ഉമ്മയുടെ ഉപ്പ മരിക്കുന്നതിന് മുന്നേ ആ വീടും സ്ഥലവും ഷബ്‌നയുടെ പേരിൽ എഴുതി കൊടുക്കും എന്ന് പറഞ്ഞിരുന്നു. പക്ഷേ അപ്രതീക്ഷിതമായുള്ള വല്ലിപ്പയുടെ മരണം കാരണം വീടും…..

Story written by Shaan Kabeer

“ഇക്കാ, ഇങ്ങൾക്ക് ഏതെങ്കിലും കൊട്ടേഷൻ ടീമിനെ പരിജയമുണ്ടോ…?”

നേരം വെളുക്കുമ്പോൾ തന്നെ ഷബ്‌നയുടെ മെസ്സേജ് കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി

“എന്തുപറ്റിയടീ”

എന്റെ മെസ്സേജ് കണ്ടപ്പോൾ അപ്പോൾ തന്നെ അവളെന്നെ വീഡിയോ കോളിൽ വിളിച്ചു. പക്ഷേ, ഞാൻ പുറത്തായത് കൊണ്ട് വീഡിയോ കോൾ കട്ട് ചെയ്ത് ഞാൻ ഓഡിയോ കോൾ ചെയ്തു.

“ഇതെന്താ വീഡിയോ കോളൊക്കെ എന്തുപറ്റി നിനക്ക്…?”

എന്റെ ചോദ്യത്തിനുള്ള അവളുടെ ഉത്തരം കരഞ്ഞോണ്ടായിരുന്നു

“എന്നേം ഉമ്മാനേയും തല്ലാണ് ഇക്കാ. അത് കാണിക്കാനാ വീഡിയോ കോൾ ചെയ്തേ”

“ആര്…?”

“കാർണോർ (ഉമ്മയുടെ സഹോദരൻ)

“അയാൾ കു ടിച്ചിട്ടുണ്ടോ…?”

“ആ ഇക്കാ നല്ലോണം കു ടിച്ചിട്ടുണ്ട്”

“നീ ഹസിനെ വിളിച്ചില്ലേ…?”

“ഇക്കാനെ വിളിച്ചിട്ട് എടുക്കുന്നില്ല. ഉറങ്ങാവും”

അവളുടെ ഭർത്താവ് ഗൾഫിലാണ്. ഒരു വീട് എന്ന സ്വപ്നവുമായി തന്റെ ഭാര്യയേയും കുട്ടിയേയും വിട്ട് പ്രവാസലോകത്തേക്ക് പോയതാണ് ആ പാവം. ഷബ്‌ന എന്റെ അടുത്ത സുഹൃത്താണ്. എന്റെ കുടുംബവുമായും നല്ല ബന്ധമാണ് അവൾക്ക്. അവളുടെ താമസം ഉമ്മയുടെ തറവാട്ടിലാണ്. ഉപ്പ ചെറുപ്പത്തിലേ മറ്റൊരു പെണ്ണിനേയും കെട്ടി മൂട്ടിലെ പൊടിയും തട്ടിപ്പോയി. ഉമ്മയാണ് അവളെ പഠിപ്പിച്ചതും വളർത്തിയതുമെല്ലാം. കണ്ണൂരുകാർ ആയതോണ്ട് തന്നെ അവളുടെ ഭർത്താവും അവിടെയാണ് താമസിക്കുന്നത്. കണ്ണൂരിലെ ചില പ്രദേശത്തൊക്കെ ഭാര്യയുടെ വീട്ടിലാണ് ഭർത്താക്കന്മാർ താമസിക്കാറ്. കണ്ണൂർ എല്ലായിടത്തും അങ്ങനെയാണോ എന്നെനിക്കറിയില്ല.

ഉമ്മയുടെ ഉപ്പ മരിക്കുന്നതിന് മുന്നേ ആ വീടും സ്ഥലവും ഷബ്‌നയുടെ പേരിൽ എഴുതി കൊടുക്കും എന്ന് പറഞ്ഞിരുന്നു. പക്ഷേ അപ്രതീക്ഷിതമായുള്ള വല്ലിപ്പയുടെ മരണം കാരണം വീടും സ്ഥലവും അവളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. പിന്നെ അറിയാലോ എന്താ സംഭവിച്ചിട്ടുണ്ടാവുക എന്ന്…? ഉമ്മയുടെ ആങ്ങളമാർ വാക്ക് മാറി. ഉപ്പ അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല എന്നവർ തീർത്ത് പറഞ്ഞു. സത്യം പറഞ്ഞാൽ ഷബ്‌നയുടെ വിവാഹം പോലും നടത്തിയത് ആ വീട് കിട്ടും എന്ന പ്രതീക്ഷയിലാണ്. കല്യാണം കഴിയുന്നത് വരെ മിണ്ടാതിരുന്ന ഉമ്മയുടെ സഹോദരന്മാർ മെല്ലെമെല്ലെ തനി സ്വഭാവം പുറത്തെടുക്കാൻ തുടങ്ങി.

അമ്മാവന്മാർ എല്ലാവരും നല്ല സാമ്പത്തിക അടിത്തറയുള്ളവർ ആയിരുന്നു. പക്ഷേ, ആ വീടും സ്ഥലവും പെങ്ങളുടെ മോളുടെ പേരിൽ എഴുതി കൊടുക്കാൻ അവർ ദയ കാണിച്ചില്ല. ഒടുവിൽ എല്ലവരുടേയും ഷെയർ താൻ നൽകാം എന്ന് അവൾ പറഞ്ഞുനോക്കി. കയ്യിൽ കാശ് ഉണ്ടായിട്ടല്ല, കടം മേടിച്ചും കയ്യിൽ ആകെ ഉണ്ടായിരുന്ന സ്വർണം വിറ്റിറ്റാണേലും സ്വന്തമായി ഒരു വീട് എന്നത് അവളുടെ ഒരു സ്വപ്നമായിരുന്നു. പക്ഷേ, ഷെയർ കൊടുക്കാം എന്ന് അവൾ പറഞ്ഞപ്പോൾ അമ്മാവന്മാർക്കും അവരുടെ ഭാര്യമാർക്കും നാട്ട് നടപ്പുള്ള വിലയൊന്നും കിട്ടിയാൽ പോരാ, മോഹവിലയാണ് അവർ അവളോട് ചോദിച്ചത്. അമ്മാവന്മാരുടെ ഈ ദയയില്ലായ്മ കണ്ട് സഹികെട്ട് അവൾ തന്റെ ഷെയർ തന്നാൽ ഞാനും ഉമ്മയും കൂടെ എവിടെയെങ്കിലും പോയിച്ചോളാം എന്ന് പറഞ്ഞുനോക്കി. ഷെയർ കൊടുക്കാൻ അവർ തയ്യാറല്ലായിരുന്നു. ഞങ്ങൾക്ക് ഇപ്പൊ ഒരു വീടിന്റെ ആവശ്യമില്ല എന്നായിരുന്നു അവരുടെ മറുപടി.

അങ്ങനെ വാടകവീട്ടിലേക്ക് മാറാനുള്ള സാഹചര്യം ഇല്ലാത്തോണ്ട് അവളും ഉമ്മയും കുട്ടിയും നിരന്തര മ ദ്യപാനിയും സർവോപരി വൃത്തികെട്ടവനുമായ ഇളയ അമ്മാവനോടൊപ്പം ആ വീട്ടിൽ താമസം തുടങ്ങി. അയാളെ പേടിച്ച് ചില ദിവസങ്ങളിൽ ഇവളും കുട്ടിയും റൂമിന് പുറത്ത് പോലും ഇറങ്ങാറില്ല. വായ തുറന്നാൽ പച്ച തെ റി മാത്രം പറയുന്ന ഈ മലരനെ ഭാര്യ പണ്ടേ ഉപേക്ഷിച്ച് പോയതാണ്. മ ദ്യം തലക്ക് പിടിച്ചാൽ പിന്നെ ആ വീട്ടിൽ ലഹളയാണ്. ശബ്‌നയേയും ഉമ്മയേയും മർദിക്കലും തെറി വിളിക്കലും പതിവായിരുന്നു.

ഇന്നും അടികൊണ്ട് തളർന്നിട്ടാണ് ആ പാവം എനിക്ക് മെസ്സേജ് അയച്ചത്. അതിന് ചോദിക്കാനും പറയാനുമൊന്നും ആരുമില്ല. ഉള്ള ഭർത്താവ് ആണേൽ ഗൾഫിലും. ഞാൻ അവളോട് മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി കൊടുത്ത് ഹാജരാവാൻ പറഞ്ഞു. എനിക്ക് അറിയാവുന്ന നിയമോപദേശങ്ങൾ നൽകി. ഇന്ന് ഞാറാഴ്ച ആയോണ്ട് മജിസ്‌ട്രേറ്റ് ഉണ്ടാവോ എന്ന് സംശയം വന്നപ്പോൾ ഞാൻ അവളോടും ഉമ്മയോടും പോലീസ് സ്റ്റേഷനിൽ പോയി കേസ് രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. അവൾ പോലീസ് സ്റ്റേഷനിൽ പോയി എന്നെ വിളിച്ചു

“ഇക്കാ, കേസൊക്കെ വേണോ…? ഒന്ന് പേടിപ്പിച്ചാൽ പോരെ…? അടുത്ത പ്രാവശ്യം ഇതേപോലെ ഉണ്ടായാൽ കേസ് കൊടുക്കാം…”

ഒരു നൂറുതവണ ആ പേപ്പിടിച്ചവന്റെ കയ്യിന്റെ ശക്തിയും നാവിന്റെ അശ്ലീലവും അറിഞ്ഞവളാണ് ഈ പറയുന്നത്… ഈപ്രാവശ്യം കൂടെ ക്ഷമിക്കാം, ഒന്ന് പേടിപ്പിച്ചാൽ പോരെ എന്ന്…

ഈയൊരു ധൈര്യമാണ് ഇവനെപ്പോലുള്ള മര മലരുകൾ വീണ്ടും വീണ്ടും തെമ്മാടിത്തരം കാണിച്ച് കൂട്ടാനുള്ള പ്രധാന കാരണം. താൻ എന്ത് ചെയ്താലും അവര് ക്ഷമിച്ചോളും എന്ന തോന്നലാണ് ഇവന്റെയൊക്കെ ക ഴപ്പിന് ആക്കം കൂട്ടുന്നത്. അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ അവൾ എന്നെ എന്ത് ചെയ്യാനാ എന്ന ദാർഷ്ട്യമാണ് ഇവന്റെയൊക്കെ ധൈര്യം.

കേസ് കൊടുക്കേണ്ട എന്ന് തീരുമാനിച്ചപ്പോൾ ഞാൻ അവളോട് ഒന്നേ പറഞ്ഞൊള്ളൂ

“നിന്റെ മകൾ വളരുകയാണ്… നാളെ അവളേയും ഈ ചെന്നായ ആക്രമിക്കാം. ഇന്ന് നീ ക്ഷമിച്ചാൽ നാളെ നീ കരയേണ്ടുവരും… തനിക്കോ കുടുംബത്തിനോ എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ സിനിമയിൽ കാണുന്നപോലെ കൊട്ടേഷൻ സംഘത്തെയല്ല തേടി പോകേണ്ടത്, നമുക്കൊരു നിയമ വ്യവസ്ഥയുണ്ട്. സത്യത്തിന് വേണ്ടി പോയവരാരും അവിടെ തോറ്റിട്ടില്ല. എല്ലാ പോലീസുകാരും കോടതികളും മോശക്കാരല്ല. കുറച്ച് പേർ ചെയുന്ന തെറ്റിന് നമ്മുടെ നിയമ വ്യവസ്ഥയെ മൊത്തത്തിൽ തള്ളിപ്പറയുന്നത് ശരിയല്ല. ഒരു പണിയുമില്ലാതെ ഫേസ്ബുക്കിൽ രാഷ്ട്രീയ പോര് നടത്തി നമ്മുടെ നാട്ടിലെ നിയമത്തേയും പോലീസുകാരേയും തെറിവിളിച്ച് നടക്കുന്നവരും എന്തെങ്കിലും ആവശ്യം വന്നാൽ ഓടി പോകുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. അല്ലാതെ അവന്റെയൊന്നും പാർട്ടി ഓഫിസുകളിലേക്കല്ല. നിന്റെ മനസ്സിൽ നന്മയുണ്ടെങ്കിൽ നീ ജയിക്കും”

കുറച്ച് മുന്നേ അവൾ വിളിച്ചിരുന്നു

“കേസ് രജിസ്റ്റർ ചെയ്തു ഇക്കാ…”

ഇനി അവരുടെ വരവാണ്…

പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടും തിരിഞ്ഞ് നോക്കാതെ കണ്ട് രസിച്ചവർ… ഒരു പെണ്ണിനെ വായറക്കുന്ന തെ റി വിളിച്ചിട്ടും മൗനം പാലിച്ചവർ… “കുടുംബക്കാർ”

“അല്ലേലും ഷബ്‌നക്ക് ഇച്ചിരി തണ്ട് കൂടുതലാണ്, അവൾ ആരാന്നാ അവളെ വിചാരം. അവളൊരു പെണ്ണല്ലേ…? അവൾക്കൊന്ന് ഒതുങ്ങി നിന്നൂടെ… വയസ്സിന് മൂത്തവരെ ബഹുമാനിക്കാൻ അറിയാത്ത സാധനം”

കോമ്പ്രമൈസ് ശ്രമം പരാജയപ്പെട്ടാൽ ഷബ്‌ന ആയിരിക്കും ആ നാട്ടിലെ ഏറ്റവും വലിയ മോശക്കാരി… പിന്നെ അവൾ ചെയ്യാത്ത തെറ്റൊന്നും ഉണ്ടാവില്ല…

*************

Related Posts

Leave a Reply

Your email address will not be published. Required fields are marked *