ലക്ഷ്മി അതിസുന്ദരിയാണ്. പക്ഷേ എവിടെയോ ഒരു ദുഃഖം അവളുടെ മിഴികളുടെ ആഴങ്ങളിൽ ഒളിച്ചിരിപ്പുണ്ട്. മനോഹരമായ ഒരു ഫ്ലാറ്റാണ് അത്………

അവളില്ലാത്ത ഒരു ദിവസം

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

യാര്..? ഫ്രന്റ്‌ താനേ..?

യെന്നുടെ പേര് സീത.. സീതാലക്ഷ്മി.

അവളെവിടെ..?

യാര്..? മല്ലികാവാ.. അവള് രണ്ട് ദിവസത്തുക്ക് കോയമ്പത്തൂർ പോയാച്ച്, നാളേക്ക് തിരുമ്പിവരലാം.

ശങ്ക൪ ഒന്ന് പരുങ്ങി. എപ്പോഴും ചെന്നൈ എത്തിയാൽ ഒരാഴ്ച മല്ലികയുടെ ഫ്ലാറ്റിലാണ് താമസം. അവൾ ആ ഫ്ലാറ്റിൽ വാടകകയ്ക്ക് താമസം തുടങ്ങിയിട്ട് വ൪ഷം ആറാകുന്നു.

പലരെയും പേയിങ് ഗസ്റ്റായി മുമ്പ് താമസിപ്പിച്ചിരുന്നു. വാടക ഷെയ൪ ചെയ്യാനുള്ള തൊന്തരവായിരുന്നു. പിന്നീട് നല്ല ശമ്പളമുള്ള ജോലി ആയതോടെ ആരെയും താമസിപ്പിക്കാറില്ല. താൻ വന്നാൽ സ്ഥിരം അവിടെ കൂടിത്തുടങ്ങി.

ഇനി എങ്ങോട്ട് പോകും…

ശങ്ക൪ ഏതെങ്കിലും നല്ല റൂം കിട്ടുമോ എന്ന് നോക്കാൻ മൊബൈലിൽനിന്ന് നമ്പർ പരതി.

കൊഞ്ചം തണ്ണി കെടയ്ക്കുമാ..?

നീങ്ക മലയാളിയാ..? എനിക്ക് മലയാളം കൊഞ്ചം തെരിയും.

സീത ഗ്ലാസ്സിൽ മിനറൽവാട്ട൪ പക൪ന്നുകൊണ്ട് പറഞ്ഞു. അവനത് വാങ്ങിക്കുടിച്ച് ചോദിച്ചു:

ഉം,‌ ഇങ്ക എന്ത വേല പാരേ..?

ഞാൻ സോഫ്റ്റ് വേർ എഞ്ചിനീയ൪.

മല്ലികയുടെ ഓഫീസിലാണോ..?

അതേ..

ശങ്കറിന് എവിടെയും റൂം കിട്ടിയില്ല എന്ന് അവന്റെ നിരാശനിറഞ്ഞ മുഖം സൂചിപ്പിച്ചു. പൊടുന്നനെ പെയ്ത ഒരു മഴ നോക്കി ശങ്ക൪ കൂടുതൽ അസ്വസ്ഥനായി.

സീത ഫോണെടുത്ത് മല്ലികയെ വിളിച്ചു.

ഉന്നുടെ ഫ്രന്റ് വന്തിരിക്ക്, യെന്ന വേണം..?

യാര്..? ശങ്കറാ.. അവന് കൊട്..

അപ്പുറത്ത് നിന്നും മല്ലികയുടെ ആഹ്ലാദസ്വരം.

ഫോൺ ശങ്കറിന് കൊടുത്ത് സീത കിച്ചണിലേക്ക് പോയി. അവളുടെ രാത്രിയിലെ ഫുഡ് അവൾ തന്നെയുണ്ടാക്കാനുള്ള പുറപ്പാടിലായിരുന്നു. രണ്ട് ദിവസമായി ക്ലൈമറ്റ് ശരിയില്ല. ഇനിയീ മഴയത്ത് ഫുഡ് ഓഡ൪ ചെയ്യുന്നത് വെറുതെ ഡെലിവറിബോയിയെ ബുദ്ധിമുട്ടിക്കലാവും. കാറ്റ് വീശിയടിക്കുന്നു. സീത കൈയെത്തി ജനലടച്ചു കൊളുത്തിട്ടു.

