എന്താണെന്ന് പറഞ്ഞതെന്ന് മനസ്സിലായില്ലെങ്കിലും ഞാൻ ആ പണം തിരികെ എടുക്കാൻ…..

ശിവം

Story written by Arun Karthik

ആദിദേവന്റെ സന്നിധിയിൽ പ്രസാദ ഊട്ടിന് കാത്തു നിൽക്കുമ്പോൾ ഒരു ശബ്ദം കേട്ടാണ് ഞാൻ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയത് ..

പാറിപ്പറക്കുന്ന ചെമ്പൻമുടിയും നര വീണു നീണ്ടു കിടക്കുന്ന താടിയും കീറി പറിഞ്ഞ വസ്ത്രവും ധരിച്ച ഒന്നരകാലുള്ള ഒരാൾ ഭ്രാന്തമായ ചേഷ്ടകളുമായി ഒരുവശത്തു മാറിയിരുന്ന് പൊട്ടിച്ചിരിക്കുന്നു.. ..

ഊട്ടുപുരയിൽ നിന്ന് കിട്ടിയ അന്നം നിറച്ച പാത്രത്തിൽ നിന്നും ചോറും കറികളും കൂട്ടികുഴച്ചു ഉരുളകളാക്കി അയാൾ ആർത്തിയോടെ കഴിക്കുന്ന കാഴ്ച ഒപ്പമുള്ള പലരും അറപ്പോടെ വീക്ഷിക്കുമ്പോൾ ഞാനത് കൗതുകത്തോടെ നോക്കി നിന്നു..

പലപ്പോഴും പട്ടിണിയിലാവും ആ മനുഷ്യനിന്ന് കരുതി തിരികെ മടങ്ങാൻ നേരം അയാൾ ഇരുന്ന ചണച്ചാക്കിലേക്കു പോക്കറ്റിൽ നിന്നും ഒരു അമ്പത് രൂപനോട്ട് വച്ചുകൊടുത്തു ..

പെട്ടെന്ന് ഇരിപ്പിടത്തു നിന്ന് തെല്ല് പിന്നിലേക്ക് മാറി ആ പണത്തിലേക്കും എന്റെ മുഖത്തേക്കും നോക്കി കൊണ്ട് അയാൾ പറഞ്ഞു “ഇദം ന മമ “

എന്താണെന്ന് പറഞ്ഞതെന്ന് മനസ്സിലായില്ലെങ്കിലും ഞാൻ ആ പണം തിരികെ എടുക്കാൻ അയാൾ നിർബന്ധിക്കുന്നത് പോലെ തോന്നി..

ഞാൻ അത് തിരികെ എന്റെ പോക്കറ്റിൽ ഇട്ടപ്പോൾ അയാൾ വീണ്ടും ഭിക്ഷയ്ക്കായി കൈനീട്ടി.. ഞാൻ ഒരു ഒറ്റനാണയം അയാൾക്ക്‌ നൽകിയപ്പോൾ എന്നെ കയ്യാൽ അനുഗൃഹിച്ചു അയാൾ പറഞ്ഞു.. “അഹം ബ്രഹ്മാസ്മി.. “

ഞാൻ പിന്നീട് പലപ്പോഴായി അയാളെ ശ്രെദ്ധിക്കാൻ തുടങ്ങി.. ആൽത്തറയിലെ ചണച്ചാക്കിൽ കൂടുതൽ സമയവും നിദ്രയിൽ ആയിരുന്നു അയാൾ..

കാണുമ്പോഴൊക്കെ ഞാൻ ഒരു ഒറ്റനാണയം അയാൾക്ക് കൊടുക്കുന്നത് ശീലമാക്കി. ഒരുനാൾ ഞാൻ നാണയം കൊടുത്തിട്ട് മാറിനിന്നയാളെ നിരീക്ഷിച്ചപ്പോൾ അയാൾ നിരങ്ങി നിരങ്ങി ആ നേർച്ചപെട്ടിയിൽ ഒറ്റനാണയം നിക്ഷേപിച്ചു മഹാദേവനെ നോക്കി തൊഴുതുകൊണ്ട് ഉറക്കെ പൊട്ടിച്ചിരിക്കുന്നത് കാണാമായിരുന്നു…

ഒരു നാൾ തൊഴുതിറങ്ങി വരുമ്പോൾ ആ ഭ്രാന്തൻ മനുഷ്യൻ ഉച്ചത്തിൽ അട്ടഹസിച്ചിട്ട് എന്റെ നേരെ നോക്കി കൈ കാട്ടി വിളിച്ചു.. ആ കണ്ണുകളിൽ എന്തോ ഒരു വശ്യത എനിക്ക് അനുഭവപ്പെട്ടിരുന്നു…

എങ്കിലും നേരിയ ഭയം അനുഭവപ്പെട്ട ഞാൻ കുറച്ചു പിന്നിലേക്ക് മാറി നിന്നു

പൊടുന്നനെ എന്റെ മുഖത്തേക്ക് നോക്കി ഉച്ചത്തിൽ അയാൾ പറയാൻ തുടങ്ങി..

ഭോഗേ രോഗഭയം വിത്തെ നൃപലാദ് ഭയം മാനേ ദൈന്യ ഭയം രൂപേ ജരായ ഭയം ശാസ്ത്രേ വാദി ഭയം ഗുണേ ഖലഭയം

അതു കേട്ടപ്പോ ഞാൻ അരികിൽ ചെന്ന് ചോദിച്ചു.. അങ്ങ് ശരിക്കും ആരാ.. അങ്ങ് ഋഷി ആണോ

ആരാണ് ഋഷി? ഋഷി ദര്‍ശനാത്, സ്തോമാന്‍ ദദര്‍ശ. നേരിട്ട്കണ്ടതിനാല്‍ ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോമങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാല്‍ ശബ്ദവും അര്‍ത്ഥവും ചേര്‍ന്നതാണ്. അങ്ങനെ മന്ത്രാര്‍ത്ഥം ദര്‍ശിച്ചവനാണ് ഋഷി.

അദ്ദേഹത്തിന്റെ വാക്കുകളിൽ എനിക്ക് ആരാധനയൊ പുതിയൊരു അനുഭൂതിയൊ ഒക്കെ തോന്നി..

ഞാൻ അദ്ദേഹത്തിന്റെ ഭൂതകാലം അറിയാൻ വീണ്ടും ചോദിച്ചു..

“ഈ കാലിനു എന്താ സംഭവിച്ചത്.. “

“ഒരു മനുജനും ഈ ഭൂവിൽ പൂർണനല്ല.. “

“ഞാൻ എന്തെങ്കിലും സഹായം ചെയ്യണോ” അല്പം ഭയത്തോടെയും ഏറെ ആകാംഷയോടും ആണ് ഞാൻ ആ ചോദ്യം ചോദിച്ചത്.

സാധിക്കുമെങ്കിൽ നാളെ സൂര്യോദയത്തിനു മുൻപായി തൂശനിലയിൽ പൊതിഞ്ഞു ഒരു പിടി അന്നം എനിക്ക് തന്നു കൊൾക.

സമ്മതം അറിയിച്ചു ഞാൻ തിരികെ മടങ്ങി.

പിറ്റേന്ന് രാവിലെ തന്നെ ഞാനവിടെക്ക് പൊതിച്ചോറുമായി പുറപ്പെട്ടു. ഞാൻ ഗോപുരവാതിൽ പിന്നിട്ടപ്പോൾ ഒരു ബാലൻ എന്റെ കയ്യിൽ പിടുത്തമിട്ടു.

എന്തെങ്കിലും കഴിച്ചിട്ട് മൂന്നു ദിവസം ആയി.. എനിക്ക് എന്തെങ്കിലും തരുമോ. ഇല്ലെങ്കിൽ ഞാൻ ഇപ്പോൾ തളർന്നു വീഴും..

ആ ബാലന്റെ അവശതയോടെ എന്നെ നോക്കുമ്പോൾ ഞാൻ എന്റെ കയ്യിലെ പൊതിച്ചോറിലേക്ക് അവന്റെ മുഖത്തേക്കും മാറി മാറി നോക്കി..

ഇത് കൊടുത്താൽ അവന്റ വിശപ്പ് അടങ്ങും പക്ഷെ ഞാൻ അദ്ദേഹത്തിന് എന്ത് കൊടുക്കും ഇപ്പൊ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു..

ബാലന്റെ കൺപോളകൾ മേല്പോട്ടു ഉയർന്നു വരുന്നത് പോലെ തോന്നിയപ്പോൾ ഒരു നിമിഷം ഞാൻ ആ പൊതിച്ചോർ അവനായി വെച്ച് നീട്ടി..

അവൻ ആവേശത്തോടെ അതു കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് ചുമച്ചപ്പോൾ ഞാൻ ആ നെറുകയിൽ പതിയെ തട്ടി കുറച്ചു ജലം കൂടി അവനു വച്ചു നീട്ടി..

അവൻ കഴിച്ചു കഴിഞ്ഞപ്പോൾ അവനെയും കൂട്ടി ഞാൻ ആൽത്തറയിലേക് ഓടി.. ഒരു ക്ഷമാപനം നടത്തി വീണ്ടും ഒരു പിടി അന്നം അദ്ദേഹത്തിന് കൊണ്ടു കൊടുക്കണം എന്നായിരുന്നു എന്റെ മനസ്സിൽ..

പക്ഷെ ആൽത്തറയിൽ അദ്ദേഹം ഉണ്ടായിരുന്നില്ല.. ആ ബാലനെ അവിടെ ഇരുത്തി മുഴുവൻ വലം വെച്ചെങ്കിലും നിരാശ ആയിരുന്നു ഫലം..

ഒടുവിൽ ക്ഷേത്രകമ്മിറ്റിക്കാരിൽ ഒരാളോടായ് ഞാൻ അദ്ദേഹത്തെ തിരക്കിയപ്പോൾ മറുപടി കേട്ട് ഞാൻ അത്ഭുതപ്പെട്ടു പോയി..

“അങ്ങനെ ഒരാൾ ആ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നില്ലത്രെ.. “

തിരുസന്നിധിയിലേക്ക് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ നിവേദ്യ പൂജ കഴിഞ്ഞു ശ്രീകോവിലിന്റെ നട തുറക്കുന്നതിന്റെ നാദം മുഴങ്ങി കേൾക്കുന്നുണ്ടയിരുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *