അന്ന് മേശവലിപ്പിൽ നിന്ന് ഞാനെനിക്ക് ഇഷ്ടപ്പെട്ടയാളോടൊപ്പം പോകുന്നു ദേവേട്ടനും മോളുമെന്നെ……

സ്വർഗം

Story written by Nijila Abhina

ഈ നാപ്പത്തെട്ടാം വയസിലിനി ഇതൊക്കെ വേണോ മാഷേന്ന് ചോദിച്ചവർക്കുള്ള മറുപടിയായിരുന്നു പുഞ്ചിരി വിടർന്ന രണ്ട് ജോഡി കണ്ണുകൾ.

ഒരുപാട് നാളായി തിളക്കം നഷ്ടപ്പെട്ടയാ കണ്ണുകൾക്ക് ഇന്ന് നക്ഷത്രത്തിളക്കം… ഇത് മാത്രമേ നാപ്പത്തഞ്ചു കാരി ത്രേസ്യയെ കൂടെ കൂട്ടുമ്പോൾ ഞാനും ആഗ്രഹിച്ചിരുന്നുള്ളു…

“അച്ഛന്റെ മോളിന്ന് സന്തോഷത്തിൽ ആണല്ലോ എന്തേ ലോട്ടറി അടിച്ചോ മാളൂട്ടന്,,,,

“അത് ഞാനും അമ്മേം കൂടെ അമ്മേടെ വീട്ടിലൊന്ന് പോവാൻ……

ഞാൻ എതിർക്കുമോ എന്നോർത്ത് വാക്കുകൾക്ക് തപ്പുന്നുണ്ടായിരുന്നു മാളൂട്ടി ..

നീണ്ട കണ്ണുകൾ വാലിട്ടെഴുതിയിട്ടുണ്ട് ഒരു കുഞ്ഞി വട്ടപ്പൊട്ട് തൊട്ടിട്ടുണ്ട് പിന്നിയിട്ട മുടിയിൽ എണ്ണമയം ഉണ്ട് ഇന്നലെ വരെ ത്രേസ്യയുടെ കഴുത്തിൽ കിടന്നിരുന്ന പിരിയൻ മാല അവള്ടെ കഴുത്തിലുണ്ട്….. ഇതിനൊക്കെ പുറമെ മുഖത്ത് കുറെയേറെ സന്തോഷവും…

ഒരാഴ്ച മുമ്പ് വരെ അച്ഛേന്ന് വിളിക്കാൻ മാത്രം വാ തുറന്നിരുന്ന,, ആരോടും സംസാരിക്കാൻ മുതിരാതെയിരുന്ന മാളൂട്ടിയിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു അവള്…

അല്ലെങ്കിലും വയസാം കാലത്ത് ദേവേന്ദ്രന് സൂക്കേട് മൂത്തതാ എന്ന് നാട്ടാര് പറയുന്നത് കേട്ടിട്ടും ചൊഴലി ദീനം ഒള്ള പെണ്ണാ കെട്ടിയാ നിന്റെ തലേൽ ആവും ന്ന് വർക്കി മാപ്ല പറഞ്ഞിട്ടും ത്രേസ്യ പെണ്ണിനെ കെട്ടി കൂടെ കൂട്ടുമ്പോ മാളൂട്ടിയുടെ മുഖമൊന്നു തെളിഞ്ഞു കാണണം എന്ന് മാത്രേ ആഗ്രഹിച്ചിരുന്നുള്ളു….

“എന്നതാ മാഷേ വെയിലും കൊണ്ടോണ്ട് നിക്കുന്നെ ഞാൻ കൊച്ചിനേം കൂട്ടി യേച്ചു വീട് വരെയൊന്ന് പോയി വരാം. അവള്ടെ അപ്പാപ്പനേം അമ്മാമ്മേo അവളൂടി കാണട്ടെ “

“താൻ പോയിട്ട് വാടോ “ഒത്തിരി വൈകണ്ട….അത് പറഞ്ഞു മാളൂട്ടിയുടെ തലയിലൊന്ന് തഴുകി…

എന്തൊക്കെയോ കാര്യം പറഞ്ഞു നടന്നു പോകുന്ന അവരെ വെറുതെയിങ്ങനെ നോക്കി നിന്നു.

അമ്മയും മോളും….

ആ സ്നേഹം ഞാൻ കാണുകയായിരുന്നു… സ്വന്തമല്ലാത്ത കുഞ്ഞിനെ ഒരാൾക്കിങ്ങനെ ചേർത്തണച്ചു സ്നേഹിക്കാൻ കഴിയുമെന്ന് കാണിച്ചു തന്നതും അവളാണ്…. അല്ലെങ്കിലും പ്രസവിക്കുക എന്നത് മാത്രമാണ് നല്ലൊരമ്മയുടെ ലക്ഷണമെങ്കിൽ കവിത തന്നെയോ മോളെയോ ഉപേക്ഷിച്ചു പോവില്ലായിരുന്നല്ലോ….

എത്രയൊക്കെയായാലും ഓർമ്മകൾ വീണ്ടും അങ്ങോട്ട് തന്നെ കൊണ്ടെത്തിക്കുന്നു….

പെങ്ങന്മാരുടെ പഠിത്തവും അവരുടെ പേറെടുപ്പും കടവും കടമയും ഒക്കെ കഴിഞ്ഞപ്പോ പ്രായം മുപ്പത്തഞ്ചിനടുത്ത് എത്തിയിരുന്നു… ജാതകത്തിൽ ചൊവ്വ കേറി കുടിയിരിക്കുന്ന മോളെ കെട്ടുവോയെന്ന് അമ്മാവൻ ചോദിച്ചപ്പോൾ പണ്ടെന്നോ അമ്പലക്കുളത്തിൽ നിന്ന് താമരപ്പൂ പൊട്ടിച്ച് പ്രണയം പറഞ്ഞിരുന്ന വെളുത്തു കൊലുന്ന വെള്ളാരം കണ്ണിയെ ഓർമ വന്നു…

“എനിക്ക് കാല് പിടിക്കാൻ വേറാരൊടും പറ്റില്ലല്ലോ ദേവാ എന്ന അമ്മാവന്റെ ചോദ്യത്തിൽ പണ്ടെന്നോ കൂടെയുണ്ടായിരുന്ന വെള്ളാരം കണ്ണിയെ പതിയെ വിട്ടു. മനസ്സിൽ നിന്നും ഓർമയിൽ നിന്നും…

പൊന്നും പുടവയുമായി കവിത കേറി വന്നത്,,,, കാവിലെ ഉത്സവത്തിന് ഒരുമിച്ച് കിന്നാരം പറഞ്ഞു നടന്നു പോയത്,,,,, ദേഷ്യം വരുമ്പോ മൂക്ക് വരെ വിറച്ചിരുന്ന ദേവേന്ദ്രൻ മാഷ് അവളുടെ മുന്നില് മാത്രം പൂച്ചക്കുട്ടിയാണെന്ന് നാട്ടാര് പറയുമ്പോ ഒരു കുഞ്ഞു സന്തോഷത്തോടെ ചുമല് കൂച്ചി നടന്നത് എല്ലാം ഏതോ ഒരോർമ പോലെയിങ്ങനെ മനസിനെ കാർന്നു തിന്നുന്നു..

“ദേവേട്ടാ ഈ ദേഷ്യം പിടിച്ച മൊതലിനെ വരുതിക്ക് നിർത്താൻ ഒരാള് വരുന്നുണ്ട് ട്ടോ “

ആരെന്ന ഭാവത്തിൽ നെറ്റി ചുളിച്ചയെന്റെ കയ്യെടുത്താ വയറിൽ വെക്കുമ്പോ ഏതോ സ്വർഗം നേടിയ പ്രതീതിയായിരുന്നെന്നിൽ….

ആളും ആരവവുമായി മാളൂട്ടി വന്നതായിരുന്നു നേടിയതിൽ വെച്ചേറ്റവും നിറമുള്ളത്. ഒരു കുഞ്ഞു സ്വർഗം…. അതായിരുന്നു പിന്നീട് വീട്..

പിന്നീടെപ്പോഴോ ഇഷ്ടക്കേടുകൾ കൂടി വന്നു… സ്നേഹത്തോടെ അടുത്ത് ചെല്ലുമ്പോ അകറ്റി നിറുത്തി തുടങ്ങി. അപ്പോഴൊക്കെ അവളുടെ കുറുമ്പായി മാത്രം കണ്ടു… എന്നോടുള്ള അകൽച്ച മോളോട് കൂടി കാണിച്ചു തുടങ്ങിയപ്പോൾ തകർന്നു പോയിരുന്നു.. എങ്കിലും പ്രതീക്ഷയായിരുന്നു. പഴയ സ്വർഗം അതു പോലെ തിരിച്ചു കിട്ടുന്നൊരു ദിനത്തിന് വേണ്ടി….

അന്ന്….. അന്ന് മേശവലിപ്പിൽ നിന്ന് ഞാനെനിക്ക് ഇഷ്ടപ്പെട്ടയാളോടൊപ്പം പോകുന്നു ദേവേട്ടനും മോളുമെന്നെ വെറുക്കരുത് എന്ന അവളുടെ കൈപ്പടയി ലെഴുതിയ കടലാസ് കഷ്ണം കിട്ടുന്നത് വരെയും ഞാൻ പ്രതീക്ഷിച്ചിരുന്നു ആ പഴയ നിമിഷങ്ങൾ തിരികെ വരുമെന്ന്….

മരിച്ചാൽ മതിയെന്ന് തോന്നിയിരുന്നു അന്ന്.. രാത്രിയിൽ പൊട്ടി കരഞ്ഞിട്ടുണ്ട് മൂന്ന് വയസുകാരി മോളെ മടിയിൽ വെച്ച് അമ്മ എവിടെയെന്നുള്ള അവളുടെ ചോദ്യത്തിനായി കള്ളം മെനഞ്ഞു ഓരോ തവണ പരാചയപ്പെടുമ്പോഴും അവളെ കൂടുതൽ നിസഹായതയോടെ നോക്കി നിക്കേണ്ടി വന്നിട്ടുണ്ട്…

കൊച്ചിയിൽ ഉണ്ടെന്നും സന്തോഷവതി ആണെന്നും ഒരു മോനുണ്ട് എന്നും പിന്നീടെപ്പോഴോക്കെയോ അറിഞ്ഞു. കൂടുതൽ അറിയാൻ തോന്നിയില്ല.

“അച്ഛാ മാളൂട്ടിക്ക് മാത്രെന്താ അമ്മയില്ലാത്തേ?

“മോളോട് മാത്രന്താ അമ്മയ്ക്ക് ഇഷ്ടല്ലാത്തേ….

ഏറെ പേടിച്ചിരുന്ന ചോദ്യം…

അത് കേട്ടപ്പോൾ അച്ഛനാണ് പറഞ്ഞത് കുട്ട്യോട് പറഞ്ഞോളൂ ദേവാ വെറുതെ അതിന്റെ മനസ്സിൽ ആശ കൊടുക്കണ്ട എന്ന്….

“മാളൂനും ഒരമ്മ ണ്ട് ട്ടോ മോളെ….

“ന്നിട്ട് എന്താ വരാത്തെ മോളെ കാണാൻ,,,,അമ്മയായ ഇങ്ങനാ??? കേശുന്റേം അമ്മുക്കുട്ടിടെയും ഒക്കെ അമ്മമാരുണ്ടല്ലോ ന്ത്‌ രസാ അറിയോ….

സ്കൂളു ബസിൽ അമ്മയാ കൊണ്ടന്നു വിടുന്നെ അവരെയൊക്കെ… ന്നിട്ട് പോവാൻ നേരം കെട്ടി പിടിച്ചു ഉമ്മ കൊടുക്കും ഇടയ്ക്ക് ന്റെ കവിളിലും കൈ വെച്ച് തലോടും നല്ല പൂ പോലെ മിനുസള്ള കയ്യ്. ഉള്ളില് തേങ്ങയും ശർക്കരയും ഒക്കെ വെച്ച് അടയുണ്ടാക്കി കൊടുത്തു വിടും,,, ഹോം വർക്കും ആരും കാണാതെ പറഞ്ഞു കൊടുക്കുന്നേയ്…

പിന്നേണ്ടല്ലോ അച്ഛാ അവരൊക്കെ അമ്മേടെ കൂട്യാ ഒറങ്ങാന്ന്.. പുറത്തൊക്കെ തട്ടി പാട്ട് പാടി ഉറക്കും കെട്ടി പിടിക്കും കൊറേ കൊറേ ഉമ്മ കൊടുക്കും… മാളൂട്ടിക്കും അമ്മ ണ്ടല്ലോ അമ്മ വരുമ്പോ ന്നേം അങ്ങനെ കെട്ടി പിടിക്കും അല്ലേച്ഛാ….

അതോർത്തിട്ടാണെന്ന് തോന്നി കണ്ണുകളിൽ വല്ലാത്ത തിളക്കം.. പുഞ്ചിരി….

ഹൃദയം വല്ലാതെ നൊന്തു… പച്ച മുറിവിൽ നിന്ന് രക്തം കിനിയുന്നു. അതിങ്ങനെ നിർത്താതെ ഒഴുകുന്നു…

പ്രതീക്ഷ കൊടുക്കാൻ തോന്നിയില്ല… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അധിക മൊന്നും മനസിലായില്ല എങ്കിലും പത്തു വയസ്സിന്റെ ബുദ്ധിയിൽ അമ്മ ഒരിക്കലും വരില്ലെന്ന് മാത്രം അവളറിഞ്ഞു….

നോക്കി നിന്നപ്പോൾ വല്ലാതെ വല്ലാതെ വന്നു.. ആ കുഞ്ഞി കണ്ണുകൾ നിറയുന്നുണ്ട് ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നു… നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. അന്നാ മൂന്ന് വയസുകാരിയെ ചേർത്തു പിടിച്ച അതേ നിസഹായതയോടെ…

പിന്നീട് അവളുടെ ചിരി മാത്രം കണ്ടില്ല.. അധികം മിണ്ടാതെ,,, കളിക്കാൻ താല്പര്യമില്ലാതെ മുറിയിൽ നിന്നധികം പുറത്ത് വരാതെ അങ്ങനെ….

പേടി തോന്നി…

വളരെ നാളുകൾക്ക് ശേഷം ആ ചിരി വീണ്ടും കണ്ടു…. വേലിക്കരുകിൽ നിന്ന് ആരോടോ കിന്നാരം പറയുന്നു…. കണ്ണിലൂടെ ഒരു സൂര്യന്റെ തിളക്കം… ചെത്തി പൂളിയെടുത്ത ഒരു കുഞ്ഞു മാങ്ങാ കഷ്ണവുമായി അവളകത്തേക്ക് കയറിയപ്പോ അച്ഛൻ പറഞ്ഞു..

“അതാ ത്രേസ്യ പെണ്ണാവും ഓടക്കലെ ദീനക്കാരിയില്ലെ അവള്…. എന്നും ഇതിലെ പോവുമ്പോ മാളൂനെ വിളിക്കും മാങ്ങയോ പേരക്കയോ എന്തേലും കൊടുക്കും.. എന്തൊക്കെയോ പയ്യാരം പറയണ കാണാം രണ്ടും കൂടി…

പിന്നെയും കണ്ടു ചെമ്പരത്തി നട്ടു പിടിപ്പിച്ച വേലിയരുകിൽ മാങ്ങയും പേരക്കയും ഉസ്മാനിക്കയുടെ കടയിലെ ഭരണിക്കുള്ളിൽ സ്ഥാനം പിടിച്ച ഏതെങ്കിലും മിട്ടായിയോ കൈ മാറുന്നത്…. ചെമ്പരത്തി കമ്പിനിടയിലൂടെ മാളൂന്റെ കുഞ്ഞു കവിളിനെ തലോടുന്നത്,,,, ഇടയ്ക്കൊക്കെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കുന്നത്…. അത്ര നേരം ഉണ്ടായിരുന്ന പൂത്തിരി കത്തിച്ച പോലുള്ള മുഖത്ത് അവര് നടന്നു മറയുമ്പോൾ വിഷാദം നിറയുന്നത്…..

ഒരിക്കൽ അച്ഛൻ വിളിച്ചിട്ടു വീട്ടിലേക്കു കയറി വന്നു… അസുഖത്തിന്റെ ഒരു ലക്ഷണവും ഇല്ലാത്ത മുഖം.. അപ്പോഴും ചോദിച്ചത് മുഴുവൻ മോളെ കുറിച്ച് ആയിരുന്നു. ചായ എടുക്കാമെന്ന് ഞാൻ പറഞ്ഞപ്പോ മാഷ് ചായയിട്ട് തരാനോ ഞാൻ ചായ കുടിച്ചേച്ചാ വന്നേ എന്ന് നിഷ്കളങ്കമായി പറഞ്ഞു… അല്ലെങ്കിൽ അടുക്കള എവിടാന്നെ ഞാനിടാം ചായ…

അവളുടെ കയ്യില് തൂങ്ങി മാളൂട്ടിയും അടുക്കളയിലേക്ക് പോകുന്നത് നോക്കി നിന്നു…

ഏലക്കയും മധുരവുമിട്ടു കുടിച്ച ചായയുടെ സ്വാദു നാവിൽ തങ്ങി നിൽക്കുന്നത് പോലെ തോന്നിയപ്പോഴാണ് അച്ഛനെയും കൂട്ടി അവരുടെ തറവാട്ടിൽ ചെന്നു പെണ്ണ് ചോദിച്ചത്…

“സൂക്കേട് കാരി പെണ്ണാ മാഷേ അതല്ലേ ഈ പ്രായം ആയിട്ടും കെട്ട് നടക്കാത്തെ. ഇനി മാഷിനെ ചതിച്ചാ ആ പാപം കൂടി താങ്ങാൻ മേല ഞങ്ങക്ക്. മേല് മുഴുവൻ ചുളുങ്ങി തുടങ്ങിയ അവള്ടെ അപ്പന്റെ വാക്ക് കേട്ട് ഞാനൊന്നേ പറഞ്ഞുള്ളു…

രോഗം ഇന്നോ നാളെയോ ആർക്കും വരാലോ അപ്പച്ചാ എനിക്ക് വേണ്ടത് ന്റെ മോൾക്കൊരു അമ്മയെ ആണ് അവളെ ഒരുപാട് സ്നേഹിക്കുന്ന ഈ ത്രേസ്യ പെണ്ണിനെ.. തന്നൂടെ ഞങ്ങക്ക് കരയിക്കാതെ കൂടെ കൂട്ടിക്കോളാം…

ആദ്യമൊക്കെ സമ്മതിച്ചു തന്നില്ല അവള് പിന്നെപ്പോഴോ മാളൂട്ടി എന്ന സ്നേഹം അവളെയും സ്വപ്നം കാണാൻ പഠിപ്പിച്ചു കാണണം….

ആളും ആരവവും ഒന്നൂല്ലാതെ കെട്ടി കൂടെ കൂട്ടുമ്പോൾ അവളുടെ ഒരു കയ്യിലേക്ക് മാളൂട്ടി ഇറുക്കി പിടിച്ചിരുന്നു…

ആരും പറയാതെ തന്നെ അവൾ ത്രേസ്യയെ അമ്മേന്ന് വിളിച്ചു വൈകുന്നേരങ്ങളിൽ അവൾക്കൊപ്പം കുരിശു വരച്ചു. രാവിലെ മാളൂട്ടിയെ കൂട്ടി അമ്പലത്തിൽ തൊഴാൻ പോയി…

എന്നും റവ ഉപ്പുമാവ് സ്ഥാനം പിടിച്ചിരുന്ന രാവിലെകൾക്ക് പകരമായി ദോശയും ഇഡ്ഡലിയും മധുരവും തേങ്ങയുമിട്ട അടയും രസമുകുളങ്ങൾക്ക് അഥിതിയായി….

മുടി കെട്ടി കൊടുത്തും പുതിയ ഉടുപ്പ് തുന്നി കൊടുത്തും അവൾ കഴിക്കാത്ത രുചിക്കൂട്ടുകൾ ഉണ്ടാക്കി കൊടുത്തും മാളൂനെയവൾ സ്നേഹിച്ചു കൊ ല്ലാൻ ശ്രമിക്കുകയായിരുന്നു… എന്നെ കാണുമ്പോ മാത്രം ഉണ്ടാകുന്ന ചെറിയൊരു പതർച്ച പലപ്പോഴും എന്റെ ചുണ്ടുകളിൽ പുഞ്ചിരി നിറച്ചു… രാത്രികളിൽ കഥ പറഞ്ഞും താരാട്ട് പാടിയും അവര് അവരുടേതായ ലോകം തീർത്തു. അവള് പണ്ട് പറയാറുള്ളത് പോലെ കെട്ടി പിടിച്ച് നെഞ്ചിൽ തലവെച്ചു അവളുറങ്ങുമ്പോൾ ബുദ്ധിമുട്ട് ആയല്ലേ ഞാൻ മോളെ മാറ്റി കിടത്താമെന്ന് പറഞ്ഞയെന്നോട് അവളൊരു കഥ പറഞ്ഞു… അസുഖക്കാരി ആണെന്നും ബാധ്യത ആവുമെന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ,, കൂടെ കൂട്ടാതെ നിറുത്തിയ കൂടപ്പിറപ്പുകളുടെ കഥ… എപ്പഴോ ഒന്ന് അവരുടെ കുഞ്ഞുങ്ങളെ എടുത്തതിനു പോലും മുഖം കറുപ്പിച്ച കഥ..

“അവള്ടെ സ്നേഹം നിഷ്കളങ്കമാണ് മാഷേ ആരും സ്നേഹിക്കാനും കൂടെ കൂട്ടാനും ഇല്ലാതിരുന്ന എന്നെ കാത്തു ഈ വേലിക്കരുകിൽ ഒരു കുഞ്ഞു മുഖം ഇരിക്കാറുണ്ടായിരുന്നു.. എനിക്ക് അതെന്തു മാത്രം സന്തോഷം തന്നിട്ടുണ്ടെന്നു മാഷിന് അറിയോ

“അവളിങ്ങനെ വേണം എന്റേ മാറിലെ ചൂട് പറ്റി എന്നും എപ്പോഴും….

പിന്നീട് അവരെ അവരുടെ ലോകത്ത് വിട്ടു.. ആ സ്നേഹം നോക്കിയിരിക്കാൻ പോലും ഒരു സുഖമുള്ളതായി തോന്നി..

“അവള് വന്നേപ്പിന്നെ ഇതൊരു വീടായി…

അച്ഛനാണ്…. ചുമരിലെ ഫോട്ടോയിലിരുന്ന് അമ്മയും അത് ശെരി വെക്കുന്നത് പോലെ തോന്നി….

വൈകുന്നേരം അവര് തിരിച്ചു വന്നപ്പോ കൈ നിറയെ എന്തൊക്കെയോ ഉണ്ടായിരുന്നു മുഖം നിറയെ സന്തോഷവും. എങ്കിലും എന്താ ഇത്ര നേരം വൈകിയേ എന്നാണ് ആദ്യം ചോദിച്ചത് കൂടെ ഒരിത്തിരി ഗൗരവവും..

ഇങ്ങനെ ആണേൽ ഇനി ഒരിടത്തും വിടുന്നില്ല രണ്ടിനേം….

“ഏയ് ഇല്ല എവിടേം പോവത്തില്ല ദേഷ്യപ്പെടല്ലേ മാഷേ മോള് കരയും എന്ന് പരിഭ്രമത്തോടെ അവള് പറഞ്ഞപ്പോഴാണ് മോളെ നോക്കിയത്..

ഇപ്പൊ പൊട്ടും എന്ന നിലയിൽ നിക്കുന്നു… മറു ഭാഗത്തും ഒട്ടും വ്യത്യാസമില്ല പെയ്യാൻ വെമ്പി നിക്കുവാണ്…. പതിയെ ആ കണ്ണ് തുടച്ചു കൈകളിൽ പിടിച്ചു ചേർത്ത് നിറുത്തി. മോളെ മറ്റേ കൈകൊണ്ട് അവൾക്കരികിലേക്ക് നിറുത്തി…

“തോൽപിക്കരുത് ഇങ്ങനെ…. സ്നേഹിച്ചിട്ട് “

ഇരു കൈകൾക്കുള്ളിലും അവരിങ്ങനെ ഒതുങ്ങി നിൽക്കുമ്പോൾ വീണ്ടുമൊരു സ്വർഗമൊരുങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… അച്ഛൻ കിളിയും അമ്മക്കിളിയും അവരുടെ മാത്രം കുഞ്ഞി കിളിയും ചേർന്ന നിറമുള്ള സുഖമുള്ള ഒരു സ്വർഗം…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *