അവനാണ് ഹോസ്റ്റലിൽ നിൽക്കേണ്ട ഒരുമിച്ചു താമസിക്കാം എന്ന് പറഞ്ഞത്. എൻ്റെ ഒന്ന് രണ്ടു കൂട്ടുകാരികൾ അങ്ങനെ താമസിക്കുന്നുണ്ട്…….

രണ്ടാം ജന്മം

Story written by Suja Anup

“എന്താ മോളെ ആലോചിക്കുന്നേ..?”

“ഒന്നുമില്ല ചേട്ടാ, നാളെ ബാംഗ്ലൂർക്കു തിരിച്ചു പോവണ്ടേ, അതിനെ പറ്റി ആലോചിക്കുകയായിരുന്നൂ…”

“ഇതിപ്പോൾ അവസാന വർഷം അല്ലെ, പിന്നെ ഇടയ്‌ക്കൊക്കെ ഇങ്ങനെ വരാറുള്ളതല്ലേ.. പിന്നെ ഇപ്പോൾ എന്താ ഒരു വിഷമം.? മോൾ വിഷമിക്കേണ്ടട്ടോ..”

ശരിക്കും സങ്കടം തോന്നി. അച്ഛൻ പോയതിനു ശേഷം ചേട്ടനാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. ഞാൻ എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. ഒരിക്കലും ഒരു വിഷമവും ചേട്ടൻ എന്നെ അറിയിച്ചിട്ടില്ല. പ്ലസ് ടുവിനു ശേഷം ബാംഗ്ലൂരിൽ പഠിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ പോലും ചേട്ടൻ തടസ്സം ഒന്നും പറഞ്ഞില്ല. ചേട്ടന് എന്നെ അത്രമാത്രം വിശ്വാസം ആണ്.

ആ വിശ്വാസം ആണ് ഞാൻ തകർക്കുവാൻ പോകുന്നത്. അതോർത്തപ്പോൾ മനസ്സൊന്നു നീറി.

ബാംഗളൂരിലെ ആദ്യത്തെ രണ്ടു വർഷങ്ങൾ അങ്ങനെ പോയി. ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുള്ള മാറ്റം അത്ര എളുപ്പം ആയിരുന്നില്ല.

അവസാന വർഷത്തിൽ ആണ് ശരിക്കും ഞാൻ ബാംഗ്ലൂർ ജീവിതം ആസ്വദിച്ചു തുടങ്ങിയത്. അതും അമൽ വന്നതിനു ശേഷം. എംബിഎക്കു ഈ വർഷമാണ് അമൽ ചേർന്നത്. എന്തോ ഞങ്ങൾ തമ്മിൽ പെട്ടെന്ന് അടുത്തൂ. അവൻ്റെ സംസാരം, രീതികൾ എല്ലാം എന്നെ അവനിലേക്ക്‌ അടുപ്പിച്ചൂ. ഇപ്പോൾ അവൻ ഇല്ലാതെ അവനെ കാണാതെ ഒരു ദിവസ്സം പോലും വയ്യ എന്നായിരിക്കുന്നൂ.

അവനാണ് ഹോസ്റ്റലിൽ നിൽക്കേണ്ട ഒരുമിച്ചു താമസിക്കാം എന്ന് പറഞ്ഞത്. എൻ്റെ ഒന്ന് രണ്ടു കൂട്ടുകാരികൾ അങ്ങനെ താമസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എനിക്കും ധൈര്യമായി.

അവനെ വിഷമിപ്പിക്കുവാൻ വയ്യ. എംബിഎ കഴിയുമ്പോൾ അവൻ എന്നെ വിവാഹം കഴിക്കും.

പിന്നെ ഈ കാലഘട്ടത്തിൽ ഇതൊക്കെ വലിയ ഒരു തെറ്റാണോ..?

മനസ്സ് പലരീതിയിലും ആ ചെയ്തിയെ ന്യായീകരിക്കുന്നൂ..

ഒരുമിച്ചു താമസിക്കുന്നതിന് മുൻപ് നാട്ടിൽ ഒന്ന് പോകണം എന്ന് എനിക്ക് തോന്നി.

തെറ്റ് ചെയ്യുകയാണോ എന്നൊരു തോന്നൽ…

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സ് കൊണ്ട് ചേട്ടൻ്റെ കാലിൽ വീണു മാപ്പു ചോദിച്ചൂ.

പണ്ടൊക്കെ പാടത്തു കളിക്കുവാൻ പോകുമ്പോൾ ഒരാൾ പോലും എന്നോട് വഴക്കിനു വരില്ലായിരുന്നൂ ഏട്ടൻ സമ്മതിക്കില്ല. ഞാൻ കഴിഞ്ഞേ ചേട്ടന് എന്തും ഉള്ളൂ. എൻ്റെ വിവാഹം കഴിയാതെ വിവാഹം കഴിക്കില്ല എന്നും പറഞ്ഞു നിൽപ്പാണ് ഇപ്പോൾ.

അമ്മ പലപ്പോഴും പറയും” ഇങ്ങനെ ഒരു ചേട്ടനെ കിട്ടുവാൻ പുണ്യം ചെയ്യണ മെന്ന്..”

അപ്പോഴൊക്കെ ചേട്ടൻ പറയും..

“ഇല്ല, ഇവളെ പോലെ ഒരു അനിയത്തിയെ കിട്ടിയതാണ് എൻ്റെ ഭാഗ്യം എന്ന്..”

ബാംഗ്ലൂരിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോഴും മനസ്സിൽ ചേട്ടൻ ആയിരുന്നൂ.

*************

ഹോസ്റ്റലിൽ എത്തിയതും എല്ലാം പാക് ചെയ്തു.

“ഏയ് മായ, എന്താ അപ്പോൾ റെഡി അല്ലേ. വല്ല ടിപ്സും വേണോ.?”

കൂടുകാരികൾ ഓരോന്ന് പറഞ്ഞു കളിയാക്കുന്നൂ.

“അവൾക്കു ചേട്ടൻ്റെ അനുവാദം വേണമായിരിക്കും. വേണേൽ ഞാൻ വിളിച്ചു തരാട്ടോ..”

എന്തായാലും മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും ഇറങ്ങി. വൈകുന്നേരം അമലിനൊപ്പം ബൈക്കിൽ പുതിയ ഇടത്തേയ്ക്കു പോകുമ്പോൾ മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല.

പിന്നീട് അങ്ങോട്ട് എല്ലാം മാറി. രാവിലെ ഞങ്ങൾ ഒരുമിച്ചു കോളേജിൽ പോകുവാൻ തുടങ്ങി. എല്ലാം പങ്ക് വച്ചൂ. അതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല.

ദിവസ്സങ്ങൾ വേഗം തീരുന്നതു പോലെ മാത്രം അനുഭവപ്പെട്ടൂ. അമലിൻ്റെ സ്നേഹത്തിൽ ഞാൻ എല്ലാം മറന്നൂ.

*******************

“അമൽ ഞാൻ വൈകീട്ട് ഇത്തിരി താമസിക്കും കേട്ടോ. നീ എന്നെ കാത്തു നിൽക്കേണ്ട. എനിക്ക് കുറച്ചു അസൈൻമെൻറ്സ് വയ്ക്കാനുണ്ട്…”

“ഓ ശരി, മോളെ..”

മോളെ എന്നല്ലാതെ അവൻ ഇതു വരെ എന്നെ ഒന്നും വിളിച്ചിട്ടില്ല.

പെട്ടെന്ന് എനിക്ക് തോന്നി, “അവനു പതിവില്ലാതെ സന്തോഷം ഉണ്ടോ ഞാൻ പറഞ്ഞത് കേട്ടപ്പോൾ”.

ചെലപ്പോൾ എനിക്ക് തോന്നിയതാകും.

ഏതായാലും അവൻ എന്നെ കോളേജിൽ എത്തിച്ചൂ.

കോളേജിൽ എത്തിയപ്പോഴാണ് ആദ്യത്തെ പാതി ക്ലാസ്സു ഇല്ല, പ്രൊഫസ്സർ അവധിയിൽ ആണെന്ന് മനസ്സിലായത്. ഏതായാലും നന്നായി എന്ന് മനസ്സിൽ തോന്നി. വേഗം തിരിച്ചു അമലിൻ്റെ അടുത്ത് എത്താമല്ലോ. ആ കിട്ടിയ സമയം കൊണ്ട് തന്നെ സബ്‌മിറ്റ് ചെയ്യാനൊള്ളതൊക്കെ ചെയ്തു. വൈകീട്ട് കുറച്ചു നേരത്തെ തന്നെ വീട്ടിൽ എത്തി.

വീട്ടിൽ എത്തിയപ്പോൾ ആണ് അമൽ വീട്ടിൽ ഉള്ള കാര്യം മനസ്സിലായത്.

