സ്പീഡിൽ പോകുന്ന എന്റെ വണ്ടിയുടെ ടയർ പൊട്ടി.. വണ്ടി മൂന്നാല് മലക്കം മറിഞ്ഞു ഒരിറ്റ് വെള്ളത്തിനായി കൊതിച്ചു കിടക്കുന്ന സമയത്തായിരുന്നു……

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“സ്പീഡിൽ പോകുന്ന എന്റെ വണ്ടിയുടെ ടയർ പൊട്ടി.. വണ്ടി മൂന്നാല് മലക്കം മറിഞ്ഞു ഒരിറ്റ് വെള്ളത്തിനായി കൊതിച്ചു കിടക്കുന്ന സമയത്തായിരുന്നു എന്റെ അലാറം ഉച്ചത്തിൽ ശബ്ധിക്കാൻ തുടങ്ങിയത്…”

സമയം പത്തു മണിയോട് പുലർച്ചെ കണ്ട സ്വാപനമല്ലല്ലോ എന്നുള്ള ആശ്വാസത്തിൽ ബെഡിന് അടിയിൽ ഉണ്ടായിരുന്ന കുപ്പിയിലെ വെള്ളം മുഴുവൻ ഒരൊറ്റ ഇരുപ്പിന് തന്നെ കുടിച്ചു തീർത്തു.. “

ബല്ലാത്ത ജാതി സ്വപ്നം തന്നെ… ഞാൻ മയ്യത്തായി എന്നുള്ളത് കാണാത്തതു തന്നെ ബല്യ ആശ്വാസം…

കുളിയും അവ്വല് പുലർച്ചെ യുള്ള നിസ്ക്കാരവും കഴിഞ്ഞു… പുലർച്ചെ എന്നുള്ളത് അന്നൊക്കെ പത്തു മണി യാണേ…

എന്നെ നീ യൂസുഫിക്ക യെക്കാൾ ബല്യ പൈസ്ക്കാരൻ ആക്കണേ എന്നുള്ള ദുആ യും കഴിഞ്ഞു.. പണിക്കിറങ്ങി…”

എന്റെ പേര് ജലീൽ..

ജിദ്ദയിലാണ്…”

“ജോലിക് വണ്ടിയിൽ ഞാൻ ഒരാൾ മാത്രം ആയത് കൊണ്ടു തന്നെ തോന്നിയ സമയത്ത് പോകും…

പണി ഏറെ കുറേ കഴിഞ്ഞെന്ന് തോന്നിയാൽ റൂമിൽ കയറും..”

“അന്നൊരു ടൊയോട്ട യുടെ ഹയ്സ് മോഡൽ വാൻ ആയിരുന്നു എന്റെ കയ്യിൽ..

സിൻസ് 1996…

കഷ്ഠി എന്റെ അതേ പ്രായം…

ഞാനും മൂപ്പരും എന്നും അടിയാണ്…മൂപ്പർക്ക് എന്നും ഒടുക്കത്തെ ധീന മാണ്…

ക്ലെച് പോവാ.. ഗിയർ വീഴാതെ എന്നെ കളിപ്പിക്കുക… ബ്രേക്ക് ഇടക്കിടെ ലൈനർ ചൂടായി തീരുക.. ഓനെ പറഞ്ഞിട്ടും കാര്യമില്ല അമ്മള് ഉള്ളതിൽ ഏറ്റവും പൊളിഞ്ഞു പാളീസായ ഡ്യൂബ്ലിക്കറ്റ് സാധനം ആയിരുന്നു മിക്കവാറും മാറ്റി ഇടുക..”

“അന്നും പതിവ് പോലെ പുറത്തേക് ഇറങ്ങുന്ന സമയത്തായിരുന്നു രണ്ടു കയ്യിന്റെയും ഉള്ളനടിയിൽ ഒടുക്കത്തെ ചൊറിച്ചിൽ അനുഭവ പെട്ടത്…

ഇടത്തെ കയ്യിൽ ചൊറിഞ്ഞാൽ കയ്യിലുള്ളത് പോകാൻ ആണെന്നും…വലത്തേ കയ്യിൽ ചൊറിഞ്ഞാൽ ഭാഗ്യം വരാനുള്ളതാണെന്നു മുള്ള ഏതോ ഒരു വിശ്വാസം പണ്ടെങ്ങോ മനസ്സിൽ പതിഞ്ഞത് കൊണ്ടു തന്നെ എന്ത്‌ വയ്യാവേലി ആവും വരാനുള്ളതെന്ന് അറിയാതെ രണ്ടു കൈ കൊണ്ടും തമ്മിൽ തമ്മിൽ ചൊറിഞ്ഞു ഞാൻ പണിക് ഇറങ്ങി…

പോകുന്നത് നൂറ് ആണേലും കിട്ടാനുള്ള ആയിരങ്ങൾ ആകണേ എന്നുള്ള പ്രാർത്ഥനയോടെ തന്നെ…”

“ജൂലൈ മാസം ആയത് കൊണ്ടു തന്നെ ഒടുക്കത്തെ ചൂട് അതിന്റെ മൂർദ്ധന്യവസ്ഥയിൽ തലക് മുകളിൽ കത്തി കൊണ്ടിരിക്കെ മെയിൻ റോഡിലേക്ക് കയറി കത്തിച്ചു വിട്ടു…”

“കുറച്ചു ദൂരം മുന്പോട്ട് പോയി വലിയൊരു ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ ആയിരുന്നു പീസ് ന്നൊരു സൗണ്ട് കേട്ടത്..”

“തൊട്ടടുത്തുള്ള വണ്ടികളിൽ ഏതോ ഒന്ന് പഞ്ചറായി എന്നും കരുതി അമ്മളങ്ങനെ ഇരുന്നു..”

“സിഗ്നൽ പച്ച കത്തിയതും വണ്ടി മുന്നോട്ട് എടുത്തതും എന്റെ വലതു ഭാഗത്തേക് വണ്ടിക്കൊരു ചെരിവും വലിവും…

അപ്പോ അമ്മക്ക് മനസിലായി ടയർ പഞ്ചറായത് മറ്റാരുടെയോ അല്ല അതമ്മളെ വണ്ടിയുടേത് തന്നെയാണ്..”

“ഈ സിഗ്നലിന് ഒരു പ്രതേകതയുണ്ടായിരുന്നു… ചുവപ്പ് സിഗ്നൽ എങ്ങാനും കത്തി അവിടെ പെട്ടോ,

ഉറുപ്പിക അറുപതിനായിരം (3000 റിയാൽ ) ഡിം എന്നും പറഞ്ഞു ഫൈൻ അടിക്കണം…”

“അറുപതിനായിരം എന്ന് പറയുന്നത് ടയർ മാറ്റുവാനുള്ള അയ്യായിരത്തേക്കാൾ എത്രയോ ഇരട്ടി വലുതായതിനാലും പിറകിൽ വരുന്ന വാഹനങ്ങളുടെ നീണ്ട ഹോണടി സഹിക്കാൻ പറ്റാത്തിനാലൂം പടച്ചോനെ ഇതിനായിരുന്നോ ഇജ്ജ് രാവിലെ തന്നെ ഇടത്തെ കൈ ചൊറിയിപ്പിച്ചത് എന്നും മനസിൽ കരുതി ഞാൻ വണ്ടി മുന്നോട്ട് എടുത്തു..

ആ…

സിഗനലിൽ നിർത്താതെ കയ്ച്ചിലാക്കിയതിന്റെ വലത്തേ കയ്യിന്റെ ചൊറിച്ചിൽ ഇജ്ജ് മറന്നോ എന്നുള്ള മനസിന്റെ ഓർമ്മപ്പെടുത്തലിൽ പതിയെ എന്തി വലിഞ്ഞു മുന്നിലേക്ക് പോകുമ്പോൾ എന്റെ പുറകെ ഉണ്ടായിരുന്നു പഹയൻമാർ ബായ് ടയർ പഞ്ചർ ആണെന്ന് വിളിച്ചു പറയുന്നുണ്ട്..”

“എനിക്കറിയാം കുരിപ്പേളെ ഇങ്ങളെ ഹോൺ അടി സഹിക്കാൻ പറ്റാത്തത് കൊണ്ട് മുന്നിലേക്ക് പോകാനെന്നു മനസിൽ പറഞ്ഞു ഞാൻ അവരോട് ചിരിച്ചു കാണിച്ചു കൊണ്ടു തലയാട്ടി..”

“അല്ലാതെ പഹയന്മാരെ തെറി വിളിക്കാൻ പറ്റൂലല്ലോ പുല്ല്…”

“തൊട്ടടുത്തുള്ള സർവീസ് റോഡിലേക്ക് വണ്ടി കയറ്റി റോഡിൽ നിന്നും ഇറക്കി മണ്ണിലേക്ക്ചാടി ഇറങ്ങി.. വണ്ടിയിൽ ഉണ്ടായിരുന്ന ജാക്കി എടുത്തു പിന്നിലെ ടയറിൽ പൊഷിഷനിൽ തന്നെ വെച്ച് ടയർ ഉയർത്താനായി തുടങ്ങി..

ഓവർ ലോഡ് ആയത് കൊണ്ടാണെന്നു തോന്നുന്നു ഒന്ന് പൊന്തി കിട്ടാൻ കുറച്ചു ഇടങ്ങേറ് തന്നെ ആയിരുന്നു…”

“ജാക്കി വെച്ചു ഉയര്ത്തുന്നതിന് മുമ്പ് തന്നെ ടയറിൽ ഉള്ള ബോൾട് എല്ലാം ലൂസ് ആക്കി വെച്ചിരുന്നു.. ഇനി ഉയർത്തിയാൽ പിന്നെ അത് ഊരി എടുക്കാൻ നാലാള് വേറേ വേണ്ടി വരും..”

“അങ്ങനെ പതിയെ പതിയെ ജാക്കി യിൽ വണ്ടി ഉയർത്തുന്ന നേരത്താണ് ജാക്കി നിൽക്കുന്ന മണ്ണ് ഇളകിയതും ജാക്കി ചെരിഞ്ഞു തുടങ്ങിയതും…

പടച്ചോനെ പണി പാളിയോ…

ജാക്കി ചെരിഞ്ഞാൽ വണ്ടി നേരെ നിക്കൂല…

എന്റെ കണ്ണിലേക്കു ആകെ ഇരുട്ട് കയറി നെഞ്ച് ക്രമാതീതമായി വളരെ വേഗത്തിൽ തന്നെ മിടിക്കാൻ തുടങ്ങി..

എനിക്കറിയാം ജാക്കി ഒഴിഞ്ഞാൽ ടയറിന്റെ ബോൾട് മുഴുവൻ ലൂസ് ആയത് കൊണ്ടു തന്നെ എന്റെ വണ്ടി എന്റെ മുകളിലേക്ക് തന്നെ ചെരിയും…

ഞാൻ അതിനിടയിൽ ചതിഞ്ഞു അരിഞ്ഞു കിടക്കും തൊട്ടടുത്തൊന്നും ഒരു മനുഷ്യനെയും കാണാത്തത് കൊണ്ട് തന്നെ

ഒരൊറ്റ നിമിഷം കൊണ്ടു തന്നെ ഞാൻ എന്റെ മരണം മുഖമുഖം കണ്ടു…”

“പെട്ടന്നായിരുന്നു അവിടേക്കു ഒരു ടൊയോട്ടയുടെ പുറകു വശം തുറന്നു കിടക്കുന്ന ജീപ്പ് വന്നു നിന്നത്..

അതെന്റെ വണ്ടിയിലേക് ചാരി നിർത്തി കൊണ്ടു അയാൾ എന്നോട് ഉറക്കെ വിളിച്ചു പറഞ്ഞു പെട്ടന്ന് മുന്നിൽ നിന്നും മാറാനായി പറഞ്ഞു…”

ഞാൻ മുന്നിൽ നിന്നും എങ്ങനെയോ നിരങ്ങി നീങ്ങി മാറിയതും അയാൾ കുറച്ചു കൂടേ മുന്നോട്ട് വണ്ടി നിർത്തി.. വണ്ടിയിൽ തന്നെ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി ഉയർത്തി വെച്ച ഭാഗം കൊണ്ട് എന്റെ വണ്ടി താഴേക്കു ചെരിയാതെ താങ്ങി നിർത്തി…”

“അൽഹംദുലില്ലാഹ്… പടച്ചോനെ നിനക്ക് സ്തുതി…”

“അയാൾ ആരാണെന്നോ എവിടുന്ന് വന്നതാണെന്നോ എനിക്കറിയില്ല…

അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി എനിക്ക് കുഴപ്പോമൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചു കയ്യിൽ ഉണ്ടായിരുന്ന വെള്ളം എനിക്ക് നേരെ നീട്ടി.

അതൊരു പാകിസ്താനി ആയിരുന്നു…

വെള്ളം പോലും കുടിക്കാൻ പറ്റാത്ത മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ..എന്റെ കയ്യും കാലും ശരീരം മുഴുവനായും വിറച്ചു കൊണ്ടിരിക്കുകയാണ്..

അയാൾ എന്നെ സമാധാനപെടുത്തി എന്തെക്കോയോ പറഞ്ഞു കൊണ്ടിരുന്നു..”

“കുറച്ചു നിമിഷം കഴിഞ്ഞു അയാളുടെ വണ്ടിയിൽ ഉണ്ടായിരുന്ന ജാക്കി എടുത്തു അതിനടിയിൽ ഒരു മര പലക വെച്ചു വണ്ടി ഉയർത്തി തന്നു…

അയാൾ തന്നെ ടയർ മാറ്റി ഇട്ടു..”

“ഞാൻ അയാളോട് നിങ്ങൾ എങ്ങനെ അറിഞ്ഞു എന്റെ വണ്ടി ചെരിഞ്ഞു മറിയാൻ പോകുകയാണെന്നു ചോദിച്ചു..

അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

അതൊരു തോന്നൽ ആയിരുന്നു.. എന്റെ ഉള്ളിൽ ആരോ തോന്നിപ്പിച്ചു..

അത്ര മാത്രം..”

“അയാൾ അതും പറഞ്ഞു എന്റെ നന്ദി വാക് പോലും കേൾക്കാതെ അവിടെ നിന്നും മടങ്ങി… ഒരു മാലാഖയെ പോലെ…

എന്റെ വലതു കൈയിലെ ഉള്ളനടി ചൊരിഞ്ഞത് മരണത്തിന്റെ വാക്കിൽ നിന്നും എന്നെ അത്ഭുതകരമായി രക്ഷപ്പെടുത്താനുള്ള പടച്ചോന്റെ തീരുമാനം ആയിരിക്കുമോ…

എനിക്കറിയില്ല അതിന്നും…”

“പക്ഷെ ഒന്നറിയാം ജാക്കി വെക്കുമ്പോൾ ഇനി മുതൽ അതിനടിയിൽ നിരപ്പായ വല്ല പലകയും വെച്ചില്ലേൽ എന്റെ കട്ടയും പടവും ഒന്നാവുമെന്നുള്ള അറിവ്…”

ഇഷ്ട്ടപെട്ടാൽ…. 👍👍👍

Leave a Reply

Your email address will not be published. Required fields are marked *