അതല്ലെടീ എനിക്കെന്തോ ഒരു ഭയം പോലെ, അവൻ്റെ കയ്യിൽ മൊബൈൽ ഫോണുള്ളതാണ് ,ഞാൻ കുളിക്കാൻ കയറുമ്പോൾ എന്തേലും കുരുത്തക്കേട്…….

Story written by Saji Thaiparambu

ആൻ്റീ അഭി എവിടെ ?

ഞാൻ കുളിക്കാനായി മുടിയിൽ എണ്ണ തേച്ച് പിടിപ്പിച്ചോണ്ടിരിക്കുമ്പോഴാണ് മോൻ്റെ കൂട്ടുകാരൻ ജോബി,വീട്ടിലേക്ക് കയറി വന്നത്

അവൻ ട്യൂഷന് പോയല്ലോ ?

ആണോ? എപ്പോഴാ തിരിച്ച് വരുന്നത്?

ഇനിയവൻ തിരിച്ചെത്തുമ്പോൾ പന്ത്രണ്ട് മണി കഴിയും,

സാധാരണ ജോബി വരുമ്പോൾ അഭിയില്ലെങ്കിൽ ,അവൻ തിരിച്ച് പോകാറാണ് പതിവ് ,പക്ഷേ എന്തോ അഭി,വരാൻ താമസിക്കുമെന്നറിഞ്ഞിട്ടും, ജോബി പോകാൻ കൂട്ടാക്കാതെ ലിവിങ്ങ് റൂമിലെ സെറ്റിയിൽ കയറി അമർന്നിരുന്നപ്പോൾ, എനിക്കെന്തോ വല്ലായ്ക തോന്നി.

മോൻ്റെ കൂട്ടുകാരനാണെങ്കിലും കൗമാര പ്രായമല്ലേ ? എല്ലാത്തിനോടും ജിജ്ജാസ തോന്നുകയും, ഉള്ളിലെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള വിവേകം ചില നിമിഷങ്ങളിൽ നഷ്ട മാകുകയും ചെയ്യുന്ന പ്രായം,

എനിക്കാണെങ്കിൽ ഉടനെ കുളിച്ചിട്ട് ,ഏഴാം ക്ളാസ്സിൽ പഠിക്കുന്ന മോളെയും കൊണ്ട് സ്കൂളിൽ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ പോകുകയും വേണം,

സെറ്റിയിൽ ചാരിക്കിടന്ന് മൊബൈലിൽ സെൽഫിയെടുത്ത് കൊണ്ടിരിക്കുന്ന ജോബിയെ അവഗണിച്ച് കൊണ്ട് ,ബാത്റൂമിലേക്ക് കയറാനും എനിക്കൊരു വൈക്ളബ്യം.

മോളാണെങ്കിൽ നേരത്തെ തന്നെ കുളിച്ചൊരുങ്ങി മുറിയിലിരുന്ന് എന്തോ ക്രാഫ്റ്റ് ചെയ്യുകയാണ്, പത്രങ്ങളിലും മറ്റും വായിക്കുന്ന ചില വാർത്തകൾ, എൻ്റെ മനസ്സിലേക്ക് പെട്ടെന്ന് കടന്ന് വന്നപ്പോൾ, ജോബിയെ എങ്ങനെയെങ്കിലും പറഞ്ഞ് വിടണമെന്ന ചിന്ത, എൻ്റെ മനസ്സിനെ മഥിച്ച് കൊണ്ടിരുന്നു.

ആ സമയത്ത് ബെഡ്റൂമിൽ ചാർജ്ജ് ചെയ്യാനിട്ടിരുന്ന, എൻ്റെ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ട്, ഞാനകത്തേയ്ക്ക് ചെന്ന് നോക്കി .കൂട്ടുകാരി റീനയുടെ കോളായിരുന്നത് .

ഹലോ റീനേ …

എടീ നീ ഇറങ്ങിയോ ? ഞാൻ ഒരുങ്ങി നില്ക്കുവാ..,

ഒപ്പിടാൻ പോകുമ്പോൾ അവളെയും കൂട്ടി സ്കൂളിലേക്ക് പോകാമെന്ന് , ഇന്നലെ പറഞ്ഞുറപ്പിച്ചിരുന്നതാണ്

ങ്ഹാ റീനേ… ഞാൻ കുളിക്കാൻ പോകുവായിരുന്നു, അപ്പോഴാണ് മോൻ്റെ കൂട്ടുകാരൻ കയറി വന്നത്,

അതിനെന്താ അവനവിടെയിരിക്കട്ടെ, നീ വേഗം ഒരുങ്ങാൻ നോക്ക്,

അതല്ലെടീ എനിക്കെന്തോ ഒരു ഭയം പോലെ, അവൻ്റെ കയ്യിൽ മൊബൈൽ ഫോണുള്ളതാണ് ,ഞാൻ കുളിക്കാൻ കയറുമ്പോൾ എന്തേലും കുരുത്തക്കേട് ഒപ്പിക്കുമോന്നറിയില്ലല്ലോ? കാര്യം, അവൻ നല്ല പയ്യനാക്കെയാണ് ,പക്ഷേ ചില അനുകൂലസാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്, ഒരാൾക്ക് തെറ്റ് ചെയ്യാൻ തോന്നാമല്ലോ? നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ?

അത് നീ പറഞ്ഞത് നേരാ, അങ്ങനെ യുള്ളപ്പോൾ നീയവനെ പറഞ്ഞ് വിട്ടാൽ പോരെ?

അതെങ്ങനാടീ… എനിക്കവനോട് ഇറങ്ങിപ്പോകാൻ പറയാൻ പറ്റുമോ?

അതിനൊരു വഴിയുണ്ട്, നീ ഞാൻ പറഞ്ഞ് തരുന്നത് പോലെ, അവനോട് പറഞ്ഞാൽ മതി,

റീന പറഞ്ഞ ആശയം കൊള്ളാമെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ ,ജോബിയെ പറഞ്ഞ് വിടാനായി,ലിവിങ്ങ് റൂമിലേക്ക് തിരിച്ച് വന്നു.

പക്ഷേ, ജോബി അവിടെയില്ലായിരുന്നു. എനിക്ക് ആകാംക്ഷയായി ,ഞാൻ വേഗം പുറത്തേയ്ക്കിറങ്ങി നോക്കി.

പുറത്തും അവനെ കാണാതിരുന്നപ്പോൾ, പറഞ്ഞ് വിടാതെ തന്നെ അവൻ പോയല്ലോ, എന്ന ആശ്വാസത്തിൽ ഞാൻ തിരിച്ച് അകത്തേയ്ക്ക് കയറാനൊരുങ്ങുമ്പോഴാണ് എൻ്റെ മൊബൈലിൽ ഒരു വാട്സ്ആപ് മെസ്സേജ് വന്ന ശബ്ദം കേട്ടത് ,ഗൾഫിലുള്ള ഭർത്താവിൻ്റെ മെസ്സേജാവുമെന്ന് കരുതി ഓപ്പൺ ചെയ്ത് നോക്കിയ ഞാൻ, അത് ജോബിയുടെ ഫോണിൽ നിന്ന് വന്ന ,വോയിസ് മെസ്സേജാണെന്നറിഞ്ഞ് ഞെട്ടിപ്പോയി .

ഉത്ക്കണ്ഠയോടെ ഞാനാ വോയിസ് മെസ്സേജ് ഓപ്പൺ ചെയ്തു .

ആൻ്റീ… ഞാൻ പോകുവാണ് ,അഭി, വന്നിട്ട് വരാം ,ഞാൻ ഇനിയും ഇവിടെയിരുന്നാൽ അത് ആൻ്റിക്ക് എത്രത്തോളം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് , പക്ഷേ, അഭിയുള്ളപ്പോൾ ഇനിയും ഞാനൊരു പാട് നേരം ,ഈ വീട്ടിൽ വന്നിരിക്കുംകെട്ടോ?,ആൻ്റി എന്നെ തടയരുത്, വേറൊന്നുമല്ല ,കഴിഞ്ഞ ഉരുൾപൊട്ടലിൽ എല്ലാം ഒലിച്ച് പോയപ്പോൾ, എൻ്റെ പപ്പയെ മാത്രമേ ദൈവം എനിക്ക് തിരിച്ച് തന്നുള്ളുവെന്ന് ആൻ്റിക്കറിയാമല്ലോ?, അമ്മയെയും പെങ്ങൻമാരെയും അന്നെനിക്ക് നഷ്ടമായെങ്കിലും, ഇപ്പോൾ കുറച്ച് നാളുകളായി ആ കുറവ് ഞാനറിയാതിരിക്കുന്നത്, ആൻറിയെയും ആൽഫി മോളെയുമൊക്കെ കാണുമ്പോഴാണ് ,ഒറ്റയ്ക്ക് എൻ്റെ വീട്ടിലിരുന്നാൽ എനിക്ക് കരച്ചില് വരുന്നത് കൊണ്ടാണ് ഞാനിടയ്ക്കിടയ്ക്ക് ഈ വീട്ടിലേക്ക് ഓടിവരുന്നത്, ഒന്നും തോന്നരുതേ ആൻ്റി.. ,എന്നാൽ ശരി ആൻ്റി…, ഞാൻ പോയിട്ട് പിന്നെ വരാം ,

ജോബിയുടെ ശബ്ദം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക്‌ വല്ലാത്ത സങ്കടം തോന്നി ,ഞാൻ റീനയുമായി സംസാരിച്ചതെങ്ങാനും അവൻ കേട്ട് കാണുമോ എന്നായിരുന്നു പിന്നീടുള്ള എൻ്റെ ആധി, അവനത് കേട്ട് കാണരുതേ എന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *