ഇമ്മാതിരി സ്വഭാവഗുണങ്ങളൊക്കെയുള്ളതുകൊണ്ട് ഒത്തോണമൊന്നും യെവളെ ആരും വീട്ടിൽ കേറ്റത്തില്ല….

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

വർഷങ്ങൾക്ക് മുൻപൊരു സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് രാവിലെ ഞാൻ കൊച്ചിനെ സ്കൂളിൽ വിടാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.. അവളെ ഗാന്ധിയപ്പൂപ്പന്റെ വേഷം കെട്ടിച്ചോണ്ടിരിക്കുന്നതിനിടയിൽ അയലോക്കക്കാരിയായൊരുത്തി വീട്ടിലേക്ക് തീയും പൊകയും പറപ്പിച്ച് ഓടിക്കേറി വന്നു… ആരാണ്ട് ചത്തോയ കാര്യം പറയാനാരിക്കും ലവളിങ്ങനെ ആറ് അറുപതിൽ കത്തിച്ച് വിട്ട് വരുന്നതെന്ന് ഞാൻ പേടിച്ചു..ചാക്കാലയ്ക്ക് പോകാൻ വേണ്ടി ഞാനും മനസ് കൊണ്ട് തയ്യാറെടുത്തു.. അവള് പാഞ്ഞു വന്നു വീട്ടിൽ കേറി..

“ഓടേ,, എനിക്കൊന്ന് സെറ്റ് സാരി ഉടുപ്പിച്ചു തരാവോ,, സ്കൂളിൽ നന്ദനയുടെ കൂടെ റാലിക്ക് പോവാനാ,, പിള്ളേരുടെ അമ്മമാരും ചെല്ലണോന്ന് പറഞ്ഞു.. എച്ചെമ്മ് പറഞ്ഞു ഞാൻ ഭാരത മാതാവിന്റെ വേഷത്തിൽ ചെല്ലാൻ..

കയ്യിലിരുന്ന ഒരു കെട്ട് മുല്ലപ്പൂ മേശപ്പുറത്തോട്ട് വെച്ചിട്ട് എളിയിൽ കയ്യും കുത്തി നിന്ന് ലവള് കിതച്ചു..

ഞാൻ അവളെയൊന്നു നോക്കി… അയലോക്കക്കാരിയായോണ്ട് പറയുവല്ല..സുന്ദരിയായൊരു പെണ്ണാണ്.. കണ്ണൊക്കെ കാണാൻ പ്രത്യേക ചന്തവാ.. മുട്ടിന് താഴെ വരെ മുടിയുമുണ്ട്..ദിവസവും രണ്ടു നേരം കുളിക്കുന്ന അവളെപ്പോലൊരു പെണ്ണ് നമ്മുടെ അയലോക്കത്ത് വേറെയില്ല.. രാവിലെയും വൈകിട്ടും മുടങ്ങാതെ കുളിക്കും… പക്ഷേ ദേഹത്തിരിക്കുന്ന അഴുക്ക് ഒരു തുള്ളി പോലും ഇളകി പോകാത്തത്ര സൂക്ഷ്മതയോടെയാ പുള്ളിക്കാരിയുടെ കുളി..പല്ല് തേക്കുന്നുണ്ടെന്നൊക്കെ പറയും.. സ്വർണ്ണപ്പല്ലും തോറ്റു പോകുന്നത്ര മഞ്ഞക്കളറാണ് പല്ലിന്.. എത്ര പറഞ്ഞാലും അതൊന്നു തേച്ച് വെളുപ്പിക്കത്തില്ല..അതിനൊത്തു പറഞ്ഞു പണിയിപ്പിച്ച പോലൊള്ള രണ്ട് കൊച്ചുങ്ങളും.. രണ്ടെണ്ണവും തിങ്കൾ മുതൽ അടുത്ത തിങ്കൾ വരെ ഒരേ തുണി തന്നെയിട്ടോളും.. അമ്മച്ചി തുണി കഴുകി ക്ഷീണിക്കേണ്ടെന്നോർത്താരിക്കും..

ഇമ്മാതിരി സ്വഭാവഗുണങ്ങളൊക്കെയുള്ളതുകൊണ്ട് ഒത്തോണമൊന്നും യെവളെ ആരും വീട്ടിൽ കേറ്റത്തില്ല.. നമ്മക്ക് പിന്നെ ആരായാലും മതി എന്നൊരു മനസായതുകൊണ്ട് അവളെപ്പോ വന്നാലും കുത്തിയിരുന്ന് ഇച്ചിരി നൊണയൊക്കെ പറയാറൊണ്ട്..

“ഭാരതമാതാവാകാൻ നിന്നോട് എച്ചെമ്മ് പറഞ്ഞോ..

