അന്നും പതിവുപോലെ തനിക്ക് ലെറ്റർ വല്ലതുമുണ്ടോ രാഘവേട്ടായെന്ന് ചോദിച്ച് മീനാക്ഷി വന്നു. സ്ഥലം മാറി വന്നിട്ട് ഒരുമാസം പോലും ആയില്ല പെണ്ണിന്റെ വിളികേട്ടാൽ ഒരു പ്രത്യേക അടുപ്പം പോലെയൊക്കെയാണ്……..

_upscale

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

അന്നും പതിവുപോലെ തനിക്ക് ലെറ്റർ വല്ലതുമുണ്ടോ രാഘവേട്ടായെന്ന് ചോദിച്ച് മീനാക്ഷി വന്നു. സ്ഥലം മാറി വന്നിട്ട് ഒരുമാസം പോലും ആയില്ല പെണ്ണിന്റെ വിളികേട്ടാൽ ഒരു പ്രത്യേക അടുപ്പം പോലെയൊക്കെയാണ്… എനിക്ക് ആണെങ്കിൽ അവളുടെ പ്രകൃതം തീരേ ഇഷ്ട്ടപ്പെട്ടില്ല.

‘കുട്ടീ… കുട്ടിയുടെ വിലാസത്തിൽ എന്തെങ്കിലും വന്നാൽ അങ്ങോട്ടേക്ക് എത്തിക്കും.. അതിനാണ് സർക്കാർ ശമ്പളമൊക്കെ തന്ന് ഞങ്ങളെയൊക്കെ ഇവിടെ ഇരുത്തിയിരിക്കുന്നത്… ‘

മീനാക്ഷിയുടെ മുഖം സങ്കടത്തിൽ മുറിഞ്ഞു. വന്നപോലെ പെണ്ണ് ഇറങ്ങിപ്പോയി. മണിയോഡർ അയക്കാൻ വന്നതുകൊണ്ട് അത് കാണേണ്ടി വന്ന അവിടുത്തെ എൽ പി സ്കൂളിലെ വേണുമാഷ് വേണ്ടായിരുന്നുവെന്ന് എന്നോട് അഭിപ്രായപ്പെട്ടു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ അതൊരു പാവമാണെന്ന് മാത്രം മാഷ് പറഞ്ഞു.

കൂടുതൽ അന്വേഷിച്ചപ്പോൾ വിവാഹമെന്ന കൂട്ടിക്കെട്ടലിൽ കൈക്കുഞ്ഞുമായി അഴിഞ്ഞുവീണ താലിചരടയായിരുന്നു മീനാക്ഷിയുടെ അമ്മയെന്ന് എനിക്ക് മനസിലായി. പൊന്നും പണവുമൊക്കെ കൊടുത്ത് കെട്ടിച്ച് വിട്ട പെണ്മക്കൾ തിരിച്ചുവന്നാൽ പരിഗണിക്കരുതെന്ന് നാടിനെ പൂർവ്വികർ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു… മക്കളുടെ എണ്ണം കൂടുതലാണെങ്കിൽ ആർക്കും അത് ബോധിച്ചെന്നും വരില്ല. മീനാക്ഷിയുടെ അമ്മയുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയായിരുന്നു..

തന്റെ കുഞ്ഞിനുവേണ്ടി സ്വന്തം വീട്ടിലെ ജോലിക്കാരിയായി മാറാൻ അവൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അമ്മാവന്റെ ശകാരം കേട്ട് മീനാക്ഷി വളർന്നു. പഠിക്കാൻ മിടുക്കിയായിരുന്ന അവളെ വേണുമാഷിന്റെ സഹായത്തോടെയാണ് ആ സ്ത്രീ പ്രീഡിഗ്രിവരെ എത്തിച്ചത്.

തനിക്ക് ഭാരമാകുമെന്ന് കരുതി കെട്ടുപ്രായമായെന്ന് പറഞ്ഞ് കിട്ടിയവനെ കൊണ്ട് മീനാക്ഷിയെ കെട്ടിക്കാൻ അവളുടെ അമ്മാവൻ കുറച്ച് ശ്രമിച്ചതാണ്. അതിനായി പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞ് നാട്ടിൽ തെണ്ടി തിരിഞ്ഞ് നടക്കുന്ന ചിലരൊക്കെ അവളെ കാണാനും വന്നിരുന്നു.. എന്തുകൊണ്ടോ ആ അമ്മയ്ക്കും മകൾക്കും അതിന് വഴങ്ങാതെ പിടിച്ച് നിൽക്കാൻ സാധിച്ചു.. ഇങ്ങനെ ഇനിയെത്ര നാൾ…

ആരുടെയൊക്കെയോ ഔദാര്യത്തിൽ വളരേണ്ടി വരുന്ന മുതിർന്നവരെക്കാളും കഷ്ട്ടമാണ് കുഞ്ഞുങ്ങളുടെ കാര്യം.. പുറത്തുള്ളവരിൽ നിന്ന് സ്നേഹവും പരിഗണനയും കാരുണ്യവും കിട്ടിയില്ലെങ്കിൽ ലോകം മുഴുവൻ വീടുപോലെ ആണെന്ന് അവരുടെ ഉള്ളിൽ പതിയേ പതിഞ്ഞുപോകും…

ജീവിതത്തിൽ അടുക്കളയോളം ഒതുങ്ങിപ്പോയ തന്റെ അമ്മയെ കണ്ടുവളർന്നതാണ് മീനാക്ഷി. ജീവിക്കാനുള്ള ഏതോ ഒരു അവസരം തന്നെ തേടി വരുമെന്ന കാത്തിരിപ്പിലാണ് അവളുടെ ജീവിതമെന്ന് എനിക്ക് തോന്നിപ്പോയി. ആരെയോ മീനാക്ഷി പ്രതീക്ഷിക്കുന്നു.. തനിക്ക് ഭാരമായ വിലാസത്തിലേക്ക് ഭാഗ്യം വന്നുകയറുമെന്ന് അവൾ വെറുതേ പ്രതീക്ഷിക്കുന്നൂ…

പറഞ്ഞതുപോലെ മീനാക്ഷി പിന്നീട് പോസ്‌റ്റോഫീസിലേക്ക് വന്നില്ല. എന്നാലും എല്ലാനാളും അവളുടെ പേരെഴുതിയ കടലാസ് വല്ലതും വന്നിട്ടുണ്ടോയെന്ന് ഞാൻ പരിശോധിക്കും. ഇന്നും വന്നില്ലേയെന്ന ദുഃഖം അവളിൽ എന്നപോലെ എന്നിലും പ്രകടമാകും..

ഒരുനാൾ ആ വാർഡിലെ മറ്റൊരു വീട്ടിൽ കത്ത് കൊടുത്ത് വരുമ്പോൾ യാദൃശ്ചികമായി ഞാൻ മീനാക്ഷിയെ കണ്ടു. കണ്ടിട്ടും കാണാത്തത് പോലെ പോകാൻ നിന്ന അവളുടെ വലതുകൈയ്യിൽ ഒരു സഞ്ചിയുണ്ടായിരുന്നു..

‘എവിടെ പോയതാ മീനാക്ഷി…?’

അവൾ കേട്ടതായി ഭാവിച്ചില്ല. എന്നോട് ക്ഷമിക്കൂവെന്ന് ഞാൻ പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ മുഖം പ്രകാശിച്ചു. അതൊന്നും സാരമില്ലെന്നും താൻ ഗോതമ്പു പൊടിക്കാൻ പോയതാണെന്നും മീനാക്ഷി പറഞ്ഞു. അതുകേട്ട് പോകാനൊരുങ്ങിയ എന്നെ ഇന്നും ഇല്ലായല്ലേയെന്ന ഭാവത്തിൽ അവൾ വെറുതേ നോക്കി…

അന്നുതൊട്ട് ഉറക്കത്തിന് എന്നെ തീരേ വേണ്ടാതായി. എന്റെ സൈക്കിൾ മണിയുടെ ശബ്ദം ഭാഗ്യമായും, സ്നേഹമായും, ദുഃഖമായും, പ്രതീക്ഷയായും എത്രയെത്ര പേരുടെ കാതുകളിൽ വീണിരിക്കുമെന്ന് ഓർത്ത് ഓരോ നാളും ഉറങ്ങാതെ ഞാൻ ചിന്തിച്ചു.. മീനാക്ഷി പ്രതീക്ഷിക്കുന്ന വാർത്തയുമായി എത്രയും പെട്ടെന്ന് അവളുടെ കാതുകളിൽ ചെന്ന് മുട്ടാൻ എന്റെ മനസ്സ് തുടിച്ചു. അതിന്റെ താളമില്ലായ്മയിലായിരുന്നു അന്നൊക്കെ ഞാൻ മയങ്ങിയിരുന്നത് …

ഒരുനാൾ ബ്രാഞ്ചിലേക്ക് ഞാൻ നേരത്തേ എത്തി. പതിനൊന്ന് മണിക്ക് സബ് ഓഫിസിൽ നിന്ന് എത്തേണ്ട പാഴ്‌സൽ അൽപ്പം വൈകിയും ചെയ്തു. കെട്ട് പൊളിച്ച് സീൽ അടിച്ച് ക്രമത്തിൽ വെക്കുമ്പോൾ എത്രയോ നാൾ കാണാൻ ആഗ്രഹിച്ച ആ പേര് എന്റെ കണ്ണിൽ കുത്തി. മറ്റൊന്നും ചിന്തിക്കാതെ എല്ലാം ധൃതിയിൽ എടുത്ത് വെച്ച് ഞാൻ മീനാക്ഷിയുടെ വിലാസത്തിലേക്ക് സൈക്കിൽ ചവിട്ടുകയായിരുന്നു…

മുറ്റത്ത് നിർത്തി രണ്ട് തവണ മണിയടിച്ചപ്പോൾ അവളുടെ അമ്മയാണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ പിന്നാമ്പുറത്ത് നിന്ന് വന്നു. എന്തായെന്ന് ചോദിച്ചപ്പോൾ മീനാക്ഷിക്കൊരു ലെറ്റർ ഉണ്ടെന്ന് ഞാൻ പറഞ്ഞു.

‘…..ന്റെ മോളാ….!’

അതുപറയുമ്പോൾ ആ സ്ത്രീയുടെ കരിവാളിച്ച മുഖത്ത് ഒരു പ്രകാശമുണ്ടായിരുന്നു.. ഒരു മധ്യവയസ്ക്കൻ വന്ന് എന്താണ് സംഭവിക്കുന്നതെന്ന് എത്തിനോക്കിയിട്ട് മുഖം ചുളിച്ചുകൊണ്ട് പിൻവലിഞ്ഞു. അതായിരിക്കും അമ്മാവനെന്ന് ഞാൻ ഊഹിക്കുകയായിരുന്നു…

വൈകാതെ മീനാക്ഷി വന്നു. എന്റെ കൈയ്യിൽ നിന്ന് ആ ലെറ്ററ് വാങ്ങി പൊട്ടിക്കുമ്പോഴേ അവളുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു. ആകാംഷയോടെ അവളുടെ അമ്മയും അതിലേക്ക് എത്തിനോക്കി. ഒരു ഊഹമുണ്ടെങ്കിലും, എന്തായിരിക്കും ഇവർ ഇത്രയും പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ആ കത്തിലെ വിവരമെന്ന് അറിയാൻ ഞാനും അതിയായി ആഗ്രഹിച്ചു.

നമ്മൾ ഇനി ജീവിക്കുമെന്ന് പറഞ്ഞ് മീനാക്ഷി തന്റെ അമ്മയെ കെട്ടിപിടിച്ചപ്പോൾ എന്റെ ഊഹം ശരിയായിരുന്നുവെന്ന് എനിക്ക് മനസിലായി. അവളെക്കാളും വെളിച്ചം ആ അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു. ആരെയും ആശ്രയിക്കാതെ മകളെ ജീവിക്കാൻ പറത്തിവിട്ട ആഹ്ലാദമായിരുന്നു ആ സ്ത്രീക്ക്…

അല്ലെങ്കിലും, തന്റെ കഴിവുപോലെ ഭദ്രമായ ജോലി സമ്പാദിക്കാൻ പറ്റാതെ പോയ ദരിദ്ര മനുഷ്യരെല്ലാം ജീവിതത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ വീണുപോയ ചരിത്രമല്ലേ ഭൂമിക്ക് പറയാനുള്ളൂ…

‘എന്നാണ് ജോയിൻ ചെയ്യേണ്ടത്….?’

കരള് കുളിർക്കുന്ന ആ മുഹൂർത്തത്തിൽ പങ്കുചേർന്നുകൊണ്ട് ഞാൻ ചോദിച്ചു. ഈ മാസം തന്നെ പോകണം രാഘവേട്ടായെന്ന് അവൾ പറഞ്ഞപ്പോൾ എന്റെ ഹൃദയം നിർവൃതിയിൽ തുടിച്ചിരുന്നു…

ആജ്ഞകളിൽ പെട്ട് ഒരുപെണ്ണിന് ജീവിതം നരകമാകാതിരിക്കാൻ ആദ്യം വേണ്ടതൊരു ജോലിയാണ്.. അത് കൃത്യമായി തിരിച്ചറിഞ്ഞ ഒരു അമ്മയുടെ കാത്തിരിപ്പിന്റെ പേരായിരുന്നു മീനാക്ഷിയെന്ന് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകൾ എന്തിനെന്ന് അറിയാതെ വെറുതേ നനയാറുണ്ട്….!!!

Leave a Reply

Your email address will not be published. Required fields are marked *