നീയെന്തിനാ അവൻ ചെത്താൻ വരുന്ന നേരം വരെ നോക്കിയിരുന്നത്? നെനക്ക് പൊലർച്ചേ എണീറ്റ് കുളിച്ചൂടാർന്നോ?പൊരയിടത്തിലാകെക്കൂടി ഒരു തെങ്ങാണുള്ളത്…….

Story written by Saji Thaiparambu

മേരിക്കുട്ടിയേ ,.. നീ കുളിക്കണില്ലേ?

ങ്ഹാ പോവേണമ്മച്ചീ.. ദിവാകരേട്ടൻ ,തെങ്ങിൻ്റെ മണ്ടേന്ന് ഒന്നിറങ്ങട്ടന്നേ ..

നീയെന്തിനാ അവൻ ചെത്താൻ വരുന്ന നേരം വരെ നോക്കിയിരുന്നത്? നെനക്ക് പൊലർച്ചേ എണീറ്റ് കുളിച്ചൂടാർന്നോ?പൊരയിടത്തിലാകെക്കൂടി ഒരു തെങ്ങാണുള്ളത്, അത് ചെത്താൻ കൊടുക്കേണ്ടെന്ന് , നിൻ്റപ്പനോട് ഞാരൊരായിരമാവർത്തി പറഞ്ഞതാണ്,, കേക്കണ്ടേ?

അമ്മച്ചിയെന്തിനാണപ്പനെ പള്ള് പറയണത്? ദിവാകരേട്ടൻ അപ്പുറത്തെ പുരയിടത്തിലെ തെങ്ങേൽ കയറിയാലും, നമ്മുടെ മറപ്പുരയുടെ അകം മുഴുവൻ കാണാൻ പറ്റും , ദേ ആ ലില്ലീടെ വീട്ടിലവര് പുതിയ ബാത്റൂമുണ്ടാക്കിയത് കണ്ടാ? ,അപ്പനോട് പറഞ്ഞ് അത് പോലെരെണ്ണം, ഇവിടേം വയ്ക്കാൻ പറയമ്മച്ചീ?

ങ്ഹാ .,,നല്ല ചേലായി, ലില്ലീടപ്പൻ സേവ്യറ് മൊതലാളിക്കേ , സ്വന്തമായി വള്ളോം വലേമൊക്കെയുണ്ട്, അത് കൊണ്ട് അങ്ങേർടെ കൈയ്യിൽ, പൂത്ത കാശുമൊണ്ട് ,അതേ പോലെയാണാ നിൻ്റെയപ്പൻ? അങ്ങേര് വെറുമൊരു തൊഴിലാളിയല്ലേടീ..,,? അടുത്ത ചാകരപ്പണിക്ക് കിട്ടുന്ന കാശ് കൂടി സ്വരുക്കൂട്ടി വച്ചിട്ട് വേണം, നിന്നെ കെട്ടിച്ച് വിടാനെനെന്നാണ് അപ്പൻ പറയണത്,,,

ഓഹ് എൻ്റെ പൊന്നമ്മച്ചീ .. എന്നെ കെട്ടിച്ച് വിടുന്നതൊക്കെ കൊള്ളാം പക്ഷേ ഒരു കാര്യം ,ചെക്കന് സൗന്ദര്യമില്ലേലും സാരമില്ല,അയാള് കക്കൂസും കുളിമുറിയുമുള്ള വീട്ടിലെ ചെക്കനായിരിക്കണ മെന്നേ എനിക്ക് ആഗ്രഹമുളളു..,,

ഉം … ഈ നാട്ടിലെവിടാണടീ അങ്ങനെയൊരു വീടുള്ളത്? പിന്നെ അതൊക്കെയുള്ള വീട്ടിലേക്ക് ചെന്ന് കയറണ മെങ്കിൽ, കൊട്ടക്കണക്കിന് പൊന്നും പണോമൊക്കെ കൊടുക്കേണ്ടി വരും ,അതൊക്കെ ഒണ്ടായി വരുമ്പോഴേക്കും, നീ മൂത്ത് നരച്ച് ഇവിടെ തന്നെ ഇരിപ്പായിപ്പോകും,,,
പറഞ്ഞേക്കാം

എന്നാലും വേണ്ടില്ലമ്മച്ചീ .. ഞാനിവിടെ നിങ്ങളോടൊപ്പം തന്നെ കഴിഞ്ഞോളാം, എന്നെ കെട്ടിക്കാൻ വച്ചിരിക്കുന്ന കാശെടുത്ത്, അടച്ചുറപ്പുള്ളൊരു കക്കൂസും കുളിമുറിയും കെട്ടിത്തരാൻ അപ്പനോട് പറ ,എനിക്കിപ്പോൾ കല്യാണത്തെ ക്കാളാവശ്യം അത് രണ്ടുമാണ്, മേൽക്കൂരയുള്ളൊരു കുളിമുറിയുണ്ടെങ്കിൽ ദിവാകരേട്ടനെ പോലെയുള്ളവര്കാ ണുമെന്ന് കരുതി, പേടിക്കാതെ എപ്പോൾ വേണമെങ്കിലും എനിക്ക് കുളിക്കാമല്ലോ,? അമ്മയ്ക്കറിയാമല്ലോ? നമുക്കൊന്ന് വയറ് വേദനിച്ചാൽ ,പുറമ്പോക്കിൽ പോയി കാര്യം സാധിക്കണമെങ്കിൽ പോലും , ഇരുള് വീഴുന്നത് വരെ കാത്ത് നില്ക്കണം ,അത് വരെ വേദനിക്കുന്ന വയറും പൊത്തിപ്പിടിച്ച് ഞാനും അമ്മച്ചിയുമൊക്കെ എത്ര പ്രാവശ്യം നടന്നിട്ടുണ്ട് ,ഇനി വയ്യമ്മേ.. മടുത്തു ,അത് കൊണ്ടാ പറയുന്നത് …

മകൾ പറയുന്നതിലും കാര്യമുണ്ടെന്ന് മാർഗരറ്റിനും പല പ്രാവശ്യം തോന്നിയതാണ്, പക്ഷേ, അതിനുള്ള ചെലവിനെക്കുറിച്ചോർക്കുമ്പോഴാണ്, പിന്നെയും മടിക്കുന്നത്.

എന്തായാലും അങ്ങേര് വരുമ്പോഴൊന്ന് പറഞ്ഞ് നോക്കാം.,,

മകളെ ആശ്വസിപ്പിച്ചിട്ട് മാർഗ്ഗരറ്റ് ,പുറത്തെ ചായ്പ്പിൽ പുകഞ്ഞ് കൊണ്ടിരുന്ന വിറകടുപ്പിലേക്ക്, ഉണങ്ങിയ രണ്ട് ചിരട്ടകൾ വച്ച് തീ ആളിക്കത്തിച്ചു.

നീയെന്തവാ പറയണത് മാർഗീ… ?അവളൊരു പൊട്ടിപ്പെണ്ണല്ലേ ?അവക്കടെ പ്രായമുളള കൊച്ചാണ് ജോർജിൻ്റെ മകാള് കൊച്ച്ത്രേസ്യ, ആ കൊച്ചിപ്പം കല്യാണം കഴിഞ്ഞ് രണ്ടാമതും ഗർഭിണിയാണ്, കെട്ട് പ്രായം കഴിഞ്ഞ പെങ്കൊച്ചിനെ ,കല്യാണം കഴിപ്പിക്കാതെ വീട്ടില് നിർത്തിയാല്, അവക്കെ ന്തെങ്കിലും ഏനക്കേടാണെന്ന് നാട്ട് കാര് കരുതും ,നീ വേറെ വല്ല പണീം നോക്ക് മാർഗ്ഗീ …

വൈകുന്നേരം കഞ്ഞി ,വിളമ്പുമ്പോഴാണ് മത്തായിയോട് ,മാർഗരറ്റ്
വിവരം പറയുന്നത്.

നിങ്ങക്കത് പറയാം ,നിങ്ങളൊരാൺ പെറന്നോനായത് കൊണ്ട്, തെങ്ങിൻ ചോട്ടീന്ന് കുളിക്കാം, തൂ റാൻ മുട്ടുമ്പോൾ നേരെ കടൽത്തിട്ടയിൽ പോയിരുന്ന് കാര്യം സാധിക്കാം, പക്ഷേ ഞങ്ങള് പെണ്ണുങ്ങൾക്കത് പറ്റില്ലല്ലോ? അത് കൊണ്ട് നിങ്ങളെന്തേലും വഴി കണ്ടേ പറ്റു.,,

മാർഗ്ഗരറ്റ് തീർത്ത് പറഞ്ഞു.

നീയൊന്ന് തഞ്ചപ്പെട് മാർഗ്ഗീ …,സേവ്യറ് മൊതലാളീടടുത്ത്ഒ രു നൂറ് രൂവാ കടം തരുവോന്ന് ഞാനൊന്ന് ചോദിക്കട്ടെ, തല്ക്കാലം മറപ്പുരയുടെ മോളില്, ടാർഷീറ്റിടുകയെങ്കിലും ചെയ്യാമല്ലോ?

ഭാര്യയെ സമാധാനിപ്പിച്ചിട്ട് മത്തായി ചൂട് കഞ്ഞി ഊതി കുടിച്ചു.

ഇപ്പോൾ വറവ് കലമാണെന്ന് നിനക്കറിയാല്ലോ? മത്തായീ..കടലിൽ പോകുന്ന വഞ്ചിയൊക്കെ എണ്ണക്കാശിന് പോലും വകയില്ലാതെയാണ് മടങ്ങി വരുന്നത്.., ‘

മത്തായിയുടെ ആവശ്യം കേട്ട് സേവ്യറ് മുതലാളി കൈമലർത്തി.

അല്ല മൊതലാളി .. അത്യാവശ്യമായിട്ട് എൻ്റെ വീട്ടിലെ മറപ്പുരയ്ക്കൊരു മേൽക്കൂര പണിയണമായിരുന്നു , അതിന് കുറച്ച് ടാർ ഷീറ്റ് വാങ്ങാനാണ്, ഞാൻ കടം ചോദിച്ചത് ,,,

മത്തായി തൻ്റെ സങ്കടം പറഞ്ഞു.

മ്ഹാം, ടാർ ഷീറ്റ് മതിയെങ്കിൽ അതിവിടെ വെറക്പൊരയില് കുറച്ചിരിപ്പുണ്ട്, വള്ളപ്പുരയ്ക്ക് വാങ്ങിയതിൻ്റെ ബാക്കിയാണ്, പത്ത് നൂറ്റമ്പത് രൂപേടെ മൊതലുണ്ട്, നീയൊരു കാര്യം ചെയ്യ്, കാശൊന്നും തരണ്ടാ, എടുത്തോണ്ട് പൊയ്ക്കോ,

ങ് ഹേ സത്യമാണാ മൊതലാളീ… മൊതലാളീനെ കർത്താവ് കാക്കട്ടെ,,

മത്തായി അവിശ്വസനീയതയോടെ ചോദിച്ചു.

ങ്ഹാ,, പക്ഷേ, ഒരു കാര്യമൊണ്ട്?

അതെന്താ മൊതലാളീ…?

അല്ലടാ ഉവ്വേയ്… നെൻ്റെ പൊരേലൊരു ട്രാൻസിസ്റ്ററില്ലേ? ഷീറ്റിന് പകരം ,നീ അതെനിക്ക് കൊണ്ട് തന്നേക്കണേ?

അത് കേട്ടപ്പോൾ മത്തായിയുടെ സന്തോഷമെല്ലാം പോയി.

അയ്യോ മൊതലാളീ… അതെൻ്റെ അപ്പൻ മരിക്കാൻ നേരത്തെനിക്ക് തന്നതാണ് ,നിനക്കെത്ര ബുദ്ധിമുട്ട് വന്നാലും ഇത് മാത്രം വിറ്റ് കളയരുതെന്ന് പറഞ്ഞ് എന്നെ പ്രത്യേകം പറഞ്ഞ്ഏല്പിച്ചതാണ് , അതിലൂടെ ,ഞങ്ങള് മാത്രമല്ല, അയല്വ ക്കത്തുള്ളോരും കൂടി വൈകുന്നേരം വാർത്തകൾ കേൾക്കുന്നതും, സിനിമാപ്പാട്ടും, കണ്ടതും കേട്ടതും, നാടകോമെല്ലാം കേൾക്കുന്നതും ആ ഒരു റേഡിയോ ഉളളത്കൊണ്ടാണ്, മാത്രമല്ല ,അതില്ലെങ്കിൽ വീടുറങ്ങിയത് പോലാകും മൊതലാളീ…

ങ്ഹാ എന്നാൽ പിന്നെ മത്തായി ചെല്ല് ,മോള് തല്ക്കാലം മേൽക്കൂരയില്ലാത്ത മറപ്പുരയിൽ തന്നെ കുളിക്കട്ടെ,,,

നിർദ്ദയനായി ആക്രോശിച്ച് കൊണ്ട് സേവ്യറ് മുതലാളി കോളാമ്പിയെടുത്ത് അതിലേക്ക് കാറിത്തുപ്പി .

*************

ഇവിടെയാരുമില്ലേ?

ആരുടെയോ ശബ്ദം കേട്ട് ,മംഗളം വായിച്ച് കൊണ്ടിരുന്ന മേരിക്കുട്ടി, പുറത്തേയ്ക്കിറങ്ങി വന്നു.

കൈയ്യില്ലാത്ത ബനിയനും കള്ളിമുണ്ടുമുടുത്ത് പുറത്ത് നില്ക്കുന്ന ദിവാകരനെ കണ്ട് മേരിക്കുട്ടി അകത്തേയ്ക്ക് വേഗം കയറിപ്പോയി .

അമ്മച്ചീ.. ദേ പുറത്ത് ദിവാകരേട്ടൻ വന്ന് നില്ക്കുന്നു..,

ദിവാകരനാ ?എന്താ കാര്യം ?

ആഹ് എനിക്കറിയാമ്മേലാ.., അമ്മച്ചി ചെന്ന് ചോദിക്ക്

എന്നാ ദിവാകരാ .. എന്നാ കാര്യം?

പുറത്തേയ്ക്ക് വന്ന മാർഗരറ്റ് ആകാംക്ഷയോടെ ചോദിച്ചു.

അതേയ് മത്തായിച്ചനില്ലേ?

അതിയാൻ കടലിൽ പോയേക്കുവാ,, നീ കാര്യമെന്താന്ന് പറ

മാർഗ്ഗരറ്റ് അക്ഷമയോടെ ചോദിച്ചു.

ദാ ഇത് കുറച്ചു കാശാണ് ,മത്തായിച്ചൻ വരുമ്പോൾ കൊടുക്കണം,,

കാശോ? അങ്ങേര് നിൻ്റടുത്ത് കാശ് വല്ലോം കടം ചോദിച്ചാരുന്നോ?

ഹേയ്, എന്നോടൊന്നും ചോദിച്ചില്ല ,പക്ഷേ രണ്ട് ദിവസമായി ഞാൻ അന്തിച്ചെത്തിനായിട്ട് തെങ്ങേൽ കേറാൻ വരുമ്പോൾ, നിങ്ങടെ പുരാണം കേൾക്കുന്നുണ്ടായിരുന്നു , മേരിക്കുട്ടിയുടെ ആവശ്യം ന്യായമാണ് ,അത് നിറവേറ്റിക്കൊടുക്കാൻ നിങ്ങളെ കൊണ്ട് കഴിയാത്തത് കാശില്ലാത്തത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി , മാർഗരറ്റേച്ചിക്ക് ഓർമ്മയില്ലേ?പണ്ടുണ്ടായ കടൽക്ഷോഭം.., അന്നത്തെ ആ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട എനിക്ക് ,കഴിഞ്ഞ ദിവസമാണ് നഷ്ടപരിഹാരം ലഭിച്ചത് , അതിൽ നിന്നും കുറച്ച് തുകയാണിത് ,ഇത് കൊണ്ട് നിങ്ങള് നല്ലൊരു കക്കൂസും കുളിമുറിയും പണിയണം ,അത് പറയാനാണ് ഞാൻ വന്നത്..,,,

അല്ല ദിവാകരാ .. നീ പറഞ്ഞത് സന്തോഷമുള്ള കാര്യം തന്നെ ,പക്ഷേ ഇത്രയും കാശ് ഞങ്ങള് നിനക്കെങ്ങനെ തിരിച്ച് തരും, നിനക്കും വീട്ടില് എന്തെല്ലാം ആവശ്യങ്ങളുണ്ടാവും

ഹ ഹ ഹ, എനിക്കെന്താവശ്യം വരാനാ ചേച്ചീ …എനിക്ക് പ്രിയപ്പെട്ടതും കൂടിയല്ലേ അന്ന് കടലമ്മ കവർന്നോണ്ട് പോയത്? ജീവിച്ചിരുന്നെങ്കിൽ എൻ്റെ സ്നേഹ മോള്, ഇപ്പോൾ മേരിക്കുട്ടീടെ അത്രയുമായേനെ , അവളുടെ സ്ഥാനത്താണ്, ഞാനിവിടുത്തെ മേരിക്കുട്ടിയെ കാണുന്നത് ,അത് കൊണ്ട് ഞാനീ പൈസ എൻ്റെ മകളുടെ ആവശ്യം നടത്താനാണ് തരുന്നത് ,അല്ലാതെ കടമായിട്ടല്ല

ദിവാകരൻ്റെ ആത്മാർത്ഥത കലർന്ന സംസാരം കേട്ട്, മാർഗ്ഗരറ്റിനും , മേരിക്കുട്ടിക്കും കുറ്റബോധവും, ഒപ്പം അയാളോട് അളവറ്റ സ്നേഹവും കടപ്പാടും തോന്നി.

NB :- ഇതൊരു പഴയ കാലഘട്ടത്തിലെ കഥയായി മാത്രമേ വായനക്കാർ സങ്കല്പിക്കാവൂ എന്നപേക്ഷിക്കുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *