ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ… പത്ത് സെന്റ് പുരയിടമുള്ളതുകൊണ്ട് ആരും ഇറക്കിവിടില്ല. പഴേതെങ്കിലും ഒരു വീടും..

പുതിയ കാലം

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി

ശ്രീദേവി ചോദിച്ചു:

ചേച്ചീ, നമ്മൾ ഇനിയെങ്ങനെയാ ജീവിക്കുക?

അറീല്ല കുട്ട്യേ…

സുധ൪മ കൈമല൪ത്തി.

അച്ഛൻ മരിച്ചിട്ട് പതിനാറ് കഴിഞ്ഞ് പോയതല്ലേ എല്ലാവരും… ഇനിയാരും തിരിഞ്ഞ് നോക്കലുണ്ടാവില്ല..

അവ൪ക്കൊക്കെ അവരുടേതായ തിരക്കുകളുണ്ടാവില്ലേ, ആരേം കുറ്റം പറഞ്ഞിട്ട് കാര്യല്ല…

നമ്മൾ അച്ഛന്റെ വരുമാനം മാത്രം ആശ്രയിച്ച് കഴിയാൻ പാടില്ലായിരുന്നു. വിവാഹം കഴിയാത്ത രണ്ട് പെൺമക്കൾ എന്തെങ്കിലും ജോലി കണ്ടെത്തണമായിരുന്നു..

അതെങ്ങനെയാ, അച്ഛന് മക്കളെ സിറ്റിയിൽ ജോലിക്ക് വിടാനൊക്കെ പേടിയാരുന്നല്ലോ…

ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ… പത്ത് സെന്റ് പുരയിടമുള്ളതുകൊണ്ട് ആരും ഇറക്കിവിടില്ല. പഴേതെങ്കിലും ഒരു വീടും..

അതാരാ വരണത്, ശേഖരൻമാമയുടെ മകളല്ലേ… വിദ്യ…?

എപ്പഴാ കുട്ടി ബാംഗ്ലൂർ നിന്നും വന്നത്?

ഞാനിന്നലെയാ വന്നത്. ഇന്ന് ഇതുവഴി വന്നിട്ട് പോകാമെന്ന് വിചാരിച്ചു. ശ്രീധരൻ വെല്യച്ഛന്റെ ചിരിയും ‘ദാരാ വരണത്’ എന്ന ചോദ്യവും കാതിൽ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നു… കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും പറഞ്ഞു, ‘നിനക്ക് നാട്ടിൽ വന്ന് വല്ല ജോലിയും ചെയ്തൂടെ’ എന്ന്.

വിദ്യ കണ്ണടയെടുത്ത് മിഴികൾ തുടച്ചു.

അകത്തേക്ക് വരൂ, ഞാൻ ചായ എടുക്കാം.

സുധ൪മ അടുക്കളയിലേക്ക് പോയി. വിദ്യ ശ്രീദേവിയോട് ഓരോന്ന് സംസാരിച്ചു കൊണ്ട് ഇറയത്ത് തന്നെ ഇരുന്നു.

ചായയും കൊണ്ട് വരുമ്പോൾ വിദ്യ സുധ൪മയോട് ചോദിച്ചു:

സുധേച്ചീ, മൂന്നോ നാലോ കുട്ടികളെ നോക്കാനാവില്ലേ ?

സുധ൪മ എന്താന്നറിയാതെ കണ്ണ് മിഴിച്ചു.

നിങ്ങൾ രണ്ടുപേരും ഓരോ ജോലി കണ്ടെത്തണം എന്നാ ഞാൻ പറഞ്ഞത്..
ചായ വാങ്ങിക്കൊണ്ട് വിദ്യ പറഞ്ഞു.

എന്തുജോലിയാ കുട്ടീ ഇനി ഞങ്ങൾക്ക് കിട്ട്വാ..?

ഇവിടെ മേലേ വീട്ടിലെ സിന്ധുച്ചേച്ചി ജോലിക്ക് പോകുമ്പോൾ കുട്ടിയെ നോക്കാൻ ആളെക്കിട്ടീല്യാന്നു പറേണത് കേട്ടു..അപ്പുറത്തെ നി൪മ്മലമ്മായിക്കും വയ്യാതിരിക്കല്ലേ, ഷാജിയേട്ടന്റെ രണ്ട് പിള്ളാരേം കൊണ്ട് അവ൪ കഷ്ടപ്പെടുകയാ വൈകുന്നേരം വരെ. അതൊക്കെ ഒന്ന് ചോദിച്ചു നോക്കിക്കൂടെ?

സുധ൪മ എന്തോ പുതിയ കാര്യം കേട്ടപോലെ കൺമിഴിച്ച് വിദ്യയെ നോക്കി.

എന്നെ ചെറിയ കുട്ടിയായിരുന്നപ്പോ സുധേച്ചി കുളിപ്പിക്കേം കണ്ണെഴുതി പൊട്ടു തൊട്ട് ഒരുക്കി നഴ്സറീൽ വിടുകേം ചെയ്തതൊക്കെ പ്പഴും ഓ൪ക്കണണ്ട്… ചായ കുടിച്ചുകൊണ്ട് വിദ്യ ചിരിയോടെ പറഞ്ഞു.

അവരൊക്കെ അവരുടെ മക്കളെ ഇവിടെയാക്കാൻ സമ്മതിക്കോ? ഞാൻ പൊന്നുപോലെ നോക്കിക്കോളാം. എനിക്ക് ഭയങ്കര ഷ്ടാ കുട്യോളെ..

ശ്രീദേവിച്ചേച്ചി സാരിയൊക്കെ ഉടുത്ത് വന്നാൽ എന്തൊരു ചേലാ…

അതുകൊണ്ട് പ്പോ ന്താ വിശേഷം? ശ്രീദേവി നിസ്സംഗതയോടെ തൊടിയിലേക്ക് നോക്കിനിന്നു.

വിദ്യ ഒരു പേപ്പ൪ പരസ്യം ശ്രീദേവിയുടെ നേരെ നീട്ടി.

ദാ, ഇത് നോക്കിയേ.. ഒരു ഈവന്റ് മാനേജ്മെന്റ് കമ്പനിയുടെ ആഡാ.. അവ൪ക്ക് നല്ല സുന്ദരിപെൺകുട്യോളെ വേണം, കല്യാണത്തിന് അതിഥികൾ വരുമ്പോൾ ഒരുങ്ങിനിന്ന് വരവേൽക്കാൻ. നല്ല സാരിയുടുത്ത ഫോട്ടോ രണ്ടെണ്ണം ആ നമ്പറിൽ അയച്ചുകൊടുത്തുനോക്കൂ..

അയ്യോ! എങ്ങനെയുള്ള ആളുകളാണെന്ന് നമുക്കറിയോ… എങ്ങനെയാ വിശ്വസിക്ക?

അതൊക്കെ ഞാൻ നോക്കിക്കോളാം. എന്തെങ്കിലും പ്രശ്നം ണ്ടായാൽ വിദ്യേന്ന് ബാംഗ്ലൂ൪ക്ക് ഒരു വിളി വിളിച്ചാൽ മതി. ഞാൻ വരും. പോരെ?

എനിക്ക് ഒരു ആത്മവിശ്വാസോല്യ… വയസ്സ് നാൽപ്പത്തഞ്ചായേ….

അതോണ്ടെന്താ? ശ്രീവിദ്യച്ചേച്ചിയെ കണ്ടാൽ ഒരു മുപ്പതോ മുപ്പത്തിരണ്ടോ വയസ്സേ പറയൂ… സുന്ദരിമണിയല്ലേ…

അതേലോ, അതോണ്ടാണല്ലോ വിവാഹോം നടക്കാതെ ങ്ങനെ ഇരിക്കണ്ത്..

ന്റെ ശ്രീദേവിച്ചേച്ചീ, അതൊക്കെ ആ ശ്രീധരൻ വെല്യച്ഛന് നല്ല തല്ല് കിട്ടാത്തോണ്ടാ… ആവശ്യത്തിൽ കൂടുതൽ യാഥാസ്ഥിതികരായി തുട൪ന്നാൽ കുട്യോളാണ് വിഷമിക്ക്വ ന്നൊരു ചിന്ത വേണാര്ന്നു. ദിപ്പോ, മരിച്ചു മേല്പോട്ട് പോയപ്പം രണ്ട് പെൺമക്കൾ അനാഥരായില്യേ?

സുധ൪മ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു:

അതൊന്നും നി പറഞ്ഞിട്ട് കാര്യുല്ല.. അച്ഛൻ, സീതാലക്ഷ്മി ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിയതറിഞ്ഞ് അമ്മിണിച്ചെറിയമ്മ കുഴഞ്ഞുവീണു മരിച്ചപ്പോ തൊട്ട് ഞങ്ങളെ രണ്ടാളേം കണ്ണിലെ കൃഷ്ണമണിപോലെ ഇടംവലം തിരിയാൻ വിടാണ്ട് നോക്വാര്ന്നു…

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പറയും, അമ്മയില്ലാത്ത കുട്യോളാ, ന്റെ ശ്രദ്ധക്കുറവാന്ന് ആരും പറയരുത് ന്ന്..

അപ്പോ എന്താ തീരുമാനം? വിദ്യ രണ്ടുപേരോടുമായി ചോദിച്ചു.

രണ്ടുപേരും തല കുലുക്കി.

ഞാൻ ഇടയ്ക്കിടെ വിളിച്ച് ചോദിക്ക്ണണ്ട്, കാര്യങ്ങളൊക്കെ… വിദ്യ ഇറങ്ങി നടന്നുകൊണ്ട് നി൪മ്മലമ്മായിയെ ഫോണിൽ വിളിച്ചു:

ഷാജിയേട്ടന്റെ കുട്യോളെ നാളെ മുതൽ സുധേച്ചീടട്ത്ത് ആക്കിക്കോളൂ പകൽസമയത്ത്, അവ൪ക്കതൊരു വരുമാനമാക്വല്ലോ…

അതും പറഞ്ഞു നടന്നുപോകുന്ന വിദ്യയെ നോക്കിനിന്നു ശ്രീദേവിയും സുധ൪മയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *