അവളില്ലാത്ത ആദിവസം ഉച്ച കഞ്ഞി കുടിച്ചില്ല എങ്ങനെ എങ്കിലും വീട്ടിലെത്തി അവളെ കാണണം കൊതിച്ചു……

എഴുത്ത് :- മനു തൃശ്ശൂർ

സ്ക്കൂൾ വിട്ടു നല്ല വിശപ്പ് കൊണ്ട് വീട്ടിൽ വന്നു നേരെ അടുക്കളിലേക്ക് കയറി ചെല്ലുമ്പോൾ.

രാവിലെ വച്ച ചോറ് തണുത്ത് അതിന്റെ ഗന്ധം അടുക്കളയിൽ നിറഞ്ഞു നിൽക്കുന്നുണ്ടു..

ഇന്നും വെറും ചോറിൽ ഉപ്പും വെളിച്ചെണ്ണയും ഉള്ളിയും തന്നെയാണോ ഓർത്തു ചോറെടുത്തു കറി ചട്ടി നോക്കിയപ്പോൾ താഴെ തട്ടിൽ കമത്തി വച്ചത് കണ്ടു നിരാശയൊന്നും തോന്നിയില്ല..

അല്ലെങ്കിലും അമ്മ വച്ച കറിക്ക് ഒട്ടും രുചിയുണ്ടാവില്ലായിരുന്നു അതുകൊണ്ട് അപ്പുറത്തെ കീറൂൻ്റെ വീട്ടിൽ പോയി കറിവാങ്ങി ചോറ് കഴിക്കും…

അവളുടെ അമ്മ വെക്കുന്ന കറിക്ക് നല്ല രുചിയായിരുന്നു കൊണ്ട് എന്നും നല്ല കറിക്കൂട്ടി ചോറ് തിന്നുന്ന അവളോട് എനിക്ക് അസ്സുയ തോന്നിട്ടുണ്ട്..

ഞാൻ അടുക്കളയിൽ നിന്നും ചെറിയൊരു പാത്രം എടുത്തു അങ്ങോട്ടേക്ക് ചെല്ലുമ്പോൾ അവൾ മുറ്റത്ത് കളംവരച്ച് ഒറ്റയ്ക്ക് കളിക്കുന്നു കണ്ടു ഞാനവളെ വിളിച്ചു…

“” ഇന്ന് എന്ത കൂട്ടാൻ വെച്ച്..??..

മീന്..!!

ന്ന കുറച്ചു കൂട്ടാൻ താ അവിടെ ഇന്ന് കൂട്ടാനില്ല.ഞാൻ കൈയ്യിലേ പാത്രം അവൾക്ക് നേരെ നീട്ടി നിൽക്കുമ്പോൾ…!അവളത് വാങ്ങി അടുക്കളയിലേക്ക് കയറി ഒപ്പം ഞാനും ..

ചില ദിവസം രാത്രിയാവുമ്പോൾ അമ്മ ചിക്കൻകറി കൊണ്ട് വരാറുണ്ട് അപ്പോളൊക്കെ ഞാൻ കീറുവിൻ്റെ വീട്ടിൽ പോയി അവളോട് ചോറെടുത്തു വീട്ടിൽ വരാൻ പറയും..

പല ദിവസം രാത്രികളിലും പകലും ഞങ്ങൾ ഒന്നിച്ചിരുന്നു പരസ്പരം കറികൾ പങ്കുവച്ചു കഴിക്കുമ്പോൾ ഒരു പ്രത്യേക രുചിയുണ്ടല്ലെ എന്ന് അവൾ എപ്പോഴും പറയും…

സ്കൂളിൽ പോവുമ്പോഴും ഞാനവളെ കൂട്ടിയെ പോവറൊള്ളു സ്ക്കൂളിൽ ഉച്ച കഞ്ഞി നേരത്ത് ഞാനവൾക്ക് ഒപ്പം കഞ്ഞി കുടിക്കാൻ പോയിരിക്കും..

ഒരു ദിവസം സ്ക്കൂളിൽ നിന്നും അടുത്തുള്ള ഒരു സ്ഥലത്ത് ടൂർ കൊണ്ട് പോയപ്പോൾ എൻ്റെ ചോറ് പിടിച്ചത് അവളായിരുന്നു..

അന്ന് കൂട്ടികൾക്ക് ഒപ്പം കാഴ്ചകൾ കണ്ടു വരിയായി നടക്കുമ്പോൾ കാൽപ്പാദം ഒന്നു മടങ്ങി വിരലുകൾ നിലത്തുരഞ്ഞത് അറിഞ്ഞു ..

കാലിലേക്ക് നോക്കിയപ്പോൾ ചെരിപ്പിൻ്റെ മുന്നിലെ ആണി പൊട്ടി വാർ പുറത്തേക്ക് വന്നിരുന്നു..

നാണക്കേട് ആയല്ലോ ഓർത്തു ഞാൻ മെല്ലെ കുനിഞ്ഞിരുന്നു പെട്ടിയ ആണി ആ ദ്വാരത്തിൽ തന്നെ അമർത്തി തിരുകി വിരലുകൾ കൊണ്ട് അമർത്തി പിടിച്ചു…

മെല്ലെ ചെരുപ്പിനെ തറയിലുരസി മന്ദം മന്ദം നടക്കുമ്പോഴ അവൾ വന്ന് എൻ്റെ തോളിൽ പിടിച്ചു ചോദിച്ചു ..

എന്താ കാലിന് പറ്റി…??

ഞാനവളെ നോക്കി പതിയെ പറഞ്ഞു ചെരിപ്പിൻ്റെ ആണി പൊട്ടി..??

ആ നിമിഷം അവളുടെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ എനിക്ക് ഉണ്ടായ അതെ നിസ്സഹായത അവളുടെ മുഖത്തും ഉണ്ടായിരുന്നു..

പതിയെ കുനിഞ്ഞു ഇരുന്നു എൻ്റെ കാലിൽ നിന്നും ചെരുപ്പ് ഊരി വാങ്ങി അടുത്തുള്ള സിമേൻ്റെ ബഞ്ചിലേക്ക് ഇരുന്നു..

അവളിട്ട യൂണിഫോം ഷർട്ടിലെ അവസാനത്തെ കുടുക്ക് പൊട്ടിയ ഭാഗത്ത് കുത്തിവച്ചിരുന്ന സൂചിപിൻ ഊരിയെടുക്കുമ്പോൾ ആ ഷർട്ട് രണ്ടു ഭാഗങ്ങളിലേക്കായ് അകന്നു മാറി..

മെല്ലെ അവൾ ചെലുപ്പ് കൈയ്യിലെടുത്ത് ദ്വാരത്തിൽ ആണിയിറക്കി ചെരിപ്പിൻ്റെ അടിയിലായ് ആ പിൻ കുത്തി വച്ചു..

ഇപ്പോൾ ശരിയായി പറഞ്ഞു ചെരുപ്പ് മെല്ലെ എൻ്റെ കാലിൻ്റെ അടുത്തേക്ക് ഇട്ടു മെല്ലെയൊന്നു ചിരിച്ചു..

വീണ്ടും അവൾ കൂട്ടുക്കാരികൾക്ക് ഒപ്പം കാഴ്ചകൾ കണ്ട് നടക്കുമ്പോൾ അവളുടെ കൂടുക്കു പൊട്ടിയ ഷർട്ട് രണ്ടു വശങ്ങളിലേക്കായ് പിണങ്ങി പോയത് അവളോർത്തത് പോലും ഇല്ലായിരുന്നു…

പുതിയ ചെരുപ്പ് വാങ്ങാൻ മനസ്സ് മോഹിച്ചു എങ്കിലും ചെരുപ്പ് പൊട്ടിയ കാര്യം അന്ന് ഞാൻ വീട്ടിൽ പറഞ്ഞില്ല ..

കാരണം പുതിയൊരു ചെരുപ്പ് വാങ്ങാൻ അമ്മയുടെ കൈയ്യിൽ കാശു കാണില്ലെന്ന് ഞാൻ ഓർത്തു

പിന്നെയും ദിവസങ്ങൾ അവൾ കുത്തി തന്ന ആ ചെരുപ്പുമായ് നടന്നെങ്കിലും..

ഒരുദിവസം പോലും ആ പിൻ വേർപ്പെട്ടില്ല ആ ദിവസങ്ങളിൽ ഞാനത് മറന്നു…

ഒരുദിവസം രാത്രി അവൾക്ക് ഒപ്പം ഉമ്മറത്ത് ഇരുന്നു പഴയ നോട്ടു പുസ്തകത്തിൻ്റെ ചട്ടകൾ വിളക്കിന് മുകളിൽ കരിപ്പിടിപ്പിച്ച് കത്തിച്ചു രസിക്കുമ്പോഴ അവളുടെ കൈ പൊള്ളി ആ കടലാസ് വലിച്ചു എറിഞ്ഞത് എറയത്തെ ഓലയിലേക്ക് ആയിരുന്നു..?

പൊള്ളിയ വേദനയിൽ അവൾ കൈകൾ കുടയുമ്പോൾ എറയത്ത് കത്തി പടർന്ന തീ ഞാനും അവളും കണ്ടിരുന്നില്ല..

അന്ന് രാത്രി കത്തിയമർന്ന വീടിനെ നോക്കി കണ്ണുനീർ ഒഴുക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലുണ്ടായിരുന്നു…

പിറ്റെ ദിവസം സ്കൂളിൽ പോവാൻ നേരം അവൾ വന്നില്ല വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ആദ്യമായി ഞാൻ ഒറ്റയ്ക്കായെന്നൊരു തോന്നൽ എന്നിലുണ്ടായ്..

അവളില്ലാത്ത ആദിവസം ഉച്ച കഞ്ഞി കുടിച്ചില്ല എങ്ങനെ എങ്കിലും വീട്ടിലെത്തി അവളെ കാണണം കൊതിച്ചു.

അന്ന് ആ വൈകുന്നേരത്തെ ലാസ്റ്റ് ബെല്ലിനായ് ഒരു ഭ്രാന്തനെ പോലെ പിറുപിറുത്തിരുന്നു വീട്ടിലേക്ക് ഓടുമ്പോൾ..

അവളെ കാണണമെന്ന മോഹം മാത്രമായിരുന്നു…

വീട്ടിലേക്ക് കയറുമ്പോൾ ഉമ്മറത്തെ താഴെ തിണ്ണയിൽ അമ്മ ഇരിക്കൂന്നു കണ്ടു ബാഗ് അവിടെ ഇട്ടു കീറുവിൻ്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ നനഞ്ഞ ചാരത്തിൽ നിന്നും പുക ചെറുതായി ഉയരുന്നു കണ്ടു ..

പക്ഷെ അവളെയും അമ്മയേയും മാത്രം കണ്ടില്ല ..

അടക്കം പറഞ്ഞു നിന്ന ആളുകൾ അവരവരുടെ വീട്ടിലേക്ക് മടങ്ങുന്നത് നോക്കി ഞാൻ വീട്ടിലേക്ക് ഓടി..

അപ്പോഴും അമ്മ ഉമ്മറത്ത് തന്നെ ഇരിക്കുന്നു കണ്ടു ഞാൻ പതിയെ ചോദിച്ചു..

അമ്മ കീർത്തു എവിടെ…??

അവളും അവളുടെ അമ്മയും അവളുടെ അമ്മവീട്ടിലേക്ക് പോയി..!!

അതിനു അവിടെ ആരും ഇല്ലല്ലോ അമ്മെ..??

ഉം പക്ഷെ ഇനി അവർ അവിടെയ താമസിക്കാൻ പോണ്..!!

ഒരു നിമിഷം ഉള്ളൊന്നു പിടഞ്ഞു ഇടറിയ വാക്കുകൾ തപ്പിയെടുത്തു ഞാനൊന്നു വിങ്ങി പൊട്ടി ..

” അവരെപ്പോഴ പോയെ..?

ദെ ഇപ്പോൾ പോയൊള്ളു ടാ ജീപ്പില പോയെ.. പിന്നെ കീർത്തു നിന്നോട് പറയാൻ പറഞ്ഞിരുന്നു ..

അമ്മ പറഞ്ഞത് മുഴുവൻ ഞാൻ കേൾക്കാൻ നിന്നില്ല മുറ്റത്ത് നിന്നും റോഡിലേക്ക് ഓടി..

നീണ്ടു പോവുന്ന പൊടി പിടിച്ച റോഡിലൂടെ ഞാനവളെ ഉറക്കെ വിളിച്ചു ഓടുമ്പോഴ കാലൊന്നു മറഞ്ഞു മണ്ണിലുരഞ്ഞ് റോഡിലെ പൊടിയിലേക്ക് മുട്ടു കുത്തി വീണ്..

കാലിലേക്ക് നോക്കുമ്പോൾ അവൾ കുത്തി വച്ച ചെരുപ്പിലെ വാർ പൊട്ടി പുറത്തേക്ക് വന്നിരുന്നു..

ആ നിമിഷം അവളുടെ മുഖം മനസ്സിൽ വന്നു ചിരിച്ചു കൊണ്ട് നിൽക്കുന്ന ആ മുഖം..

മെല്ലെ ചെരിപ്പ് എടുത്തു നോക്കുമ്പോൾ അവൾ അന്ന് കുത്തിവച്ച ആ പിൻ വട്ടത്തിൽ ചുരുണ്ട് കൂടിയിരുന്നു..

നിറഞ്ഞു വന്ന കണ്ണുകളോട് നീണ്ടു പോവുന്ന ആ വഴിയിലൂടെ അകലേക്ക് നോക്കുമ്പോൾ ..

അവളുടെ കുടുക്ക് പൊട്ടിയ യൂണിഫോനിൻ്റെ ഇരു വശങ്ങളും മൗനമായി കാറ്റിൽ രണ്ടു വശത്തേക്ക് ഉലയുകയും ചെയ്തപ്പോൾ..

കീർത്തു നിൻ്റെ വയറ് കാണുന്നെന്ന് പറഞ്ഞ നേരം സാരമില്ലെട എന്ന് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞത് എൻ്റെ കണ്ണുനീരിൻ്റെ ഇടയിലൂടെ ഒരിക്കൽ കൂടെ ഞാൻ കേട്ടു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *