അവളുടെ കരച്ചിൽ കേട്ടാണ് ചേച്ചി കുട്ടിയെ കൊണ്ട് വന്നത്…..

എൻ്റെ ഉണ്ണിക്കുട്ടൻ

Story written by Suja Anup

“ഉണ്ണി വന്നോ മോനെ..”

“അമ്മ ഉറങ്ങിക്കോ, നാളെ വരും കേട്ടോ…”

ഞാൻ പതിയെ അമ്മയുടെ നെറ്റിയിൽ തലോടി.. പാവം, അതിൻ്റെ വിഷമം അത് ആർക്കും മനസ്സിലാകില്ല.

” നീ എന്നെ പറ്റിക്കുവാണോ മോനെ. അവൻ ഇന്നലെയും വന്നില്ലല്ലോ. ഇപ്പോഴും അവൻ അമ്മയോട് പിണക്കം ആണോ.”

“ആര് പറഞ്ഞു, ഉണ്ണി ഇന്നലെ വന്നല്ലോ. അവൻ വന്നപ്പോൾ അമ്മ ഉറങ്ങുവാരുന്നൂ. അതുകൊണ്ടല്ലേ കാണാൻ പറ്റാതിരുന്നേ…..” വീണ്ടും മയക്കത്തിലേയ്ക്ക് അമ്മ വീഴുമ്പോൾ അമ്മയെ ഇങ്ങനെ പറ്റിക്കേണ്ടി വരുന്നതിൽ എനിക്ക് ദുഃഖം ഉണ്ടായിരുന്നൂ.

മരിക്കാറായി എന്ന് തോന്നി തുടങ്ങിയത് മുതൽ അമ്മയ്ക്ക് അവനെ കാണുവാൻ വല്ലാത്ത കൊതിയാണ്…

ഒളിച്ചോടിപ്പോയ അവൻ ഇതു വല്ലതും അറിയുന്നുണ്ടോ…? പെറ്റവയർ എത്ര വേദനിക്കുന്നൂ അവനെ ഓർത്തു..

അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ.

*********************

ഉണ്ണി എൻ്റെ അനിയൻ ആണ്. ചെറുപ്പത്തിലേ എനിക്ക് നഷ്ടപ്പെട്ടു പോയ എൻ്റെ അനിയൻ…

അന്ന് ഉണ്ണിക്ക് പത്തു വയസ്സ് കാണും. നല്ല മഴയുള്ള ദിവസ്സം… അവനു മഴയിൽ നനയുന്നത് ഒത്തിരി ഇഷ്ടം ആയിരുന്നു. തുലാവർഷം തുടങ്ങിയിട്ട് മഴ ഒന്ന് തോരുന്നില്ല..അവൻ ആണെങ്കിൽ ഉള്ള വസ്ത്രം എല്ലാം മഴയിൽ കളിച്ചു കുതിർത്തു. രാവിലെ മുതൽ അമ്മ മൂന്ന് പ്രാവശ്യം അവൻ്റെ വസ്ത്രം മാറ്റിയിരുന്നൂ.

“ഇനി മുറ്റത്തു മഴയിൽ കളിക്കരുത്” എന്ന് അവനോടു പറഞ്ഞിട്ടു അമ്മ കുളിക്കുവാൻ പോയി. കുളി കഴിഞ്ഞു വന്ന അമ്മ കണ്ടത് വീണ്ടും മുറ്റത്തു മഴയിൽ ചെളിയിൽ കിടന്നു കളിക്കുന്ന ഉണ്ണിയെ ആണ്. ഒന്നും മിണ്ടാതെ അമ്മ വീണ്ടും അവനെ കുളിപ്പിച്ച് നല്ലൊരു ഉടുപ്പ് ഇടുവിചൂ. പിന്നെ കൈയ്യിൽ കിട്ടിയ വടി കൊണ്ട് നല്ല തല്ലു കൊടുത്തൂ.

അവനെ അങ്ങനെ ആരും വീട്ടിൽ തല്ലാറില്ല. തല്ലു എന്നും എനിക്ക് മാത്ര മായിരുന്നൂ കിട്ടിയിരുന്നത്. അവൻ വീട്ടിലെ ഇള്ള കുട്ടി ആണല്ലോ. അവനു തല്ലു കിട്ടിയതിൽ ഞാൻ ഒത്തിരി സന്തോഷിച്ചൂ. അവനെ ഞാൻ നന്നായി കളിയാക്കി. അതുവരെ അവൻ എന്നെ തല്ലു കിട്ടുമ്പോഴൊക്കെ കളിയാക്കുമായിരുന്നൂ. അതിനു ഞാൻ അന്ന് പകരം വീട്ടി.

അമ്മ തല്ലിയതിലും കൂടുതൽ അവനെ വേദനിപ്പിച്ചത് എൻ്റെ കളിയാക്കലുകൾ ആയിരുന്നു. എന്തോ ദേഷ്യപ്പെട്ടു അവൻ വീട്ടിൽ നിന്നും ഇറങ്ങി പോയി. സാധാരണ വഴക്കിട്ടാൽ അവൻ തറവാട്ടിലേയ്ക്ക് പോകും. പിന്നെ വൈകീട്ട് അമ്മ പോയി കൂട്ടികൊണ്ടു വരും. അന്നും അമ്മ വിചാരിച്ചൂ അവൻ തറവാട്ടിൽ കാണും എന്ന്.. പതിവ് പോലെ അവനെ അന്വേഷിച്ചു അമ്മ വൈകിട്ട് തറവാട്ടിൽ എത്തി. അവിടെ അവനെ കണ്ടില്ല. അവൻ അന്ന് തറവാട്ടിൽ ചെന്നില്ലത്രേ…

നാട് മുഴുവൻ അമ്മയും അച്ഛനും ഞാനും അവനെ അന്വേഷിച്ചൂ. അവനെ പക്ഷേ കണ്ടു കിട്ടിയില്ല. അമ്മ അന്ന് എത്ര കരഞ്ഞുവെന്നോ… പിന്നീട് അങ്ങോട്ട് അമ്മ അവനെ അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല. എവിടെ പോയാലും പിച്ച തെണ്ടുന്ന കുട്ടികളെ കാണുമ്പോൾ അമ്മ അവർക്കു പണം കൊടുക്കും. ആഹാരം വാങ്ങി കൊടുക്കും. വസ്ത്രങ്ങൾ വാങ്ങി കൊടുക്കും. നമ്മൾ മറ്റുള്ളവർക്ക് ചെയ്യുമ്പോൾ ഉണ്ണിക്കു അനുഗ്രഹം കിട്ടുമത്രേ. അച്ഛൻ അതിനൊരിക്കലും അമ്മയെ കുറ്റം പറഞ്ഞില്ല..

വീട്ടിൽ എന്ത് നല്ല പലഹാരം ഉണ്ടാക്കിയാലും ഒരു പങ്ക് ‘അമ്മ ഉണ്ണിക്കു വയ്ക്കും. പിച്ച തെണ്ടി വരുന്ന ആളുകൾക്ക് പിന്നെ അത് കൊടുക്കും. അവർ അത് കഴിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകും.. ഇന്നും ഉണ്ണിക്കു വേണ്ടി അമ്മ പൂജകൾ നടത്തുന്നുണ്ട്.. വർഷങ്ങൾ എത്ര കഴിഞ്ഞു. ഉണ്ണി വന്നില്ല. അവൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. അവനെ കാണാതെ വിഷമിച്ചാണ് അച്ഛൻ മരിച്ചൂ പോയത്…

*************

എൻ്റെ വിവാഹം കഴിഞ്ഞതിൽ പിന്നെ വീട്ടിൽ കുറേ പ്രശ്നങ്ങൾ ആയി. അമ്മയെ മനസ്സിലാക്കുവാൻ ആദ്യമൊന്നും അവൾക്കായില്ല. അവൾ ഉണ്ടാക്കി വക്കുന്ന ഭക്ഷണം ചെലപ്പൊഴൊക്കെ അമ്മ പിച്ച തേടി വരുന്ന കുട്ടികൾക്ക് കൊടുക്കും. അത് കാണുമ്പോൾ അവൾക്കു ദേഷ്യം വരും. അപ്പോഴൊക്കെ ഞാൻ അവളെ ആശ്വസിപ്പിക്കും. അവൾ പിന്നെ ഒന്നും പറയാറില്ല.

ഒരു മകൻ ജനിച്ചതോടെ അവൾക്കു കുറച്ചു കൂടെ അമ്മയെ മനസ്സിലാക്കുവാൻ കഴിഞ്ഞു. സ്വന്തം കുഞ്ഞു കൺവെട്ടത്തു നിന്ന് ഒന്ന് നീങ്ങിയാൽ അവൾക്കു വിഷമം ആണ്. ഒരിക്കൽ അപ്പുറത്തെ വീട്ടിലെ ചേച്ചി മുറ്റത്തു കളിച്ചു കൊണ്ടിരുന്ന മകനെ വീട്ടിലേയ്ക്കു കൊണ്ടുപോയി. മോനെ കൊണ്ട് പോകുന്നൂ എന്നവർ പറഞ്ഞത് അവൾ കേട്ടില്ല.

മുറ്റത്തു മോനെ കാണാതായപ്പോൾ അവൾ ഒത്തിരി കരഞ്ഞു. അവളുടെ കരച്ചിൽ കേട്ടാണ് ചേച്ചി കുട്ടിയെ കൊണ്ട് വന്നത്.. അന്ന് അവൾ എൻ്റെ അമ്മയുടെ കൈ പിടിച്ചു ഒത്തിരി കരഞ്ഞു. പിന്നീട് എന്ത് പലഹാരം ഉണ്ടാക്കിയാലും ഉണ്ണിക്കായി ഒരു പങ്ക് അവൾ അമ്മയെ ഏല്പിക്കും.

****************

ഇപ്പോൾ അമ്മയ്ക്ക് കുറച്ചു ഓർമ്മക്കുറവുണ്ട്. തീരെ വയ്യാതെ ആയിരിക്കുന്നൂ ഒരാഴ്ചയായി കിടപ്പിലാണ്. അവൾ നന്നായി അമ്മയെ നോക്കുന്നുണ്ട്. “മരിക്കുന്നതിന് മുൻപ് ഉണ്ണിയെ കാണണം, ആ ഒരു ആഗ്രഹമേ അമ്മയ്ക്ക് ഉളളൂ…” എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല.

അമ്മയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കുവാൻ എനിക്ക് ആവുമോ… അപ്പോൾ അവളാണ് ആ ജ്യോത്സ്യനെ പറ്റി മടിച്ചു മടിച്ചു എന്നോട് പറഞ്ഞത്. എനിക്ക് അതിലൊന്നും വിശ്വാസം ഇല്ല എന്ന് അവൾക്കറിയാം. ഉണ്ണി പോയതിൽ പിന്നെ ഞാൻ ദൈവങ്ങളെ വെറുത്തു തുടങ്ങിയിരുന്നൂ..

“ദൈവം ഉണ്ടായിരുന്നെങ്കിൽ എൻ്റെ അമ്മയുടെ പ്രാർത്ഥനകൾ കേട്ട് ഉണ്ണിയെ തിരിച്ചു തരില്ലായിരുന്നോ..” ഏതായാലും അവസാന കൈ എന്ന നിലയിൽ വിശ്വാസം ഇല്ലാതെ ഇരുന്നിട്ട് കൂടി ഞാൻ ഉണ്ണിയുടെ ജാതകം എടുത്തു ആ ജ്യോത്സ്യനെ കാണുവാൻ ചെന്നൂ.. അങ്ങനെ ഞാൻ അവിടെ എത്തി. ജാതകം നോക്കി അയാൾ എന്തായാലും ഒന്ന് പറഞ്ഞു “ഈ ജാതകത്തിലുള്ള ആൾ ജീവിച്ചിരിപ്പില്ല. ചെറുപ്പത്തിലേ മരിച്ചു പോയി കാണും. അത് ആരുടേയും കുറ്റമല്ല. അല്പായുസ്സു ആയിരുന്നൂ.കർമ്മങ്ങൾ ചെയ്യണം എങ്കിൽ ചെയ്യാം കേട്ടോ..”
എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

ഇനി ഒരിക്കലും എനിക്ക് അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ കഴിയില്ല.. ഇത്രയും നാൾ അവൻ എവിടെ എങ്കിലും ജീവിച്ചിരിപ്പുണ്ടാകും എന്ന സന്തോഷം മനസ്സിൽ ഉണ്ടായിരുന്നൂ.. ഇപ്പോൾ അതും പോയി.. അപ്പോഴാണ് ഞാൻ ഭാര്യ പറഞ്ഞ കാര്യം ഓർത്തത്.. “മോൻ്റെ ജാതകം കൂടെ ഒന്ന് നോക്കിക്കണം. എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കർമ്മങ്ങൾ ചെയ്യിക്കണം..” മോൻ്റെ ജാതകം നോക്കി ജോത്സ്യൻ പറഞ്ഞു

“കുഴപ്പങ്ങൾ ഒന്നുമില്ല. രാജയോഗം ആണ്. ഈ കുട്ടിക്കു നിങ്ങളുടെ അനിയൻ്റെ നാൾ തന്നെയല്ലേ. അത് നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നില്ലേ. നിങ്ങളുടെ അനിയൻ എങ്ങും പോയിട്ടില്ല കേട്ടോ. അവൻ നിങ്ങളുടെ മകനായി കൂടെ ഉണ്ട്. ഒക്കേത്തിനും ഒരു നിമിത്തം ഉണ്ട്. അതുകൊണ്ടാണല്ലോ പത്തു വയസ്സായ നിങ്ങളുടെ മകൻ്റെ ജാതകവുമായി ഇപ്പോൾ നിങ്ങൾ എന്നെ കാണുവാൻ വന്നത്. ദൈവത്തെ പഴിക്കരുത് കേട്ടോ. ദൈവം നിങ്ങളുടെ അമ്മയുടെ പ്രാർത്ഥന കേട്ടല്ലോ. അത് തിരിച്ചറിയുവാൻ നിങ്ങൾ വൈകി..” അത് കേട്ടപ്പോൾ മനസ്സു ഒന്ന് തണുത്തൂ. കണ്ണുകൾ നിറഞ്ഞു. എൻ്റെ ഉണ്ണി എൻ്റെ കൂടെ ഉണ്ട്. എൻ്റെ അനിയൻ എങ്ങും പോയിട്ടില്ല. അവൻ അമ്മയുടെ ഒപ്പം തന്നെ ഉണ്ട്.

വേഗം വീട്ടിലേയ്ക്കു നടന്നൂ.. വീട്ടിലെത്തിയപ്പോൾ ഭാര്യ വിഷമിച്ചു വീടിനു മുൻവശത്തു തന്നെ ഉണ്ടായിരുന്നൂ.. “ഏട്ടൻ എന്താ ഇത്ര വൈകിയത്. അമ്മയ്ക്ക് തീരെ വയ്യ. ഡോക്ടർ വന്നു നോക്കി. അറിയിക്കേണ്ടവരെ ഒക്കെ അറിയിക്കുവാൻ പറഞ്ഞു..” ഞാൻ വേഗം അമ്മയുടെ അടുത്തേയ്ക്കു ചെന്നൂ.

ഒരു മകൻ എന്ന നിലയിൽ എനിക്ക് അവസാനമായി ചെയ്യുവാൻ പലതും ഉണ്ട്.. ഞാൻ ഭാര്യയോടു പറഞ്ഞു “ഉണ്ണിക്കുട്ടനെ വിളിക്കൂ..” ഭാര്യ പേടിച്ചരണ്ട് നിൽക്കുന്ന അവനെ കൂട്ടി കൊണ്ട് വന്നൂ. ഞാൻ അവൻ്റെ കൈയ്യിൽ വെള്ളം കൊടുത്തൂ അവൻ അത് അമ്മയ്ക്ക് നൽകി പിന്നെ അവൻ്റെ കൈ അമ്മയുടെ കൈയ്യിൽ കൊടുത്തൂ.. അമ്മ ആ കൈയ്യിൽ മുറുകെ പിടിച്ചൂ. അപ്പോൾ അമ്മ അവ്യക്തമായി പറഞ്ഞു കൊണ്ടിരുന്നൂ

“മോനെ ഉണ്ണീ, നീ വന്നല്ലേ. എന്തിനാണ് നീ എന്നെ വിട്ടിട്ടു പോയത്. അമ്മ ഒത്തിരി വിഷമിച്ചില്ലേ. ഇനി അമ്മ മോനെ ഒരിക്കലും തല്ലില്ല. അമ്മയെ ഇട്ടിട്ടു ഉണ്ണിക്കുട്ടൻ എങ്ങും പോകരുത് കേട്ടോ…” ഉണ്ണിക്കുട്ടൻ അത് കേട്ട് മൂളി.. അമ്മയുടെ കൈകൾ പതിയെ അയഞ്ഞു.. ഉണ്ണി വീട്ടിൽ വന്ന സന്തോഷത്തിൽ അമ്മ കണ്ണടച്ചൂ… ഇനി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേയ്ക്ക് അമ്മ യാത്രയായി. ഭാര്യ എന്നെ ചേർത്ത് പിടിച്ചൂ. അവൾക്കു എല്ലാം മനസ്സിലായി എന്ന് അവളുടെ കണ്ണുകളിൽ നിന്ന് എനിക്ക് മനസ്സിലായി…

Related Posts

Leave a Reply

Your email address will not be published. Required fields are marked *