അവള് പറഞ്ഞത് കേട്ടപ്പോ എനിക്ക് വിശ്വാസം വന്നില്ല… എച്ചെമ്മിന് ഇവളോട് ഇത്ര വൈരാഗ്യം വരാനൊള്ള കാരണമെന്താണെന്നാ മനസിലാവാത്തത്…??

“ടീച്ചറ് പറഞ്ഞയാ,, സമയം പോവുന്ന്.. ഇയാളൊന്ന് ഒരുക്കിത്താ..

അവക്ക് മാതാവാകാൻ മുട്ടി നിക്കുവാണ്…

“നീ പോയി കുളിച്ചിട്ട് സാരിയൊക്കെ എടുത്തോണ്ട് വാ.. ഞാനപ്പോഴത്തേയ്ക്കും പാറൂനെ ഒരുക്കാം… പെട്ടെന്ന് വാ..

മാതാവാകാനൊള്ള ലവളുടെ ആഗ്രഹം ഞാനായിട്ട് ഇല്ലാതാക്കണ്ടല്ലോ…

“ഞാൻ കുളിച്ചയാടെ,, പിന്നെ ഞാനിതേവരെ സാരിയുടുത്തിട്ടില്ല,, ഇയാടെ സാരിയൊന്നു തന്നാ മതി..

കുളിച്ചിട്ട് നിക്കുവാണെന്ന് പറഞ്ഞ കേട്ടപ്പോ ഞാനവളെ അമ്പരന്ന് നോക്കി..വെള്ളം കണ്ടിട്ട് കാലങ്ങളായ മട്ടാണ്..നിന്ന വേഷത്തിൽ ഓടി വന്നേക്കുവാ,,,സാരി ഊപ്പിച്ചണം പോലും…

“സാരിയും ബ്ലൗസും എന്റെ മതിയോ.. അതോ നിക്കറുൾപ്പെടെ എടുക്കണോ..

ഞാൻ അലമാര തൊറന്നു ചോദിച്ചു..ഞങ്ങള് രണ്ട് പേരും ഏകദേശം ഒരേ സൈസാണ്..

“സാരീം ഉടുപ്പും മതീടെ.. ബാക്കിയൊക്കെ ഒണ്ട്..

അവളെന്നെ ആശ്വസിപ്പിച്ചു.. അത്രേം സമാധാനം..

“നീ ആ കുളിമുറീലോട്ട് കേറി ഒന്നൂടെ കുളിച്ചിട്ട് വാ.. കാലിലെ നഖമൊക്കെ ചൊവ്വേ തേച്ച് കഴുകണം.. വീറും വൃത്തീമൊന്നുമില്ലെങ്കിൽ ആൾക്കാര് ആക്ഷേപിക്കും..

അവള് വീണ്ടും കുളിക്കാൻ പോയി.. ഞാൻ സാരിയെടുത്ത് തേയ്ക്കാനും..

കുളിയൊക്കെ കഴിഞ്ഞു വന്നപ്പോ ഞാനാ കാലേലോട്ട് നോക്കി.. നഖത്തിലെ അഴുക്ക് അതേപോലൊണ്ട്.. ഞാനാ പടയെയും വിളിച്ചോണ്ട് പോയി അവള്ടെ കാല്‌ തേച്ചു കഴുകി വെളുപ്പിച്ചു… കാല്‌ വെളുത്തപ്പോ അവക്ക് വലിയ അതിശയം..

“സമയം പോന്നമ്മച്യേ…

വടീം കുത്തിപ്പിടിച്ചു നിക്കുന്ന ഗാന്ധിജിയ്ക്ക് വെപ്രാളം..

“ഇപ്പൊ പോവാം മക്കളേ..

ഗാന്ധിജിയെ ആശ്വസിപ്പിച്ചിട്ട്ഭാ രതമാതാവിനെക്കൊണ്ട് ഞാൻ പാവാട ഉടുപ്പിച്ചു.. സ്വന്തമായി സാരിയുടുക്കും എന്നൊള്ളതല്ലാതെ വേറെയാർക്കും സാരിയുടുത്ത് കൊടുത്ത് അന്നുവരെ ശീലമില്ല.. ഇത് എങ്ങോട്ട് എവിടെ കുത്തണമെന്നൊക്കെ ആകെക്കൂടി ആധി..”നീയെന്തോ വേണേലും ചെയ്തോ,, ഞാനിങ്ങനെ നിന്ന് തരും ” എന്നൊരു ഭാവമാണ് ലവക്കടെ മൊഖത്ത്…

വല്ല വിധേനയും സാരി ഉടുപ്പിച്ചു തീർത്തു… കമ്മലും മാലയുമൊക്കെയിട്ടപ്പോ പെണ്ണ് ഒരുപാട് സുന്ദരിയായി.. സമയം പോകുന്ന്..ഇനി മുടീം കെട്ടി പൂവും വെച്ചാൽ മതി…

ഞാനവളുടെ കാർകൂന്തൽ അഴിച്ചിട്ടു,, ആര് കണ്ടാലും കണ്ണ് വെയ്ക്കുന്നത്ര തിങ്ങി ഞെരുങ്ങി മുട്ടൊപ്പം വളർന്ന് കിടക്കുന്ന കറുകറുത്ത മുടി..

