എന്റെ പുന്നാര ഭാര്യയെ കാണിച്ചു അവർക്കിടയിൽ എന്റെ വില കളയാൻ എനിക്ക് തീരെ താൽപര്യമില്ല……

Story written by Kavitha Thirumeni

“നീയൊന്നു പോകുന്നുണ്ടോ അമ്മൂ… വെറുതെ എന്തിനാ നിന്റെ ഉറക്കം കൂടി കളയുന്നേ.? എണീറ്റ് പൊയ്ക്കോ..”

“ഉണ്ണിയേട്ടനു ചായ എന്തെങ്കിലും വേണോ..? നേരം ഒരുപാടായില്ലേ…”

“പിന്നേ… ഈ പാതിരാത്രിയിലല്ലേ ചായ..”

“അല്ല ഏട്ടാ ചായ കുടിച്ചാൽ ഉറക്കമൊക്കെ പോകും. ഈ ക്ഷീണവും മാറും. അപ്പോൾ ജോലി പെട്ടെന്ന് ചെയ്തു തീർക്കാല്ലോ…”

” എനിക്ക് നിന്റെ ചായയും വേണ്ട കാപ്പിയും വേണ്ട. നീ ഒന്നു പോയി തന്നാൽ മതി. ഒരു പണി ചെയ്യാനും സമ്മതിക്കില്ല… ശല്യം …”

ദേഷ്യം വന്നു കൈയ്യിലിരുന്ന പേന എടുത്ത് ഞാൻ വലിച്ചെറിഞ്ഞു. .. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു..

കല്യാണം കഴിഞ്ഞിട്ടു 3 മാസമായെങ്കിലും അമ്മുവിനെ പൂർണമായി അംഗികരിക്കാൻ എനിക്ക് കഴിഞ്ഞില്ല. തീരെ ഇഷ്ടപ്പെടാത്ത ബന്ധമായിട്ടും അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തിയത്.

അന്നേ ഞാൻ പറഞ്ഞതാണ് നാട്ടിൽ നിന്നും എനിക്കൊരു പെണ്ണിനെ വേണ്ടന്നു. തനിക്ക് അവൾ ഒട്ടും ചേരില്ലന്നു മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. എന്നെ ജോലിയിൽ സഹായിക്കുന്ന എന്റെ ജീവിത ശൈലിയോട് ചേർന്ന് നിൽക്കുന്ന പരിഷ്കാരങ്ങളെ ഇഷ്ടപ്പെടുന്നവളെയാണ് ഞാൻ ആഗ്രഹിച്ചത്. അമ്മുവാണെങ്കിലോ മുഴുവൻ സമയവും വീട്ടുകാര്യവും നോക്കി ഇരുന്നോളും.

എന്നോട് അധികം സംസാരിക്കാൻ ഞാൻ അമ്മുവിനെ അനുവദിച്ചില്ല.. അതു കൊണ്ട് അമ്മയോടായിരുന്നു അവളുടെ കൂട്ട്.. എപ്പോഴും എന്തെങ്കിലുമൊക്കെ ചിലച്ചോണ്ടിരിക്കുന്നതു കേൾക്കാം.

വൈകിട്ട് ഓഫീസിൽ നിന്നു വന്ന ശേഷം വീണ്ടും പുറത്തു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അമ്മു ചോദിച്ചാൽ സത്യം പറയില്ലന്നറിയാവുന്നതു കൊണ്ട് അവൾ അമ്മയെ പറഞ്ഞു വിട്ടു.

“ഉണ്ണീ… നീയിതെവിടേക്കാ..,? ഇപ്പോൾ ഇങ്ങു വന്നതല്ലേയുള്ളൂ…”

അമ്മയുടെ മറവിൽ നിൽക്കുന്ന അവളെ ഞാനൊന്നു സൂക്ഷിച്ച് നോക്കി.

“അത് പിന്നെ.. നമ്മുടെ ജിജോയുടെ മോള്ടെ ബർത്ത്ഡെയാണ് ഇന്നു.. അവനൊരു പാർട്ടി വെച്ചിട്ടുണ്ട്.”

“ആഹ്… എന്നാൽ പിന്നെ നിനക്ക് അമ്മുവിനെ കൂടി കൊണ്ടുപൊയ്ക്കൂടേ ..? വീട്ടിലിരുന്ന് മടുത്ത് കാണും എന്റെ കുട്ടി..”

“എനിക്കു വയ്യ ഇവളെയും കൊണ്ടുപോവാൻ.. അവിടെ ഒരുപാട് ആളുകൾ വരുന്നതാ.. എന്റെ പുന്നാര ഭാര്യയെ കാണിച്ചു അവർക്കിടയിൽ എന്റെ വില കളയാൻ എനിക്ക് തീരെ താൽപര്യമില്ല.”

“ഓഹ് പിന്നേ അവിടെ വരുന്നതിനെയൊക്കെ കണ്ടാലും മതി.. ചുണ്ടത്ത് കുറെ കളറും വാരി തേച്ച് , എത്താത്ത ഡ്രെസ്സും ഇട്ട്.. കാണുന്ന നമ്മൾക്ക് വരെ നാണം തോന്നും. അവരുടെ ഇടയിൽ എന്റെ മോള് വന്നാൽ ഇവൾക്കാ മോശം.”

“അമ്മ എന്തൊക്കെ പറഞ്ഞാലും ഇവളെ കൂടെ കൊണ്ടുപോകാൻ എനിക്ക് പറ്റില്ല.”

ആ സംഭാഷണം വഴക്കിലേക്കു നീളുമെന്നുള്ളത് കൊണ്ടാവാം അമ്മു ഇടയ്ക്കു കയറി പറഞ്ഞു തുടങ്ങി.

“വേണ്ട അമ്മേ.. ഞാൻ പോകുന്നില്ല.. അല്ലെങ്കിലും ഈ പാർട്ടിക്ക് ഒക്കെ പോകുന്നത് എനിക്ക് പണ്ടേ ഇഷ്ടമല്ല. ഉണ്ണിയേട്ടൻ പോയിട്ട് വരട്ടെ…”

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകളുമായി അവൾ അപ്പുറത്തേക്ക് പോയി. കൂടെ അമ്മയും.

“അമ്മൂ… മോള് വിഷമിക്കണ്ട കേട്ടോ.. അവന് മൂക്കത്താ ശുണ്ഠി. കുറച്ചു നാളു കഴിയുമ്പോൾ എല്ലാം ശരിയാകും..”

“അമ്മേ…”

“എന്താ മോളേ..?

“ഉണ്ണിയേട്ടനു എന്നെ തീരെ ഇഷ്ടമല്ലാല്ലേ.. താൽപ്പര്യമില്ലായിരുന്നെങ്കിൽ എന്തിനാ അമ്മെ ഏട്ടനെ ഈ കല്യാണത്തിന് നിർബന്ധിച്ചത്… നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ ഒഴിവായി തന്നേനെ….എനിക്ക് പഠിപ്പില്ല ഏട്ടനെ ജോലിയിൽ സഹായിക്കാനും അറിയില്ല.. ഞാൻ ഉണ്ണിയേട്ടനു ഒട്ടും ചേരില്ലമ്മേ.” അമ്മയുടെ മടിയിൽ കിടന്നവൾ പൊട്ടി കരഞ്ഞു..

“ഇല്ല മോളെ.. നിന്നെ കിട്ടിയത് എന്റെ ഉണ്ണിയുടെ ഭാഗ്യമാ.. ഇത്രയും നല്ല മനസ്സുള്ള എന്റെ പൊന്നുമോളെ ആർക്കാ ഇഷ്ടപ്പെടാത്തെ.. അവനും ഇഷ്ടപ്പെടും.. നീ നോക്കിക്കോ..”

എല്ലാം കണ്ടു നിന്നിട്ടും എനിക്കവളോട് ഒരു സഹതാപവും തോന്നിയില്ല. കാരണം ഞാൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല. ഒന്നും കേൾക്കാത്ത ഭാവത്തിൽ ഞാൻ വീട്ടിൽ നിന്നിറങ്ങി..

ജിജോയുടെ മോൾക്ക് ഗിഫ്റ്റ് കൊടുത്ത ശേഷം ഞാൻ പതിയെ അവിടെ നിന്നും മാറി നിന്നു. കൂട്ടുകാരെല്ലാം നന്നായി ആഘോഷിക്കുന്നുണ്ട്. എല്ലാത്തിൽ നിന്നുമുള്ള എന്റെ ഒഴിഞ്ഞു മാറ്റം കണ്ടിട്ടാവാം ജിജോ എന്റെടുത്തേക്ക് വന്നു. അവൻ നന്നായി മദ്യപിച്ചിരുന്നു.. ഒന്നു നിവർന്ന് നിൽക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

“ഉണ്ണീ.. നീയെന്താ അമ്മുവിനെ കൂട്ടാതിരുന്നത്..?

” ഒന്നുമില്ലടാ.. അവളെ ഇവിടെ കൊണ്ടുവന്നാൽ ശരിയാവില്ല. മറ്റുള്ളവരോട് എങ്ങനെ സംസാരിക്കേണ്ടത് എന്നു പോലും അവൾക്കറിയില്ല..”

“ഒന്നു പോടാ.. അമ്മുവിനെ പോലൊരു പെണ്ണിനെ ഭാര്യയായി കിട്ടാൻ പുണ്യം ചെയ്യണം..”

“അതെയതേ… എല്ലാം അറിയാവുന്ന നീ തന്നെ ഇത് പറയണം. …”

“ആഹ്.. ഞാൻ പറയും. നീ എന്റെ ഭാര്യയെ കണ്ടോ.. ഇന്ന് വളരെ സന്തോഷത്തിലാ.. എന്തുകൊണ്ടാണെന്നോ അവൾ പറയുന്നത് എന്തും കേട്ട് ഒരടിമയെ പോലെ ഞാനിവിടെയുണ്ടല്ലോ…. നിനക്കറിയോ സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാൻ പോലും എനിക്ക് സ്വാതന്ത്ര്യമില്ല. വെറും വേഷം കെട്ടലാടാ ഇതൊക്കെ.. മറ്റുള്ളവർക്കു മുന്നിൽ സന്തോഷം അഭിനയിച്ചു തകർക്കുവാ ഞാൻ.. ഒപ്പം അവളും.

ഒന്നും എതിർത്ത് പറയാൻ പറ്റില്ല കാരണം എന്നെ വിലയ്ക്ക് മേടിച്ചതല്ലേ അവളുടെ അച്ഛൻ.. അന്നത്തെ വീട്ടിലെ കഷ്ടപാടും ദാരിദ്ര്യവും ഇല്ലായിരുന്നെങ്കിൽ അമ്മുവിനെ പോലെയൊരു പാവത്തിനെ ഞാനും സ്വന്തമാക്കിയേനെ…”

ആദ്യമായി അവന്റെ കണ്ണിലെ നനവ് ഞാൻ കണ്ടു..

“ജിജോ നീ എന്തൊക്കെയാ ഈ പറയുന്നെന്ന് എന്തെങ്കിലും ബോധമുണ്ടോ..?

“ഞാൻ കള്ള് കുടിച്ചതുകൊണ്ട് പറയുന്നതല്ലടാ.. നല്ല ബോധത്തോടു കൂടെ തന്നെയാ… നിന്റെ എല്ലാം കാര്യങ്ങളും അറിയാവുന്നതുകൊണ്ട് പറയുവാ ആ പാവത്തിനെ ഇനി വിഷമിപ്പിക്കരുത്..”

അവനോടൊപ്പമുള്ള ആ സംസാരത്തിൽ നിന്നു ഞാൻ എന്തൊക്കെയോ നേടിയത് പോലെ തോന്നി.. പിന്നെ കൂടുതൽ നേരം ഞാൻ അവിടെ നിന്നില്ല. തിരിച്ചു വരുന്ന വഴിക്ക് മുഴുവൻ അമ്മുവിനെക്കുറിച്ചായിരുന്നു ചിന്ത. അവൾ ഇന്നു വരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. അറിഞ്ഞു ഞാൻ ഒന്നും ചെയ്തിട്ടുമില്ല.. എന്നും വിഷമിപ്പിച്ചിട്ടേയുള്ളൂ….

ആ രാത്രിയിൽ മഴ മുഴുവനും നനഞ്ഞാണ് ഞാൻ വീട്ടിൽ വന്നു കയറിയത്.. അമ്മു അപ്പോഴും ഉറങ്ങിയിരുന്നില്ല..

” മുഴുവനും നനഞ്ഞല്ലോ ഉണ്ണിയേട്ടാ.. മഴ മാറിയിട്ട് വന്നാൽ പോരായിരുന്നോ..? സാരി തുമ്പുകൊണ്ട് അവൾ എന്റെ തല തുടച്ചു…

ഞാൻ ഒന്നും മിണ്ടിയില്ല. എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും എന്തിനാണ് അവളെന്നെ ഇങ്ങനെ സ്നേഹക്കുന്നത്.. കുറച്ചു നേരം ഞാൻ അവളെ തന്നെ നോക്കി നിന്നു.

“ഉണ്ണിയേട്ടൻ കഴിച്ചോ…? മേശപ്പുറത്ത് മൂടി വെച്ചിരുന്ന ഭക്ഷണത്തിലേക്ക് നോക്കി അവൾ ചോദിച്ചു.

“ആഹ്.. ഞാൻ അവിടുന്ന് കഴിച്ചു.. നീ കഴിച്ചില്ലേ..?

“മ്മ്.. ഞാൻ കഴിച്ചു..”

ആ പറയുന്നത് നുണയാണെന്ന് അവളുടെ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു.. എനിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നിരിക്കണം പാവം…

“അമ്മൂ നീ ഭക്ഷണം എടുത്തു വെച്ചേ.. ഞാൻ ഈ ഡ്രെസ്സ് മാറിയിട്ട് വരാം..”

“അപ്പോൾ കഴിച്ചെന്നു പറഞ്ഞതോ….

ഒരു ചിരി മാത്രം ഞാൻ അവൾക്ക് മറുപടി നൽകി.. തിരിച്ച് വരുമ്പോൾ അവള് ചോറ് വിളമ്പി വെച്ചിരുന്നു… കഴിക്കാൻ തുടങ്ങിയപ്പോൾ എന്റെടുത്തായി അവളെയും പിടിച്ച് ഇരുത്തി..

അന്ന് ആദ്യമായി ഒരുപിടി ചോറ് അവൾക്കു നേരേ നീട്ടീ.. ” എനിക്കറിയാം അമ്മൂ നീയൊന്നും കഴിച്ചിട്ടില്ലായെന്നു”

അത്ഭുതത്തോടെ അവൾ എന്നെ നോക്കി.. അറിയാതെ അവളുടെ മിഴികൾ നനഞ്ഞു..

” നീയെന്തിനാ കരയുന്നേ…?

“ഏയ്.. ഞാൻ കരഞ്ഞതല്ല ഉണ്ണിയേട്ടാ.. കണ്ണിൽ പൊടി പോയതാ.. കണ്ണുനീരിനെ മറച്ചു പിടിക്കാൻ അവൾ ശ്രമിച്ചു.. എന്നിട്ട് ചെറുതായി പുഞ്ചിരിച്ചു.

അമ്മ പറഞ്ഞത് ശരിയാണ് ഇങ്ങനെയൊരു പൊട്ടി പെണ്ണിനെ ആർക്കാണ് ഇഷ്ടമാവാത്തത്… ഈ ഞാനും ഇന്നവളെ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *