ഉമ്മ ഉപ്പാന്റെ അ വിഹിതം വല്ലോം കയ്യോടെ പിടിച്ചോ…? സത്യം പറ ഉമ്മ, എന്താണ്‌ നിങ്ങൾക്കിടയിൽ പ്രശ്നം…….

Story written by Shaan Kabeer

“ഉമ്മ ഉപ്പാന്റെ അ വിഹിതം വല്ലോം കയ്യോടെ പിടിച്ചോ…? സത്യം പറ ഉമ്മ, എന്താണ്‌ നിങ്ങൾക്കിടയിൽ പ്രശ്നം…?”

നേരം വെളുക്കുമ്പോൾ തന്നെ ഫോൺ വിളിച്ച് ഷാനിന്റെ പറച്ചിൽ കേട്ടപ്പോൾ ഉമ്മാക്ക് കലി കയറി

“നീയൊന്ന് വെച്ചിട്ട് പോയേ ഷാനേ, അവന് വായ തുറന്നാൽ അ വിഹിതത്തെ കുറിച്ച് മാത്രേ പറയാൻ അറിയൂ”

ഇതും പറഞ്ഞ് ദേഷ്യത്തിൽ ഉമ്മ ഫോൺ വെച്ചു. ഷാൻ അങ്ങനെ ചിന്തിച്ചതിൽ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. കാരണം, വാപ്പാക്ക് ഷാനിനെ കണ്ണെടുത്താൽ കണ്ടൂടാ. അവനൊരു മുടിയനായ പുത്രനാണ് എന്ന് അവസരം കിട്ടുമ്പോഴൊക്കെ പറയാറുള്ള ഉപ്പ ഇന്നലെ വിളിച്ചിട്ട് ഷാനിനോട് പറയാ

“ന്റെ കുട്ടിക്ക് സുഖല്ലേ…? എന്താണ്‌ അറിയില്ല മോനേ, ഒരാഴ്ച്ച എനിക്ക് നിന്റെ കൂടെ വന്ന് നിക്കാൻ ഒരു ആഗ്രഹം. നീ അവിടെ തിരക്കൊന്നും അല്ലല്ലോ അല്ലേ…?”

ഉപ്പാന്റെ വായിൽ നിന്നും ഇത്രേം സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ടതായി ഷാനിന്റെ ഓർമയിലില്ല

“എന്റെ ഉപ്പാ, ഇങ്ങള് വരുമ്പോൾ എനിക്കെന്ത് തിരക്ക്. ഇങ്ങള് വരീ, നമുക്കിവിടെ പൊളിക്കാം”

നാട്ടിലെ പേരുകേട്ട തറവാട്ടുകാരനും ഒരുപാട് പറമ്പും ബിസിനസ്സും പൂത്ത കാശുമൊക്കെയുള്ള ഈ ഉപ്പയുടെ മകനായിട്ടാണ് ഷാൻ ഈ ഭൂമിയിൽ ജനിച്ചു വീഴുന്നത്. ഉപ്പയെ കുറിച്ച് പറയുമ്പോൾ ഉമ്മയെ കുറിച്ചും പറയണമല്ലോ. ഉമ്മയുടെ കുടുംബവും ഒട്ടും മോശമല്ലായിരുന്നു. പക്ഷേ ഒരു വ്യത്യാസം എന്താന്ന് വെച്ചാൽ ഉപ്പയുടെ കുടുംബം മൊത്തം ബിസിനസുകാർ ആണെങ്കിൽ ഉമ്മയുടെ കുടുംബം മൊത്തം സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു.

ഉമ്മാക്ക് നല്ല വിദ്യാഭ്യാസം ഉള്ളത്കൊണ്ട് തന്നെ വീട്ടിൽ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം നിർബന്ധം ആയിരുന്നു. ഉമ്മയെ പേടിച്ച് ഷാനും പഠിച്ചു. അത്യാവശ്യം നല്ലൊരു ജോലിയുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഒരു ജോലിയിലും ഷാൻ സ്ഥിരമായി നിക്കില്ല, അതിനി എത്ര വലിയ ജോബ് ആണേലും വേണ്ട എന്ന് തോന്നിയാൽ അത് ആ നിമിഷം ഉപേക്ഷിക്കും. അതിന് പ്രത്യേകിച്ച് കാരണം ഒന്നും ആവശ്യമില്ലായിരുന്നു. ഒടുവിൽ അമേരിക്കൻ കമ്പനിയിലെ ജോലിയും ഉപേക്ഷിച്ച് ഷാൻ ഉറച്ചൊരു തീരുമാനം എടുത്തു

“എത്ര വലിയ ജോബ് ആണേലും അതൊരു അടിമ പണിയാണ്, അതുകൊണ്ട് ബിസിനസിലേക്ക് ഇറങ്ങണം”

അങ്ങനെ അംബാനിയേയും അദാനിയേയും യൂസുഫിക്കയേയും ഒക്കെ മനസ്സിൽ കണ്ട് ഷാൻ ബിസിനസിലേക്ക് വലതുകാലെടുത്ത് വെച്ചു. തൃശൂർ പൂരത്തിന് പടക്കം പൊട്ടുന്നത് പോലെ എല്ലാം പൊട്ടി. ഉപ്പാന്റെ കൂടെ നിക്കാൻ പറഞ്ഞാൽ അവൻ കേൾക്കില്ല. സ്വാതന്ത്ര്യനായി പറക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞ് അവൻ അങ്ങനെ പാറി നടന്നു. ഷാനിന്റെ ഈ സ്വഭാവം കൊണ്ടുതന്നെ ഉപ്പാക്ക് അവനെ കാണുന്നത് തന്നെ കട്ട കലിപ്പായിരുന്നു.

ഇപ്പൊ ബാംഗ്ലൂരിൽ പുതിയ ബിസിനസ്‌ തുടങ്ങി അത്യാവശ്യം വല്യ കുഴപ്പമില്ലാതെ പോയ്കൊണ്ടിരിക്കുമ്പോഴാണ് ഉപ്പയുടെ കോൾ വരുന്നത്. ഉപ്പ വരുന്നത് പ്രമാണിച്ച് ഷാൻ തന്റെ റൂമൊക്കെ ക്ലീനാക്കി. ഒരു ലോഡ് ബി യർ ബോട്ടിൽ ഉണ്ടായിരുന്നു റൂമിൽ. രണ്ട് ദിവസമെടുത്തു ആ റൂമൊന്ന് നേരെയാക്കാൻ. തന്റെ കൂട്ടുകാരെ ഫോണിൽ വിളിച്ച് ഷാൻ ഒരൊറ്റ കാര്യാ പറഞ്ഞൊള്ളൂ

“ഡാ തെണ്ടികളേ, പടച്ചോനെ വിചാരിച്ച് എന്റെ ഉപ്പ തിരിച്ച് പോണവരെ റൂമിലേക്ക് ക ള്ള് കുടിക്കാൻ വരരുത്. ഒരാഴ്ച്ച മൂപ്പര് ഉണ്ടാകും ഇവിടെ”

അങ്ങനെ ഉപ്പ വരുന്ന ദിവസം…

ഷാൻ കാറും എടുത്തോണ്ട് നേരെ എയർപോർട്ടിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം എയർപോർട്ടിനുള്ളിൽ നിന്നും ഉപ്പ ഷാനിന്റെ അടുത്തേക്ക് പുഞ്ചിരിച്ച മുഖത്തോടെ നടന്നുവന്ന് അവനെ കെട്ടിപ്പിടിച്ചു. ഷാനിന് അത്ഭുതം

“ഇതെന്റെ ഉപ്പ തന്നെയാണോ, ഉപ്പാക്ക് തലക്ക് വല്ലതും പറ്റിയോ…?”

മനസ്സിൽ പിറുപിറുത്ത് ഷാൻ ഉപ്പയേയും കൊണ്ട് കാറിൽ കയറി. ഷാൻ ഉപ്പയെ നോക്കി

“എന്താ ഉപ്പാക്ക് പറ്റിയെ…? ഇങ്ങളാകെ മാറീക്ക്ണ് ഉപ്പാ”

ഉപ്പ ഷാനിനെ നോക്കി പുഞ്ചിരിച്ചു

“എനിക്കൊന്നും പറ്റീട്ടില്ല ഷാനോ, എന്റെ മറ്റ് മക്കളോട് സ്നേഹത്തോടെ പെരുമാറുന്ന പോലെ നിന്നോട് ഞാൻ…”

ഉപ്പാന്റെ ശബ്ദം ഇടറി

“പെട്ടെന്നൊരു തോന്നൽ, എന്റെ കുട്ടിയെ കാണണം. കുറച്ച് ദിവസം കൂടെ നിക്കണം എന്നൊക്കെ. വയസായില്ലേ, ചിലപ്പോ അതോണ്ടാകും”

ഷാൻ ഉപ്പയുടെ കയ്യിൽ പിടിച്ചു

“ഇങ്ങള് വിളിച്ചാൽ ഞാൻ അങ്ങോട്ട് ഓടി വരില്ലായിരുന്നോ ഉപ്പാ”

ഉപ്പ പുഞ്ചിരിച്ചു

“ഈ കാലം വരെ പണത്തിനും പവറിനും വേണ്ടി ജീവിച്ചില്ലേ. ഏതായാലും എന്റെയൊക്കെ വിസ തീരാനായിക്ക്ണ്. മരിക്കുന്നതിന് മുന്നേ നിന്റെ കൂടെ താമസിച്ച് ഒരാഴ്ച്ചയെങ്കിൽ ഒരാഴ്ച്ച അടിച്ച് പൊളിക്കാൻ ഒരു ആഗ്രഹം. നാട്ടിലാവുമ്പോൾ അത് നടക്കില്ലല്ലോ. പിന്നെ അന്റെ ഉമ്മാന്റെ പിറുപിറുക്കലും”

ഷാൻ പൊട്ടിച്ചിരിച്ചു

“ആഹാ, അപ്പൊ ഇങ്ങള് പൊളിക്കാൻ വന്നതാണല്ലേ…? നമുക്ക് ഇവിടെ മൊത്തം കറങ്ങണം. അടിച്ച് പൊളിക്കാം നമുക്ക്”

അങ്ങനെ ഷാനും ഉപ്പയും കൂടി ബാംഗ്ലൂർ മൊത്തത്തിൽ കറങ്ങി നടന്നു. അവർ ഇഷ്ടമുള്ള ഹോട്ടലിൽ പോയി ഫുഡ്‌ കഴിച്ചു. കടലിൽ കുളിച്ചു. രാത്രി രണ്ട് മണിക്ക് ബുള്ളറ്റിൽ റൈഡ് പോയി. തട്ട് കടയിൽ നിന്നും ദോശയും ഓംലെറ്റും കഴിച്ചു. ശരിക്കും ഉപ്പ ഒരുപാട് സന്തോഷിച്ചു.

ദിവസങ്ങൾ ചടപെടേന്ന് പോയി…

നാളെ രാത്രിയാണ് ഉപ്പാക്ക് തിരിച്ച് നാട്ടിലേക്ക് പോവേണ്ടത്. അന്ന് പുറത്തിറങ്ങാൻ നേരം ഉപ്പ ഷാനിനെ നോക്കി

“അല്ല ഷാനേ, അനക്കിവിടെ ഫ്രണ്ട്‌സ് ഒന്നുമില്ലേ…? നീയെന്താ അവരെ എനിക്ക് പരിജയപ്പെടുത്താത്തേ…?”

“എന്റെ ഉപ്പാ, ഞാൻ പഴേപോലെയൊന്നുമല്ല. ഇപ്പൊ ബിസിനസിൽ മാത്രാണ് എന്റെ ശ്രദ്ധ. അനാവശ്യ കൂട്ടുക്കെട്ടിലൊന്നും ഇപ്പൊ പോയി ചാടാറില്ല”

അത് പറയുമ്പോൾ ഷാനിന്റെ മുഖത്തെ കള്ളച്ചിരി കണ്ടപ്പോൾ തന്നെ ഉപ്പാക്ക് കാര്യം മനസിലായി

“എന്ത്‌ തന്നെ പറഞ്ഞാലും നീ ഷാൻ തന്നെയല്ലേ…? നീ അവരോടൊക്കെ ഇങ്ങോട്ട് വരാൻ പറ, ഏതായാലും ഞാൻ നാളെ പോകല്ലേ. നമുക്ക് ഇന്ന് ഇവിടെ അടിച്ച് പൊളിക്കാം”

ഷാൻ ആകെ പരുങ്ങി ഉപ്പയെ നോക്കി

“അതൊന്നും ശരിയാവില്ല ഉപ്പാ, അവരൊന്നും ഉപ്പാക്ക് പറ്റിയ കമ്പനിയല്ല”

“അതെന്താ അങ്ങനെ…?”

ഷാൻ തല താഴ്ത്തി ഉപ്പാനെ നോക്കാതെ പറഞ്ഞു

“അവരൊക്കെ രണ്ടെണ്ണം അടിക്കുന്ന ടീമുകളാ. ഇവിടെ വരുമ്പോൾ ചിലപ്പോ കഴിച്ചിട്ടാവും വരാ. അതൊന്നും ഇങ്ങക്ക് ഇഷ്‌ടാവൂല”

ഉപ്പ ഷാനിനെ നോക്കി

“എനിക്ക് ഇഷ്ടാവൂലാന്ന് അന്നോട് ആരാ പറഞ്ഞേ…? നിനക്ക് ഇപ്പോഴുള്ള എന്നെയല്ലേ അറിയൂ, നിന്റെ പ്രായത്തിലുള്ള എന്നെ അറിയില്ലല്ലോ”

ഉപ്പയുടെ ആ മാസ് ഡയലോഗ് കേട്ടപ്പോൾ ഷാൻ ശരിക്കുമൊന്ന് ഞെട്ടി

“അപ്പൊ ഞാൻ കേട്ടതൊക്കെ ശരിയാണല്ലേ…?”

ആശ്ചര്യത്തോടെ ഉപ്പ ഷാനിനെ നോക്കി

“എന്ത്‌…?”

“അല്ല…, ഈ പൈസക്കാരൊക്കെ ആയ കാലത്ത് സകല ഉടായിപ്പും കാണിച്ച് കെട്ട്യോളും കുട്ട്യോളുമൊക്കെ ആവുമ്പോൾ വയസാം കാലത്ത് നന്മമരമായി ജീവിക്കുന്നവരാണെന്ന്. ഇങ്ങളും നല്ല ഒന്നാംതരം ഉടായിപ്പ് ആയിരുന്നല്ലേ ഉപ്പാ”

ഷാൻ പറഞ്ഞ് തീർന്നതും ഉപ്പ പൊട്ടിച്ചിരിച്ചു. കൂടെ ഷാനും…

അങ്ങനെ അന്ന് രാത്രി ഷാനും കൂട്ടുകാരും ഉപ്പയും കൂടി ആർമാതിച്ചു. ഷാനിന്റെ കൂട്ടുകാരുടെ കൂടെ ആടിയും പാടിയും കളിച്ച് ചിരിച്ച് സന്തോഷിക്കുന്ന ഉപ്പയെ ഷാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു. കാരണം, ഇങ്ങനൊരു ഉപ്പാനെ അവൻ ഇതിന് മുന്നേ കണ്ടിട്ടില്ലായിരുന്നു.

അന്ന് രാത്രി രജനികാന്തിന്റെ പേട്ട എന്ന സിനിമക്ക് ടിക്കറ്റ് എടുത്ത് കയറി. ഉപ്പക്കായിരുന്നു സിനിമ കാണാൻ ആഗ്രഹം. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഉപ്പ തിയേറ്ററിൽ കയറുന്നത്. ഒരു കൊച്ചു കുട്ടിയെ പോലെ രജനികാന്തിന്റെ സ്റ്റൈലിനും ഫൈറ്റിനും കൈകൊട്ടി ആർത്ത് വിളിക്കുന്ന ഉപ്പയുടെ അടുത്ത് നിന്നും കണ്ണെടുക്കാൻ ഷാനിന് തോന്നിയില്ല. കാരണം, അവന് ഇതൊക്കെ ഒരു സ്വപ്നം പോലെ ആയിരുന്നു. ശരിക്കും സ്വപ്നത്തിലാണോ എന്ന് നോക്കാൻ കുറേ അവൻ സ്വയം നുള്ളിനോക്കി. അല്ല, സ്വപ്നമല്ല. നുള്ളി നോക്കാൻ നേരം ഷാൻ ആയിരം വട്ടം പ്രാർത്ഥിച്ചിരുന്നു, ഇതൊരു സ്വപ്നമാകരുതേ എന്ന്…

പിറ്റേ ദിവസം ഉപ്പയെ തിരിച്ച് എയർപോർട്ടിലേക്ക് കൊണ്ടാക്കാൻ പോയപ്പോൾ ഷാനിന്റെ ഞെഞ്ച് പിടഞ്ഞു. അവൻ കരയുന്നുണ്ടായിരുന്നോ അപ്പോൾ…? അറിയില്ല…

കാറിൽ നിന്നും ഇറങ്ങി ഉപ്പ ഷാനിന്റെ കയ്യിൽ പിടിച്ചു

“നീ ചിന്തിക്കുന്നില്ലേ ഉപ്പ എന്തിനാ മറ്റേ മക്കളുടെ അടുത്തൊന്നും പോവാതെ നിന്റെ അടുത്തേക്ക് വന്നതെന്ന്…?”

ഷാൻ ഒന്ന് മൂളി, ഉപ്പ ഒന്ന് പുഞ്ചിരിച്ചു

“അതിനുള്ള ഉത്തരമാണ് ഈ ഒരാഴ്ച്ച നീ എനിക്ക് തന്ന സന്തോഷം… അത് നിന്നെകൊണ്ടേ പറ്റൂ… നിന്നിൽ ഞാനുണ്ട്, അതെനിക്ക് അറിയാം”

ഇതും പറഞ്ഞ് ഉപ്പ മുന്നോട്ട് നടന്നു. പെട്ടെന്ന് ഒന്ന് നിന്നിട്ട് ഉപ്പ ഷാനിനെ നോക്കി

“ബിസിനസിന്റെ സ്ട്രസ്സ് കൂടി ഇനിയും ഹാർട്ട് അറ്റാക്ക് വന്നാൽ ഇതുപോലെ ആരും അറിയാതെ ഡോക്ടറുടെ സമ്മതവും മേടിച്ച് നിന്റെ അടുത്തേക്ക് ഞാൻ ഓടിവരും…”

ഷാൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ ഉപ്പ എയർപോർട്ടിലേക്ക് കയറിയിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *