അയാളുടെ വഴി തെറ്റിയ നോട്ടം ഇപ്പോഴുമെന്റെ മാ iറിടത്തിലേക്കാണ്.പുല്ലാനിക്കരയിലേക്കുള്ള അവസാനത്തെ ബസിൽ കയറുമ്പോൾ എനിക്ക് വലിയ പേടിയൊന്നും തോന്നിയില്ല……

_upscale
തിരിച്ചറിവ്.

എഴുത്ത്:- ഭാവനാ ബാബു

അയാളുടെ വഴി തെറ്റിയ നോട്ടം ഇപ്പോഴുമെന്റെ മാ iറിടത്തിലേക്കാണ്.

പുല്ലാനിക്കരയിലേക്കുള്ള അവസാനത്തെ ബസിൽ കയറുമ്പോൾ എനിക്ക് വലിയ പേടിയൊന്നും തോന്നിയില്ല..എന്നാൽ ഇപ്പോൾ യാത്രക്കാരായിട്ട് ആയാളും ഞാനും മാത്രമാണ് ബസിൽ.

ഞാൻ ഡ്രൈവറുടെ തൊട്ട് പിന്നിലുള്ള സീറ്റിലാണ് ഇരിക്കുന്നത്.ആ അഭാസൻ ആണെങ്കിൽ , ഡ്രൈവറുടെ തൊട്ടപ്പുറത്തുള്ള സൈഡ് സീറ്റോട് ചേർന്നിട്ടും.

സാധാരണ എട്ട് മണി ആകുമ്പോഴേക്കും വീട്ടിൽ എത്തുന്നതാണ്.ഇറങ്ങാൻ നേരമാണ് അപ്രതീക്ഷിതമായി കൊച്ചമ്മയുടെ ചില ബന്ധുക്കൾ വന്നത്.

രമണി , അവർക്ക് വേണ്ടി എന്തെങ്കിലും സ്‌പെഷ്യൽ ഉണ്ടാക്കി വച്ചിട്ട് നിനക്ക് പോയാൽ പോരെ ,എന്നു ചോദിച്ചപ്പോൾ മറുത്തൊന്നും പറയാനും തോന്നിയില്ല.

അതിന് വ്യക്തമായ കാരണവും ഉണ്ട് , മോന്റെ അഡ്മിഷൻഫീസ് ആയി നല്ലൊരു തുക ഞാനിപ്പോൾ തന്നെ വാങ്ങിയിട്ടുണ്ട്.ഇനി കോളേജിലെ മറ്റുള്ള ചിലവുകളും ഇവര് കനിഞ്ഞു തന്നാലെ ഉള്ളൂ..ജോലി എല്ലാം കഴിഞ്ഞു ഓടിപ്പിടച്ചു ഇറങ്ങിയപ്പോൾ നേരം ഒമ്പതര കഴിഞ്ഞു.

പോകാൻ നേരം മക്കൾക്കുള്ള ഭക്ഷണം കൂടി എടുത്തോളാൻ കൊച്ചമ്മ പറഞ്ഞപ്പോൾ ശരിക്കും ആശ്വാസം തോന്നി. കഴിച്ചു , അങ്ങു കിടന്നാൽ മതിയല്ലോ.നടുവിന് ചെറിയൊരു വേദനയും ഉണ്ട്.

“അമ്മേ , ഞാൻ വിളിക്കാൻ വരണോ , ?”വൈകുമെന്ന് പറഞ്ഞു ഫോൺ വിളിച്ചപ്പോൾ മോൻ ചോദിച്ചതാണ്.പക്ഷേ, വയസായ അമ്മയെയും , പ്രായം തികഞ്ഞ മോളേയും കുറിച്ചു ഓർത്തപ്പോൾ വേണ്ട എന്നു പറയാനാണ് തോന്നിയത്.

ക ള്ള് കുടിച്ചു നാലു കാലിൽ നടക്കുന്ന സുകുവിന് മോളുടെ മേൽ ഒരു കണ്ണുണ്ട്. നെഞ്ചിൽ തീ കോരിയിട്ടാണ് പോയി തിരിച്ചു വീട്ടിൽ കേറുന്നത് വരെ എന്റെ അവസ്‌ഥ.

ഇന്നും മാധവേട്ടന്റെ ഭാര്യ രമണി എന്നു പറഞ്ഞാൽ നാട്ടുകാർക്കൊക്കെ ഒരു മതിപ്പാണ് .കായലിൽ മുങ്ങി മരിക്കാൻ പോയ ആറു പേരെയല്ലേ അദ്ദേഹം രക്ഷിച്ചത്.ഒടുവിൽ ദേഹം തളർന്ന മാധവേട്ടൻ ആ കയങ്ങളിൽ എവിടെയോ മുങ്ങി താണു. പിന്നെ ആ ചലനമറ്റ ദേഹം മാത്രമാണ് കിട്ടിയത്…ഓരോ ഓർമ്മകളും ഒരു നീറ്റലായി മനസ്സിനെ ഇന്നും നോവിക്കുന്നു.

അയാൾ ഡ്രൈവറോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.ഇടക്കിടെ എന്നെ നോക്കിയൊരു വഷള് ചിരിയും.

കുറച്ചു കഴിഞപ്പോൾ , ആ വൃ ത്തികെട്ടവൻ എന്നോട് എന്തോ ആംഗ്യത്തിൽ പറഞ്ഞു.ഞാൻ വേഗം തല വെട്ടിച്ചു ബസിന്റെ പുറത്തേക്ക് നോട്ടമയച്ചു.ഇനി ഒരു സ്റ്റോപ്പ് കൂടി കഴിഞ്ഞാൽ എനിക്ക് ഇറങ്ങാനുള്ള ഇടമായി.ഇന്നെന്തോ നല്ല മഴ കോളുള്ള പോലെ. കൂടാതെ തണുപ്പ് നിറഞ്ഞ കാറ്റും.ഞാൻ വേഗം സാരി തലപ്പ് കൊണ്ട് ദേഹം മൂടി.

ഒടുവിൽ പുല്ലാനിക്കരയെത്തി. സാധനങ്ങളും കൊണ്ട് ഞാൻ ഇറങ്ങി.പത്തു മിനിറ്റോളം ഒരു ഊട് വഴിയിലൂടെ നടന്നാലെ എന്റെ വീട് എത്തൂ.വല്ലപ്പോഴും കത്തുന്ന പോസ്റ്റ് ഇന്നും തനി സ്വരൂപം കാണിച്ചു. വഴിയിലെങ്ങും ഒരു മിന്നാമിനുങ് പോലുമില്ല.

പെട്ടെന്നാണ് ആരുടെയോ പതിഞ്ഞ കാലൊച്ച ഞാൻ കേട്ടത്.എന്റെ പിന്നാലെയൊരു നിഴൽ രൂപം. ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി.ഈശ്വരാ ബസിൽ ഉണ്ടായിരുന്ന ആ വൃ ത്തികെട്ടവൻ.

വഴിയിലെങ്ങും ആരുമില്ല.ഏത് പാതിരാത്രിയും പുറത്തിറങ്ങി നടക്കാൻ പേടിയില്ലെങ്കിലും , ഇങ്ങനെയുള്ള കാ മ പ്രാന്തന്മാരെ കണ്ടാലെന്റെ മുട്ട് വിറയ്ക്കും.

ഞാനെന്റെ നടത്തത്തിന്റെ വേഗം കൂട്ടി.ആയാളും അത് പോലെ പിന്നാലെ ധൃതിയിൽ വരുന്നുണ്ട്.

“നിങ്ങൾ ഒന്ന് നിൽക്കുമോ”?അയാൾ കൈ നീട്ടി പറഞ്ഞു.പേടിച്ചോടിയിട്ടു കാര്യമില്ല.അയാളെ നേരിടണം.ഞാൻ മനസ്സിൽ ഉറപ്പിച്ചു.

വേഗം ഞാനെന്റെ ബാഗിനുള്ളിൽ കൈയിട്ടു.സ്വയം രക്ഷക്ക് ഞാനെപ്പോഴും ഒരു ഡപ്പി മുളക് പൊടി കൈയിൽ കരുതാറുണ്ട്.

അയാൾ ഓടിപ്പിടച്ചു എന്റെ അടുത്തെത്തിയതും , ഞാൻ അടപ്പ് തുറന്നു റെഡി ആയി നിന്നു.അയാൾ എന്നെ കേറിപ്പിടിക്കുന്നതും , കുപ്പിയിലെ മുളക് പൊടി ഒന്നാകെ അയാളുടെ മുഖത്തേക്ക് തട്ടി ഒറ്റ ഓട്ടം വയ്ക്കണം.ശ്വാസമടക്കി ഒരു അഭ്യാസിയെപ്പോലെ , അയാളുടെ ഓരോ ചലനവും ഞാൻ സസൂഷ്മം ശ്രദ്ധിച്ചു.

ഇപ്പോൾ അയാൾ എന്റെ തൊട്ടു മുന്നിലാണ്. പെട്ടെന്നാണ് അയാൾ എന്തോ എന്റെ നേർക്ക് നീട്ടിയത്.അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത അത്ഭുതമായി. എന്റെ താലി മാലയായിരുന്നു അത്.

ഈശ്വരാ മാധവേട്ടന്റെ അവസാന ഓർമ്മ. എത്രയൊക്കെ കഷ്ടപ്പാട് വന്നിട്ടും , ഈ മാല മാത്രം ഞാൻ പണയം വച്ചിട്ടില്ല.

“ഇത് നിങ്ങൾക്ക് എവിടുന്ന് കിട്ടി”? കിതപ്പടക്കി ഞാൻ ചോദിച്ചു.

“ചേച്ചി ബസിൽ കേറിയപ്പോൾ മുതൽ മാലയുടെ കൊളുത്ത് ഇളകി ബ്ലൗസിൽ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.ഇറങ്ങാൻ നേരം , അത് ഊർന്നു താഴെ വീഴുകയും ചെയ്‌തു.

“എന്തൊരു സ്പീഡാ ചേച്ചീ നിങ്ങൾക്ക്. ? പിന്നാലെ ഓടി ഞാൻ തളർന്നു.? ഇനിയും രണ്ടു സ്റ്റോപ്പ് കഴിഞ്ഞിട്ടാണ് എന്റെ സ്ഥലം.വല്ല ഓട്ടോയും പിടിച്ചു വേണം എനിക്കിനി വീട്ടിലെത്താൻ.”

അപ്പോഴാണ് എനിക്ക് എന്റെ തെറ്റ് മനസ്സിലായത്.ആ പാവത്തിനെ ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചിരുന്നു.കുറ്റബോധം കൊണ്ട് എന്റെ തല കുനിഞ്ഞു. മാലയുടെ സ്വർണ തൂക്കത്തിനെക്കാൾ ഞാൻ വില നൽകിയത് അതെനിക്ക് നൽകിയ ഓർമ്മകളായിരുന്നു. അത് കഴുത്തിൽ അണിഞ്ഞാൽ മാധവേട്ടൻ ഒപ്പമുള്ളത് പോലെയാണ്.

ആ മാല ഞാനെന്റെ നെഞ്ചോട് ചേർത്തു വച്ചു.സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ ഞാൻ ആ നല്ല മനുഷ്യനോട് ഒരു നന്ദി വാക്കെങ്കിലും പറയണമല്ലോ എന്നോർത്തു. എന്നാൽ അയാൾ അതൊന്നും കേൾക്കാൻ കാത്തു നിൽക്കാതെ ദൂരേക്ക് നടന്നു കഴിഞ്ഞിരുന്നു.

ഇനിയെന്നെങ്കിലും കാണുമ്പോൾ പകരം നൽകാൻ നല്ലൊരു വാക്ക് മനസ്സിൽ കടമായി കരുതി ഞാനും എന്റെ നടത്തം തുടർന്നു.ഒരു പെണ്ണിന്റെ ഒറ്റപ്പെടൽ ചൂഷണം ചെയ്യാത്ത നല്ല ആണുങ്ങളും ഈ സമൂഹത്തിൽ ഉണ്ടെന്ന തിരിച്ചറിവോടെ.

ചെമ്പകം.

Leave a Reply

Your email address will not be published. Required fields are marked *