കീ ഒരെണ്ണം കൂടെ ഉള്ളത് കൊണ്ട് അവനു ഒരു സർപ്രൈസ് കൊടുക്കുവാൻ ബെല്ലടിച്ചില്ല. എന്നാൽ വാതിൽ തുറന്നു അകത്തു കയറിയ ഞാൻ ബെഡ്‌റൂം അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. അകത്തു നിന്നും ആരുടെയൊക്കെയോ സംസാരം കേൾക്കുന്നൂ.

അമലും അവൻ്റെ ക്ലാസ്സിലെ തന്നെ മറ്റൊരു പെൺകുട്ടിയും ആയിരുന്നൂ. ഞങ്ങളുടെ ബെഡ്‌റൂമിൽ. പുറത്തു നിന്നേ ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു.

എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ഏതായാലും അവർ എന്താണ് സംസാരിക്കുന്നതു എന്ന് എനിക്ക് അറിയണമായിരുന്നൂ.

“ടാ, നീ മായയെ പറ്റിച്ച പോലെ എന്നെയും പറ്റിക്കുമോ. എനിക്ക് കൃത്യമായി പൈസ വേണം. പിന്നെ പ്രേമം മണ്ണാങ്കട്ട, ഇതൊന്നും എൻ്റെ അടുത്ത് എടുക്കേണ്ട. എൻ്റെ അപ്പൻ്റെ കൈയ്യിൽ എന്നെ ഇവിടെ വിട്ടു പഠിപ്പിക്കുവാനുള്ള പണമില്ല. അതുകൊണ്ടാണ് ഞാൻ ആരെങ്കിലും വിളിക്കുമ്പോൾ കൂടെ പോകുന്നത്..?”

“എന്താ മോളെ, ഇങ്ങനെ, അവളെ പോലെയാണോ നീ എനിക്ക്. നിനക്ക് വേണ്ട പണം ഞാൻ തരില്ലേ..”

“പിന്നെ പിന്നെ. നിങ്ങൾ ലിവിങ് ടുഗെതർ അല്ലെ. എന്നിട്ടും നീ അവളെ പറ്റിക്കുകയല്ലേ.”

“ലിവിങ് ടുഗെതർ എന്ന് പറഞ്ഞാൽ എന്താണ് എന്നാണ് നീ മനസ്സിലാക്കിയത്. എന്നെ സംബന്ധിച്ച് അതിനുള്ള അർത്ഥം ഞാൻ അങ്ങു പറഞ്ഞു തന്നേക്കാം. നമ്മുടെ ആവശ്യങ്ങൾ ഒക്കെ നടക്കേണ്ടേ. ഇതാവുമ്പോൾ പൈസ കൊടുക്കേണ്ട. വസ്ത്രങ്ങൾ ഒക്കെ അലക്കി കിട്ടും. നല്ല ഭക്ഷണം. മറ്റു കാര്യങ്ങൾ നടക്കും. അവൾക്കും സുഖം എനിക്കും സുഖം. പ്രത്യേകിച്ച് യാതൊരു ബാധ്യതയും ഇല്ല. ഞാൻ അവളെ കെട്ടിയിട്ടില്ലല്ലോ. പിന്നെ ഇടയ്ക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ, അതിനല്ലേ നിന്നെ വിളിക്കുന്നത്. ബിരുദത്തിനു പഠിക്കുമ്പോൾ ഇതുപോലെ എത്രയോ എണ്ണം എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നൂ. അവളും വലിയ പുണ്യവതി ഒന്നും അല്ലല്ലോ. സ്വന്തം വീട്ടുകാരെ പറ്റിക്കുകയല്ലേ ചെയ്യുന്നത്. ഇതിനു മുൻപ് വേറെ ആരുടെ ഒക്കെ കൂടെ പോയി കാണുമെന്നു ആർക്കറിയാം.”

“ഓ, കിന്നരിച്ചതു മതി. അവൾ വരാറായി കാണും. പൈസ താ, ഞാൻ പൊക്കോട്ടെ..”

അത് കേട്ടതും ഞാൻ വാതിൽ പൂട്ടി പുറത്തിറങ്ങി. അല്ലെങ്കിലും തെറ്റ് എൻ്റെ ആണ്. പഠിപ്പിക്കുവാൻ വിട്ടാൽ അത് ചെയ്യണം. അല്ലാതെ വേറെ പണിക്കു പോവരുത്.

ഏതായാലും അവൻ്റെ മനസ്സിൽ ഞാൻ ആരാണ് എന്ന് മനസ്സിലായി. നേരെ അടുത്തുള്ള പാർക്കിലേക്ക് നടന്നൂ. കുറച്ചു നേരം സ്വസ്ഥമായി ഇരിക്കണം.

ഒന്നും അറിയാത്തതു പോലെ ഞാൻ വൈകുന്നേരം വീട്ടിൽ ചെന്ന് കയറി.

അമൽ വന്നു കെട്ടി പിടിച്ചതും ഒരു തൊഴി കൊടുക്കുവാനാണ് തോന്നിയത്. എങ്കിലും അത് ചെയ്തില്ല. അവനു സംശയം തോന്നരുത്. ഉള്ളിൽ തികട്ടി വന്ന കോപം അടക്കി സ്നേഹം അഭിനയിച്ചൂ.

അവൻ അപകടകാരിയാണ്. അവൻ്റെ കൈയ്യിൽ എൻ്റെ ഫോട്ടോസ് ഉണ്ട്. അതെല്ലാം പതിയെ ഇല്ലാതാക്കണം. എന്നിട്ടു മതി പകരം വീട്ടൽ.

ആ ആഴ്ച മൊത്തം ഞാൻ അവൻ അറിയാതെ അവൻ്റെ കൈയ്യിലുള്ള എൻ്റെ എല്ലാ ഫോട്ടോസും തെളിവുകളും നശിപ്പിച്ചൂ. അവൻ്റെ ഫോൺ അവൻ അറിയാതെ അടിച്ചു മാറ്റി. അത് കാണാതെ പോയി എന്ന് വരുത്തി തീർത്തൂ. ആ ഫോണും നശിപ്പിച്ചൂ.

പിറ്റേന്ന് അവൻ കുളിക്കുവാൻ കയറുമ്പോൾ കുളിമുറിയുടെ തറയിൽ കുറച്ചു ഓയിൽ ഒഴിക്കുവാൻ മറന്നില്ല. പ്രതീക്ഷിച്ച പോലെ അവൻ നടുവും തല്ലി വീണൂ. ഡോക്ടറെ കാണിച്ചപ്പോൾ ഒരു മാസത്തെ വിശ്രമം വേണം എന്ന് പറഞ്ഞു. ആ പേരും പറഞ്ഞു അവനെ നാട്ടിൽ അയച്ചു ഞാൻ ഹോസ്റ്റലിലേയ്ക്ക് മാറി.

ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എനിക്ക് എന്നോട് തന്നെ ഉള്ള വെറുപ്പ് തീരില്ല.

അവനു ഒട്ടും സംശയത്തിന് ഇട കൊടുത്തില്ല.

ഇനി പരീക്ഷയിൽ ശ്രദ്ധിക്കണം. നല്ലൊരു ജോലി.

പിന്നെ ചേട്ടൻ പറയുന്ന പോലെ നല്ല അനുജത്തിക്കുട്ടി ആവണം.

കുറ്റബോധം അത് എന്നെ ഒരിക്കലും തളർത്തില്ല. ആത്മഹത്യ ചെയ്യുവാനും ഞാൻ ഇല്ല. ഞാൻ ആത്മഹത്യ ചെയ്താൽ അമലിനു ഒന്നും നഷ്ടമാകില്ല. എൻ്റെ ചേട്ടനും അമ്മയ്ക്കും ഞാൻ വേണം. കുറച്ചു കൂട്ടുകാർ പലതും പറയു മായിരിക്കും. അതൊന്നും സാരമില്ല. കാലം മായ്ക്കാത്തതായി ഒന്നുമില്ല. തെറ്റ് ചെയ്യാത്തവർ ചുരുക്കമാണ്. അത് ഞാൻ ഇവിടെ തിരുത്തുന്നൂ.

അമലിനു ഒന്നും നഷ്ടപെട്ടിട്ടില്ലെങ്കിൽ എനിക്കും ഒന്നും നഷ്ടമായിട്ടില്ല. ഇനി ഒരിക്കലും അവൻ മറ്റൊരു പെണ്ണിനെ ചതിക്കില്ല. അതിനുള്ള പണി ആ വീഴ്ചയിൽ അവനു കിട്ടിയിട്ടുണ്ട്. എനിക്ക് അത് മതി.

ഇതെൻ്റെ രണ്ടാം ജന്മം ആണ്. എല്ലാവർക്കും ഇങ്ങനെ രണ്ടാമതൊരു ചാൻസ് കിട്ടണമെന്നില്ല. ചതിയിൽ പെട്ട് നശിക്കുന്നവർ എത്രയോ പേരുണ്ട്. എൻ്റെ ഈ ജന്മം ഞാൻ പാഴാക്കില്ല..

Related Posts

Leave a Reply

Your email address will not be published. Required fields are marked *