ഹേയ് നീയെന്താ ഈ പറയുന്നത്? നിന്നെ ഇത്രയും സുരക്ഷിത മായിടത്ത് നിന്ന് ഒറ്റയ്ക്ക് മറ്റൊരിടത്ത് നിർത്തിയിട്ട് എനിക്ക് പിന്നെ സമാധാനത്തോടെ അവിടെ നില്ക്കാൻ പറ്റുമോ……

Story written by Saji Thaiparambu

എന്താടീ,, ഞാൻ ലീവിന് വരുന്നെന്ന് പറഞ്ഞിട്ട് നിനക്കൊരു സന്തോഷമില്ലാത്തത്?

ഓഹ് ഞാനെന്തിനാ സന്തോഷിക്കുന്നത്? നിങ്ങള് ലീവിന് വന്നാൽ എനിക്കെന്താ ഗുണം ? നിങ്ങള് രണ്ട് മാസത്തെ ലീവിന് വന്നാൽ എന്നോടൊപ്പം എത്ര ദിവസം ചിലവഴിക്കും ,പോട്ടെ, എനിക്കായി കുറഞ്ഞത് , ഇരുപത്തിനാല് മണിക്കൂറെങ്കിലും നിങ്ങള് കണ്ടെത്തിയിട്ടുണ്ടോ ?നിങ്ങൾ നാട്ടിൽ വരുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് ,നിങ്ങടെ കൂട്ടുകാരാണ് , അവരോടൊപ്പമാണല്ലോ നിങ്ങള് കൂടുതല് സമയവും ചിലവഴിക്കുന്നത് ,,

ങ്ഹാ എന്നാൽ ഇത്തവണ അങ്ങനെ ആയിരിക്കില്ല ,അറുപത് ദിവസത്തെ ലീവുണ്ട് ,അതിൽ അൻപത് ദിവസവും ഞാൻ നിൻ്റെയും മോളോടുമൊപ്പം ഉണ്ടാവും തീർച്ച,,

നാട്ടിലെത്തിയ അയാൾ ,തൻ്റെ ഭാര്യയോട് പറഞ്ഞ വാക്ക് പാലിച്ചു,
കൊണ്ട് വന്ന സ്കോiച്ച് കഴിക്കാനും ,അമ്പലത്തിലെ പത്താം ഉത്സവത്തിനും, പിന്നെ ക്ളബ്ബിൻ്റെ വാർഷികത്തിനും മാത്രമേ അയാൾ കൂട്ടുകാരുമായി എതാനും ദിവസങ്ങൾ ചിലവഴിച്ചുള്ളു , അതൊഴിച്ചാൽ ബാക്കി മുഴുവൻ സമയവും അയാൾ ഭാര്യയോടും കുഞ്ഞിനോടു മൊപ്പമായിരുന്നു

നീ ഭാഗ്യവതിയാടീ ,, അമ്മയ്ക്കും അച്ഛനും ചേച്ചിക്കുമൊക്കെ നിന്നെ എന്തിഷ്ടമാണല്ലേ?

തൻ്റെ ഭാര്യയോടുള്ള അവരുടെയൊക്കെ സ്നേഹത്തിൽ പൊതിഞ്ഞ പെരുമാറ്റം കണ്ടാണ് അയാൾ ഭാര്യയോട് ചോദിച്ചത്

ഉം ,,

പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ ഒന്ന് മൂളിയിട്ട് അവൾ കിടക്ക വിരി കുടഞ്ഞു വിരിച്ചു.

അടുത്ത വരവിന് ഞാൻ നിനക്ക് എന്താ വാങ്ങിക്കൊണ്ട് വരണ്ടത്? ഇത്തിരി വില കൂടിയതാണെങ്കിലും പറഞ്ഞോ ,ഐഫോണിൻ്റെ ലേറ്റസ്റ്റ് മോഡല് വാങ്ങിയാലോ?

ഒടുവിൽ തിരിച്ച് പോകാൻ രണ്ട് മൂന്ന് ദിവസം ബാക്കിയുള്ളപ്പോൾ അയാൾ ഭാര്യയോട് ചോദിച്ചു.

അതൊന്നും വേണ്ട ഏട്ടാ,,കഴിയുമെങ്കിൽ അടുത്ത വരവിനെങ്കിലും നമുക്ക് മാറിത്താമസിക്കാൻ കഴിഞ്ഞാൽ മതി ,,

ഹേയ് നീയെന്താ ഈ പറയുന്നത്? നിന്നെ ഇത്രയും സുരക്ഷിത മായിടത്ത് നിന്ന് ഒറ്റയ്ക്ക് മറ്റൊരിടത്ത് നിർത്തിയിട്ട് എനിക്ക് പിന്നെ സമാധാനത്തോടെ അവിടെ നില്ക്കാൻ പറ്റുമോ? ഇവിടെ നിനക്കെന്താ കുറവ് ?

ശരി ,അങ്ങനെയെങ്കിൽ, എനിയ്ക്ക് ഫോൺ വേണ്ട, പകരം നിങ്ങളിവിടെ CCTV ക്യാമറ ഫിറ്റ് ചെയ്താൽ മതി, അതാവുമ്പോൾ നിങ്ങൾക്കെപ്പോഴും എന്നെയും മോളെയും കണ്ടോണ്ടിരിക്കാമല്ലോ? പിന്നെ ,നിങ്ങൾക്ക് ഞങ്ങളെ കാണാനാണ് ക്യാമറ വയ്ക്കുന്നതെന്ന് ഇവിടുള്ളോരോട് പറയണ്ട ,കള്ളൻമാരെ പേടിച്ചിട്ടാന്ന് പറഞ്ഞാൽ മതി ,,

ഓകെ സമ്മതിച്ചു ,നാളെ തന്നെ അതിനുള്ള ഏർപ്പാട് ചെയ്യാം,,

അങ്ങനെ ഭാര്യയുടെ ആഗ്രഹം സഫലമാക്കിയിട്ടാണ്, അയാൾ തിരിച്ച് പോയത്.

ഗൾഫിലെത്തി മൂന്നാല് ദിവസത്തിന് ശേഷം അയാൾ ഭാര്യയെ വിളിച്ചു.

എടീ,,നീയന്ന് മാറിത്താമസിക്കാമെന്ന് പറഞ്ഞപ്പോൾ, ഞാൻ സമ്മതിച്ചില്ല, പക്ഷേ, ഇപ്പോൾ ഞാനൊരു കാര്യം ഉറപ്പിച്ചു, അടുത്ത ലീവിന് വരുമ്പോൾ എന്തായാലും നമുക്ക് മറ്റൊരു വീട്ടിലേയ്ക്ക് മാറാം ,ഒപ്പം ഈ CCTVക്യാമറ കൂടി അങ്ങോട്ട് ഷിഫ്റ്റ് ചെയ്താൽ മതിയല്ലോ? ഉറ്റവർ കൂടെയില്ലാത്തവർക്ക് ഈ ക്യാമറകൾ തുണയുണ്ടാവും ,എൻ്റെ വീട്ടുകാർ എൻ്റെ മുന്നിൽ അഭിനയിക്കുകയായിരുന്നു എന്നെനിയ്ക്ക് ഇപ്പോഴാണ് മനസ്സിലായത് ,സോറീ ഡീ ,, എന്തായാലും എൻ്റെ അടുത്ത വരവ് വരെ നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ് , ഓകെ,,

ശരി ചേട്ടാ ,, എൻ്റെ ബുദ്ധിമുട്ടുകൾ ഞാൻ പറയാതെ തന്നെ ചേട്ടന് ബോധ്യപ്പെട്ടല്ലോ ,അത് മതി ,ഇനി എൻ്റെ കാത്തിരിപ്പ് ചേട്ടൻ്റെ ലീവിന് വേണ്ടിയായിരിക്കും ,,,

NB :- അതെ കള്ളൻമാരെ പിടിക്കാൻ മാത്രമല്ല, ചില വീടുകളിലെ പെൺകുട്ടികളുടെ ദു:സ്സഹമായ ജീവിതം വേണ്ടപ്പെട്ടവർക്ക് ബോധ്യ മാകാനും CCTV ക്യാമറ നല്ല ഒരു ഇദാണ്😃

Leave a Reply

Your email address will not be published. Required fields are marked *