മനോഹരന്റെ കല്ല്യാണം
എഴുത്ത്:- ബിന്ദു എന്‍ പി
അങ്ങനെ ഒടുവിൽ കാത്തു കാത്തിരുന്ന ആ സുദിനം വന്നെത്തി.. മനോഹരന്റെ കല്ല്യാണം . ഇരുപത്തിയെട്ടാമത്തെ വയസ്സിൽ പെണ്ണന്വേഷിക്കാൻ തുടങ്ങിയതാണ് ഈ മനോഹരൻ .. ഇപ്പൊ വയസ്സ് നാല്പതായി ..ഈ നാൽപ്പതാമത്തെ വയസ്സിൽ പെണ്ണ് കെട്ടുമ്പോൾ പ്രായമായവർക്കിടയിൽ മുതൽ കുട്ടികൾക്കിടയിൽ വരെ സംസാര വിഷയമായിരുന്നു ആ കല്യാണക്കാര്യം..
മനോഹരന്റെ അമ്മാവന്റെ മകള് സരളയ്ക്ക് തന്റെ മുറച്ചെറുക്കനായ മനോഹരനെ ഏറെ ഇഷ്ടമായിരുന്നു . ആ കാര്യം മനോഹരനോട് പറഞ്ഞപ്പോ മനോഹരൻ അവളോട് പറഞ്ഞു
“എന്റെ സങ്കല്പത്തിലെ പെണ്ണിന് നല്ല ഗോതമ്പിന്റെ നിറം വേണം . മുട്ടൊപ്പം നിൽക്കുന്ന മുടി വേണം.. ഇതൊന്നുമില്ലാത്ത നിന്നെ എനിക്ക് വേണ്ടേ വേണ്ടാ ..”
ഇതുകേട്ട സരള അധികം വൈകാതെ വേറെ കല്ല്യാണം കഴിച്ചു പോയി . ഇരുപതാമത്തെ വയസ്സിൽ പ്രവാസ ജീവിതം ആരംഭിച്ചതാണ് മനോഹരൻ . ഇരുപത്തിയെട്ടു വയസ്സാവുമ്പോഴേക്കും തന്റെ ബാധ്യതകളൊക്കെ തീർത്തു കല്യാണത്തിനൊരുങ്ങുമ്പോ ബ്രോക്കറോട് പറഞ്ഞ ഡിമാൻഡ് ഇതായിരുന്നു .. പെണ്ണ് വെളുത്ത് സുന്ദരിയായിരിക്കണം .. അവൾക്ക് മുട്ടൊപ്പമുള്ള മുടിയുമുണ്ടായിരിക്കണം . അങ്ങനെ ബ്രോക്കർമാർ മനോഹരന് വേണ്ടി പെണ്ണാലോചിക്കാൻ തുടങ്ങി .. ലീവ് തീർന്നു മടങ്ങിപ്പോകുന്നതുവരെ പെണ്ണൊന്നും ശരിയായതുമില്ല ..
സാരമില്ല .. അടുത്ത വരവിനു ശരിയാവും ആ സമാധാനത്തിൽ മനോഹരൻ തിരിച്ചു പോയി… പിന്നെ ഓരോ തവണ വരുമ്പോഴും അവസ്ഥ അതുതന്നെയായിരുന്നു . ഒടുവിലൊടുവിൽ മനോഹരന് മടുത്തു തുടങ്ങി .. ഡിമാൻറുകളോരോന്നായി കുറഞ്ഞു തുടങ്ങി .. ഒടുവിൽ ഏതെങ്കിലും ഒരു പെണ്ണ് മതിയെന്ന അവസ്ഥയായി ..
സരള മനോഹരനെ കാണുമ്പോഴൊക്കെ ഒരു ആക്കിയ ചിരി ചിരിക്കാറുണ്ട് .. അങ്ങനെ മനോഹരന് വയസ്സ് നാല്പത്തായി .. ഇത്തവണ ലീവിന് വരുന്നതിനു മുന്നേ മനോഹരൻ വീട്ടുകാരോട് പറഞ്ഞു ഏതെങ്കിലും ഒരു പെണ്ണിനെ കണ്ടു വിവാഹം ഉറപ്പിക്കാൻ .. ഡിമാൻറ്റുകൾ ഒന്നുമില്ലായിരുന്നു മനോഹരന്… അല്ലെങ്കിലും മനോഹരന്റെ കാഴ്ചപ്പാടുകൾക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ടായിരുന്നു. അയാൾ കൂട്ടുകാരോട് പറഞ്ഞു ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ കറുപ്പും വെളുപ്പുമെല്ലാം ഒരുപോലെയല്ലേ .. ഇരുട്ടിലെന്തു കറുപ്പും വെളുപ്പും .. ശരിയാണല്ലോ ..കൂട്ടുകാരും അവനെ പിന്താങ്ങി.
അങ്ങനെ ഇത്തവണ വീട്ടുകാർ ഒരു പെണ്ണിനെ പോയിക്കണ്ടു . ഏകദേശം മനോഹരന്റെ അടുത്ത് പ്രായമുണ്ടാകും . പെണ്ണ് കാണാൻ പോകുന്ന വിവരം ബ്രോക്കർ പെൺ വീട്ടുകാരെ വിളിച്ചറിയിച്ചു . അങ്ങനെ അവർ പെണ്ണ് കാണാൻ പോയി .. നോക്കുമ്പോ എന്താ … പെണ്ണ് കാണാൻ ഒരു സുന്ദരിയൊക്കെ തന്നെ .. നിറം തീരേ കുറവല്ല… മനോഹരന് ചേരും .. അങ്ങനെ ആ കല്യാണം ഉറപ്പിച്ചു…
കല്യാണ ദിവസം വന്നെത്തി .. കല്ല്യാണപ്പന്തലിൽ വെച്ചാണ് മനോഹരൻ ആദ്യമായി പെണ്ണിനെ കണ്ടത് . കാണാൻ അവളൊരു സുന്ദരി തന്നെ .. മനോഹരന് നന്നായി ഇഷ്ടപ്പെട്ടു. ഇത്ര കാലം വൈകിയാലെന്താ കൊതിച്ച പോലൊരു പെണ്ണിനെ കിട്ടിയില്ലേ . മനോഹരൻ തലയുയർത്തി സരളയെ ഒന്ന് നോക്കി .
അങ്ങനെ താലി കെട്ട് കഴിഞ്ഞു . പെണ്ണ് ചെക്കന്റെ വീട്ടിലേക്ക് യാത്രയായി .. എങ്ങനെയെങ്കിലും ഒന്ന് രാത്രിയായാൽ മതിയായിരുന്നുവെന്ന് തോന്നി മനോഹരന് . അങ്ങനെ രാത്രിയായി .. ഞാനൊന്ന് കുളിച്ചിട്ട് വരാം ചേട്ടാ എന്ന് പറഞ്ഞ് പുതുപ്പെണ്ണ് നാണത്തോടെ ബാത്‌റൂമിലേക്ക് പോയി .. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട് . അതാ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്നുണ്ട്… മനോഹരൻ അങ്ങോട്ടേക്ക് നോക്കിയതും “ഹെന്റമ്മച്ചിയേ…. എന്ന് നിലവിളിച്ചു കൊണ്ട് ബോധം കെട്ടു വീണതും ഒരുമിച്ചായിരുന്നു .. മനോഹരന്റെ നിലവിളി കേട്ട് അകത്തിരിക്കുന്ന ബന്ധുക്കളും പുറത്തിരിക്കുന്ന കൂട്ടുകാരും എല്ലാം ഓടിവന്നു…
കുളി കഴിഞ്ഞു വന്ന പുതുപ്പെണ്ണിന്റെ രൂപം കണ്ട് എല്ലാവരും സ്തംഭിച്ചു നിന്നു.. കറുത്ത പല്ലുന്തിയ ഒരു രൂപം..ഒരു ബ്യുട്ടീഷ്യൻ വിചാരിച്ചാൽ ഒരാളെ ഇത്രയേറെ മാറ്റാൻ പറ്റുമെന്ന് അപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്… ബോധം വരുമ്പോ ആൾക്കൂട്ടത്തിനിടയിൽ നിന്നും സരള വായ പൊത്തിച്ചിരിക്കുന്നത് മനോഹരൻ കണ്ടു… അപ്പോ കൂട്ടുകാരാരോ അവന്റെ ചെവിയിൽ പറയുന്നതവൻ കേട്ടു…. വിഷമിക്കേണ്ടെടാ… ലൈറ്റ് ഓഫ് ചെയ്താൽ പിന്നെ കറുപ്പും വെളുപ്പുമൊക്കെ ഒരുപോലെയല്ലേ…ഇരുട്ടിലെന്ത് കറുപ്പും വെളുപ്പും…