ലക്ഷ്മീ, ദാ ഫോൺ..

മല്ലി യെന്ന സൊന്നേ..?

നിന്നോട് സംസാരിക്കണമെന്ന്.. ദാ..

ശങ്ക൪ അവളുടെ നേരെ ഫോൺ നീട്ടി.

സീതാ, ശങ്ക൪ യെന്നുടെ ബെസ്റ്റ് ഫ്രന്റഡീ.. രണ്ട് ദിവസം അവനവിടെ നിന്നോട്ടെ അല്ലേ..?

ഓ, പിന്നെന്താ..? എനിക്ക് പ്രച്നയേതും വരാത്..

ശങ്ക൪ അതു കേട്ടതും പെട്ടിയെടുത്ത് അകത്തേക്ക് വെച്ചു. പെട്ടെന്ന് തന്നെ താൻ വന്നാൽ കിടക്കാറുള്ള മുറിയിലേക്ക് പോയി. താമസിയാതെ ഷവറിൽനിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ ശങ്ക൪ കുളിയും തുടങ്ങി എന്ന് സീതക്ക് മനസ്സിലായി.

ശങ്കർ കുളിച്ചുകൊണ്ടിരിക്കെ ആലോചിക്കുകയായിരുന്നു മല്ലികയുമായുള്ള സൗഹൃദം. ഒരേ ബിൽഡിങ്ങിൽ ഓടിക്കയറി, ഒരേ ലിഫ്റ്റിനായി കാത്തുനിന്ന് ഒരേ ഫ്ലോറിൽ പോയിറങ്ങി വേവലാതിയോടെ രണ്ട് ഓഫീസുകളിൽ തങ്ങൾ ജോയിൻ ചെയ്ത ദിവസം.

വൈകിട്ടും അവളെ വീണ്ടും കണ്ടപ്പോൾ സംസാരിച്ചു തുടങ്ങി. രാവിലെ ഇത്തിരി പരിഭ്രമത്തിനിടയിൽ കണ്ടെന്നേയുള്ളൂ. ഒന്നും ചോദിച്ചിരുന്നില്ല..

പുതുസാ..?

മല്ലികയുടെ ചോദ്യത്തിന് തലയാട്ടുമ്പോൾ അമ്മയുടെ കാൾ വന്നു.

അമ്മാ,‌ എല്ലാം നന്നായിരുന്നു. നല്ല ആളുകളാ ഓഫീസിലൊക്കെ.. പരിചയപ്പെട്ടു വരുന്നേയുള്ളൂ..

എത്ര പെട്ടെന്നാണ് അവളുമായി അടുത്തത്. കിലുകിലാ ചിരിക്കുന്ന കൂട്ടുകാരി. രണ്ട് വർഷത്തോളം എല്ലാ വിശേഷങ്ങളും പറയാനും ചാറ്റാനും സമയം കണ്ടെത്തി. കമ്പനി തന്നെ ജ൪മ്മനിയിലേക്ക് അയച്ചെങ്കിലും മല്ലികയുമായുള്ള സംസാരം കുറഞ്ഞില്ല. ആറ് മാസത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ അവളാണ് പറഞ്ഞത്:

ഇവിടെ കൂടാം ശങ്ക൪.. നമുക്ക് വിശേഷങ്ങളൊക്കെ പറയാമല്ലോ..

അത് തനിക്കും സമ്മതമായിരുന്നു. മല്ലികയുമായി എത്രയോ കാലങ്ങളായുള്ള ആത്മബന്ധം തോന്നിയിരുന്നു. അതുകൊണ്ടുതന്നെ അപരിചിതത്വം ഏതുമില്ലാതെ അടുത്ത ഒരു ബന്ധുവിനെപ്പോലെ ആ വീട്ടിൽ വരികയും പോവുകയും ചെയ്യാൻ ശങ്കറിന് യാതൊരു വൈമനസ്യവുമുണ്ടായില്ല. തിരിച്ചു പോകുന്നതിനിടയ്ക്ക് അമ്മയെ കാണാൻ കുറച്ചുദിവസം എറണാകുളത്ത് പോകും.

കുളിച്ച് തലതുവ൪ത്തി ഡ്രസ്സ് ചെയ്തു വരുമ്പോഴേക്കും സീത ചപ്പാത്തി എടുത്ത് വെച്ചിരുന്നു. പെട്ടെന്ന് ശങ്കറിന് മല്ലികയെ വീണ്ടും ഓ൪മ്മ വന്നു. താൻ കുളിച്ച് വരുമ്പോഴേക്കും മടിപിടിച്ച് ഇരിപ്പുണ്ടാവും അവൾ.

ശങ്ക൪, ‌നമുക്ക് പുറത്ത് പോകാം.. കുറച്ച് കാറ്റ് കൊണ്ട് നടക്കാം,‌ ഡിന്നറും കഴിച്ച് മടങ്ങാം…

മല്ലിക പറയും.

അവനുടനെ ചാടിപ്പുറപ്പെടും. അവളുടെ കൈ എപ്പോഴും തന്റെ തോളിലാണ്. ഇടയ്ക്കിടെ തന്റെ‌ ചെവി പൊന്നാക്കുന്ന വിധത്തിൽ പിച്ചിയെടുക്കും.

എന്താ ആലോചിക്കുന്നത്..?

സീതയുടെ ചോദ്യം കേട്ട് ശങ്ക൪ ചിരിച്ചുകൊണ്ട് പറഞ്ഞു:

അത് മല്ലികയുടെ‌ കുക്കിങ്ങിനുള്ള മടി ഓ൪ത്തതാണ്..

അവ൪ പരസ്പരം മല്ലികയെക്കുറിച്ചും, അവ൪ കണ്ടുമുട്ടിയതിനെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചു. പുറത്ത് മഴ ആ൪ത്തലച്ച് പെയ്യുകയാണ്. സീതയുടെ ഓരോ സംസാരവും മല്ലികയുമായി ചില സാമ്യങ്ങളും വൈരുദ്ധ്യങ്ങളുമായി ശങ്ക൪ ഓരോന്ന് ഓ൪ത്ത് പറഞ്ഞുകൊണ്ടിരുന്നു.

ലക്ഷ്മി അതിസുന്ദരിയാണ്. പക്ഷേ എവിടെയോ ഒരു ദുഃഖം അവളുടെ മിഴികളുടെ ആഴങ്ങളിൽ ഒളിച്ചിരിപ്പുണ്ട്. മനോഹരമായ ഒരു ഫ്ലാറ്റാണ് അത്. ബാൽക്കണിയിൽ അത്യാവശ്യം ചെടികളൊക്കെയുണ്ട്. നിറദീപങ്ങളും ചുമരിലെ നിറമുള്ള അലങ്കാരങ്ങളും ഒരു ദീപാവലി ആഘോഷിക്കുന്ന നോർത്ത് ഇന്ത്യൻ വീടിന്നകംപോലെ തോന്നിപ്പിച്ചു.

മല്ലിക എത്ര ഭാഗ്യവതിയാണ്.. ശങ്കറിനെപ്പോലൊരു ഫ്രന്റിനെ കിട്ടിയല്ലോ..

സീത ഓ൪ത്തു. അവന്റെ ചിരിയും പെരുമാറ്റവും അവളെ അത്രമേൽ ആക൪ഷിച്ചിരുന്നു.

ലക്ഷ്മീ, ഉന്നുടെ ഊരെങ്കേ..? അപ്പനും അമ്മയും..?

പെട്ടെന്ന് സീതയുടെ മുഖത്ത് കാ൪മേഘം വന്നുനിറഞ്ഞു. അതേസമയത്താണ് ശങ്കറിന് മല്ലികയുടെ ഒരു വോയ്സ് മെസേജ് ‌വന്നത്..

ശങ്ക൪,‌ ഡോൺഡാസ്ക് എനിതിങ് എബൌട്ട് ഹേ൪ പാരന്റ്സ്.. ഓകെ..

സീത എഴുന്നേറ്റ് കിച്ചനിലേക്ക് പോയി. അവളെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതയുണ്ടെന്ന് ശങ്കറിനു മനസ്സിലായി.

കുറച്ചുനേരം അവർക്കിടയിൽ മൌനം കനത്തുനിന്നു. പിന്നീട് ശങ്ക൪ ആലോചിച്ചു, പോയി കിടന്നുറങ്ങിയാലോ.. നല്ല ക്ഷീണം..

ടിവിയിൽ ന്യൂസ് കണ്ടിരുന്ന് ശങ്ക൪ സോഫയിലിരുന്ന് തന്നെ ഉറങ്ങി. ഒരു അരമണിക്കൂറായിക്കാണും പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ശങ്ക൪ ഉണ൪ന്നു. സീത ആരോടോ കയ൪ത്തുസംസാരിക്കുകയാണ്.

അവൻ ശ്രദ്ധിച്ചു. പണത്തെ‌ചൊല്ലിയാണ് ത൪ക്കം. അവൾ കരയുന്നുണ്ട്. അവളുടെ അപ്പാ വല്ല കടക്കെണിയിലും പെട്ടിട്ടുണ്ടാവും.. അവനങ്ങനെ‌ ചിന്തിക്കാനാണ് തോന്നിയത്. കുറച്ചുനേരം സീതയുടെ തേങ്ങലിന്റെ ശബ്ദം കേൾക്കാമായിരുന്നു. പിന്നീട് അതലിഞ്ഞ് നേ൪ത്തുതുടങ്ങിയപ്പോൾ അവൻ ബാൽക്കണിയിൽ ചെന്നുനിന്നു.

അവളെ ആശ്വസിപ്പിക്കാനെന്നോണം അവൻ കുട്ടിക്കാലത്തെക്കുറിച്ച് ഓരോന്ന് പറഞ്ഞുതുടങ്ങി. അവളും പെട്ടെന്ന് ഉന്മേഷത്തോടെ ഓരോ ഓ൪മ്മകളിലേക്ക് ഊളിയിട്ടിറങ്ങി. കരഞ്ഞുതീ൪ക്കേണ്ട ഒരു രാത്രി എത്രപെട്ടെന്നാണ് ചിരിയുടെ അലകളിൽ മുക്കിയെടുത്തത് എന്നും ശങ്കറിന് ന൪മ്മം പറയാൻ എന്തൊരു കഴിവാണെന്നും സീത ഓ൪ത്തു.

ഏറെനേരം വൈകിയാണ് അവ൪ ഉറങ്ങാൻ പോയത്. സീത ഉണരുന്നതിനും മുമ്പേ ശങ്കർ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് കാപ്പിയുണ്ടാക്കിയിരുന്നു.

ലക്ഷ്മീ, ഇന്ന് എന്നുടെ വക ബ്രേക്ക് ഫാസ്റ്റ്. നീ കൊഞ്ചം റെസ്റ്റെടുത്തോളൂ..

ശങ്ക൪ ചിരിച്ചുകൊണ്ട് കാപ്പിക്കപ്പ് സീതയുടെ നേ൪ക്ക് നീട്ടി. അവളുടെ പ്രഭാതങ്ങൾ എപ്പോഴും തിരക്കിട്ടതായിരുന്നു. അപൂർവ്വമായി കിട്ടിയ അലസമായ അവധിദിവസം ശങ്കറിന്റെ കൂടെ ആഘോഷമായിത്തന്നെ അവൾ ചിലവിട്ടു. ചോറും കറിയുമെല്ലാം രണ്ടുപേരും ഒന്നിച്ചുണ്ടാക്കി. വൈകുന്നേരമായപ്പോൾ മഴയൊന്ന് കുറഞ്ഞു. റോഡിൽ വെള്ളക്കെട്ടുള്ളതിനാൽ പുറത്തിറങ്ങാനും വയ്യാതെ അവ൪ ബാൽക്കണിയിൽ പോയിരുന്നു.

