അമ്മേ… അമ്മക്ക് സ്കൂളിൽ ലൗവർ ഉണ്ടായിരുന്നോ.രാവിലെ തന്നെ ഇച്ചിരിയോളം പോന്ന സന്തതിയുടെ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു…..

story written by Sindhu Appukuttan

“അമ്മേ… അമ്മക്ക് സ്കൂളിൽ ലൗവർ ഉണ്ടായിരുന്നോ”

രാവിലെ തന്നെ ഇച്ചിരിയോളം പോന്ന സന്തതിയുടെ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു.

“ഉണ്ടായിരുന്നോന്നോ.. ഇതെന്ത് ചോദ്യം എന്ന് ചോദിക്കാൻ വന്നെങ്കിലും ഞാനത് മനസ്സിലൊതുക്കി കൊച്ചിനോട് ദേഷ്യപ്പെട്ടു

“നിനക്ക് പഠിക്കാനൊന്നുമില്ലേ. എന്തൊക്കെ അറിയണം.”

“ഒന്ന് പറയമ്മേ..പ്ലീസ് “

“ഉം… ഉണ്ടായിരുന്നു. എന്ത്യേ “

“എന്നിട്ട് നിങ്ങളിങ്ങനെ കൈകോർത്തു നടന്നിട്ടുണ്ടോ സ്കൂൾ വരാന്തയിൽക്കൂടി.”

ചെക്കൻ വിടുന്ന ലക്ഷണമില്ല.

അങ്ങനെ കൈ പിടിച്ചു നടക്കാനൊന്നും ടീച്ചേർസ് സമ്മതിക്കില്ല. ആൺകുട്ടികളോട് മിണ്ടുന്ന കണ്ടാൽ തന്നെ ടീച്ചർമാര് കണ്ണുരുട്ടും. ഇന്നത്തേപോലൊന്നുമല്ല അന്ന്. കുട്ടികൾക്കും ടീച്ചർമാരെ ഭയങ്കര പേടിയാ.

“അപ്പൊപ്പിന്നെ നിങ്ങളെങ്ങനാ സെറ്റായെ.? “

സെറ്റാവണംന്ന് തീരുമാനിച്ചാൽ പിന്നെ ഏത് വഴിക്ക് പോയിട്ടാണെലും സെറ്റാവും എന്ന് ഇവനെയെങ്ങനെ പറഞ്ഞ് മനസ്സിലാക്കും എന്നോർത്ത് ഞാൻ മിണ്ടാതിരുന്ന് എന്റെ ഓർമ്മകളെ തട്ടിക്കുടഞ്ഞു.

ക്ലാസ്സെടുക്കുമ്പോ ബാക്ക്ബെഞ്ചിലെ ഉഴപ്പൻമാരിലേക്ക് കണ്ണെത്തുന്നില്ല എന്നും പറഞ്ഞാണ് ഒരിക്കൽ രാധ ടീച്ചർ ഏറ്റവും ഫ്രണ്ടിലെ ബെഞ്ചും ഡെസ്ക്കും സൈഡിലേക്ക് പിടിച്ചിട്ട് ബാക്കിയുള്ളതെല്ലാം കുറച്ചു കൂടി മുന്നിലോട്ട് കയറ്റി ഇടീച്ചത്.ഫ്രണ്ട് ബെഞ്ചിൽ ഇരുന്ന കുരുന്നുകൾ എല്ലാം അങ്ങനെ സൈഡിലോട്ട് മാറി.

ഫസ്റ്റ് ബെഞ്ചിൽ ആദ്യമിരിക്കുന്ന എന്റെ അടുത്ത് നിന്നാണ് ടീച്ചർ ക്ലാസ്സെടുക്കുക. ഒരു ദിവസം ടീച്ചർ ക്ലാസ്സ്‌ കഴിഞ്ഞു പോയപ്പോൾ എന്റെ തൊട്ടു പിന്നിലെ ബെഞ്ചിലിരുന്ന വിജി എന്നോട് പറയുന്നു എടി സിന്ധു നവീൻ എപ്പോഴും നിന്നെ നോക്കി ഇരിക്കുവാണെന്ന്.

അവള് പറഞ്ഞത് സത്യമാണോ എന്നറിയാൻ പിന്നെ പിന്നെ ഞാനും ഇടയ്ക്കങ്ങോട്ട് നോക്കാൻ തുടങ്ങി. കണ്ണുകൾ കൂട്ടി മുട്ടുമ്പോഴേക്കും അവൻ നോട്ടം മാറ്റും.

ഇനി അഥവാ ഞാനങ്ങോട്ട് നോക്കാതെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന സമയമാണെങ്കിൽ പുറകിലിരുന്നു വിജി എന്നെ തോണ്ടും.. ദേ നോക്കെടി എന്ന്.

കണ്ണുകൊണ്ടുള്ള ആ പ്രണയം ക്ലാസ്സിൽ പാട്ടാകാൻ പിന്നെ താമസമുണ്ടായില്ല.

അന്ന് അവനൊരു പച്ച ഷർട്ടുണ്ട്. എനിക്കും അതേ കളറിൽ (ഒരു പക്ഷേ ഒരേ തുണി തന്നെ ) ഒരു ബ്ലൗസും കറുപ്പിൽ പച്ച ബോർഡുമുള്ള ഒരു പാവാടയും ഉണ്ടായിരുന്നു.

അതേപോലെ കറുപ്പിൽ വെള്ള ഡിസൈനുള്ള ഒരു ടോപ്പും മിഡിയും എനിക്കും അതേ ഡിസൈനിൽ ഒരു ഷർട്ട്‌ അവനും.

കളർ ഡ്രസ്സ്‌ ഇടുന്ന ദിവസങ്ങളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഞങ്ങൾ രണ്ടും ഒരേ കളറിൽ ആയിരിക്കും. അതിന്റെയാ സൈക്കോളജി എന്തായിരുന്നുന്ന് ഇപ്പോഴും എനിക്കറിയില്ല.

അതും കൂടിയായപ്പോ പിന്നെ ക്ലാസ്സിലെ അടക്കം പറച്ചിൽ ഉച്ചത്തിലായി. അപ്പോഴും ഞങ്ങളത് പരസ്പരം തുറന്നു പറഞ്ഞിരുന്നില്ല എന്നതാണ് ഏറ്റവും രസകരം.

“എന്നിട്ട് അമ്മയെന്താ ആ ചേട്ടനെ കല്യാണം കഴിക്കാഞ്ഞേ. അമ്മ തേച്ചോ അതിനെ.”

കൊച്ചിന്റെ കൗതുകം കൂടുവാണ്.

തേച്ചൊന്നുമില്ല. സ്കൂളിൽ നിന്ന് പോന്ന് കോളേജിൽ ചേർന്നപ്പോൾ പിന്നെ രണ്ടു പേരും രണ്ടു കോളേജിലായി.പിന്നെ കണ്ടിട്ടുമില്ല. ഇന്നത്തെപ്പോലെ മൊബൈൽ ഒന്നുമില്ല ല്ലോ അന്ന്. അതുകൊണ്ട് പിന്നെ ഒരു വിവരവും അറിഞ്ഞില്ല.

ആ ചേട്ടൻ വേറെ കല്യാണം കഴിച്ചോ

ഇല്ല

ശ്ശോ… കഷ്ടായീലോ അമ്മേ.

കൊച്ചിനും നിരാശ.

പിന്നെ ഒരിക്കലും അമ്മ കണ്ടിട്ടില്ലേ ആ ചേട്ടനെ.

“ഉം.. കണ്ടു. നീ ഓർക്കുന്നില്ലേ ഇന്നാളൊരു ദിവസം അമ്മേടെ ഫ്രണ്ട് ന്റെ മോൾടെ ബർത്ത്ഡേക്ക് പോയത്. അന്ന് അമ്മേടെ ക്ലാസ്സ്‌മേറ്റ്സ് എല്ലാം കൂടി അവിടെ വന്നതും സ്കൂളിന്റെ പേരെഴുതിയ കേക്ക് മുറിച്ചതുമൊക്കെ.

അന്ന് നിന്നെ ബൈക്കിൽ ഇരുത്തി അവിടെയൊക്കെ കറങ്ങാൻ കൊണ്ടുപോയ ഒരു ചേട്ടനെ ഓർക്കുന്നോ.

“ആ… ഓർക്കണ്ട്. എന്നോട് എന്തൊരു സ്നേഹയിരുന്നു. മിട്ടായിയോക്കെ മേടിച്ചു തന്നു.അതായിരുന്നോ അമ്മേടെ ലവ്ർ.

“ഉം “

അമ്മ ആ ചേട്ടനെ കല്യാണം കഴിച്ചാരുന്നെങ്കിൽ അമ്മക്ക് എന്നെ മിസ്സായേനെ ല്ലേ.

അതേടാ ചക്കരേ.അമ്മേടെ സ്വത്തല്ലേ നീ.നിന്നെ കിട്ടിയില്ലെങ്കിൽ അതൊരു നഷ്ടമായേനെ.

പിന്നെ അതുമാത്രമല്ലമ്മേ,ആ ചേട്ടന് ഇങ്ങനത്തെ അടിപൊളി ബൈക്കൊന്നും ഉണ്ടാവേമില്ലായിരുന്നു. അച്ഛനെപ്പോലെ തന്നെ ആവുമായിരുന്നു ഇപ്പൊ

ലാസ്റ്റ് അവനാ പറഞ്ഞത് ആദ്യമെനിക്ക് കത്തിയില്ല.പിന്നെ ഒന്നൂടെ ആലോചിച്ചപ്പോഴാ അച്ഛനെപ്പോലെ ഓഞ്ഞു തേഞ്ഞു കോഞ്ഞാട്ടയാകാതെ ആ ചേട്ടൻ രക്ഷപെട്ടു എന്നാ അവനുദ്ദേശിച്ചതെന്ന് മനസ്സിലായെ.

ഹൗ… പിള്ളേരൊക്കെ ഒരുപാട് വലുതായി. നമ്മളെക്കാളും.😔😔

ഇനി എന്നാണാവോ അമ്മക്ക് fb യിൽ ലവ്വർ ഉണ്ടോന്ന് ചോയ്ക്കണേ… 🤭🤭

Related Posts

Leave a Reply

Your email address will not be published. Required fields are marked *