എന്താണ് കണ്ണന്‍കുട്ടി ഒറ്റയ്ക്കിരുന്ന് ചിരിക്കണത്. ദേവു ആയിട്ടുള്ള പഴയ റൊമാന്‍സ് ഓര്‍ത്താണോ.. കുറേ കേട്ടതാണെങ്കിലും എന്താന്ന് അമ്മൂനോടും……..

Story written by Ajeesh Kavungal

“ടാ കണ്ണന്‍കുട്ടിയേ, സമയം ആയല്ലോടാ.. ദാ വരുന്നുണ്ടല്ലോ നിന്‍റെ ദേവു. നീ എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ”

പാടത്തുനിന്നും ചേറ് വാരി വരമ്പിലേയ്ക്കിട്ട് കണ്ണന്‍ തിരിഞ്ഞുനോക്കി. ദൂരെ നിന്നും ഒരു കൈയ്യില്‍ ചോറുപാത്രം പിടിച്ച് ഒരു കൈകൊണ്ട്‌ പൊങ്ങിനില്‍ക്കുന്ന വയറ് സാരി കൊണ്ട് മറച്ചുപിടിച്ച് ദേവു വരുന്നത് കണ്ടപ്പോള്‍ അവന്‍റെ മുഖത്തൊരു പ്രകാശം പരന്നു.

“നീ എന്തിനാണ്ടാ കണ്ണാ, ഈ നട്ടപ്ര വെയിലത്ത്‌ ഒരു വയറ്റിക്കാരിപെണ്ണിനെ ഇങ്ങനെ നടത്തിക്കുന്നത്? ഒന്നൂല്ലെങ്കിലും കടിഞ്ഞൂല്‍ അല്ലേടാ?”

കണാരേട്ടന്‍റെ പറച്ചില് കേട്ടപ്പോ കണ്ണന്‍ വിഷമത്തോടെ പറഞ്ഞു. “എത്ര പറഞ്ഞാലും അവള് കേക്കില്ല കണാരേട്ടാ.. ഇന്ന് വെച്ച ചോറ് ഈ സമയം ആവുമ്പോഴേയ്ക്ക് കേടുവരും, അത് ഇങ്ങള് തിന്നണ്ടാ ഞാന്‍ കൊണ്ട് വരാംന്ന് പറഞ്ഞ് നിര്‍ബന്ധം പിടിക്കുമ്പോ ഞാന്‍ എന്താ ചെയ്യാ…” കണ്ണന്‍ വിഷമത്തോടെ തലയില്‍ കെട്ടിയ തോര്‍ത്ത്‌ അഴിച്ച് വരമ്പത്തേയ്ക്കിരുന്നു.

“അല്ലെങ്കിലും നിനക്കിതിന്‍റെ വല്ല കാര്യം ഉണ്ടായിരുന്നോ കണ്ണാ.. രാജകുമാരിനെ പോലെ ജീവിച്ച കുട്ടിയാണ്. ന്ന്ട്ട് ഇപ്പൊ നിന്‍റെ കൂരയില്‍ വന്ന് കഷ്ടപ്പെടാണ്. നാട്ടുകാര് മുഴുവന്‍ പറയണ്-ണ്ട്. ഞാന്‍ പറഞ്ഞത് കേട്ട് വിഷമിക്കണ്ട. ഈ കണാരേട്ടന് അറിയാലോ നിങ്ങളെ രണ്ടിനേം. സ്നേഹം ഉള്ളിടത്ത് എന്തു കഷ്ടപ്പാട് ല്ലേ… ന്നാ ഞാന്‍ ആ കുമാരന്‍റെ കടേ പോയി വരാം.. നീ കഴിക്ക്…”

കണാരേട്ടന്‍ ദേവൂനെ കടന്നുപോകുമ്പോള്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. “കാര്യമൊക്കെ കൊള്ളാം. ചോറ് കൊടുത്തിട്ട് വേഗം പൊക്കോണം. വേഅടുത്തിരുന്ന് വര്‍ത്താനം പറഞ്ഞ് ചെക്കന് ഇടങ്ങേറുണ്ടാക്കിയ, ഈ വരമ്പ് ഇന്ന് തീരൂലാ.. വൈകിട്ട് ഞങ്ങക്ക് കൂലി വാങ്ങാനുള്ളതാ..” കേട്ടതും ദേവൂന്‍റെ മുഖത്ത് നാണം വന്നു. ‘പോ കെളവാ, വേണ്ടാത്തത് പറയാതെ’ ന്ന്‍ പറഞ്ഞ്‌ ദേവു അയാളുടെ കൈയ്യില്‍ നുള്ളി.. അവളെ നോക്കി വാത്സല്യത്തോടെ ഒന്നുചിരിച്ച് അയാള്‍ നടന്നകന്നു.

അപ്പുറത്തെ തൊടിയില്‍ നിന്ന് വരമ്പത്തേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന ഒരു മാവിന്‍റെ കൊമ്പിനടിയില്‍ കണ്ണനും ദേവുവും ഇരുന്നു. അവന്‍റെ മുഖത്തും തലയിലും തെറിച്ച ചേറ് അവള്‍ സാരിത്തുമ്പാല്‍ തുടച്ചുകൊണ്ട് പറഞ്ഞു. ‘ഇതൊക്കെ ഇത്തിരി മെല്ലെ ചെയ്തൂടെ? തരുന്ന കൂലി നോക്കുമ്പോ ഇത്രേം ഒന്നും ചെയ്യേണ്ട കാര്യംല്ല.’

“പിന്നേ.. ഈ കണ്ടം നിന്‍റെ അപ്പന്‍റെ അല്ലേ? വെറുതെ ഇരുന്നാ എനിക്ക് കൂലി തരാന്‍”

കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മുഖത്തൊരു ദേഷ്യം വരുത്തികൊണ്ട് ദേവു പറഞ്ഞു. “ഇങ്ങടെ കൂടെ വന്നതിന് ഞാനും എന്‍റെ അപ്പനും ഇപ്പോ ഇത്തിരി തല്ലാണ്. എന്നും കരുതി വെറുതെ ന്‍റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ.. അല്ലെങ്കിലും ഏത് തന്തയാ സഹിക്കാ.. പുന്നാരിച്ച് വളര്‍ത്തിയ മകള് ഒരുത്തന്‍റെ കൂടെ ഇറങ്ങിപ്പോയാല്..”

കണ്ണന്‍റെ മനസ്സില്‍ക്കൂടി കഴിഞ്ഞകാലം ഒന്നു മിന്നി കടന്നുപോയി.. തന്നെ വെ ട്ടാന്‍ കൊടുവാ ളുമായ് വന്ന ദേവൂന്‍റെ അപ്പന്‍റെ മുന്നില്‍ വെച്ച് അവള് പറഞ്ഞത്. ‘ന്‍റെ കണ്ണേട്ടന്‍റെ ദേഹത്ത് തൊടണെങ്കില്‍ നിങ്ങക്ക് എന്നെ ആദ്യം കൊ ല്ലേണ്ടി വരുംന്ന്’ അന്നുമനസ്സിലായതാണ് ദേവൂന് തന്നോടുള്ള ഇഷ്ടം. പറഞ്ഞു പിന്തിരിപ്പിക്കാന്‍ കുറെ ശ്രമിച്ചതാണ്. അവളുടെ സ്നേഹം പത്തരമാറ്റാന്ന് അറിഞ്ഞപ്പോ വിട്ടുകളയാനും തോന്നിയില്ല. അവസാനം കൈപിടിച്ച് കൂടെക്കൂട്ടി. ഇത് ഇപ്പോ അവള്‍ക്ക് ഒമ്പതാംമാസം ആണ്. ഒരുപാട് സഹിക്കുന്നുണ്ട്.. പാവം. കണ്ണന്‍റെ കണ്ണില്‍ ഒരു നനവ് പടര്‍ന്നു.

“ദേവൂ, നാളെത്തൊട്ട് നീ ചോറു കൊണ്ടുവരണ്ടാ.. തലേദിവസത്തെ ആയാലും മതി രാവിലെ ഞാന്‍ കൊണ്ട് വന്നോളാം.. നീ ഇങ്ങനെ കഷ്ടപ്പെടണ കാണുമ്പോ ഉള്ളില് ഒരു പിടച്ചില്‍.. നീ വെറുതെ പെരേല് ഇരുന്നാ മതി. നിനക്ക് ആവശ്യമുള്ള തൊക്കെ ഞാന്‍ കൊണ്ടുവന്നോളാം.. നാട്ടുകാര് ഓരോന്ന് പറയുന്ന കേക്കുമ്പോ സഹിക്കാന്‍ പറ്റണില്ല”

ദേവു കണ്ണന്‍റെ താടി പിടിച്ച് തന്‍റെ മുഖത്തിനുനേരെ തിരിച്ചുകൊണ്ട് പറഞ്ഞു. “ഇങ്ങള് എന്തിനാണ് കണ്ണേട്ടാ നാട്ടുകാര് പറയണ കേക്കണത്..? ഈ പറയുന്ന നാട്ടുകാര് ആരെങ്കിലും ആണാ മ്മടെ വീടിന്‍റെ കാര്യം നോക്കണത്. കാക്കയ്ക്ക് ഇരിക്കാന്‍ തണലില്ലാത്ത ഈ കണ്ടത്ത് ഇങ്ങള് പെലച്ചാമ്പ തൊട്ട് മോന്തിയാവണ വരെ ഇങ്ങനെ പണിയെടുക്കണത്നോക്കുമ്പ ഞാന്‍ ചെയ്യണത് വല്ലതും കഷ്ടപ്പാടാണോ..? ഞാന്‍ വെച്ചുണ്ടാക്കിയത് ഇങ്ങള് വാരി തിന്നുമ്പോ ന്‍റെ ഉള്ളിലുള്ള സന്തോഷം അത് ഇങ്ങക്കറിയാഞ്ഞിട്ടാണ്. ഇങ്ങടെ സന്തോഷം അത് നിക്ക് വലുതല്ലേന്ന്; എന്‍റെ കണ്ണേട്ടന്‍റെ ഉള്ള് അത് പൊന്നാണെന്ന് അറിഞ്ഞിട്ട് തന്നെയാ ദേവൂ കൂടെ വന്നത്. തന്തേം തള്ളേം ഇല്ലാത്ത ഇങ്ങക്ക് അതിന്‍റെ കുറവ് ഇല്ലാണ്ടാക്കാനാ ദേവു ഇങ്ങനെ ഒക്കെ ചെയ്യണേ..ചാവും വരെ ഇതുപോലെ ഇങ്ങനെ കിടക്കണം ദേവൂന്.. നിക്ക് അത്രേ വേണ്ടൂ..”

ദേവു മെല്ലെ കണ്ണന്‍റെ തോളിലേയ്ക്ക്‌ ചാഞ്ഞു. കണ്ണന്‍ നീട്ടിയ കഞ്ഞിയുടെ വറ്റ് ദേവു സന്തോഷത്തോടെ ഇറക്കുകയും ചെയ്തു.

വൈകുന്നേരം പണി കഴിഞ്ഞ് കുറച്ച് പുഴമീനും കുമാരന്‍റെ ചായപീടികയിലെ ചില്ലുകൂട്ടിലുള്ള സകല പലഹാരങ്ങളും രണ്ടെണ്ണം വീതം വാങ്ങി കണ്ണന്‍ വീട്ടിലേയ്ക്ക് നടന്നു. പടിക്കലെത്തുമ്പോള്‍ തന്നെ അവന്‍ കണ്ടു, കുമ്പിട്ട്‌ നിന്ന് മടല് വെട്ടിക്കൊണ്ട് നില്ക്കുന്ന ദേവൂനെ. ഓരോ വെട്ട് കഴിയുമ്പോഴും അവള്‍ ആയാസപ്പെട്ട്‌ നിവര്‍ന്ന് നിന്ന് വയറില്‍ പിടിക്കുന്നുണ്ടായിരുന്നു. അതുകണ്ടതും അയാള്‍ക്ക്‌ ദേഷ്യമാണ് വന്നത്.

“ദേവൂ, ഇങ്ങനെ ആണെങ്കില്‍ ഇനി നമ്മള്‍ തമ്മില്‍ തെറ്റും. വലിയ പണിയൊന്നും എടുക്കണ്ടാന്ന് നിന്നോട് ആയിരം വട്ടം പറഞ്ഞതാ.. കൂടെ നിക്കാന്‍ ഇവിടെ ഒരാള് പോലും ഇല്ല. നിന്നെ ഇവിടെ തനിച്ചാക്കി പോമ്പോ ന്‍റെ നെഞ്ചില് കത്തണത് തീയാണ്. ഇതൊക്കെ ഞാന്‍ വന്നിട്ട് ചെയ്യില്ലേ.. ചോറും കൂട്ടാനും മാത്രം വെച്ചാ മതിന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല.” സങ്കടവും ദേഷ്യവും കൊണ്ട് കണ്ണന് വാക്കുകള്‍ പുറത്തേയ്ക്ക് വന്നില്ല.

“ന്നെ ചീ ത്ത പറയണ്ടാ കണ്ണേട്ടാ.. ഇങ്ങള് പണികഴിഞ്ഞു വരുമ്പോ ഇത്തിരി ചായന്‍റെ വെള്ളം തരാംന്ന് വിചാരിച്ച് ചെയ്തതാണ്, ആ സമയം ഇത്തിരി മിണ്ടിം പറഞ്ഞും ഇരിക്കാലോന്ന് വിചാരിച്ചു. പിന്നെ ഈ സമയത്ത് നല്ലോണം പണിയെടുക്കണംന്നാ നാരായണിയേടത്തി പറഞ്ഞത്. അല്ലെങ്കിലും ഇങ്ങള് രാത്രി കാണിക്കണ പരാക്രമത്തിന്‍റെ കഷ്ടപ്പാടൊന്നും ഈ പണിക്കില്ല..” ദേവു അല്പം ദേഷ്യത്തോടെയും കൊഞ്ചലോടും കൂടി കണ്ണന്‍റെ മുഖത്തു നോക്കാതെ തല താഴ്ത്തിപ്പറഞ്ഞു. അത് കേട്ടതും കണ്ണന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ ചിരി മായാതെ തന്നെ കണ്ണന്‍ അവളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു. “ഒമ്പതാം മാസത്തില്….. ന്നെ കൊണ്ട് ബാക്കി പറയിക്കല്ലേ ദേവൂ”

“അയ്യേ! ഇങ്ങനെ ഒരു നാണമില്ലാത്ത മനുഷ്യന്‍” എന്നു പറഞ്ഞ് കണ്ണന്‍റെ കൈയ്യിലിരിക്കുന്ന കവറിലേയ്ക്ക് നോക്കി ചോദിച്ചു.

“അല്ല കണ്ണേട്ടാ, ഇങ്ങള് കിട്ടണ പൈസ ഒക്കെ ഇങ്ങനെ ചിലവാക്കിയാ എങ്ങനെ ശരിയാവും?”

കണ്ണന്‍ മുണ്ടിന്‍റെ തലപ്പില് കെട്ടിയ പൈസ എടുത്ത് ദേവുന് കൊടുത്തിട്ട് പറഞ്ഞു.”ദാ.. കൂലി മുഴുവനുണ്ട്‌. പണി കഴിഞ്ഞു വരുമ്പോ ഗോപാലേട്ടന്‍റെ വീട്ടില് കേറി തേങ്ങയിട്ടു കൊടുത്തു. അവിടന്ന് കിട്ടിയ പൈസകൊണ്ടാ ഇതൊക്കെ വാങ്ങിയേ.. പിന്നെ നീ ഇപ്പോ തിന്നണത് മുഴുവന്‍ നിനക്ക് മാത്രം അല്ലാലോ.. ന്‍റെ അമ്മൂനും കൂടി ഉള്ളതല്ലേ..?”

“ഓഹോ, അത് മോളാണെന്നും ഉറപ്പിച്ച് അതിന് പേരും ഇട്ടോ..? അല്ല കണ്ണേട്ടാ ഇനി ആ മോള് വരുമ്പോ ന്നോടുള്ള സ്നേഹം ഇങ്ങക്ക് കുറയോ… അങ്ങനെ ഉണ്ടായാ അപ്പനേം മോളേം ഇവിടിട്ടിട്ട് ഞാന്‍ ന്‍റെ അപ്പന്‍റടുത്ത് പോകും നോക്കിക്കോ..” എന്ന ദേവുന്‍റെ ചോദ്യത്തിന് ‘പറയാന്‍ പറ്റില്ല ദേവൂ.. മിക്കവാറും നീ നിന്‍റെ അപ്പന്റടുത്ത് പോവണ്ടിവരും’ ന്ന് മറുപടി പറഞ്ഞ്‌ കണ്ണന്‍ പൊട്ടിച്ചിരിച്ചു.

“എന്താണ് കണ്ണന്‍കുട്ടി ഒറ്റയ്ക്കിരുന്ന് ചിരിക്കണത്. ദേവു ആയിട്ടുള്ള പഴയ റൊമാന്‍സ് ഓര്‍ത്താണോ.. കുറേ കേട്ടതാണെങ്കിലും എന്താന്ന് അമ്മൂനോടും കൂടി പറ..” അമ്മുവിന്‍റെ ശബ്ദം കേട്ടതും കണ്ണന്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്‍റെ ഓര്‍മയില്‍നിന്നുണര്‍ന്നു. കണ്ണന്‍ അമ്മൂനെ നോക്കി ഒന്നു പുഞ്ചിരിച്ചു. “അച്ഛന്‍ ഞാന്‍ പറഞ്ഞ കാര്യത്തിന് മറുപടി ഒന്നും പറഞ്ഞില്ലാ.. ഗിരീഷിനോട് ഞാന്‍ എന്താ പറയേണ്ടത്? നല്ല ആളാണ്‌ അച്ഛാ.. എന്നെപോലെ തന്നെയാണ് ചെറുപ്പത്തിലേ അമ്മ മരിച്ചതാണ്. മോശമായിട്ട് ആരും ഒന്നും പറഞ്ഞ്‌ കേട്ടിട്ടില്ല.” അവള്‍ പ്രതീക്ഷയോടെ കണ്ണനെ നോക്കി.

“മോളേ, നീ ആരെ കല്യാണം കഴിക്കണം ന്ന് തീരുമാനിക്കേണ്ടത് നീ തന്നെയാണ്. പരസ്പരം ഇഷ്ടപ്പെടുന്നത് ഒരു തെറ്റല്ല. ന്‍റെ ഒക്കെ ചെറുപ്പത്തില്‍ ഒരാളെ ഇഷ്ടപ്പെടാന്ന്‍ പറഞ്ഞാ അവരെ സ്വന്തമാക്കാന്‍ എന്തും ചെയ്യും. വെട്ടാന്‍ വന്ന കൊടുവാളിനിടയില്‍ക്കൂടിയാണ് നിന്റമ്മേടെ കൈയും പിടിച്ച് ഞാന്‍ വന്നത്. അതാണ് സ്നേഹത്തിന്‍റെ ശക്തി. ഇപ്പോ കാലം അങ്ങനെ അല്ലാലോ..? ഒരാളെ എത്രപേര് പ്രണയിക്കുന്നുണ്ടെന്നും, അവര് എത്ര ആളെ പ്രണയിക്കുന്നുണ്ടെന്നും പറയാന്‍ കഴിയില്ല. നിനക്ക് ഒരു വയസ്സുള്ളപ്പോ ഒരു കര്‍ക്കിടകത്തില് നമ്മളെ വിട്ടു പോയതാണ് ന്‍റെ ദേവു.. നീ ഇല്ലായിരുന്നെങ്കില്‍ അന്ന് കൂടെ ഞാനും പോയേനേ.. നമ്മളെ സ്നേഹിക്കാന്‍ എല്ലാര്‍ക്കും കഴിയും. പക്ഷേ, നമ്മളെന്താണെന്ന് മനസ്സിലാക്കി സ്നേഹിക്കാന്‍ കഴിയുന്നവരെ തിരിച്ചറിയാന്‍ കഴിയണം. നീ പഠിപ്പും വിവരവും ഉള്ള കുട്ടിയാണ്. ഞാന്‍ ഇനി എത്രകാലം ന്ന് അറിയില്ല.. ഒന്നും അറിയാത്ത ഒരാളെ പിടിച്ച് നിന്‍റെ തലയില്‍ അച്ഛന്‍ കെട്ടി വെക്കില്ലാ.. നിന്‍റെ ജീവിതം നീ തിരഞ്ഞെടുക്കുന്നതാണ്. ആണും പെണ്ണും തമ്മിലുള്ള ഏതു തരം സ്നേഹത്തിനും ഒരു പരിശുദ്ധിയുണ്ട്. ന്‍റെ കുട്ടീടെ ഒരു നിമിഷത്തെ തിരിച്ചറിവില്ലായ്മ കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ വിഷമിക്കാണ്ടിരുന്നാ മതി. നിക്ക് അതേ വേണ്ടുള്ളൂ. എന്തായാലും ആ പയ്യനോട് വരാന്‍ പറ. അച്ഛനൊന്ന് കാണട്ടെ..” അതുകേട്ടതും അമ്മുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

അവള്‍ അയാളുടെ മാറത്തേയ്ക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.

“അച്ഛാ, ഓര്‍മവെച്ചകാലം മുതല്‍ ഞാന്‍ കേട്ടു വളര്‍ന്ന ഒരു പ്രണയം ഉണ്ട്. ഈ നാട്ടുകാര് ഇപ്പോഴും പറഞ്ഞു നടക്കുന്ന കണ്ണന്‍കുട്ടിയുടെയും ദേവുന്റെയും പ്രണയം. അച്ഛന്‍ തന്നെ അതിന്‍റെ എല്ലാവിധമാന്യതയോടെ എനിക്ക് പറഞ്ഞ് തന്നിട്ടുമുണ്ട്. എന്‍റെ കൂട്ടുകാര് പറഞ്ഞു പുളകം കൊള്ളുന്ന ഇന്റര്‍നെറ്റ് പ്രേമം ഒരുതരത്തിലും എന്നെ ബാധിക്കാതിരുന്നത് എന്‍റെ അച്ഛന്റെയും അമ്മയുടേയും പരിശുദ്ധമായ പ്രണയം ന്‍റെ ഉള്ളില്‍ ഉള്ളതുകൊണ്ടാണ്. ഇക്കണ്ട കാലമത്രയും ന്‍റെ അച്ഛന്‍ എനിക്ക് വേണ്ടി അനുഭവിച്ച കഷ്ടപ്പാടൊക്കെ അമ്മൂന് അറിയാം. അതോണ്ട് എന്നെമാത്രം അല്ല ന്‍റെ കണ്ണന്‍കുട്ടിയെ കൂടി സ്നേഹിക്കാന്‍ മനസ്സുള്ള ഒരാളെയേ അമ്മു തിരഞ്ഞെടുക്കൂ. ഇനിയിപ്പോ കെട്ടുന്നവന്‍ എന്നെ ഇട്ടിട്ടു പോയാലും ഒറ്റയ്ക്ക് ജീവിക്കാനുള്ള അറിവും പരിചയവുമൊക്കെ എന്‍റെ അച്ഛന്‍ എനിക്ക് തന്നിട്ടില്ലേ.. മ്മടെ വീട് ഇപ്പോ ഉള്ളപോലെ എന്നും സ്വര്‍ഗം തന്നെയായിരിക്കും.”

കണ്ണന്‍ അവളെ ചേര്‍ത്ത് പിടിച്ചു. നെറ്റിയില്‍ ചു ണ്ടുകള്‍ അമര്‍ന്നു. ഒരു മകള്‍ക്ക് കിട്ടുന്ന സ്നേഹത്തിന്‍റെ, ആശ്വാസത്തിന്റെ, വിശ്വാസത്തിന്‍റെ, സുരക്ഷിതത്വത്തിന്‍റെ ചും ബനം.. ഒരച്ഛന്റെ ചുംബനം….

Related Posts

Leave a Reply

Your email address will not be published. Required fields are marked *