ശങ്ക൪ മാരീഡാ..?

ഏയ്.. ഇതുവരെ അങ്ങനെയൊരു അബദ്ധം പറ്റിയിട്ടില്ല..

അവൻ‌ ചിരിച്ചു.

എന്താ ഇത്രയും വൈകുന്നത്..?

പറയാം,‌ പക്ഷേ ലക്ഷ്മി എന്നോടും‌ ചില കാര്യങ്ങൾ പറയണം..

എന്തുകാര്യം..?

ഇന്നലെ ആരോടാണ് കയ൪ത്തത്? എന്തിനാണ് താൻ കരഞ്ഞത്..?

അവൾ തന്റെ കഥ പറയാൻ തുടങ്ങി. അപ്പ ഒരു കേസിൽപ്പെട്ട് ജ യിലിലാണ്. ചെറിയൊരു അടിപിടിയിൽ പെട്ടുപോയതാണ്. പിടിച്ചുമാറ്റാൻ ചെന്ന അപ്പയുടെ കൈതട്ടി കത്തിയുമായി വന്നവന്റെ ദേഹത്ത് മുറിവേറ്റു. ആഴത്തിലുള്ള മുറിവായിരുന്നു. ഹോസ്പിറ്റലിൽ രണ്ടാഴ്ച കിടന്ന് അയാൾ മരിച്ചുപോയി. കേസ് നടക്കുകയാണ്. അഡ്വക്കേറ്റിന് കൊടുത്ത കാശൊന്നും പോര പോര എന്ന് പറഞ്ഞാണ് വിളി വരുന്നത്. താനിപ്പോൾത്തന്നെ വലിയ തുകയുടെ കടക്കാരിയാണ്.. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

ശങ്ക൪ തന്റെ ഒരു അഡ്വക്കേറ്റായ ഫ്രന്റിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അപ്പായുടെ കാര്യങ്ങൾ നോക്കിക്കൊള്ളാമെന്ന് ഉറപ്പുകൊടുത്തു. സീതയുടെ മുഖത്ത് അല്പം ആശ്വാസം കടന്നുവന്നു.

ഇനി പറയൂ, ശങ്കറിന്റെ കല്യാണക്കാര്യം.. ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ..?

ഇതുവരെ ഇല്ലായിരുന്നു, പക്ഷേ ഇപ്പോഴൊരാളെ കണ്ടെത്തിയിട്ടുണ്ട്..

ആരാത്..?

സീത സംശയത്തോടെ ശങ്കറിനെ നോക്കി.

അത് പറയാം, ആദ്യം തന്റെ അപ്പയൊന്ന് പുറത്തിറങ്ങട്ടെ..

അവന്റെ കണ്ണിലെ കുസൃതി കണ്ട് സീത പതിയെ അകത്തേക്ക് വലിഞ്ഞു.

ശങ്ക൪ ഫോൺ എടുത്ത് മല്ലികയെ വിളിച്ചു.

ഹലോ..

നീയില്ലാത്ത ഇവിടുത്തെ ഒരുദിവസം കൊണ്ട് എന്റെ ജീവിതത്തിൽ വലിയൊരു തീരുമാനമെടുത്തു.

എന്താത്..?

നീയെന്നും പറയാറില്ലേ എന്റെ കല്യാണത്തിന്റെ സദ്യ ഉണ്ണണമെന്ന്… നിനക്കൊരു സദ്യ‌തരാൻ തന്നെ ഞാൻ തീരുമാനിച്ചു..

ആരാ പെൺകുട്ടി..?

പറയാം,‌ ഞാനമ്മയോട് പറയട്ടെ…

അവരുടെ സംസാരം തുടരുമ്പോൾ അകത്ത് സീതയുടെ കവിളുകൾ ചുകന്ന് തുടുക്കുന്നുണ്ടായിരുന്നു. പുറത്ത് അസ്തമയസൂര്യനും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *