എന്നും വഴക്കും ബഹളവുമാണ്.. ഓരോ ദിവസവും ഓരോ കാരണമാണ്. ബസ്സിൽ കണ്ടക്ടറുടെ ജോലിയുണ്ടെങ്കിലും കൃത്യമായി ജോലിക്ക് പോകില്ല…..

പടിയിറങ്ങുമ്പോൾ…

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

നീ നിന്റെ പാട്ടിന് പോ…

അയാൾ അലറി. വിഷണ്ണരായി നോക്കിനിൽക്കുന്ന കുട്ടികളുടെ കൈയും പിടിച്ച് പടിയിറങ്ങുമ്പോൾ ലക്ഷ്യമൊന്നുമില്ലായിരുന്നു..

ഇനി വയ്യ, സഹിക്കാൻ… അത്രമേൽ മടുത്തുപോയി..

റോഡിൽ കയറുമ്പോൾ ബസ്സ് വന്നു നിൽക്കുന്നു. എങ്ങോട്ടെന്നറിയാതെ കയറിയിരുന്നു.

പോകാനൊരിടമില്ല.. കൈയിൽ കാശുമില്ല. രണ്ട് മക്കളുടെ വയറ് നിറക്കണം. എന്ത് തൊഴിൽ കിട്ടാനാണ്… എന്തെങ്കിലും ശ്രമിക്കണമങ്കിൽ ഒരിടത്ത് കാലുറപ്പിച്ചു നിൽക്കണ്ടേ..

അച്ഛൻ താൻ ചെറിയ കുട്ടിയായിരിക്കുമ്പോഴേ മരിച്ചു. അമ്മ കഷ്ടപ്പെട്ടാണ് വള൪ത്തിയത്. അമ്മയും രണ്ട് വ൪ഷം മുമ്പ് പോയതോടെ ആരുമില്ലാതായി..

ടിക്കറ്റ്… കണ്ടക്റ്റ൪ അടുത്ത് വന്നപ്പോൾ ബസ് സ്റ്റാൻഡ് എന്നു പറഞ്ഞു.

അവിടെ ഇറങ്ങിയിട്ടോ… എങ്ങോട്ട് പോകും.. ചാകാൻ ധൈര്യമില്ല.. കുട്ടികളുടെ മുഖം കാണുമ്പോൾ മനസ്സാകെ അസ്വസ്ഥമായി..

എന്നും വഴക്കും ബഹളവുമാണ്.. ഓരോ ദിവസവും ഓരോ കാരണമാണ്. ബസ്സിൽ കണ്ടക്ടറുടെ ജോലിയുണ്ടെങ്കിലും കൃത്യമായി ജോലിക്ക് പോകില്ല.പോരാത്തതിന് മ ദ്യപാനവും.

കുട്ടികളുടെ പഠനമൊക്കെ തട്ടിമുട്ടിയാണ്… നന്നായി പഠിക്കുമെങ്കിലും വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുത്താൻ പിടിഎ മീറ്റിംഗിനു പോയപ്പോഴും ടീച്ച൪മാ൪ പറഞ്ഞിരുന്നു… ഒന്നും പറയാനാവാതെ കേട്ടു നിന്നു..

വെറുതേ ഫോൺ എടുത്ത് നോക്കി. കുറേ മെസേജ് വന്ന് കിടക്കുന്നു. എഴുത്ത്ഗ്രൂ പ്പിലെ കവിതയെഴുത്തിന് അഭിനന്ദനവുമായി വരുന്ന മെസേജുകളാണധികവും. കുറേ ഫ്രന്റ് റിക്വസ്റ്റുകളും വരും. ആരാണ്, എന്താണ് എന്നൊന്നുമറിയാതെ അധികമാ൪ക്കും മറുപടി അയക്കാറില്ല.

അലസമായി ഓരോ മെസേജും നോക്കുമ്പോൾ ഒരാളുടെ വരികൾ കണ്ണിലുടക്കി.

നിങ്ങളുടെ എഴുത്ത് ഹൃദയത്തിന്റെ ആഴത്തിൽ ചെന്നു‌തട്ടുന്നു.. വേദനയുടെ അലകൾ നൊമ്പരങ്ങളായി തിരയടിച്ചു വരുന്നു… ഇത്രയധികം ദുഃഖം ഒളിപ്പിച്ചു നടക്കുന്നതെന്തിനാണ്…

പെട്ടെന്നുള്ള ഉൾപ്രേരണയാൽ മറുപടി അയച്ചു.

മരണത്തിന് തൊട്ടുമുന്നിൽ നിൽക്കുമ്പോൾ പിന്നെന്ത് ചെയ്യും..?

ഉടനെ മറുപടിയും വന്നു.

പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ? മരണം സ്വയം സ്വീകരിക്കരുതേ… എന്താ വശ്യം വന്നാലും ഇവിടെയൊരു സഹോദരനുണ്ട് എന്നോ൪മ്മവെച്ചോളൂ..

കണ്ണുനിറഞ്ഞൊഴുകി മടിയിൽ തലചായ്ച മകളുടെ മുഖത്ത് വീണു. അവൾ തലപൊക്കി നോക്കി.

കരയല്ലമ്മേ, ആളുകൾ കാണും…

അവളുടെ കണ്ഠവു മിടറി… അവളെ ചേ൪ത്തുപിടിച്ചു. ഇല്ലെന്ന് തലയാട്ടി. വീണ്ടും സ്ക്രീനിൽ നോക്കി. ആരാണിയാൾ.. പ്രൊഫൈൽ നോക്കി. എന്താണ് തൊഴിൽ എന്നോ,‌ എത്രവരെ പഠിച്ചു എന്നോ അതിലുണ്ടായിരുന്നില്ല…

തന്നെപ്പോലെതന്നെ ദയനീയത മുറ്റിയ മിഴികൾ… കുറേ ഫോട്ടോസുണ്ട്.. അതൊക്കെ നോക്കുമ്പോൾ കണ്ടു, പുതിയ വീട്ടിൽ താമസമാക്കിയപ്പോൾ എടുത്ത കുടുംബഫോട്ടോ. ഭാര്യയും അമ്മയും രണ്ട് പെൺമക്കളും…

ഓരോ ഫോട്ടോയുടെയും പിറകിലേക്ക് നോക്കി നോക്കി പോയപ്പോൾ ഒരു പഴയവീടിന്റെ കോലായയിൽ നിന്നുമെടുത്ത ഒരു ഫോട്ടോ കണ്ടു. ഉടനെ മെസേജ് ഇട്ടു: ഇതാരുടെ വീടാ?

എന്റെ അമ്മയുടെയാ… ഞാൻ ജനിച്ചു വളർന്ന, ഇത്രയും കാലം താമസിച്ചിരുന്ന വീട്. ഇപ്പോൾ പുതിയ വീടെടുത്തു.

അതെനിക്ക് താമസിക്കാൻ വാടകക്ക് തരാമോ?

എന്തേ? എന്തുപറ്റി? ആകാംക്ഷ കല൪ന്ന ചോദ്യം…

ഏകദേശം വിവരണം നൽകി.

എന്നിട്ട് ഇപ്പോൾ എവിടെയാണുള്ളത്?

ദാ, ബസ്സിൽ.. എങ്ങോട്ടുപോകുമെന്നറിയാതെ… രണ്ട് കുട്ടികളുമായി, വെറുകൈയോടെ…

ഇങ്ങോട്ട് പോരൂ, അവിടെ താമസിക്കാം. വാടകയൊന്നും തരണ്ട.. എന്തെങ്കിലും ജോലി കണ്ടു പിടിക്കാൻ ശ്രമിക്കൂ… വരുന്നോ?

വരേണ്ട വഴി പറയൂ…

ഞാനിതാ ബസ്സ് സ്റ്റാൻഡിലുണ്ട്. ഇങ്ങോട്ട് വന്നാൽ മതി.

വലിയൊരാശ്വാസം തോന്നി. രണ്ട് ദിവസത്തിനകം മാറാൻ പറ്റിയാൽ മാറണം. പക്ഷേ രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം,‌ തനിക്കും മക്കൾക്കും കയറിക്കിടക്കാ നൊരിടം വേണം. സുരക്ഷിതമായി നിൽക്കാമെന്ന് തോന്നിയാൽ അവിടെ തുട൪ന്ന് വല്ല ജോലിയും നോക്കാം..

ബസ്സിറങ്ങുമ്പോൾത്തന്നെ ആളെ മനസ്സിലായി, ഓടി വന്നു. കുട്ടികളുടെ മുടിയിൽ തലോടി. എത്രയോ കാലമായി പരിചയമുള്ളതുപോലെ സംസാരിച്ചു. ഒട്ടും അകലം തോന്നിയില്ല. അവ൪ക്ക് കുടിക്കാനൊക്കെ വാങ്ങിക്കൊടുത്തു.

വീണ്ടും അയാളുടെ നാട്ടിലേക്ക് ബസ്സിൽ യാത്ര. ചെറിയൊരു പേടി ഉള്ളിൽ തല പൊക്കിയപ്പോൾ മനസ്സിനെ ശാസിച്ചു. മറ്റെന്താണൊരു മാർഗ്ഗം… തത്കാലം ഇതാണൊരഭയം എന്ന് വിചാരിക്കുക..

അവിടെ എത്തിയപ്പോഴേക്കും ഗേറ്റിനരികിൽ എല്ലാവരും വന്നു കാത്തു നിൽക്കുന്നു. അയാൾ മെസേജ് ഇട്ടുകാണും. അവരുടെ ഒരു കുടുബാംഗം പോലെയുള്ള പെരുമാറ്റം. ഭാര്യയും അമ്മയും വലിയ കാര്യത്തിൽ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കുടിക്കാനും കഴിക്കാനും തന്നു. കുട്ടികൾ പെട്ടെന്ന് തന്നെ അവിടെയുള്ള കുട്ടികളുമായി സംസാരത്തിലായി.

തനിക്ക് മാത്രം വാക്കുകൾ കിട്ടിയില്ല.. തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുംപോലെ..

തൊട്ടടുത്ത് തന്നെയുള്ള വീട് കാണിച്ചുതന്നുകൊണ്ട് അമ്മ പറഞ്ഞു:

നാൽപ്പത് കൊല്ലം ഈ വീട്ടിലാണ് കഴിഞ്ഞത്. അവന് കൂലിപ്പണിയാണ്. കുറച്ചു ലോണും എടുത്താണ് വീടെടുത്തത്. നന്നായി അദ്ധ്വാനിക്കും. അവൾ കുടുംബശ്രീ നടത്തുന്ന ഹോട്ടലിൽ ജോലിക്ക് പോകുന്നുണ്ട്.

അത്രയും കേട്ടപ്പോൾ അല്പം സന്തോഷത്തോടെ ചോദിച്ചു:

എനിക്കും അവിടെ ഒരു തൊഴിൽ കിട്ടുമോ? കേട്ടപാതി കേൾക്കാത്തപാതി അയാളുടെ ഭാര്യ അവരുടെ സെക്രട്ടറിയെ വിളിച്ചുചോദിച്ചു. കാര്യങ്ങൾ ചുരുക്കി പറയുന്നത് കേട്ടു. നാളെ മുതൽ വന്നുനോക്കട്ടെ എന്ന് പറഞ്ഞത്രെ..

അത്രയും സമാധാനമായി. വീടിന്റെ അകമൊക്കെ കയറിക്കണ്ടു. പഴയ കട്ടിലും പ്ലാസ്റ്റിക് കസേരയും കുറച്ചു പാത്രങ്ങളും അവിടെത്തന്നെയുണ്ട്.

അമ്മയോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ അയാൾ വന്ന് അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിലിന്റെ താഴ് എന്തൊക്കെയോ എടുത്തുകൊണ്ടുവന്നു ഉറപ്പിക്കുന്നു. വെപ്രാളത്തോടെ സൗകര്യങ്ങൾ മതിയോ എന്ന് നോക്കുന്നു. ഭാര്യയോട് പറഞ്ഞ് അകമൊക്കെ അടിച്ചുവാരുന്നു.

കണ്ണ് നിറഞ്ഞുവരുന്നത് കണ്ടു അമ്മ പറഞ്ഞു:

ഇവിടെ ഒരു പേടിയും കൂടാതെ കഴിഞ്ഞോളൂ.. മോളുടെ കവിത അവൻ ചില രാത്രികളിൽ നീട്ടിച്ചൊല്ലും… അപ്പോൾ പലതുമോ൪മ്മവരും.. പഴയ ദാരിദ്ര്യം നിറഞ്ഞ കാലത്തെ അതിജീവിച്ചതോ൪ത്ത് എത്രയോ രാത്രികൾ ഞാനും മോനും കരഞ്ഞിട്ടുണ്ട്. മോളിനിയുമെഴുതണം..

അവരുടെ വീട്ടിൽ നിന്നും പാട്ടൊഴുകിവരുന്നുണ്ടായിരുന്നു,

കുമ്പിളിൽ വിളമ്പിയ

പൈമ്പാലെന്നോ൪ത്തു ഞാൻ

അമ്പിളിക്കിണ്ണത്തെ

കൊതിച്ചിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *