ഇന്ന് കോളേജിൽ പരീക്ഷാഫീസടക്കണം. എന്താണൊരു നിവൃത്തി.. എത്ര യാലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല…..

കാളിംഗ്ബെൽ

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

കാളിംഗ്ബെല്ലിന്റെ ശബ്ദം കേട്ടാണ് രജിത ചിന്തകളിൽനിന്നുണ൪ന്നത്. പോയി നോക്കുമ്പോൾ മത്സ്യക്കാരനാണ്. അരക്കിലോ അയല തൂക്കിവാങ്ങുമ്പോൾ പതിവു പോലെ പണം പിന്നീട് തരാമെന്ന് പറഞ്ഞു.

മാസം കൂടുമ്പോൾ ഒന്നിച്ച് കൊടുക്കുകയാണ് ചെയ്യാറ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം വാങ്ങും. എല്ലാമാസവും കൃത്യമായി കൊടുത്തിരുന്നതാണ്. ഇപ്പോൾ അച്ഛൻ കിടപ്പിലായപ്പോൾതൊട്ട് രണ്ട് മാസവും മൂന്ന് മാസവുമൊക്കെ ആകുന്നുണ്ട്… അയാളുടെ മുഖത്ത് നോക്കാതെയാണ് വാങ്ങിക്കുക.. പണം കൊടുക്കാൻ ബാക്കിയാകുമ്പോൾ തന്റെയുള്ളിൽ ഒരപക൪ഷതാബോധം നുരയിടുന്നത് രജിതയറിയുന്നുണ്ട്.

ഇന്ന് കോളേജിൽ പരീക്ഷാഫീസടക്കണം. എന്താണൊരു നിവൃത്തി.. എത്ര യാലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല. അമ്മാവൻ കഴിഞ്ഞപ്രാവശ്യം ഫോൺ ചെയ്തപ്പോൾ കാര്യം പറഞ്ഞിരുന്നു. അയക്കാമെന്നും പറഞ്ഞിരുന്നു. തീർച്ചയായും തരും, പക്ഷേ ചോദിക്കാൻ വയ്യ.

അമ്മേ, ഞാനിപ്പോൾ വരാമേ…

എവിടേക്കാ? നിനക്കിന്ന് കോളേജിൽ പോകണ്ടേ?

അടുത്ത വീട്ടിലേക്ക് ഓടിപ്പോകുന്ന മകളെനോക്കി അമ്മ വിളിച്ചു ചോദിച്ചു. ഡിഗ്രി ഫൈനൽ ഇയറാണ് രജിത.

നന്നായി പഠിക്കുന്നതുകൊണ്ട് ജോലി കിട്ടാതിരിക്കില്ല.. അതാണ് ആകെയൊരു സമാധാനം.

അവരൊന്ന് നിശ്വസിച്ചു. ഭർത്താവിന്റെ അടുത്തുപോയി എഴുന്നേൽപ്പിച്ചിരുത്തി. ചായ കൊടുത്തു.

അവളെവിടെപ്പോയതാ?

അപ്പുറത്തെ ശ്യാമളേച്ചിയോട് കടം ചോദിക്കാൻ പോയതായിരിക്കും..

ഇതിപ്പോ അവരോട് കടമെത്രയായി വാങ്ങുന്നത്? എന്റെ മരുന്നിനും കുറേ വാങ്ങിയില്ലേ…

അവ൪ ഒന്നും പറയാതെ കണ്ണീര് തുടച്ച് പുറത്തിറങ്ങുമ്പോൾ രജിതയുണ്ട് പിറു പിറുത്തു കൊണ്ട് തിരിച്ചു വരുന്നു.

എന്താ മോളേ…? എന്തുപറ്റി?

ആ മത്സ്യക്കാരൻ…

രജിത മുഴുവൻ പറയാതെ പല്ലിറുമ്മി.

എന്താ? അയാൾ നിന്നെ വല്ലതും ചെയ്തോ?

വേവലാതിയോടെ അവ൪ ചോദിച്ചു.

ഉം, പക്ഷേ അയാൾ വിവരമറിയും. കുറച്ച് പണം കൊടുക്കാനുള്ളതുകൊണ്ട് എന്തും പറയാമെന്നാ വിചാരം…

അയാളെന്താ പറഞ്ഞത്?

ശ്യാമളേച്ചിയോട് ഫീസടക്കാൻ പൈസ ചോദിച്ചപ്പോൾ അവ൪ തത്കാലം കൈയിലില്ല, നാളെമതിയോ എന്ന് ചോദിച്ചു, അതുകേട്ട് അയാൾ പറയുകയാ ഞാൻ തരട്ടെ‌ കാശ് എന്ന്..

എന്നിട്ട്?

ഞാൻ ദേഷ്യത്തോടെ ഒന്ന് നോക്കി ഒന്നും പറയാതെ ഇങ്ങ് പോന്നു..

വാങ്ങാമായിരുന്നു.. ജനാ൪ദ്ദനേട്ടൻ പണമയക്കുമ്പോൾ എല്ലാം തീ൪ത്ത് കൊടുത്താൽ മതിയായിരുന്നു..

പിന്നേ… മത്സ്യം വിറ്റുനടക്കുന്ന അയാൾക്കെവിടുന്നാണമ്മേ മറ്റുള്ളവ൪ക്ക് കടം കൊടുക്കാൻ മാത്രം കാശ്? വീട്ടിലേക്ക് അരിവാങ്ങേണ്ട പണം പോലും തികയുന്നുണ്ടോ എന്ന് അവിടെ പോയിനോക്കിയാലറിയാം..

രജിത വേഗം വേഷം മാറി കോളേജിലേക്ക് പോകാനൊരുങ്ങി.

നീയെന്തുചെയ്യാനാ തീരുമാനിച്ചത്?

ഞാനെന്റെ ക്ലാസ്സിലെ സുഹറയെ ഒന്ന് വിളിച്ചുനോക്കട്ടെ…കാലിൽ സ്വ൪ണ്ണക്കൊലുസിട്ട് കാറിൽ വരുന്ന അവളോട് കുറച്ചു പണം ചോദിച്ചാൽ ഇല്ലെന്ന് പറയാൻ സാധ്യതയില്ല. മാത്രവുമല്ല ക്ലാസ്സിൽ പലരും ചോദിക്കാറുണ്ടെങ്കിലും ഞാനിതുവരെ ചോദിച്ചിട്ടില്ല..

അമ്മയുടെ നിസ്സഹായമായ ചിരി കണ്ടപ്പോൾ രജിതയുടെ മിഴികൾ നിറഞ്ഞുതുളുമ്പി.

സാരമില്ലമ്മേ… ഇതൊക്കെ നമുക്ക് വീട്ടാം… വിഷമിക്കാതെ..

അവൾ സുഹറയെ വിളിച്ചു.

എന്താടീ രാവിലെത്തന്നെ?

രജിത കാര്യം പറഞ്ഞു.

എനിക്ക് ഇന്നൊരു അത്യാവശ്യമുണ്ട്, ഞാനിന്ന് ലീവാണ്. വീട്ടിൽ വരികയാണെങ്കിൽ പണം തരാം.

ഓകെ.. ഞാൻ വരാം..

നിനക്കെന്റെ വീടറിയോ?

നീ മുമ്പ് പറഞ്ഞു തന്നിട്ടുണ്ട്.. ഞാൻ ചോദിച്ചു ചോദിച്ചു വന്നോളാം..

രജിത ദുഃഖം മറച്ചുവെച്ച് ചിരിച്ചു.

അവൾ വേഗംതന്നെ ബാഗുമെടുത്തിറങ്ങി. ബസ് സ്റ്റോപ്പിലിറങ്ങി സുഹറ പറഞ്ഞ അടയാളം നോക്കി നടന്നു. അവളുടെ വീടെത്താറായപ്പോൾ രാവിലെ വീട്ടിൽവന്ന മത്സ്യക്കാരൻ അവിടേക്ക് കയറിപ്പോകുന്നത് രജിത ദൂരെനിന്നേ കണ്ടു.

ഓ.. ഇവിടെയും ഇയാളാണോ മത്സ്യം കൊടുക്കുന്നത്… രജിത മനസ്സിൽ പറഞ്ഞു.

വലിയ വീട്. മുറ്റത്ത് കാറും ബൈക്കും. മനോഹരമായ ചെറിയ പൂന്തോട്ടം. ഉള്ളിലേക്ക് കടക്കുമ്പോൾ രജിതയുടെ ഉള്ളിൽ ചെറിയൊരു വേവലാതി കടന്നുവന്നു. ആദ്യമായാണ് ഇങ്ങനെയൊക്കെ… പക്ഷേ സുഹറയോട് താനെല്ലാം പറയാറുള്ളതാണ്. അവൾക്ക് തന്റെ പ്രയാസം മനസ്സിലാവും…

പുറത്ത് ആരെയും കണ്ടില്ല. ഈ മത്സ്യക്കാരൻ ഇത്രവേഗം പോയോ? രജിത കോളിംഗ്ബെല്ലടിച്ച് കാത്തുനിന്നു.

ഉടനെ സുഹറ പുറത്തുവന്നു.

ദാ, പൈസ.. സംസാരിക്കാൻ നിന്നാൽ കോളേജിലെത്താൻ വൈകും…

അവൾ പണം കൊടുത്തുകൊണ്ട് പറഞ്ഞു. രജിത അതുംവാങ്ങി തിരിഞ്ഞതും സുഹറയുടെ ഉമ്മവന്ന് കൈയിൽ പിടുത്തമിട്ടതും ഒപ്പം കഴിഞ്ഞു.

അങ്ങനെ പോയാലോ.. ആദ്യമായി വീട്ടിൽവന്നിട്ട് ഒന്നും കുടിക്കാതെ പോകാനോ…

പിന്നെവരാം ഉമ്മാ.. കോളേജിലെത്താൻ വൈകും..

രജിത പിറകോട്ട് നീങ്ങാൻ ശ്രമിച്ചു.

അവ൪ നി൪ബ്ബന്ധിച്ച് രജിതയെ‌ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ചായയും പലഹാരങ്ങളും നിരത്തി. ഓരോന്നും നി൪ബ്ബന്ധിപ്പിച്ച് കഴിപ്പിച്ചു. സുഹറയും ഉമ്മായെ തടയാൻ നോക്കിയെങ്കിലും നടന്നില്ല. അവരുടെ സ്നേഹവും സത്കാരപ്രിയവും കണ്ട് രജിതയുടെ ഹൃദയം നിറഞ്ഞു. അടുക്കളയും ഡൈനിംഗ് റൂമും എല്ലാം ആധുനികരീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. മനോഹരമായ ടൈലുകളിട്ട് വൃത്തിയോടെ അടിച്ചുതുടച്ചിട്ടിരിക്കുന്നു. രജിത എല്ലാം കൌതുകത്തോടെ ഒരുനിമിഷം നോക്കിനിന്നു.

മനസ്സുകൊണ്ട് നന്ദി പറഞ്ഞ്, കൈകൂപ്പി പുഞ്ചിരിച്ച്‌ രജിത പറഞ്ഞു:

പോയിട്ടുവരാം..

ശരിമോളേ..

തലയിലെ തട്ടം നേരെയാക്കി അവർ അവളോടൊപ്പം പുറത്തേക്കിറങ്ങുമ്പോൾ അകത്തുനിന്ന് അവരെ ആരോ വിളിച്ചു.

സുഹറയുടെ ബാപ്പയാ.. ഓര്ക്ക് മത്സ്യക്കച്ചോടാ… ഇപ്പം വന്ന് കേറിയതേയുള്ളൂ… ചായ കൊടുക്കട്ടെ..

അവരതും പറഞ്ഞ് അടുക്കളയിലേക്ക് പോയപ്പോൾ രജിത വായും പൊളിച്ച് നിന്നു.

സുഹറ പറഞ്ഞു:

വേഗം പോയാൽ ഇപ്പോഴൊരു ബസ്സുണ്ട്.. ബെല്ലടിക്കുന്നതിന് മുമ്പങ്ങെത്താം..

ശരി.. നാളെ കാണാം സുഹറാ..

അവിടെ നിന്നിറങ്ങുമ്പോൾ രാവിലെ കാശ് തരാനൊരുങ്ങിയ മത്സ്യക്കാരനോട് രജിതക്ക് തോന്നിയ ദേഷ്യം മുഴുവൻ മാറി പകരം ബഹുമാനം തോന്നി ത്തുടങ്ങിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *