എന്താടാ നിന്റെ സ്നേഹിച്ചാൽ കുഴപ്പം.. നിന്നെപ്പോലൊരു പെണ്ണിനെ ആത്മാർഥമായി സ്നേഹിച്ചില്ലെങ്കിൽ കുഴപ്പം എനിക്കാണ്……

അടിവാരം

Story written by Jolly Shaji

ഹേ മനുഷ്യ നിങ്ങളെവിടെയാണ്… ഓർമ്മകളെകൊണ്ടുപോയി എവിടെങ്കിലും അടക്കം ചെയ്തു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോളൊക്കെ.ഒരു അശരീരി മുഴങ്ങുന്നു കാതുകളിൽ

“എന്നേ മറക്കാൻ നിനക്കാവുമോ..”യെന്ന്.. നഷ്ടസ്വപ്‌നങ്ങളുടെ താഴ്വരയിൽ ഒറ്റക്കാക്കി മറഞ്ഞിട്ട് എന്തിനാണ് ഓർമ്മകളിൽ എപ്പോളും ഓടിയെത്തുന്നത്… നമ്മിൽ ഒരാൾ ഇല്ലാതാവുന്ന നിമിഷങ്ങൾ മുതൽ ഒറ്റപ്പെടുന്നയാൾ പുതിയൊരു ആളായി മാറണമെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്… ശ്രമിച്ചു ഒരുപാട്… പക്ഷേ എവിടെയോ ഒരു കൊളുത്തിപിടുത്തം മുറുകുന്നു… എന്തിനെന്നറിയാത്ത ഒരു നോവ് ഹൃദയത്തിൽ പടരുന്നു…എന്തിനാണ് സ്നേഹിച്ചു കൊതിതീരും മുന്നേ നിങ്ങൾ പോയത്…

വയ്യ ഇനിയുമീ നോവ് ഹൃദയത്തിൽ പേറി ഉരുകി ഉരുകി ജീവിക്കാനായിട്ടു… പെട്ടന്ന് ഒരുനാൾ താങ്കൾ എന്നിൽ നിന്നും ഓടി ഒളിച്ചതുപോലെ ഞാനും പോവാ ഇവിടുന്ന്…. വേണ്ടെനിക്കീ മണ്ണിന്റെ മണം, ഈ പ്രകൃതിയുടെ ഭംഗി ഇനി ഞാൻ ആസ്വധിക്കില്ല..

ദൈവങ്ങൾ വാണ നാടെങ്കിൽ എന്തിനീ ക്രൂരത ചെയ്യുന്നു പാവം മനുഷ്യനോട്….എന്നെപോലെ എത്രയോ പേർക്ക് വേർപാടിന്റെ നോമ്പരം ഈ ദൈവം കൊടുക്കുന്നു…..വേണ്ട എനിക്കീ ലോകത്തിന്റെ വെളിച്ചം ഇനി വേണ്ട….

“റോസൂ….”

ഉച്ചത്തിലുള്ള ആ വിളിയിൽ അവളുടെ കയ്യിൽനിന്നും ബ്ലൈഡ് ദൂരേക്ക് തെറിച്ചു പോയി…. അവളുടെ കൈത്തണ്ടയിൽ നിന്നും പൊടിഞ്ഞു വരുന്ന രക്ത തുള്ളികളിൽ അയാൾ മുറുകെ പിടിച്ചു….

“ചാൾസ്… ഞാൻ..”

അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആ കൈകളിൽ അവൾ മുറുകെ പിടിച്ചു…

“താൻ വീണ്ടും ആ ഡയറി വായിച്ചു അല്ലെ….”

അയാൾ ഒരു കുഞ്ഞിനോട് എന്നപോലെ മെല്ലെ അവളോട്‌ ചോദിച്ചു…

അവൾ പേടിച്ചരണ്ട മാൻപേട പോൽ അയാളെ മുറുകെ പിടിച്ചു…

“വാ അൽപനേരം കിടക്കാം….എന്നിട്ട് നമുക്കൊരു ഔട്ടിങ് പോകാം… ഇവിടെ ഈ മുറിയിൽ ഒറ്റയ്ക്ക് ഇങ്ങനെ ഇരുന്നാൽ താൻ വീണ്ടും എന്തേലുമൊക്കെ ആലോചിച്ചു കൂട്ടും… എനിക്ക് വയ്യെടോ തന്റെ ഈ വിഷമിച്ച മുഖം കാണാൻ…”

ചാൾസ് അവളെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു….അവൾ അവന്റെ തോളിലേക്ക് തലചായ്ച്ചു…

“ചാൾസ് നിനക്കെന്നെ ഇപ്പോളും ഇത്രയും സ്നേഹിക്കാൻ പറ്റുന്നു….”

അവൻ ചിരിയോടെ അവളുടെ മുഖം കൈകളിൽ ഒതുക്കി…

“എന്താടാ നിന്റെ സ്നേഹിച്ചാൽ കുഴപ്പം.. നിന്നെപ്പോലൊരു പെണ്ണിനെ ആത്മാർഥമായി സ്നേഹിച്ചില്ലെങ്കിൽ കുഴപ്പം എനിക്കാണ്…”

“നമുക്ക് ഈ നാട്ടിൽനിന്നും എങ്ങോട്ടെങ്കിലും പോകാം ചാൾസ്…. എനിക്കെന്തോ ഇവിടം ഭ്രാന്ത് പിടിപ്പിക്കുന്നു…”

“ആഹാ… കൊള്ളാം.. ഡാഡിയും മമ്മിയും എറണാകുളത്തേക്ക് ചെല്ലാൻ എത്ര പ്രാവശ്യം വിളിച്ചതാ… അന്നൊക്കെ കാടും മേടും ഈ പച്ചപ്പുമൊക്കെ മതിയെന്ന് വാശിപിടിച്ചത് താൻ അല്ലെ…”

“പക്ഷേ ഇന്നെന്നെ ഇവിടം വേറൊരു ആളാക്കി മാറ്റുന്നു… ഞാൻ എന്റെ കൗമാര കാലത്തേക്ക് മടങ്ങി പോകുന്നു ഇടയ്ക്കിടെ..”

“എടോ തനിന്നു വലിയൊരു പെണ്ണാണ്… ഞാനൊന്നു മനസ്സു വെച്ചെങ്കിൽ എന്റെ രണ്ടുമൂന്നു കുഞ്ഞുങ്ങളെ പ്രസവിക്കേണ്ട സമയം കഴിഞ്ഞു… ഇനിയും ആ പത്താം ക്ലാസ് പ്രണയം താൻ മറന്നേ പറ്റു…. തന്നെ ഞാൻ സ്നേഹിക്കു ന്നില്ലന്നാണോ തനിക്ക് തോന്നുന്നത്…”

അവൾ വേഗം ചാൾസിന്റെ വായ അവളുടെ കൈകൾ കൊണ്ട് പൊത്തി…

“നോ ചാൾസ് തന്നോളം എന്നേ സ്നേഹിക്കാൻ മറ്റാർക്കും ആവില്ല… കഴിഞ്ഞ എട്ടു വർഷം താൻ എന്റെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിച്ച ആളാണ്… അതൊക്ക ഞാൻ മനസിലാക്കുന്നു… “

“എങ്കിൽ എന്റെ പെണ്ണ് വേഗം പെട്ടിയൊക്ക പായ്ക്ക് ചെയ്‌തോ ഇന്നുതന്നെ നമ്മൾ ഈ മലയിറങ്ങുന്നു…”

“ഇന്ന് തന്നെയോ… അപ്പോൾ ഈ എസ്റ്റേറ്റ് എന്ത് ചെയ്യും…”

റോസ് അതിശയത്തോടെ അവനെ നോക്കി…

“ഞാനും മടുത്തു റോസു ഈ ഒറ്റപ്പെട്ട ജീവിതം… ചെറുപ്പത്തിന്റെ തിളപ്പിൽ സ്വന്തമാക്കിയതാണ് ഇതൊക്കെ… ആവശ്യത്തിന് സാമ്പാദിച്ചു ഇവിടെ ഇന്നും… ഇനി നാട്ടിൽ പോയി എന്തേലും ബിസിനസ്സ് ചെയ്തു സന്തോഷം തിരിച്ചു പിടിക്കാം… ഇനി നമ്മൾ മാത്രം പോരാ ഒരു കൊച്ചു റോസും കൊച്ചു ചാൾസും വേണം നമുക്കിടയിൽ തല്ലുകൂടി സ്നേഹം പങ്കിടാൻ…”

റോസും ചാൾസും പെട്ടികൾ അടുക്കി വെച്ചു… അടുക്കിയ പെട്ടിയിൽ എന്തോ തിരഞ്ഞ ചാൾസ് കണ്ടു ആ ഡയറി…ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് (1998) എന്ന് കണ്ട ആ ഡയറി ചാൾസ് പെട്ടിയിൽ നിന്നും പുറത്തെടുത്തു.. പെട്ടന്ന് റോസ് അത് പിടിച്ച് വാങ്ങി…

“റോസു.. എട്ട് വർഷമായിട്ടും ഞാൻ ഇത് വായിച്ചിട്ടില്ല… ഇത് തുറന്നു നോക്കുന്ന അന്നത്തെ റോസിനെ എന്തോ ഞാൻ ഏറെ ഭയക്കുന്നു….”

“ഇത് എന്റെ കയ്യിൽ ഇരിക്കട്ടെ ചാൾസ്… വായിക്കാൻ അല്ല… വെറും ഒരോർമ്മക്ക് മാത്രം…”

“വേണ്ട റോസു… ഓർമ്മകളിൽ ജീവിക്കുന്ന ഒരു റോസിനെ ഇവിടെ ഉപേക്ഷിക്കണം എനിക്ക്… ജീവനുള്ള റോസിനെയും കൊണ്ട് ഇവിടുന്ന് പോകണം ഈ ചാൾസിന്…”

അവൻ ആ ഡയറി അവളിൽ നിന്നും വാങ്ങി… അവൾ എതിർത്തില്ല…

വെയിൽ ചായും മുന്നേ അവരുടെ കാർ ചുരമിറങ്ങാൻ തുടങ്ങി.. റോസ് ആദ്യമായി കാണും പോലെ ഓരോ കാഴ്ചകളും ശ്രദ്ധക്കുന്നുണ്ട്… പക്ഷേ അവളിൽ ഒരു വിഷാദ ഭാവം അവൻ തിരിച്ചറിഞ്ഞു… ഹെയർപിൻ വളവുകൾ തിരിഞ്ഞ് ഇറങ്ങവേ റോഡിൽ അല്പം വീതി കൂടിയ ഒരിടത്ത് ചാൾസ് കാർ നിർത്തി…

“വാ ഇവിടുന്ന് വേണം നിന്നനെയെനിക്ക് വീണ്ടെടുക്കാൻ…”

ആകെ വിഷണ്ണയായിരിക്കുന്ന റോസിനെ അവൻ കാറിൽ നിന്നും പിടിച്ചിറക്കി… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിതുടങ്ങി….

“ദേ ആ താഴ് വരയിൽ നിന്റെ ആത്മമിത്രം ഉണ്ട്‌…. മനസ്സുകൊണ്ട് നീ പവിത്രമായി സ്നേഹിച്ച നിന്റെ കൂട്ടുകാരൻ ഇവിടെ ഉണ്ടാകുമെന്ന് അവന്റെ ബന്ധുക്കളും നാട്ടുകാരും നീയും വിശ്വസിക്കുന്നു… വിളിച്ച് പറയു അവനോട് നീ വിട്ടു പോകുവാണ് എന്ന്…”

ചാൾസിന്റെ കണ്ണുകളിൽ നിന്നും നീർതുള്ളികൾ ഇറ്റ് വീഴുന്നത് റോസ് കണ്ടു…കാറിന്റെ ഫ്രണ്ടിൽ അവൾ കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ഡയറി അവൾ എടുക്കുന്നത് ചാൾസ് കണ്ടു…

“റോസ് അതവിടെ വെച്ചത് നീ കണ്ടോ… അവിടെ ഇരുന്നോട്ടെ അത്…”

“ഞാൻ കണ്ടു ചാൾസ് താൻ അത് അവിടെ വെക്കുന്നത്…”

അവൾ ആ ഡയറി ശക്തിയോടെ താഴേക്കു വലിച്ചെറിഞ്ഞു….

“റോസ്… നീ അത് കളഞ്ഞോ…”

“അതിനി വേണ്ട ചാൾസ് … എന്റെ മനസ്സിൽ നിന്നും പ്രകാശിനെ ഞാൻ കളയുകയാണ്… ഈ മലയുടെ അടിവാരത്തു ചെല്ലുമ്പോൾ ഞാൻ പുതിയൊരു റോസ് ആയിരിക്കും….”

ചാൾസ് അവളെ ചേർത്ത് പിടിച്ചു കാറിലേക്ക് കയറ്റി… താഴെ എത്തും വരെ അവർ നിശബ്‍ദർ ആയിരുന്നു…

“ചാൾസ് കാർ ഒന്ന് നിർത്തുമോ…”

റോസിന്റെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്…

തൊട്ടടുത്ത റെസ്റ്റോറന്റിലേക്ക് കൈചൂണ്ടി റോസ് പറഞ്ഞു…

“ശുഭകാര്യങ്ങൾ മധുരത്തിൽ തുടങ്ങുന്നതല്ലേ കെട്ട്യോനെ ശരി….”

ചാൾസ് പൊട്ടിച്ചിരിച്ചു കൊണ്ട് റോസിനെയും കൊണ്ട് റെസ്റ്റോറന്റിലേക്കു കയറി….

*****************

Related Posts

Leave a Reply

Your email address will not be published. Required fields are marked *