ഏതൊരു ഫങ്ഷനാവട്ടെ ദീപയുടെ ചുറ്റും ആളുകൾ കൂടും. അവ൪ക്കറിയേണ്ടത് അവളുടെ വസ്ത്രങ്ങൾ ആരാണ് തിരഞ്ഞെടുക്കുന്നത്…….

ഫാഷൻ ഡിസൈന൪

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

ദീപ നന്നായി ഒരുങ്ങിനടക്കാൻ ഇഷ്ടമുള്ള ആളായിരുന്നു. അതുകൊണ്ടു തന്നെ അവൾക്ക് ചുറ്റും എപ്പോഴും സുഹൃത്തുക്കളും ഉണ്ടായിരുന്നു.

ഏതൊരു ഫങ്ഷനാവട്ടെ ദീപയുടെ ചുറ്റും ആളുകൾ കൂടും. അവ൪ക്കറിയേണ്ടത് അവളുടെ വസ്ത്രങ്ങൾ ആരാണ് തിരഞ്ഞെടുക്കുന്നത്, എവിടെ നിന്നാണ് വാങ്ങുന്നത്, ആക്സസറീസ് ഇത്ര മാച്ചായി എങ്ങനെയാണ് കലക്റ്റ് ചെയ്യുന്നത്, മേയ്ക്കപ്പ് ഇടുന്നത് എങ്ങനെയാണ് എന്നിവയൊക്കെയാണ്. അവരുടെ ഓരോ ചോദ്യങ്ങളും ദീപയിൽ ആത്മവിശ്വാസം നിറച്ചു.

ചില൪ ചോദിച്ചു:

തനിക്കൊരു ബൊട്ടീക് തുടങ്ങിക്കൂടെ?

ചില൪ പറഞ്ഞു:

ഇയാൾക്ക് ഒരു ബ്യൂട്ടിപാ൪ല൪ തുടങ്ങിക്കൂടെ?

മറ്റുചില൪ പറഞ്ഞു:

ദീപക്ക് ഫാഷൻ ഡിസൈനിങ് പഠിച്ചുകൂടെ?

അവൾ എം എസ് സിക്ക് പഠിക്കുമ്പോഴാണ് ഒരു കല്യാണാലോചന വന്നത്. ജോലി ആകുന്നതിനുമുമ്പേ വിവാഹിതയായി, മക്കളായി. കുടുംബമായി. കുറച്ച് വർഷങ്ങൾ പെട്ടെന്ന് കടന്നുപോയി.

കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയതോടെ അവൾ പകൽനേരങ്ങളിൽ തനിച്ചാവാൻ തുടങ്ങി. അപ്പോഴാണ് ഫാഷൻ ഡിസൈനറാവാൻ അവൾക്കൊരു മോഹം തോന്നിയത്. മധുവിനോട് പറഞ്ഞപ്പോൾ അവന് നൂറുസമ്മതം.

പിന്നൊന്നും നോക്കിയില്ല. ചെറിയൊരു ഷോറൂം സെറ്റ് ചെയ്തു. അതിനോടനു ബന്ധിച്ച് മറ്റൊരു മുറിയിൽ വെട്ടാനും തയ്ക്കാനുമുള്ള സൌകര്യവുമുണ്ടാക്കി. സ്ത്രീകളുടേയും കുട്ടികളുടെയും വസ്ത്രങ്ങളാണ് പ്രധാനമായും അവൾ ഫോക്കസ് ചെയ്തത്.

അങ്ങനെ ‘ലിറ്റിൽ ലേഡി’ പിറന്നു. ദീപയുടെ കള൪ സെൻസും നല്ല വ൪ക്കും കസ്റ്റമേ൪സിനെ പിന്നെയും അവിടേക്ക് വരാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബിസിനസ്സ് പച്ചപിടിച്ചു. ആദ്യത്തെ രണ്ടുവ൪ഷംകൊണ്ട് നല്ല ലാഭമുണ്ടായതോടെ ദീപയുടെ ജീവിതം മാറിമറിഞ്ഞു.

കടയിൽ തിരക്ക് കൂടി. കല്യാണത്തിന് ഒന്നിച്ച് ആളുകൾ വന്ന് ഒരുപോലെ ഡ്രസ്സുകൾ തയ്ക്കാനൊക്കെ ഏൽപ്പിച്ചാൽ കൃത്യസമയത്ത് തന്നെ ചെയ്തുകൊടുക്കാൻ ദീപ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അങ്ങനെ ലിറ്റിൽ ലേഡി രാവിലെ ആറരക്ക് തുറന്ന് രാത്രി പത്ത് മണിവരെ പ്രവ൪ത്തിക്കുന്ന സ്ഥിതിയായി. തയ്ക്കാനും മറ്റു സഹായത്തിനും കൂടുതൽ ജോലിക്കാരെയും ദീപ നിയമിച്ചു.

ഒരുദിവസം മധു ചോദിച്ചു:

ദീപ, നമുക്ക് ഒരു ടൂ൪ പോയാലോ..?

അയ്യോ, എനിക്ക് സമയമില്ല..

അവൾ തിരക്കിൽ മുഴുകി.

മറ്റൊരു ദിവസം മധു ‌ചോദിച്ചു:

മകളുടെ സ്കൂളിൽ പിടിഎ മീറ്റിങ്ങിന് പോകാമോ? എനിക്കിന്ന് തീരെ ലീവെടുക്കാൻ പറ്റാത്തതുകൊണ്ടാണ്..

ഏയ്.. എനിക്ക് കടയിൽ നിന്ന് മാറിനിൽക്കാൻ പറ്റില്ല മധൂ..

അവൾ കൈയൊഴിഞ്ഞു.

അവൻ അവളെ കുറച്ചുനാളുകളായി ശ്രദ്ധിക്കുന്നു. വീട്ടുകാര്യങ്ങളിലൊന്നും തന്നെ ദീപക്ക് ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു. കണ്ണുകൾ കുഴിഞ്ഞ്, കവിളുകൾ ഒട്ടി… സ്വന്തം വസ്ത്രത്തിൽപ്പോലും അവളിപ്പോൾ ശ്രദ്ധിക്കാതായിരിക്കുന്നു.

അവൾക്കൊരു ബ്രേക്ക് അത്യാവശ്യമായിരിക്കുന്നു. എങ്ങനെയാണ് ഇതൊന്ന് പറഞ്ഞുമനസ്സിലാക്കുന്നത്…

കുട്ടികളുടെ പഠനമൊക്കെ കുറച്ച് പിറകിലോട്ടാണ്. ആഹാരമൊക്കെ മിക്കപ്പോഴും പുറത്തുനിന്നാണ്. ദീപക്ക് അവളുടെ ഭക്ഷണകാര്യംപോലും മറന്നുപോകുന്നത്ര തിരക്കാണ്. മധു മക്കളോട് പറഞ്ഞു:

നമുക്ക് അമ്മയുടെ പണം മാത്രം പോര, അമ്മ പഴയതുപോലെ ആരോഗ്യ ത്തോടെയും സൌന്ദര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണാൻ അമ്മയെ മാറ്റിയെടുക്കുകയും വേണം. നിങ്ങൾക്ക് എന്റെ കൂടെ നിൽക്കാമോ?

മക്കൾ രണ്ടുപേരും സമ്മതിച്ചു.

പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചദിവസം മധു ദീപയെ വിളിച്ചു:

ഹലോ, എന്താ മധൂ…

ഞാൻ ഹോസ്പിറ്റലിൽ നിന്നാ..

അയ്യോ.. എന്തുപറ്റി?

മോൾ തലചുറ്റിവീണു. ഞാൻ വൈകുന്നേരം എത്തിയപ്പോൾ അവൾ ക്ഷീണിച്ചിരിക്കുന്നുണ്ടായിരുന്നു. ഒന്ന് ഡോക്ടറെ കാണാൻ വന്നതാ..

എന്നിട്ട്?

അവൾ കുറച്ച് ക്രിട്ടിക്കൽ സ്റ്റേജിലാ.. കുറച്ച് പരിശോധനയൊക്കെ പറഞ്ഞിട്ടുണ്ട്.

ദീപ ആകെ പരിഭ്രമിച്ചു.

അന്ന് രാത്രി മധു പറഞ്ഞു:

നീയീ തിരക്കൊന്ന് കുറക്ക്. മോളുടെ‌ അടുത്ത് എപ്പോഴും ആരെങ്കിലും വേണ മെന്നാ ഡോക്ടർ പറഞ്ഞത്.

അതോടെ ദീപ കടയിലെ എല്ലാ ജോലികളും മറ്റുള്ളവരെ ഏൽപ്പിച്ചു. കുറേ നാളുകളായി ജോലി ചെയ്യുന്നവരായതുകൊണ്ട് അവരും ദീപയില്ലാതെ എല്ലാ കാര്യങ്ങളും നന്നായി ചെയ്യാൻ കഴിവുള്ളവരായിരുന്നു.

ക്രമേണ ദീപ പഴയതുപോലെ പ്രസരിപ്പും ചൊടിയുമുള്ള പ്രകൃതത്തിലേക്ക് മടങ്ങിയെത്തി. മകളുടെ അസുഖം മാറാൻ എപ്പോഴും സന്തോഷമായിരിക്കാൻ ഡോക്ടർ പ്രത്യേകം നി൪ദ്ദേശിച്ചിരുന്നു എന്ന മധുവിന്റെ വാക്കുകൾ അവളെ വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുന്നതിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതോടെ ഇടയ്ക്കൊക്കെ യാത്ര പോകുന്നതും പതിവായി. അതോടെ പോയ്പോയ സന്തോഷമെല്ലാം ആ കുടുംബത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ ദീപ ഇടയ്ക്ക് സമയം കിട്ടുമ്പോൾ മാത്രമേ കടയിൽ പോയിരിക്കാറുള്ളൂ. നല്ല വരുമാനം കിട്ടുന്നതുകൊണ്ടും അവിടെ ഉള്ളവ൪ ആത്മാർത്ഥമായി ജോലി ചെയ്യുന്നതു കൊണ്ടും ദീപക്ക് ടെൻഷനേതുമില്ലാതെ വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ പ്രയാസമില്ലാതായി. വെക്കേഷൻ സുഖമായി കടന്നുപോയി.

മകളുടെ അസുഖമൊക്കെ പൂർണ്ണമായും മാറിയില്ലേ.. ഇനിഞാൻ വീണ്ടും കടയിൽ ഫുൾടൈം പോയിത്തുടങ്ങട്ടെ?

കുട്ടികളുടെ സ്കൂൾ തുറന്നതും അവൾ ചോദിച്ചു.

മധു പറഞ്ഞു:

വേണ്ട.. അവളെ ഇനിയും പഴയതുപോലെ ക്ഷീണിച്ച് കാണാൻ വയ്യ, നിന്നെയും..

ദീപ അല്പം പരിഭവം അഭിനയിച്ച് പറഞ്ഞു:

അവൾക്ക് ഇല്ലാത്ത അസുഖം പറഞ്ഞ് എന്നെ ഇവിടിരുത്തിയത് എനിക്ക് മനസ്സിലായില്ല എന്നാണോ വിചാരിച്ചത്?

അവൻ ഞെട്ടി. ജാള്യത മറച്ചുവെച്ചുകൊണ്ട് അവളുടെ കവിളിൽ നുള്ളി അവൻ പറഞ്ഞു:

നിന്റെ ആരോഗ്യം ശ്രദ്ധിക്കാനാണെന്ന് പറഞ്ഞിരുന്നെങ്കിൽ നീ വെറുതേ യിരിക്കുമായിരുന്നോ?

ദീപ സ്നേഹപൂ൪വ്വം അവനെനോക്കി പുഞ്ചിരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *