ഉപ്പയുടെ ബിസിനസൊക്കെ പൊട്ടിപൊളിഞ്ഞ് സ്വന്തം വീട്ടിൽ ഒരു പട്ടിയുടെ വിലപോലും ഇല്ലാതിരുന്ന സമയത്ത് ഉമ്മയുടെ തറവാട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഉപ്പയുടെ വീട്ടിൽ എല്ലാവരും…..

Story written by Shaan Kabeer

“എനിക്കൊരു ദോശ കൂടി തരോ വല്ലിമ്മാ”

ഏഴ് വയസുള്ള ഷാനിന്റെ കണ്ണിറുക്കി ചിരിച്ചോണ്ടുള്ള ചോദ്യം കേട്ടപ്പോൾ ഉമ്മ അവനെ നോക്കി കണ്ണുരുട്ടി കാണിച്ച് പതുക്കെ പറഞ്ഞു

“ഇത് നമ്മുടെ വീടല്ല… അത്ര തിന്നാൽ മതി”

ഉമ്മയെ നോക്കി തലയാട്ടി കഴിച്ച പ്ലേറ്റും കയ്യിൽ പിടിച്ച് എഴുന്നേൽക്കാൻ ഒരുങ്ങിയ ഷാനിനെ അവിടെ പിടിച്ചിരുത്തി വല്ലിമ്മ ഉമ്മയെ തറപ്പിച്ചൊന്ന് നോക്കി

“അതെന്താടീ നീ അങ്ങനെ പറയുന്നേ…? ഇത് അവന്റേം കൂടെ വീടല്ലേ… കുട്ട്യേള് തിന്നാൻ ഇരിക്കുന്നിടത്തണോ ഇങ്ങനത്തെ വർത്താനം ഒക്കെ പറയാ…? പൊയ്ക്കോ അവിടുന്ന്”

വല്ലിമ്മ ഷാനിനെ വാത്സല്യത്തോടെ നോക്കി തലയിൽ തലോടി

“ന്റെ കുട്ടി എത്ര ദോശ വേണേലും തിന്നോ ട്ടോ… ഈ പാത്രത്തിലുള്ളത് മുഴുവൻ തിന്നോ. ഇത് തീർന്നാൽ വല്ലിമ്മ വേറെ ഉണ്ടാക്കികോണ്ട്”

ഷാൻ സന്തോഷത്തോടെ വല്ലിമ്മയെ നോക്കി വീണ്ടും രണ്ട് ദോശ കൂടി കഴിച്ചു…

ഉപ്പയുടെ ബിസിനസൊക്കെ പൊട്ടിപൊളിഞ്ഞ് സ്വന്തം വീട്ടിൽ ഒരു പട്ടിയുടെ വിലപോലും ഇല്ലാതിരുന്ന സമയത്ത് ഉമ്മയുടെ തറവാട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഉപ്പയുടെ വീട്ടിൽ എല്ലാവരും ബിസിനസുകാരാണ്. വല്ലിപ്പയുടെ ബിസിനസ്‌ നോക്കി നടത്തുന്നത് മൂന്ന് ആൺമക്കളും കൂടിയാണ്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബമാണ്.

ജീവിതം വളരേ ആർഭാടമായി മുന്നോട്ട് പൊയ്‌കൊണ്ടിരിക്കുമ്പോഴാണ് ഷാനിന്റെ ഉപ്പയും കുറച്ച് സുഹൃത്തുക്കളും ചേർന്ന് പുതിയൊരു ബിസിനസ്‌ ആരംഭിക്കുന്നത്. ഒരുപാട് കാശ് ചിലവുള്ള വലിയൊരു ബിസിനസായിരുന്നു അത്. ഉമ്മ ആകുംപോലെ ഉപ്പയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വല്ലിപ്പയെ ധിക്കരിച്ച് ഒറ്റക്ക് ബിസിനസ്‌ തുടങ്ങിയ ഉപ്പയെ ഏട്ടന്മാർ ദേഷ്യത്തോടെ കണ്ടു. ആ ബിസിനസ്‌ എട്ട് നിലയിൽ പൊട്ടുക കൂടി ചെയ്തപ്പോൾ ആ കൂട്ടുകുടുംബത്തിൽ അവർ ശരിക്കും ഒറ്റപ്പെട്ടു. ഭക്ഷണത്തിന് പോലും കണക്ക് പറയുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ. തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രശ്നങ്ങളായി പിന്നീട്.

കുട്ടികൾ തമ്മിൽ വരെ കാശുള്ള വാപ്പാന്റെ മക്കളും കാശില്ലാത്ത വാപ്പാന്റെ മക്കളും എന്ന ചേരി തിരിവായി. ഉപ്പാക്ക് ഓഹരി കിട്ടിയ സ്ഥലത്ത് വീട് പണി നടക്കുന്നുണ്ടായിരുന്നു. ബിസിനസ്‌ പൊളിഞ്ഞപ്പോൾ തൊണ്ണൂറ് ശതമാനം പൂർത്തിയായ വീട് പണി അവിടെ നിന്നു. കടം കയറിയ ഉപ്പാനെ സഹായിക്കാൻ ആരും തയ്യാറായില്ല. അഹങ്കാരി അനുഭവിക്കട്ടെ എന്ന് പറഞ്ഞ് സ്വന്തവും ബന്ധവുമെല്ലാം കയ്യൊഴിഞ്ഞു.

ഉമ്മയുടെ ഉപ്പ സർക്കാർ ഉദ്യോഗസ്ഥനാണ്. നാട്ടിൽ ഒരുപാട് ബഹുമാനിക്കപ്പെടുന്ന മനുഷ്യൻ. ഒരുപാട് വൈകിയാണ് വല്ലിപ്പ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയുന്നത്. അന്നുതന്നെ വല്ലിപ്പ ഉമ്മയേയും ഉപ്പാനേയും ഷാനിനേയും രണ്ട് സഹോദരങ്ങളേയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

കുറച്ചുകാലം അവർ താമസിച്ചത് അവിടെയായിരുന്നു. അച്ചി വീട്ടിൽ താമസിക്കുന്നവൻ എന്ന പേര് കേട്ട് ഉപ്പ കാശുകാരായ പല കുടുംബക്കാരുടേയും പരിഹാസങ്ങൾക്ക് മുന്നിൽ തല താഴ്ത്തി നിൽക്കുന്നത് ഷാൻ പലപ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷേ, എന്റെ ഉപ്പ മാസായിരുന്നു. ഉമ്മ തന്റെ കയ്യിലുള്ള നാൽപത്തിരണ്ട് പവൻ സ്വർണം ഊരിക്കൊടുത്ത് ഉപ്പാക്ക് നേരെ നീട്ടിയെങ്കിലും അഭിമാനിയായിരുന്ന ഉപ്പ അത് മേടിച്ചില്ല. നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ എന്ന് പറഞ്ഞ് ഉമ്മ ഒരുപാട് നിർബന്ധിച്ചപ്പോൾ ഉപ്പ ആ സ്വർണം വിറ്റിട്ട് ഒരു ബിസിനസ്‌ കൂടി തുടങ്ങി. ഇന്ന് എന്റെ ഉപ്പയുടെ സ്റ്റാഫുകളാണ് അന്ന് കളിയാക്കിയ പലരുടേയും മക്കൾ…

ജീവിതത്തിൽ ഒറ്റപ്പെട്ട് പോയപ്പോൾ സ്വന്തം ഉമ്മയെപ്പോലെ ചേർത്ത് പിടിച്ച എന്റെ വല്ലിമ്മാ… ഇങ്ങളെ കുറിച്ച് എഴുതി തുടങ്ങിയപ്പോൾ എനിക്കെന്റെ ചരിത്രം തന്നെ എഴുതേണ്ടി വന്നു. അറിയില്ല വല്ലിമ്മ ഇങ്ങളെ കുറിച്ച് എഴുതാൻ…

സിനോ… ഒരുകിലോ റോബസ്റ്റാ പഴവും കുറച്ച് കക്കരിക്കയും വാങ്ങോണ്ടി നീ ഈ വഴിക്ക് വരുമ്പോൾ…

അന്റെ ഈ ദേഷ്യം നല്ലതിനല്ല ട്ടോ…

ന്റെ കുട്ടിക്ക് ആര് ഇല്ലേലും ഈ വല്ലിമ്മയുണ്ട്…

നിസ്കരിക്കാതെ ഈ പെരേൽ കയറിയാൽ അന്റെ കാല് ഞാൻ തല്ലി പൊളിക്കും, നിരീശ്വരവാദിയൊക്കെ അന്റെ പെരേല്…

കാര്യം അനക്ക് പടച്ചോനെ പേടിയില്ലെങ്കിലും, എനിക്കെന്റെ പേരക്കുട്ടികളിൽ അന്നെയാണ് കൂടുതൽ ഇഷ്ടം…

എന്റെ വല്ലിമ്മ ഇന്ന് മരണപ്പെട്ടു.

ഞാൻ നാട്ടിലില്ല ഇപ്പോൾ, ചില ബിസിനസ്‌ ആവശ്യങ്ങൾക്ക് വേണ്ടി വന്നതാണ്. അവസാനമായി വല്ലിമ്മയെ കണ്ടത് ഞാൻ ഇങ്ങോട്ട് വരുന്ന അന്നാണ്… കെട്ടിപിടിച്ച് ഉമ്മവെച്ച് എന്റെ വല്ലിമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ഒരിക്കലും കരുതിയില്ലായിരുന്നു…, തിരിച്ച് ചെല്ലുമ്പോൾ എന്റെ വല്ലിമ്മ ഇരുന്നിരുന്ന കോലായിയിലെ സോഫ ശൂന്യമായിരിക്കുമെന്ന്…

2022 ലെ എന്റെ നികത്താനാവാത്ത നഷ്ടമാണ് എന്റെ വല്ലിമ്മ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *