ഞാനിപ്പോ പറഞ്ഞത് അനുവേട്ടന് പെട്ടന്ന് അംഗീകരിക്കാൻ പറ്റില്ലെന്നറിയാം. പക്ഷെ അനുവേട്ടാ ഒക്കെ നമ്മുടെ നല്ല ജീവിതത്തിനു വേണ്ടിയാണ് ഞാൻ…….

ഓർമ്മയിൽ വയ്ക്കാൻ

Story written by Bindhya Balan

പഠിത്തം കഴിഞ്ഞു ജോലി ഒന്നും ആകാതെ തെണ്ടിത്തിരിഞ്ഞു നടന്നവസാനം ഏതൊരു ശരാശരി മലയാളി ആൺകുട്ടിയെയുംപ്പോലെ ഞാനും ഉള്ള കിടപ്പാടം പണയം വച്ചും കടം വാങ്ങിയും അക്കരയ്ക്ക് പറന്നൊരു പ്രവാസി ആയത് ഏഴു കൊല്ലങ്ങൾക്ക് മുൻപാണ് .

ദുബായിലെ റോഡുകളിൽ രാപ്പകൽ ഇല്ലാതെ ടാക്സിയോടിച്ച് കിട്ടുന്നതെല്ലാം വീട്ടിലേക്കയച്ചു കൊടുത്ത് മൂന്ന് വർഷം കൊണ്ട് ബാധ്യതകൾ ഒരു വിധം ഒതുക്കി, ഉള്ളൊരു പെങ്ങളെ നല്ലൊരുത്തന്റെ കൂടെ കല്യാണം കഴിപ്പിച്ചയച്ച്‌, അവൾക്കൊരു കുഞ്ഞുണ്ടായപ്പോൾ ഒരമ്മാവന്റെ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഒരു മകന്റെയും സഹോദരന്റെയും ഒക്കെ കടമ ഭംഗിയായി നിറവേറ്റുമ്പോൾ ആണ് അച്ഛനും അമ്മയും അവരുടെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞത്, എന്റെ കുഞ്ഞുങ്ങളെ അവർക്ക് താലോലിക്കണം, അതായത് ഞാനൊരു കല്യാണം കഴിക്കണം. ആലോചിച്ചപ്പോൾ എനിക്കും തോന്നി, ഇനിയൊരു കൂട്ടൊക്കെ ആവാം , സെറ്റിൽഡ് ആവാൻ സമയമായി.

കല്യാണത്തിന് സമ്മതം അറിയിക്കുമ്പോൾ, ഞാൻ ഒന്നേ ആവശ്യപ്പെട്ടുള്ളൂ, പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരിക്കണം എന്റെ ഭാര്യയായി വരേണ്ടത്. അങ്ങനെയാണ് ഒരു ബ്രോക്കർ വഴി അവളുടെ വിവാഹാലോചന വരുന്നത്, ദീപ്തിയുടെ. വീട്ടുകാരെയും കൂട്ടി അങ്ങനെ ഒരു ഞായറാഴ്ച ഞാൻ ദീപ്തിയെ പെണ്ണ് കാണാൻ ചെന്നു.

“ദേ ഇതാണ് മോളെ ചെക്കൻ, പേര് അനുദീപ്… “

പെണ്ണ് കാണാൻ വന്നവർക്ക് ചായ കൊടുത്തു അകത്തേക്ക് പോകാൻ തിരിയുമ്പോൾ കൂടെ വന്ന ബ്രോക്കർ അവൾക്ക് എന്നെ പരിചയപ്പെടുത്തി. അവൾ മെല്ലെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്ന് കൊണ്ട് എന്നെയൊന്നു പാളി നോക്കിയൊരു ചിരി ചിരിച്ചു. ഇരുനിറത്തിലുള്ള മെലിഞ്ഞു കൊലുന്നനെയുള്ള പെൺകുട്ടി,സുന്ദരി. മുഖത്ത് നല്ല ഐശ്വര്യവും. ഞാനും പതിയെ ചിരിച്ചു. ഞങ്ങളുടെ നോട്ടവും ചിരിയും കണ്ട് എടുത്തടിച്ച പോലെ ബ്രോക്കർ ഒറ്റ പറച്ചിൽ ആയിരുന്നു

“ദേ ഞങ്ങളുടെ ചെക്കന് കുട്ടിയെ ഇഷ്ട്ടപെട്ടു കേട്ടോ… കുട്ടിക്കും ഇഷ്ട്ടായീന്നു ദേ ആ ചിരി കണ്ടാൽ അറിയാം “

അത്‌ കേട്ടൊരു നാണത്തോടെ അകത്തേക്ക് കയറിപ്പോയ അവളെ എത്തി നോക്കി ഒന്ന് കൂടെ ചിരിച്ചു കൊണ്ട് ഞാൻ അവളുടെ അച്ഛനോട് പറഞ്ഞു

“ദീപ്തിയെ എനിക്ക് ഇഷ്ട്ടമായി. എനിക്ക് മാത്രമല്ല ദേ എന്റെ അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും അളിയനും എല്ലാവർക്കും ഇഷ്ട്ടമായി…ഇനിയെല്ലാം അച്ഛന് തീരുമാനിക്കാം “

“അതിപ്പോ മോനേ, ദീപ്തി മോളുടെ മൂത്തതും പെൺകുട്ടിയാണ്. അവളെ കെട്ടിച്ചു വിട്ടപ്പോൾ തന്നെ നല്ലൊരു ബാധ്യത എനിക്കുണ്ടായി .. ന്നാലും എന്നെക്കൊണ്ട് ആവുന്നത് പോലെ ഒരു പതിനഞ്ചു പവൻ ഞാൻ തരാം.. മോനെപ്പോലൊരാൾക്ക് അതിൽ കൂടുതൽ തരാൻ ആളുകൾ ഉള്ളപ്പോ മോന്റെ ഈ നല്ല മനസിന്‌ ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ.. “

അവളുടെ അച്ഛൻ പറഞ്ഞു.

“അതൊന്നും ഞങ്ങൾ ചോദിച്ചില്ലല്ലോ ദീപ്തിടെ അച്ഛാ, മോളെ ദേ ഇവനും ഞങ്ങൾക്കും ഇഷ്ട്ടായി. പിന്നെ കണക്ക് പറഞ്ഞു സ്ത്രീധനമൊക്കെ വാങ്ങാൻ മനസാക്ഷി ഇല്ലാത്തവരല്ല ഞങ്ങൾ. ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഒരു പെൺകുട്ടി, ദേ ഈ ഇരിക്കുന്ന ന്റെ മോള് . ഒരു പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ ഉള്ള ബുദ്ധിമുട്ടും പ്രയാസങ്ങളും ഞങ്ങൾക്ക് നന്നായി അറിയാം. അതോണ്ട് അച്ഛൻ ഒട്ടും വിഷമിക്കണ്ട, അച്ഛന്റെ മോളെ മാത്രം ഇങ്ങ് തന്നാൽ മതി ഞങ്ങൾ പൊന്നു പോലെ നോക്കിക്കോളാം “

അവളുടെ അച്ഛൻ പറഞ്ഞതിന് എന്റെ അച്ഛനാണ് മറുപടി പറഞ്ഞത്.

“അത്‌ നിങ്ങളുടെ മര്യാദ….. പക്ഷെ എനിക്ക് എന്റെ കടമ ചെയ്യണമല്ലോ.. ഒരു പതിനഞ്ചു പവൻ സ്വർണമെങ്കിലും ഇല്ലാതെ ഞാനെന്റെ മോളെ പറഞ്ഞയക്കില്ല. ഇതെന്റെ വാക്ക് “

ഒരു ധാർഷ്ട്യം കലർന്ന പൊട്ടിച്ചിരിയോടെ അവളുടെ അച്ഛനത് പറയുമ്പോൾ പിന്നിൽ നിന്ന് അവളുടെ അമ്മ അതിനോട് യോജിച്ചു കൊണ്ട് തലയാട്ടുന്നുണ്ടായിരുന്നു.

എനിക്കെന്തോ ഒരു വല്ലായ്മ തോന്നി.

“അപ്പൊ ചെറുക്കനും പെണ്ണിനും രണ്ട് വീട്ടുകാർക്കും പരസ്പരം ഇഷ്ട്ടായ സ്ഥിതിക്ക് ഇനിയിപ്പോ വിരുന്നും മോതിരം മാറ്റമൊക്കെ അങ്ങ് തീരുമാനിക്കാലോ അല്ലേ? “

ബ്രോക്കർ ആണ് ചോദിച്ചത്.

അങ്ങനെ കാര്യങ്ങൾ എല്ലാം സംസാരിച്ച് തീരുമാനിച്ചു മോതിരം മാറാനുള്ള തിയതിയും തീരുമാനിച്ച് അവിടെ നിന്നിറങ്ങുമ്പോൾ അവളുടെ അച്ഛന് ഞാനെന്റെ മൊബൈൽ നമ്പർ കൊടുക്കാൻ മറന്നില്ല.

“എന്തുണ്ടെലും വിളിക്കണം അച്ഛൻ “

എന്നൊരു ചേർത്ത് നിർത്തലിൽ ഞാൻ ആ വീടിന്റെ പടികളിറങ്ങുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടു.

“ഹലോ ആരാണ്..? “

പെണ്ണ് കാണൽ കഴിഞ്ഞൊരു മൂന്നാല് ദിവസം കഴിഞ്ഞ് രാത്രിയൊരു പത്തുമണി ആയപ്പോൾ പരിചയ മില്ലാത്തൊരു നമ്പറിൽ നിന്നൊരു ഫോൺ കോൾ കണ്ട്, അറ്റൻഡ് ചെയ്യ്തു ആരാണെന്നു തിരക്കുമ്പോൾ ആണ് അങ്ങേ തലയ്ക്കൽ നിന്നൊരു അമർത്തി പിടിച്ച ചിരി ഞാൻ കേട്ടത്. ഞാൻ വീണ്ടും ചോദിച്ചു

“ചിരിക്കാതെ ഇതാരാണെന്നു പറയുന്നുണ്ടോ? “

“ഞാൻ… ഞാൻ.. ദീപ്തിയാണ്.. “

വിക്കി വിറച്ചാണ് അവളത് പറഞ്ഞത്. ഞാൻ പെട്ടന്നങ്ങു വല്ലാതായി. അവളി ങ്ങനെ എന്നെ ഇങ്ങോട്ട് വിളിക്കുമെന്ന് ഞാൻ ഒട്ടും കരുതിയില്ല. അവളോട്‌ ഞാൻ പറഞ്ഞു

“ഈ വിളി ഞാനൊട്ടും പ്രതീക്ഷിച്ചില്ലെടോ.. ⁰മോതിരം മാറ്റമൊക്കെ കഴിഞ്ഞിട്ട് തന്റെ നമ്പർ വാങ്ങാം എന്ന് കരുതിയാണ് ഞാൻ ഇരുന്നത്.. അപ്പൊ എന്നേക്കാൾ മുന്നേ താൻ വിളിച്ചല്ലോ… “

ഞാൻ വെറുതെ ചിരിച്ചു. കുറച്ചു നേരം സംസാരിച്ചിട്ട് ആ ഫോൺ കോൾ അവസാനിപ്പിക്കുമ്പോൾ ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം കാണലുകൾക്ക് തുടക്കം ആവുകയായിരുന്നു. പിന്നെ പിന്നെ എല്ലാ ദിവസവും ഒഴിവു കിട്ടുമ്പോഴെല്ലാം അവൾ വിളിക്കാൻ തുടങ്ങി. എനിക്കെന്തോ എപ്പോഴും എപ്പോഴും അങ്ങോട്ട്‌ വിളിക്കാൻ ഒരു ചളിപ്പ് എന്ന് തന്നെ പറയാം.

എങ്കിലും അവളോട്‌ മിണ്ടിയും പറഞ്ഞും ഒരാഴ്ച കൊണ്ട് തന്നെ അവളെ എനിക്ക് വേഗം പിടികിട്ടി. ചില സമയത്തെല്ലാം ചെറിയ ദേഷ്യം തോന്നുമവളോട്. പിന്നെ പിന്നെ എനിക്ക് മനസിലായി,കുറച്ചു പുന്നാരവും പിടിവാശിയും ഉണ്ടെന്ന തൊഴിച്ചാൽ പാവമാണ് അവൾ .

പക്ഷെ എന്റേത് വെറും തെറ്റിദ്ധാരണ ആണെന്ന് ഉറപ്പിക്കുന്നതായിരുന്നു അന്ന് വൈകുന്നേരത്തെ അവളുടെ സംസാരം. പതിവ് പോലെ പത്ത് മണിക്ക് അവൾ വിളിച്ചു. കുറെ നേരം കല്യാണത്തിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും തയ്യാറെടുപ്പുകളും ഞങ്ങൾ പങ്ക് വച്ചു. അപ്പോഴാണ് ഒരു മുഖവുര പോലെ അവൾ പറഞ്ഞത്

“ഞാനൊരു കാര്യം പറഞ്ഞാല് അനുവേട്ടന് എന്നോട് ദേഷ്യാവോ? “

“എന്ത് പറ്റിയെടോ പെട്ടന്നൊരു ഫോർമാലിറ്റി.. താൻ പറയെടോ.. ദേഷ്യപ്പെടണോ വേണ്ടയോ എന്ന് പിന്നെ തീരുമാനിക്കാം.. “

ഞാനൊരു ചിരിയോടെ പറഞ്ഞു. എന്റെ സംസാരത്തിൽ കുറച്ചൊരു ആത്മ വിശ്വാസത്തോടെ അവൾ പറഞ്ഞ കാര്യം കേട്ട് സത്യത്തിൽ ഞെട്ടി മരവിച്ചു പോയി ഞാൻ.

രണ്ടേ രണ്ടു കാര്യങ്ങൾ മാത്രമാണ് അവളെന്നോട് ആവശ്യപ്പെട്ടത്. അതിൽ ആദ്യത്തേത്, എല്ലാവർക്കും വേണ്ടി ഞാൻ കഷ്ട്ടപ്പെട്ടുണ്ടാക്കിയ വീടും സ്ഥലവും എന്റെ പേരിൽ മാറ്റണം.വീട് എന്റെ പേരിൽ ആണെങ്കിൽ മാത്രമേ അവൾ വീട്ടിൽ നിൽക്കൂ, അല്ലെങ്കിൽ അവളെയും ദുബായിക്ക് കൊണ്ട് പോകണം. രണ്ടാമ ത്തേത്, എന്റെ പെങ്ങളെ ഞാൻ തിരക്കാനോ നോക്കാനോ പാടില്ല, അവൾ ഇവിടേക്കും വരാൻ പാടില്ല.

അവൾ പറഞ്ഞതൊക്കെ കേട്ടിരുന്നതല്ലാതെ കുറച്ചു നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല. എന്റെ മൗനം കണ്ട് വെപ്രാളപ്പെട്ടു കൊണ്ട് പറഞ്ഞതിനെ ന്യായീകരിക്കാനെന്ന പോലെ അവൾ പറഞ്ഞു

“ഞാനിപ്പോ പറഞ്ഞത് അനുവേട്ടന് പെട്ടന്ന് അംഗീകരിക്കാൻ പറ്റില്ലെന്നറിയാം. പക്ഷെ അനുവേട്ടാ ഒക്കെ നമ്മുടെ നല്ല ജീവിതത്തിനു വേണ്ടിയാണ് ഞാൻ പറഞ്ഞത് . കല്യാണം കഴിഞ്ഞാൽ ഞാനും അനുവേട്ടനും മാത്രമായൊരു ജീവിതം… അവിടെ മറ്റാരും വേണ്ട. എന്റെ ഭർത്താവിന്റെ സ്നേഹം പങ്ക് വയ്ക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. കാരണം ഞാൻ അനുവേട്ടനെ അത്രയേറെ ഇപ്പൊ സ്നേഹിക്കുന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ അനുവേട്ടന് തോന്നും ഞാനെന്തൊരു പെണ്ണാണെന്ന്.. നോക്ക് അനുവേട്ടാ ഞാൻ പറഞ്ഞത് പോലെ നമ്മൾ ജീവിച്ചു തുടങ്ങുമ്പോൾ അനുവേട്ടന് മനസിലാവും എന്റെ ഭാഗത്താണ് ശരി എന്ന് “

കൂടുതൽ ഒന്നും പറയാനില്ലാതെ, ആലോചിക്കാം എന്നൊരു മറുപടിയിൽ ആ സംസാരം അവിടെ അവസാനിപ്പിക്കുമ്പോൾ മനസ്സിൽ ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു

“അല്ല ഇതാര് അനുദീപ് മോനോ.. ഇതെന്താ ഞായറാഴ്ച വിരുന്നു വച്ചിട്ട് മോനിങ്ങു നേരത്തെ പോന്നത് ? “

പിറ്റേന്ന് കാലത്ത് അപ്രതീക്ഷിതമായി അവളുടെ വീട്ടിലേക്ക് കയറി ചെന്ന എന്നെക്കണ്ട് ആകെ അതിശയിച്ചു കൊണ്ടാണ് അവളുടെ അച്ഛൻ ഓടി വന്നത്.

“കേറിയിരിക്ക് മോനേ “

എന്ന് പറഞ്ഞെന്നെ അകത്തു കയറ്റിയിരുത്തി അച്ഛൻ അകത്തേക്ക് നോക്കി വിളിച്ചു

“എടി മിനിയേ.. ദീപ്തിമോളെ ഒന്നിങ്ങു വന്നേ.. ദേ ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ “

വിളി കേട്ട് നടുമുറിയിലേക്ക് വന്ന ദീപ്തി എന്നെ കണ്ടതും ചെറുതായൊന്നു ഞെട്ടി…പിന്നെ മ മെല്ലെ ചിരിച്ചു. ഞാനും വെറുതെ ചിരിച്ചു.

“ഞാനിപ്പോ ചായയെടുക്കാം “

എന്ന് പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് നടക്കാനൊരുങ്ങുമ്പോൾ ഞാൻ പറഞ്ഞു

“ചായയൊന്നും വേണ്ട.. ഞാൻ വേഗമങ് പോകും.. ഒരത്യാവശ്യ കാര്യം പറയാൻ വന്നതാണ്.. പറഞ്ഞിട്ട് പൊയ്ക്കോളാം… “

ഞാൻ പറഞ്ഞത് കേട്ട് ചോദ്യഭാവത്തിൽ എന്നെ നോക്കിയ അവളുടെ അച്ഛനോടും അമ്മയോടും

“രണ്ടാളും മാപ്പാക്കണം ” എന്ന് പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റ് ചെന്ന് എന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ദീപ്തിയുടെ അടുത്തേക്ക് ചെന്നിട്ട് അവളോട്‌ പറഞ്ഞു

“പഠിത്തം കഴിഞ്ഞു ജോലിയൊന്നും കിട്ടാതെ വന്നപ്പോ വീടും പറമ്പും ബാങ്കിൽ പണയപ്പെടുത്തി അച്ഛനാണ് ദുബായിക്ക് പോകാനുള്ള വിസയ്ക്കുള്ള കാശ് തന്നത്. ദുബായിൽ ഡ്രൈവർ ആയാണ് ജോലി കിട്ടിയത്. അഞ്ചു കൊല്ലം കഷ്ടപ്പെട്ട് പണിയെടുത്ത് ബാങ്ക്കാര് കൊണ്ട് പോകുമായിരുന്ന വീടും പറമ്പും തിരികെയെടുത്തു അച്ഛനെ ഏൽപ്പിക്കുമ്പോൾ ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. എന്റെ ആഗ്രഹമായിരുന്നു വീട് അച്ഛന്റെ പേരിൽ മതിയെന്ന്… വീടിന്റെ കടം തീർന്നപ്പോൾ അടുത്ത ഉത്തരവാദിത്തം പെങ്ങളുടെ കല്യാണം ആയിരുന്നു. എന്റെ ഈ നെഞ്ചിൽ കിടന്നാണ് അവള് വളർന്നത്. അവളെ യോഗ്യനെന്നു മനസിലായ ഒരുവന്റെ കയ്യിലേൽപ്പിച്ച് ഒന്ന് നടു നിവർത്തുമ്പോൾ ആണ് അച്ഛനും അമ്മയും എന്റെ കല്യാണക്കാര്യം പറയുന്നത്. ഒരു പെണ്ണിനെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ ഉള്ള കഷ്ടപ്പാട് എന്താണെന്നു അനുഭവിച്ചറിഞ്ഞത് കൊണ്ട് ഞാൻ അവരോട് ഒന്നേ പറഞ്ഞുള്ളൂ, പൊന്നും പണവുമൊന്നും വേണ്ട പാവപ്പെട്ടൊരു വീട്ടിലെ നല്ലൊരു പെൺകുട്ടി ആയാൽ മതി.. ദീപ്തിയെ വന്ന് കണ്ട് ഇഷ്ട്ടപ്പെട്ടതും അത്‌ കൊണ്ട് തന്നെയാണ്… “

“എന്താ മോനേ ഇപ്പൊ ഇതൊക്കെ പറയണേ.. ഞങ്ങൾക്ക് ഒക്കെ അറിയാല്ലോ.. “

ഞാൻ എന്തിനാണ് ഇതൊക്കെ പറയുന്നതെന്ന് മനസിലാവാതെ അവളുടെ അച്ഛനാണ് ചോദിച്ചത്.

അത് കേട്ട് ആ അച്ഛനോട്

“ഇതൊക്കെ നിങ്ങൾക്ക് അറിയാം.. പക്ഷെ നിങ്ങളുടെ ഈ നിൽക്കുന്ന മോൾക്ക്‌ അറിയില്ല.. അതൊന്നു അറിയിക്കാൻ ആണ് ഞാൻ വന്നത്… അറിയിച്ചു തീർന്നില്ല, ഒന്നൂടെ ബാക്കിയുണ്ട് അച്ഛനും അമ്മയും എന്നോട് പൊറുക്കണം “

എന്ന് പറഞ്ഞിട്ട് എനിക്ക് മുന്നില് നിൽക്കുന്ന അവളുടെ കരണം പുകയുന്ന പോലെ കൈ വീശി ഒരെണ്ണം കൊടുത്തു ഞാൻ. അ ടിയേറ്റ് കവിൾ പൊത്തി മിണ്ടാതെ നിന്ന അവളോട്‌ ഞാൻ പറഞ്ഞു

“ഇന്നലെ നീ പറഞ്ഞതിനാണ് ഇപ്പൊ ഈ തന്നത്.. നിനക്ക് ഇതിൽ എന്തെങ്കിലും പറയാനുണ്ടോ.. “

“നീയെന്തിനാടാ എന്റെ മോളെ തല്ലിയത്… മതി.. ഈ ബന്ധം ഇനി ഞങ്ങൾക്ക് വേണ്ട.. “

എന്റെ ഷർട്ടിന്റെ കോളറിൽ കു ത്തിപ്പിടിച്ചു അവളുടെ അച്ഛൻ നിന്ന് വിറച്ചു. എങ്കിലും ഒട്ടും സംയമനം വിടാതെ അയാളുടെ കൈകൾ വിടുവിച്ചു കൊണ്ട് ഞാൻ പറഞ്ഞു

“ഈ ബന്ധം നിങ്ങൾ ഇപ്പൊ വേണ്ടാന്നു വച്ചെങ്കിൽ, ഞാനിത് ഇന്നലയേ വേണ്ടന്നു വച്ചതാണ്.. വീട്ടുകാരുടെ മാത്രം വാക്ക് കേട്ട് വിശ്വസിച്ചു കൂടെ വരുന്ന പെണ്ണിനെ അവഗണിക്കാനോ വേദനിപ്പിക്കാനോ ഒരുക്കമല്ലാത്തൊരു മനസുണ്ടെനിക്ക് . കല്യാണം കഴിഞ്ഞു എന്റെ വീട്ടുകാർ എന്തെങ്കിലും തരത്തിൽ ഇവളെ നോവിക്കുവാണെങ്കിൽ, അതിൽ ഇവളുടെ ഭാഗത്ത്‌ തെറ്റൊന്നുമില്ലെങ്കിൽ രണ്ടു കൈ കൊണ്ടും ചേർത്ത് പിടിച്ച് കെട്ടിയ പെണ്ണിന് വേണ്ടി വാദിക്കാൻ മടിയില്ലാത്തവനാണ് ഞാൻ.അങ്ങനെയൊക്കെ കരുതിയിരിക്കുന്നവനോട്, അങ്ങനെയൊക്കെ ഉറപ്പ് കൊടുത്തവനോട്,ആ അവനോടാണ്ഇ ന്നലെ നിങ്ങളുടെ മകൾ പറഞ്ഞത്, ഞാൻ എന്റെ പെങ്ങളെ നോക്കാനോ തിരക്കാനോ പാടില്ല, വീടും സ്ഥലവും എന്റെ പേരിൽ എഴുതി വാങ്ങണം എന്നൊക്കെ.എന്റെ ഭാര്യ ആകുന്നതിനു മുന്നേ ഇവൾ ഇങ്ങനെ ആണെങ്കിൽ ഭാര്യ ആയിക്കഴിഞ്ഞാൽ എന്താവും സ്ഥിതി.. എന്റെ അച്ഛനെയും അമ്മയെയും വല്ല വൃദ്ധസദനതിലും ആക്കാൻ പറയുമിവള്. ആദ്യം ഞാൻ കരുതി പറഞ്ഞു മനസിലാക്കാമെന്നു പക്ഷെ അത്‌ കൊണ്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഇപ്പൊ ഇവിടെ വന്നിത് പറഞ്ഞത്. കല്യാണം കഴിഞ്ഞു വഴക്കും ബഹളവുമായി ജീവിക്കുന്നതിലും നല്ലത് ബന്ധം വേണ്ടാന്ന് വയ്ക്കുന്നതാണ്.. അല്ലേ….അത് കൊണ്ട് ഞാനിത് വേണ്ടന്ന് വായിക്കുവാ.. “

“എന്റെ മോളെക്കുറിച്ച് അനാവശ്യം പറയരുത്.. നിനക്കെന്റെ മോളെ വേണ്ടെങ്കിൽ വേണ്ട.. പക്ഷെ അവളെക്കുറിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ.. ഞങ്ങൾ ഇവളെ അങ്ങനെയാണ് വളർത്തിയിരിക്കുന്നത്. നിനക്ക് കിട്ടാൻ പോകുന്ന സ്ത്രീധനം കുറഞ്ഞു പോയത് കൊണ്ടല്ലേ നീയിങ്ങനെ നുണ പറയുന്നത് “

അവളുടെ അച്ഛൻ ക ത്തിക്കയറി. എല്ലാവർക്കും മുന്നില് ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കിയൊന്നു ചിരിച്ചിട്ട് ഫോണെടുത്ത് ഓഡിയോ റെക്കോർഡ് ഓൺ ചെയ്തു ഞാൻ, അതിൽ ഇന്നലെ അവൾ പറഞ്ഞതെല്ലാം അവർ വളരെ വ്യക്തമായി കേട്ടു. കേട്ട് കഴിഞ്ഞപ്പോൾ ഒന്നും പറയാനില്ലാതെ നിന്ന ആ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞു

“ഇപ്പൊ കേട്ട സ്വരവും ഈ നമ്പറും നിങ്ങളുടെ മകളുടെ തന്നെയല്ലേ.. അതോ ഇനി ഇതും എന്റെ ഐഡിയ ആണെന്ന് ആണോ പറയാൻ പോകുന്നത്. വേണ്ടപ്പെട്ട വരെന്നു തോന്നുന്നവരുമായുള്ള ഫോൺ സംസാരം റെക്കോർഡ് ചെയ്തു വയ്ക്കുന്നത് ചീപ് ആണെന്നറിയാം. എങ്കിലും എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് മകൾ തന്നെയാണ്.. കാരണം ബന്ധം ഒഴിഞ്ഞതിന്റെ പേരിൽ നിങ്ങളോ എന്റെ വീട്ടുകാരോ നാളെ എന്നെ കുറ്റപ്പെടുത്തരുത്. ഒരു പെണ്ണിനെ മോഹിപ്പിച്ചു പറ്റിച്ചവൻ എന്നൊരു ദുഷ്‌പേര് എനിക്കുണ്ടാവരുത്.

സ്വത്തോ പണമോ ഇല്ലാത്ത പാവപ്പെട്ട വീട്ടിലെ കുട്ടിയെ മതി എന്ന് ഞാൻ പറഞ്ഞത്, അങ്ങനെ ഒരു പെണ്ണിന് എന്നെ മനസിലാക്കാൻ.. എന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും സ്നേഹിക്കാൻ പറ്റും എന്നൊക്കെ കരുതിയിട്ടാണ്. അങ്ങനെ ചിന്തിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. ഈ നിൽക്കുന്ന നിങ്ങളുടെ മകളുണ്ടല്ലോ, ഇവളുടെ മനസ് മുഴുവൻ വിഷമാണ്.. തല നിറയെ അഹങ്കാരം ആണ്… ഇങ്ങനെ ഒരു പെണ്ണിനെ ചുമക്കെണ്ട ഗതികേട് എന്തായാലും ഈ അനുദീപിന് ഇല്ല…

ഇത്രയുമൊന്നു പറഞ്ഞിട്ട് എനിക്ക് നിങ്ങളുടെ മകളെ വേണ്ട എന്ന് പറയാനാണ് ഞാൻ തന്നെ നേരിട്ട് വന്നത്. ഇപ്പൊ എന്തായാലും മനസിന്‌ നല്ല ആശ്വാസം ഉണ്ട്… എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ, മകനായാലും മകളായാലും മൂന്ന്‌ നേരം തിന്നാനും ഉടുക്കാനും കൊടുത്തു പഠിക്കാൻ വിട്ടാൽ മാത്രം പോര, ആ കൂടെ നല്ലത് ചൊല്ലിക്കൊടുക്കുകയും വേണം. നിങ്ങൾ അത് ചെയ്യാതിരുന്നത് കൊണ്ടാണ് എനിക്കത് വേണ്ടി വന്നത്.. “

പറഞ്ഞു നിർത്തി കുറച്ചു നേരമൊന്ന് മൗനമായി നിന്നിട്ട് പുറത്തേക്കിറങ്ങുമ്പോൾ തിരിഞ്ഞ് കുറ്റബോധത്താൽ തല കുനിച്ചു നിൽക്കുന്ന അവളോട്‌

“പെണ്ണിനെ ത ല്ലുന്നത് നട്ടെല്ലുള്ള ആണിന് ചേർന്ന പ്രവർത്തി അല്ലെന്നറിയാം. എങ്കിലും കൈ നീട്ടി കരണത്തൊരെണ്ണം തന്നത്, എന്നോട് അങ്ങനെ പറഞ്ഞതിന് മാത്രം അല്ല, ഇനി ആര് നിന്നെ വിവാഹം കഴിച്ചാലും അയാളോട് അങ്ങനെ പറയാതിരിക്കാനാണ്. കാരണം തന്തയേം തള്ളയേയും കൂടെപ്പിറപ്പുകളെയും പ്രാണനെപ്പോലെ കാണുന്നൊരുവന് പെട്ടന്ന് കേട്ടാൽ സഹിച്ചെന്നു വരില്ല.. അതോണ്ട് അങ്ങനെ എന്തെങ്കിലും പറയാൻ നാക്ക്‌ വളക്കുമ്പോൾ കിട്ടിയ അടി എപ്പോഴും നിന്റെ ഓർമയിൽ ഉണ്ടാവണം, അതിനാണ്..”

എന്ന് പറഞ്ഞിട്ട് ഒരു മറുപടിക്കൊ പിൻവിളിക്കോ കാത്ത് നിൽക്കാതെ അവിടെ നിന്നിറങ്ങിപ്പോരുമ്പോൾ ഒരു ജീവിതം മുഴുവൻ ചുമക്കേണ്ടി വരുമായിരുന്ന പ്രശ്നത്തെ വേരോടെ പിഴുതെറിഞ്ഞതിന്റെ ആശ്വാസമായിരുന്നു ഉള്ളിൽ..

വാൽക്കഷ്ണം : പരിചയമുള്ളൊരാളുടെ ജീവിതത്തിൽ സംഭവിച്ചതാണ് ഇത്.. അവനോട് ബഹുമാനം മാത്രം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *