അന്ന് രാത്രിയിൽ ഞാനെന്റെ ദാമ്പത്യത്തെക്കുറിച്ച് ഓർക്കുകയായിരുന്നു. പതിമൂന്ന് വർഷമായി…! ആദ്യമൂന്ന് വർഷം വളരെ മനോഹരമായിരുന്നു…….

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

അംഗങ്ങളിൽ പത്തുവർഷം ദാമ്പത്യം പൂർത്തിയാക്കിയവരിൽ മനപ്പൊരുത്തം കൂടിയ ഭാഗ്യ ദമ്പതികളെ തിരഞ്ഞെടുക്കാൻ ഒടുവിൽ ക്ലബ്‌ തീരുമാനിച്ചു.

അതിനായി ചില ചോദ്യോത്തരക്കളികളും ട്രെഡീഷണൽ മോഡേൺ പ്രച്ചന്നവേഷ മത്സരവും സംഘടിപ്പിക്കും. ഞാനുമെന്റെ ഭാര്യയുമുൾപ്പെടെ പത്തുവർഷം പൂർത്തിയാക്കിയ ഇരുപതോളം ദമ്പതിമാരുണ്ട് ക്ലബ്ബിൽ.

തിരഞ്ഞെടുക്കുന്ന ദമ്പതികൾക്ക് ഇയർ ഓഫ് ദി കപ്പിൾ ട്രോഫിയും ബാങ്കോക്കിലേക്ക് രണ്ട് ടിക്കറ്റുമാണ് ലഭിക്കുക. കാര്യമറിഞ്ഞവരുടെയെല്ലാം കണ്ണുകൾ താനേ പുറത്തേക്ക് തള്ളി. എന്റേയും..!

ബാങ്കോക്കിലേക്കുള്ള യാത്രയുമോർത്താണ് ഞാൻ ഞാൻ വീട്ടിലെത്തിയത്. ആരെങ്കിലും മുഖാന്തരം ഭാര്യയും വിഷയമറിഞ്ഞിരിക്കും. ഞാനകത്തേക്ക് കയറിയപ്പോൾ അവള് പതിവുപോലെയവളുടെ മുറിയിലേക്ക് പോയി. കുളി കഴിഞ്ഞ് വിശപ്പോടെ വന്ന് ഡൈനിങ്ങിലിരുന്നപ്പോഴേക്കും വീട്ടുജോലിക്കാരി ചൂട് പട്ടാണിക്കറിയും ചപ്പാത്തിയും വിളമ്പി തന്നു.

അന്ന് രാത്രിയിൽ ഞാനെന്റെ ദാമ്പത്യത്തെക്കുറിച്ച് ഓർക്കുകയായിരുന്നു. പതിമൂന്ന് വർഷമായി…! ആദ്യമൂന്ന് വർഷം വളരെ മനോഹരമായിരുന്നു. പിന്നീടിതുവരെയുള്ള പത്ത് വർഷം കടുത്ത പരാജയവും. സാധാരണയൊരു കുടുംബത്തിലെന്നപോലെ വഴക്കും ബഹളവും കൈയ്യാങ്കളിയൊന്നുമില്ല. പൊരുത്തപ്പെട്ട് പോകാൻ പറ്റില്ലെന്നറിഞ്ഞപ്പോൾ മാനസികമായി പിരിഞ്ഞു. രണ്ടുപേരുടേയും ജീവിതത്തിന്റെ മുഖ്യ ഘടകമായ കുഞ്ഞിനെയോർത്തപ്പോൾ താമസം മാത്രം ഒരിടത്താക്കി.

പത്തുവയസ്സുള്ള ഒറ്റമോന് ഇപ്പോഴുമറിയില്ല പൊതുവേദികളിലൊക്കെ എപ്പോഴും ചേർന്ന് നിൽക്കുന്ന അവന്റെ അച്ഛനും അമ്മയും തമ്മിലൊരു കടൽ ദൂരത്തിന്റെ അകലമുണ്ടെന്നത്..!

അങ്ങനെ ക്ലബിലെ മത്സര നാളെത്തി. ഇരുപതോളം ദമ്പതിമാർ മത്സരത്തിനായി വിട്ട് വിട്ട്, അടുത്തടുത്തായി ഇരുന്നു.

കൃത്യമായിട്ട് പരസ്പരമറിയുന്നത് കൊണ്ടാണ് ഇത്രയും പൊരുത്തപ്പെട്ട് ജീവിക്കാൻ കഴിയുന്നതെന്ന് ഞാനും അവളും ഊഴം വന്നപ്പോൾ പഠിച്ച് വെച്ചത് പോലെ പറഞ്ഞു.

എന്തൊക്കെയാണ് ഭർത്താവിന്റെ നല്ല ഗുണങ്ങളെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെയുള്ള് മുഴുവൻ നന്മയാണെന്നവൾ പറഞ്ഞു. തൊട്ടടുത്ത് ഞാനത് കേട്ട് ഞെട്ടിയത് ആരുമറിഞ്ഞില്ല.

അതേ ചോദ്യമെന്നിലേക്ക് പാനൽ ചൂണ്ടിയപ്പോൾ, ഏത് സാഹചര്യത്തിലുമെന്നെ സ്നേഹിക്കാൻ അവൾക്ക് സാധിക്കുന്നുവെന്നതാണ് അവളുടെ മേന്മയെന്ന് ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ അവൾ എന്നെയൊന്ന് നോക്കുക മാത്രം ചെയ്തു.

‘നോക്കൂ… ഒരു ദാമ്പത്യ ജീവിതം തകരാതിരിക്കാൻ നിങ്ങളാദ്യം അറിഞ്ഞിരിക്കേണ്ട കാര്യമെന്താണ്..?’

പാനലിന്റെയാ ചോദ്യത്തിന് പലരും പലയുത്തരങ്ങളും പറഞ്ഞു. ഊഴമെന്നി ലേക്കും ഭാര്യയിലേക്കും വന്നപ്പോൾ ക്ഷമ പറയാൻ പഠിക്കുകയെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടതെന്നവൾ പറഞ്ഞു.

തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് മനസിലാക്കി ക്ഷമ പറയുക. അത് ഭർത്താ വായാലും ഭാര്യയാലും. ഒരു ക്ഷമ പറഞ്ഞാൽ തീരാവുന്നയെത്രയോ നിസ്സാരമായ പ്രശ്നങ്ങളാണ് ചിലരൊക്കെ തന്റെ അപകർഷതാബോധം കൊണ്ട് വർഷങ്ങളോളം വളർത്തുന്നതെന്നും കൂടിയവൾ കൂട്ടിച്ചേർത്തു.

എല്ലാവരുമത് ശ്രദ്ധയോടെ കേട്ടപ്പോൾ എന്നിൽ മാത്രമതൊരു മുള്ള് പോലെ തറച്ചു. അവൾ ചൂണ്ടിക്കാട്ടിയ എത്രയോ എന്റെ ശരികേടുകളെ ഞാൻ നിസ്സാരമായി തള്ളിക്കളഞ്ഞിട്ടുണ്ട്. ഞാൻ കാരണമവൾ വിഷമിച്ചയൊരു സന്ദർഭങ്ങളിലും ഞാനവളോട് ക്ഷമ പറഞ്ഞ് സമാധാനിപ്പിച്ചിട്ടുമില്ല.

അടുത്തതായി ഒരുമിച്ചുള്ള നൃത്തമാണ്. ഏത് ചുവടുകൾ തെറ്റാതെ ആടുമെന്നതിനപ്പുറം ഞാനവളുടെ കൈകൾ പിടിച്ചെന്നോട് ക്ഷമിക്കൂവെന്ന് പറഞ്ഞു. ഇമകൾ പിടക്കാതെ അവളെന്റെ കണ്ണുകളിലേക്ക് നോക്കിയത് കേട്ടു. ഞാനവളുടെ കൈകളിൽ ചും ബിച്ചതെന്റെ തോൾ മേൽ വെച്ചപ്പോൾ പരസ്പരമൊന്നും പറയാതെ ഞങ്ങളൊരു താളത്തോടെയനങ്ങി.

പണ്ട് വിവാഹ നാളന്ന് സുഹൃത്തുക്കൾക്ക് മുന്നിലാടിയ പാശ്ചാത്ത വാൾട്സ് നൃത്തത്തിന്റെ ചുവടുകളിലേക്ക് വീണ്ടും ഞാനുമവളും അറിയാതെ അങ്ങനെ മതിമറന്ന് വീഴുകയായിരുന്നു…!

എന്ത് ചെയ്യാം…! എല്ലാ ജോഡികളേയും പിന്തള്ളിയാ വർഷം ക്ലബ്‌ തിരഞ്ഞെടുത്ത് ബാങ്കോക്കിലേക്ക് അയച്ച പൊരുത്തം കൂടിയ ഭാഗ്യ ദമ്പതികൾ ഞാനുമെന്റെ ഭാര്യയുമായിരുന്നു…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *