ന് കരുതിയോ…. എനിക്ക് ജീവിക്കാൻ ആവശ്യത്തിനുള്ളത് എന്റെ കയ്യിലുണ്ട്. പിന്നെ എന്റെ ഭർത്താവ് ഒരു ബാങ്ക് മാനേജരാ……അല്ലാതെ ഡ്രൈവർ അല്ല.
അഞ്ജൂ നീ നിർത്ത്…….നരേൻ ശബ്ദം ഉയർത്തി പറഞ്ഞു.
അതേ ഞാൻ നിർത്തുവാ. പക്ഷെ അതിന് മുൻപ് എനിക്കൊരു കാര്യം കൂടി എല്ലാവരോടും ആയിട്ട് പറയാനുണ്ട്…..
മറ്റൊന്നുമല്ല. ഈ വീട് ഞാൻ വിൽക്കാനിട്ടിരിക്കുവാ… എന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു….
ഒന്നേകാൽ കോടി എന്റെ കയ്യിൽ കിട്ടും.
എന്താ പറഞ്ഞത് ഈ വീട് വിൽക്കുവാന്നോ? ചേച്ചിയ്ക്കെന്താ ഭ്രാന്താണോ….? അച്ഛനും അമ്മയും എങ്ങോട്ട് പോകും….? നരേട്ടാ ഈ ചേച്ചി ഇതെന്തൊക്കെയാ പറയുന്നേ….. രഞ്ജു സങ്കടം ഉള്ളിൽ ഒതുക്കികൊണ്ട് ചോദിച്ചു.
എനിക്കറിയില്ല രഞ്ജൂ…. എന്റെ അറിവിൽ എനിക്ക് ഒരബദ്ധം പറ്റി. അതാണ് നിന്റെ ചേച്ചി.നരേൻ രഞ്ജുവിനോട് പറഞ്ഞു
അത് ശരി…നിങ്ങൾക്ക് പറ്റിയ അബദ്ധമാണ് ഞാൻ അല്ലേ….? പിന്നെ ആരെ ആയിരുന്നു നിങ്ങൾക്ക് വേണ്ടത്? ഇവളെ ആയിരുന്നോ? രഞ്ജുവിന് നേരെ കൈ ചൂണ്ടിക്കൊണ്ട് അഞ്ജു നരേന്റെ അടുത്തേയ്ക്ക് ചെന്നു.
നിനക്കെന്താടി ഭ്രാന്താണോ…? നരേൻ ചോദിച്ചു.
ഭ്രാന്ത് എനിക്കല്ല. നിങ്ങൾക്കാ. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്. നിങ്ങളുടെ മനസ്സിൽ ഇവള് തന്നെയാ….നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്…… അഞ്ജു ചോദിച്ച് തീർന്നതും നരേന്റെ കൈവിരലുകൾ അവളുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു……
തുടരും......