ചീപ്പെടുത്തു മുടിയിലേയ്ക്ക് വെച്ച് ചീപ്പാൻ തുടങ്ങിയതും…

ചീപ്പും മുടിയും കൂടെ സെറ്റായി.. രാവിലെയും വൈകുന്നേരവും കുളിയ്ക്കുമെങ്കിലും മുടിയിലെ ഒടക്കൊന്നും അവളെടുത്ത് കളയത്തില്ല.. അങ്ങനെയുള്ളിടത്തോട്ടാ ഞാനാ ചീപ്പ് വലിച്ചു കേറ്റിയത്.. മുടി അടങ്ങിയിരിക്കുവോ..

ഞാനെന്തൊക്കെ ചെയ്തിട്ടും ചീപ്പിൽ കുരുങ്ങിയ മുടി എളകി വരുന്നില്ലെടെ.. മുടിയിലിട്ട് വലിച്ചും പറിച്ചും ഞാനങ്ങു ക്ഷീണിച്ചു..

“എടിയേ,, ചീപ്പ് എറങ്ങി വരുന്നില്ല.. എന്തോ ചെയ്യും…അത്രേം മുടിയങ്ങ് കണ്ടിക്കട്ടെ..

ഞാൻ പയ്യെ ചോയ്ച്ചു..

“എനിക്കറിഞ്ഞൂടാ..

കലിപൂണ്ട ഭാരതമാതാവ് എടുത്തടിച്ചത് പോലെ പറഞ്ഞു..

ഞാൻ കത്രികയെടുത്ത് ചീപ്പിനെ കെട്ടിപ്പിടിച്ചിരുന്ന മുടി വെട്ടി മാറ്റി… കുറ്റിമുടിയെല്ലാം കൂടെ ഉച്ചിയിൽ ഷോക്കടിച്ചപോലെ എഴുന്നേറ്റ് നിക്കുവാ.. മഹാ ഭാഗ്യത്തിന് ലവളത് വരെ കണ്ണാടി നോക്കിയില്ല… അപ്പുറോം ഇപ്പൊറോമൊള്ള മുടിയൊക്കെ ചേർത്ത് വെച്ച് കുറ്റിമുടിയെയൊക്കെ ഞാനകത്താക്കി ഒരു വിധം പൂവും ചൂടി റെഡിയാക്കിയെടുത്ത്..

“പെട്ടെന്നാട്ട് കൊച്ചേ,, സമയം പോന്നു..

കൊച്ചിന്റെ മേക്കപ്പ് ബോക്സെടുത്ത് അവളെ ഒരുക്കുമ്പോ അവക്കങ്ങു വെപ്രാളം.. അവള് ചെല്ലുന്നേനു മുമ്പ് റാലി പോയാലോന്നാ…പറച്ചില് കേട്ടാ തോന്നും മണിക്കൂറിന് രണ്ടായിരം രൂവാ അവളെനിക്ക് ശമ്പളം തരുന്നൊണ്ടെന്ന്…

ഭാരതമാതാവും ഗാന്ധിജിയും ചെല്ലാതെ ഒറ്റയൊരെണ്ണം അവിടുന്ന് ചലിക്കില്ലെന്ന് ഞാനവൾക്ക് ഉറപ്പ് കൊടുത്തു..

ഒരുക്കി തീർന്ന് കണ്ണാടിയെടുത്ത് ഞാനാ മുഖത്തോട്ട് പിടിച്ചു.. അവളുടെ മുഖത്ത് നല്ലൊരു ചിരി വിരിഞ്ഞു..പൂവും ചുവന്ന പൊട്ടുമൊക്കെയിട്ടപ്പോ കാണാൻ എന്താ ചന്തം.. ഇടയ്ക്കൊന്നും വാ തുറന്ന് ആ സ്വർണ്ണപ്പല്ല് ആരെയും കാണിക്കാതിരുന്നാൽ ബാക്കിയെല്ലാം ഓകെയാണ്..

റാലി ഓരോ ജംഗ്ഷനിൽ ചെല്ലുമ്പോളും മാതാവ് നിക്കണ്ടത് എങ്ങനെ യൊക്കെയാണെന്ന് ഞാനവൾക്ക് കാണിച്ചു കൊടുത്ത്.. അതേപോലെ ചെയ്തോളാമെന്ന് അവള് ഏറ്റു..

ഗാന്ധിജിയെ വടിയുൾപ്പെടെ എളിയിൽ തട്ടി ഞാനും മറ്റേ ലവളും കൂടെ സ്കൂളിലേയ്ക്കോടി.. ചെരുപ്പിടാഞ്ഞ കാരണം ഓട്ടത്തിന്റെ ഊക്കിൽ മാതാവിന്റെ കാലിലൊരു മുള്ള് കേറി.. ഗാന്ധിജിയെ തല്ക്കാലം തറയിലോട്ടിട്ട് ഞാൻ മുള്ളെടുത്തു കൊടുത്തു..

ഞങ്ങള് സ്കൂളിലോട്ട് ഇറങ്ങുന്ന വഴീടടുത്ത് ചെന്നപ്പോ ഒരൊറ്റ കുഞ്ഞ് പോലും വന്നിട്ടില്ല..

“സമയം പോയെന്നും പറഞ്ഞു നീയെന്തൊരു വെപ്രാളമാരുന്നു…ആരും വന്നിട്ടില്ല..ഇച്ചിരീം കൂടെ ഒരുങ്ങീട്ട് വന്നാ മതിയാരുന്നു..

ഞാൻ ഇച്ഛാഭംഗത്തോടെ പറഞ്ഞു. അവക്കടെ മുഖത്തും അങ്ങനൊരു ഭാവം..

“ഇയാളിവിടെ നിക്കടെ,, ഞാൻ വീട്ടീ പോയി നന്ദനയെയും നന്ദുവിനെയും വിളിച്ചോണ്ട് വരാം..

അവള് അവള്ടെ കൊച്ചുങ്ങളെ വിളിക്കാനങ്ങോട്ട് തിരിഞ്ഞപ്പോ ദാണ്ടെടെ സ്കൂളിൽ നിന്ന് പോയ റാലി തിരിച്ചു വരുന്നു..ഭാരതമാതാവും ഗാന്ധിജിയും റാലി വരുന്നത് കണ്ട് അന്തംവിട്ട് നോക്കി നിക്കുവാ..

മാതാവ് റാലിയെ നോക്കി.. എന്നിട്ട് എന്നെയും…

ഒക്കത്തിരുന്ന ഗാന്ധിജി തറയിലേക്കൂർന്നിറങ്ങി.. തറയിൽ കിടന്നുരുണ്ട് ലോകം പൊട്ടുന്ന പോലെ കരയുവാ.. റാലിക്ക് പോകാനൊക്കാത്തതിന്റെ സങ്കടം..എടുക്കാനാഞ്ഞ എന്നെ കയ്യിലിരുന്ന വടിവെച്ച് രണ്ടടിയും അടിച്ചു…

“എന്താ രണ്ടുപേരും താമസിച്ചേ,, എന്തായാലും അടിപൊളിയായി വന്നല്ലോ,, സന്ധ്യേ വാ,, വന്ന് കുട്ടികൾക്ക് പായസം വിളമ്പിക്കൊടുക്ക്..മഞ്ജിമേടെ അമ്മേം വാ,, വന്ന് പായസം കഴിച്ചിട്ട് പോവാം..

എച്ചെമ്മ് വന്ന് സ്നേഹത്തോടെ മാതാവിന്റെ കയ്യിൽ പിടിച്ചു വിളിച്ചു.. മാതാവ് എന്നെയൊന്നു നോക്കിയിട്ട് പായസം വിളമ്പാൻ സ്കൂളിലോട്ടിറങ്ങിപ്പോയി… കരയുന്ന ഗാന്ധിജിയെയും തൂക്കിയെടുത്ത് വടിയും കുത്തിപ്പിടിച്ചു ഞാനും സ്കൂളിലോട്ടിറങ്ങി..

പരിപാടി ഒക്കെ കഴിഞ്ഞപ്പോ ഗാന്ധിജിയുടെ കയ്യിൽ പിടിച്ചോണ്ട് ജംഗ്ഷൻ വരെ ഒന്ന് കറങ്ങി വന്നപ്പോ പുള്ളിക്കാരിയുടെ പിണക്കം മാറി..

പക്ഷേ കൊല്ലം ഇത്രേം കഴിഞ്ഞിട്ടും ഭാരതമാതാവിന്റെ പിണക്കം മാറീട്ടില്ല.. അന്ന് കൊണ്ട് പോയ സെറ്റ് സാരിയും തിരിച്ചു കിട്ടീട്ടില്ല…

അടുത്ത കൊല്ലമെങ്കിലും അവളെന്നോട് മിണ്ടിയാ മതിയാരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *