ഒരുതരം വാശിയായിരുന്നു അവന്റെ മനസ്സില്‍. അവളുടെ വിവാഹ ദിവസം തന്നെ തന്റെയും വിവാഹം നടക്കണമെന്ന് അവന്‍ തീരുമാനിച്ചു…..

Story written by Shaan Kabeer

“കുട്ടിക്കാലം മുതൽ ഞാൻ നിന്റേതാണ്, നിന്റേതാണ്, നിന്റേത് മാത്രമാണ് എന്ന് പറഞ്ഞ് എന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നവൾ, എന്റെ താന്തോന്നി ത്തരങ്ങൾ അതിര് വിടുമ്പോൾ സ്നേഹത്തോടെ ശാസിച്ചിരുന്നവൾ, എന്റെ കണ്ണൊന്നു നിറഞ്ഞാൽ കൂടെ കരഞ്ഞിരുന്നവൾ, എനിക്ക് മനോഹരമായ പാട്ടുകൾ പാടിത്തന്നിരുന്നവൾ, വേറെ ഏതെങ്കിലും പെൺകുട്ടിയെ കുറിച്ച് പറയുകയോ ഒന്ന് നോക്കുകയോ ചെയ്താൽ ഉണ്ടക്കണ്ണുരുട്ടി പിണങ്ങി നടന്നിരുന്നവൾ”

തന്റെ കൂട്ടുകാരോട് ഷാഹിനയെ കുറിച്ച് പറയുമ്പോൾ ഷാനിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഗ്ലാസിലെ മ ദ്യം ഒറ്റവലിക്ക് കുടിച്ച് കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ തന്റെ മുണ്ടിന്റെ ഒരറ്റം കൊണ്ട് തുടച്ചുമാറ്റി കൂട്ടുകാരെ നോക്കി ഷാൻ പുഞ്ചിരിച്ചു. നന്നായി മ ദ്യപിച്ചിരുന്നു അവൻ. നാക്കൊക്കെ കുഴയുന്നുണ്ടായിരുന്നു

“എടാ, എന്റെ ഷാഹിനയുടെ കല്യാണമാണ് അല്ലേ നാളെ. നാളെ മുതൽ അവൾ വേറൊരുത്തന്റെ ഭാര്യയാണ് അല്ലേടാ”

അവൻ വീണ്ടും മദ്യപിക്കാൻ ഒരുങ്ങി. പക്ഷേ കൂട്ടുകാർ അത് തടഞ്ഞു. ഇപ്പോതന്നെ ഓവർ ആണെന്നും പറഞ്ഞ് അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് കാറിൽ കൊണ്ടിരുത്തി. ഷാൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. നാക്ക് കുഴഞ്ഞത് കൊണ്ട് ഒന്നും ആർക്കും വ്യക്തമായില്ല.

ഷാഹിനയുടെ കല്യാണമാണ് നാളെ. നാട്ടിൽ അത്യാവശ്യം താന്തോന്നി ത്തരവുമായി നടക്കുന്ന ഷാനും ഷാഹിനയും തമ്മിലുള്ള ബന്ധം എന്താണ് എന്നറിയണമെങ്കിൽ കുറച്ച് വർഷം പിറകോട്ട് പോവണം. കുറച്ച് വർഷം എന്ന് പറഞ്ഞാൽ ഏകദേശം ഒരു പത്തിരുപത്തഞ്ച് വർഷം പിറകോട്ട്. അതായത് ഷാഹിന ഈ ഭൂമിയിൽ ജനിച്ചു വീണത് മുതലുള്ള കഥ പറഞ്ഞാലേ ഷാൻ കബീർ എന്ന താന്തോന്നിയുടെ കഥ പൂർണമാവുകയൊള്ളൂ.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്…

ഒരുപാടു വർഷത്തെ പ്രാര്‍ത്ഥനയുടെ ഫലമായാണ് അവര്‍ക്ക് ഒരാൺക്കുഞ്ഞ് ജനിക്കുന്നത്. ആദ്യത്തേത് രണ്ടും പെണ്‍കുട്ടികളായിരുന്നു. മൂന്നാമതൊരു കുഞ്ഞിനു വേണ്ടി അവര്‍ ശ്രമിച്ചത് തന്നെ ആൺകുഞ്ഞിനു വേണ്ടിയായിരുന്നു. അതിനുവേണ്ടി അവര്‍ വിളിക്കാത്ത ദൈവങ്ങളില്ല. ഒടുവില്‍ എല്ലാ ദൈവങ്ങളും ഒന്നിച്ച് വിളികേട്ടു, അവര്‍ക്കൊരു ആൺകുഞ്ഞ് ജനിച്ചു. അവന് അവര്‍ ഷാൻ കബീർ എന്ന് പേരിട്ടു.

ഉപ്പയുടേയും ഉമ്മയുടേയും, സഹോദരിമാരുടെയും ലാളനയും വാത്സല്യവുമേറ്റ് അവന്‍ വളര്‍ന്നു. ഒരു സിനിമ റിലീസായാൽ അത് കുടുംബസമേതം കൊണ്ടു പോയി കാണിച്ചു കൊടുക്കുമായിരുന്നു ഷാനിന്റെ ഉപ്പ. വളര്‍ന്നു കഴിഞ്ഞപ്പോള്‍ അവനിഷ്ടമുള്ള സിനിമകള്‍ കാണാൻ ഉപ്പയെ മണിയടിച്ച് അവൻ കാര്യം സാധിച്ചു. ഉപ്പയുടെ കൈ പിടിച്ച് ഷാൻ ഒരുപാട് സിനിമകൾ കണ്ടു. കുറച്ചു കൂടി വളര്‍ന്നപ്പോൾ ഉപ്പയുടെ പോക്കറ്റില്‍ നിന്നും പൈസയും അടിച്ചുമാറ്റി സ്കൂള്‍ കട്ട് ചെയ്ത് സിനിമകള്‍ കണാൻ തുടങ്ങി.

ഷാനിന് സിനിമ ഒരു ഹരമായി മാറി. ഭാവിയില്‍ ഒരു സിനിമാ നടനാകണമെന്ന് അവന്‍ സ്വപ്നം കണ്ടു തുടങ്ങി. അതിനുള്ള തയ്യാറെടുപ്പ് എന്നോണം സ്കൂളിലെ യുവജനോത്സവങ്ങളിൽ അവന്‍ നിറ സാന്നിധ്യമായി. മിമിക്രി , മോണോ ആക്ട്, നാടകം എന്നിവയിലെല്ലാം ഷാൻ തിളങ്ങി.

സ്കൂള്‍ ജീവിതം കഴിഞ്ഞ് കലാലയത്തിൽ എത്തിയപ്പോഴാണ് തന്നിൽ ഒരു എഴുത്തുകാരൻ ഉറങ്ങിക്കിടപ്പുണ്ടന്ന് ഷാൻ പോലും അറിയുന്നത്. കോളേജിലെ പ്രോഗാമിന് കൂട്ടുകാരുടെ കൂടെ ചെയ്യാനുദ്ദേശിച്ച നാടകത്തിന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ഷാനിന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷെ ആരുടെ കഥയിലും അവന് പൂര്‍ണ തൃപ്തി വന്നില്ല. എന്നാ നീ തന്നെ ഒരു നല്ല കഥയെഴുതി കാണിക്ക് എന്ന് കൂട്ടുകാര്‍ പരിഹസിച്ചപ്പോൾ ആ വെല്ലുവിളി ആവേശത്തിന്റെ പുറത്ത് ഷാൻ ഏറ്റെടുത്തു. താന്‍ ഇത്രയും കാലം കണ്ട സിനിമകളാണോ അതോ വായിച്ച പുസ്തകങ്ങള്‍ ആണോ കഥയെഴുതാൻ തന്നെ സ്വാധീനിച്ചത് എന്ന് അവനറിയില്ലായിരുന്നു. പക്ഷെ മനോഹരമായ ഒരു കഥയെഴുതി ഷാൻ തന്റെ കൂട്ടുകാരെ കാണിച്ചു. അന്ന് കൂട്ടുകാരുടെ പ്രശംസകൾ കേട്ടപ്പോഴാണ് തന്നിലെ എഴുത്തുകാരനെ അവന്‍ ആദ്യമായി തിരിച്ചറിയുന്നത്. ആ തിരിച്ചറിവിൽ നിന്നും ഒരുപാട് നല്ല കഥകള്‍ അവന്‍ എഴുതി തുടങ്ങി. എഴുതിയ കഥകളെല്ലാം കൂട്ടുകാരുമായി ചർച്ച ചെയ്തു, കൂട്ടുകാരുടെ പ്രോത്സാഹനം ഷാനിന് ആത്മവിശ്വാസം നല്‍കി.

എഴുതിയ കഥകളുമായി മലയാളത്തിലെ പല സംവിധായകരെയും ഷാൻ സമീപിച്ചു, പക്ഷെ ഒരു പത്തു മിനിറ്റ് ക്ഷമയോടെ ഇരുന്ന് കഥകേൾക്കാനുള്ള സമയമില്ലായിരുന്നു പല സംവിധായകർക്കും. അവര്‍ സി ഗരറ്റ് വലിച്ചു തീരുന്ന സമയം മതിയായിരുന്നു അവന് കഥ പറയാന്‍. പക്ഷെ ആരും കഥ കേള്‍ക്കാന്‍ തയ്യാറായില്ല. ഷാൻ നിരാശനായില്ല, കാരണം അവന് ആശ്വാസമേകാൻ അവളുണ്ടായിരുന്നു, ഷാഹിന. അവളുടെ വാക്കുകള്‍ ഷാനിനെ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു, അവര്‍ രണ്ടുപേരും തീവ്ര പ്രണയത്തിലായിരുന്നു. തങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരാൺകുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കി അവരുടെ അച്ഛനും അമ്മയുമായി ഈ ലോകത്ത് ഒരുപാട് വർഷം ജീവിക്കണം എന്നും, മരിക്കുമ്പോൾ രണ്ടു പേര്‍ക്കും ഒരുമിച്ച് കെട്ടിപ്പിടിച്ച് മരിക്കണം എന്നൊക്കെയുള്ള സ്വപ്നങ്ങള്‍ അവര്‍ കണ്ടിരുന്നു.

അങ്ങനെ ഒരു സിനിമാ മോഹിയായി നടക്കുമ്പോഴാണ് ഷാനിന് സിനിമയില്‍ ജോലിചെയ്യാൻ അവസരം ലഭിക്കുന്നത്. സീനിയറായി പഠിച്ച ചില കൂട്ടുകാര്‍ ചേര്‍ന്ന് ഒരു ചെറിയ സിനിമ ചെയ്യുന്നു. ആ സിനിമയില്‍ സഹകരിക്കാനുള്ള അവസരം ഷാൻ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ആ സിനിമയില്‍ സഹകരിച്ചതു മൂലം അവന് ഒരുപാട് സിനിമാ സുഹൃത്തുക്കളെ കിട്ടി. ആ സുഹൃത്തുക്കള്‍ വഴി അവന്‍ മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്റെ സഹായിയായി ജോലി തരപ്പെടുത്തി. അങ്ങനെ പഠിത്തമെല്ലാം ഉപേക്ഷിച്ച് തന്റെ സ്വപ്നമായ സിനിമയില്‍ ഷാൻ സജീവമായി. ആഗ്രഹം പോലെ ഷാൻ ഒരു സിനിമാക്കാരനായി. ഒരുപാട് സിനിമകളില്‍ അവന്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തു.

സിനിമയെ അടുത്തറിഞ്ഞപ്പോഴാണ് സിനിമ സംവിധായകന്റെ കലയാണന്ന് ഷാൻ തിരിച്ചറിയുന്നത്. ആ തിരിച്ചറിവിൽ നിന്നും അഭിനയ മോഹം ഉപേക്ഷിച്ച് ഒരു സംവിധായകന്‍ ആകാനുള്ള ആത്മാർത്ഥ ശ്രമം തുടങ്ങി. ഷാൻ തന്നെ എഴുതിയ ഒരു കഥ സിനിമയാക്കാൻ ശ്രമം തുടങ്ങി. ആ കഥ മലയാള സിനിമയിലെ ഒരു യുവ താരത്തിന് ഇഷ്ടമായി. ഷാനിന്റെ സിനിമയില്‍ സഹകരിക്കാമെന്ന് അയാൾ ഉറപ്പു കൊടുത്തു. നായകന്‍ ശരിയായെങ്കിലും സിനിമക്ക് പൈസ മുടക്കാൻ ഒരു നിര്‍മ്മാതാവ് ഇല്ലായിരുന്നു. ഒരുപാട് നിര്‍മ്മാതാക്കളെ കണ്ടു, എല്ലാവരും നോക്കാം ആലോചിക്കാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറി. എന്നാലും പ്രതീക്ഷ കൈവിടാതെ അവന്‍ അവരെ വീണ്ടും വീണ്ടും പോയി കണ്ടു. ഒരു സിനിമ ചെയ്യാനുള്ള ഷാനിന്റെ ആ ഓട്ടത്തിലാണ് ഷാഹിനക്ക് വേറെ കല്യാണം നോക്കുന്നുണ്ടന്ന് അറിയാൻ ഇടയായത്.

ഷാൻ ഷാഹിനയുമായി സംസാരിച്ചു. തന്റെ കാമുകൻ പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത സ്വപ്നങ്ങള്‍ മാത്രം പ്രതിഫലമായി ലഭിക്കുന്ന ഒരു സിനിമാ മോഹിയാണെങ്കിൽ തനിക്ക് ഒരു പ്രശ്നവുമില്ലന്നും, പക്ഷെ തന്റെ ഭർത്താവിന് ആ യോഗ്യത പോരന്നും അവളുടെ വായിൽ നിന്ന് കേട്ടപ്പോള്‍ ഷാൻ അവളുടെ കണ്ണുകളിലേക്ക് ദയനീയമായി ഒന്നു നോക്കി. തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച തന്റെ ഷാഹിനയുടെ നാവില്‍ നിന്നും തന്നെയാണോ ഈ വാക്കുകള്‍ വന്നെതെന്ന് അവളോട് ചോദിച്ചു

“സിനിമയെല്ലാം ഉപേക്ഷിച്ച് സ്ഥിരവരുമാനമുള്ള ഒരു ജോലി സമ്പാദിച്ചിട്ട് എന്റെ അടുത്തു വന്നാല്‍ ഞാന്‍ കഴുത്ത് നീട്ടിതരാം. അതല്ല സിനിമയാണ് നിനക്ക് വലുതെങ്കിൽ, ഓൾ ദി ബെസ്റ്റ്”

ഇത്രയും പറഞ്ഞ് അവള്‍ നടന്നുനീങ്ങി…

സിനിമ സ്വപ്നമാണ് പക്ഷെ ഷാഹിന അവന്റെ ജീവനായിരുന്നു. ഷാഹിനക്ക് വേണ്ടി അവന്‍ തന്നിലെ സിനിമാമോഹിയെ കൊന്നു. എഴുതിയ കഥയും തിരക്കഥയുമെല്ലാം നശിപ്പിച്ചു. സിനിമാ മോഹങ്ങളോട് ഷാൻ ഗുഡ് ബൈ പറഞ്ഞു. തന്റെ സ്വപ്നമായ സിനിമ ഉപേക്ഷിച്ച സങ്കടം മറക്കാൻ അവന് കുറച്ച് ദിവസമെടുത്തു. സിനിമാ മോഹം ഉപേക്ഷിച്ചത് തന്റെ ഷാഹിനക്കൊപ്പം ജീവിക്കാനാണല്ലോ എന്നോര്‍ത്ത് ഷാൻ ആശ്വസിച്ചു.

പഠനം പൂർത്തിയാക്കണം. അതുവരെ താൽകാലികമായി എവിടെയെങ്കിലും ജോലി ചെയ്യണം, ഷാൻ പുതിയൊരു ജീവിതത്തിന് മാനസികമായി തയ്യാറെടുത്തു. ഈ തീരുമാനം സന്തോഷത്തോടെ ഷാഹിനയെ അറിയിക്കാന്‍ തീരുമാനിച്ചു. അവളുടെ ഫോണില്‍ വിളിച്ചു, ഫോണ്‍ ഓഫായിരുന്നു. അവളുടെ കൂട്ടുകാരികളെ വിളിച്ചു പക്ഷെ ആരും ഫോണ്‍ എടുക്കുന്നില്ല. അവന് ആകെ പരിഭ്രാന്തിയായി. ഒടുവില്‍ അവളുടെ വീട്ടിലേക്ക് പോയി. അവിടെ കണ്ട കാഴ്ച ഷാനിന്റെ പ്രാണൻ തകര്‍ക്കുന്നതായിരുന്നു.

താന്‍ ആർക്കു വേണ്ടിയാണോ തന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഉപേക്ഷിച്ചത് അവളുടെ വിവാഹ നിശ്ചയമായിരുന്നു അന്ന്.കളിയും ചിരിയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന തന്റെ പ്രാണനായ ഷാഹിനയെ കണ്ടപ്പോള്‍ sഷാൻ ശരിക്കും തകര്‍ന്നു പോയി . ഒരു കോടീശ്വരനായ ബിസിനസ്സുകാരനായിരുന്നു അവളുടെ ഭാവി വരൻ. എന്തായാലും അവനോളം വരില്ലല്ലോ താനെന്നോർത്ത് തകര്‍ന്ന ഹൃദയവുമായി ഷാൻ അവളുടെ വീട്ടില്‍ നിന്നും ഇറങ്ങി.

പക്ഷേ, നിരാശ കാമുകനായി താടിയും മുടിയും നീട്ടി വളര്‍ത്തി ഒരു ഭ്രാന്തനെപ്പോലെ നടക്കാന്‍ ഷാനിന് താല്‍പ്പര്യമില്ലായിരുന്നു. ഒരുതരം വാശിയായിരുന്നു അവന്റെ മനസ്സില്‍. അവളുടെ വിവാഹ ദിവസം തന്നെ തന്റെയും വിവാഹം നടക്കണമെന്ന് അവന്‍ തീരുമാനിച്ചു. അങ്ങനെ അവളുടെ വിവാഹ ദിവസം തന്നെ ഷാനും വിവാഹിതനായി. തന്റെ ഭാര്യയോട് തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും വിവാഹത്തിനു മുമ്പേ അവന്‍ പറഞ്ഞിരുന്നു. സിനിമ എന്ന തന്റെ സ്വപ്നത്തിന് ഒരിക്കലും ഒരു വിലങ്ങുതടിയാവില്ല എന്ന ഉറപ്പ് അവന്‍ അവളിൽ നിന്നും വാങ്ങിയിരുന്നു. ലക്ഷ്യം പൂര്‍ത്തികരിക്കാൻ അവളും കൂടെ ഉണ്ടാകുമെന്ന് അവന് വാക്കുകൊടുത്തു.

വിവാഹത്തിന് ശേഷം സിനിമയാക്കാനിരുന്ന ആ കഥ വീണ്ടും എഴുതി. ആ കഥയുമായി ഈ കഥയില്‍ നായകനാകാം എന്നേറ്റ യുവ നായകനെ ഒരിക്കല്‍ കൂടി പോയ് കണ്ടു. പക്ഷെ അയാള്‍ക്ക് ആ കഥയുമായി സഹകരിക്കാൻ താല്‍പ്പര്യം ഇല്ലാ എന്നു പറഞ്ഞ് അവനെ തിരിച്ചയച്ചു. കാരണം ആ നായകന്റെ അടുത്തായി ഇറങ്ങിയ ആക്ഷൻ സിനിമകള്‍ വൻ ഹിറ്റായിരുന്നു. ആക്ഷൻ ഹീറോ ഇമേജുമായി നില്‍ക്കുമ്പോള്‍ ഇതുപോലുള്ള കലാമൂല്യമുള്ള സിനിമകള്‍ ചെയ്താല്‍ അത് അയാളുടെ ഹീറോ പരിവേഷം തകർക്കുമെന്ന ഭയമായിരുന്നു.

ഷാൻ ആ കഥയുമായി പല നായകൻമാരേയും നിർമ്മാതാക്കളേയും സമീപിച്ചു. പക്ഷെ ആര്‍ക്കും ഒന്നിനും സമയമില്ലായിരുന്നു. വീണ്ടും ഷാൻ ഒന്നില്‍ നിന്നും തുടങ്ങി. ഒറ്റത്തടിയായി ജീവിക്കുന്ന സുഖം അവന് കല്യാണ ശേഷം കിട്ടിയില്ല. അവന്റെ ആ സുഖത്തിന് വില്ലനായത് പണമായിരുന്നു. പണത്തിന്റെ വില എന്താണ് എന്ന് അവന്‍ ശരിക്കും മനസ്സിലാക്കിയത് വിവാഹത്തിന് ശേഷമായിരുന്നു. അങ്ങനെ ജീവിതത്തില്‍ ആകെ അറിയാവുന്ന ആ ജോലിക്ക് ഷാൻ വീണ്ടും പോയി തുടങ്ങി. സംവിധാന സഹായിയായി. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ കിട്ടണമെങ്കിൽ മൂന്നു നാല് മാസമെടുക്കും, സിനിമയില്ലാത്ത ആ സമയത്ത് ആരുടെയെങ്കിലും കയ്യില്‍ നിന്നും കാശ് കടം മേടിച്ച് ഷാൻ തന്റെ കയ്യില്‍ കാശുണ്ടെന്ന് വീട്ടുകാരേയും ഭാര്യയേയും വിശ്വസിപ്പിച്ചു.

അങ്ങനെ തന്റെ ലക്ഷ്യത്തിലേക്കുള്ള മരണപ്പാച്ചിലിനിടയിൽ ഷാൻ ഒരു അച്ഛനായി. ജീവിതത്തില്‍ വീണ്ടും പണം വില്ലനായി. പക്ഷെ വീട്ടുകാരെ ഒരു പ്രയാസവും അറിയിക്കാതെ ഷാൻ കാശ് കടം മേടിക്കൽ തുടര്‍ന്നു. അവന്റെ സ്വപ്നങ്ങള്‍ വളരുന്നതിന്റ കൂട്ടത്തില്‍ മകനും വളര്‍ന്നു, കൂടെ കടവും. ഒരു ദിവസം വീട്ടുകാര്‍ ഷാനിന്റെ എല്ലാ കള്ളവും തിരിച്ചറിഞ്ഞു. അവനെ എല്ലാവര്‍ക്കും പുച്ഛമായി, പരിഹാസമായി. ഷാൻ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പട്ടു. ആകെ ആശ്വാസമായി ഉണ്ടായിരുന്നത് മൂന്നു വയസ്സുകാരൻ മകന്‍ മാത്രം. ഒരിക്കല്‍ മകനുമായി അവരുടെ വീടിനടുത്തുള്ള ഒരു കടയിൽ കൂട്ടുകാരനെ കാണാന്‍ പോയപ്പോള്‍ കടയിലെ ബിസ്കറ്റ് പാക്കറ്റ് ചൂണ്ടികാണിച്ച് അത് വേണം എന്ന് മകന്‍ പറഞ്ഞപ്പോള്‍ ജീവിതത്തില്‍ ഇത്രയും നാള്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം അവനിലൂടെ കടന്നുപോയി. ഷാൻ പോലും അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു . കാരണം തന്റെ മകന്‍ ആവശ്യപ്പെട്ട ആ ബിസ്കറ്റ് മേടിക്കാനുള്ള പത്ത് രൂപവരെ അവന്റെ അടുത്തില്ലായിരുന്നു. ഷാൻ മകനെ എടുത്തുകൊണ്ട് വേഗം വീട്ടിലേക്ക് നടന്നു. നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുനീർ തുള്ളികൾ ആ മൂന്നു വയസ്സുകാന്റെ പിഞ്ചു കൈകൾ കൊണ്ട് തുടച്ചു മാറ്റുന്നുണ്ടായിരുന്നു.

ആ ഒരു സംഭവം ഷാനിനൊരു തിരിച്ചറിവായിരുന്നു. സിനിമയില്‍ നിന്നും കിട്ടുന്ന സ്ഥിരതയില്ലാത്ത വരുമാനം കൊണ്ട് തനിക്കും കുടുബത്തിനും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ്. ഷാൻ സിനിമാ മോഹം ഉപേക്ഷിച്ച് വേറെയെന്തെങ്കിലും ജോലി ചെയ്ത് കുടുംബം പോറ്റാൻ തീരുമാനിച്ചു. ജോലി അന്വേഷിച്ചു പോയടത്തെല്ലാം പരിഹാസമായിരുന്നു ഫലം. സ്വന്തക്കാരും ബന്ധുക്കളും അവനെ കൈയൊഴിഞ്ഞു. ഒരു വല്ലാത്ത നിരാശയായി ഷാനിന് ജീവിതത്തോട്. ആ നിരാശ പിന്നീട് ജീവിതത്തോടുള്ള മടുപ്പായി. അങ്ങനെ ജീവിതത്തില്‍ പരാജയപ്പെടുന്ന ഭീരുക്കൾ മാത്രം എത്തിപ്പെടുന്ന ആ തീരുമാനത്തിൽ ഷാനും എത്തി ചേര്‍ന്നു, ആത്മഹത്യ…

ഒരു ദിവസം രാത്രി വീട്ടിലുള്ള എല്ലാവരും ഉറങ്ങിയതിന് ശേഷം ഷാൻ തന്റെ ആത്മഹ ത്യ കുറിപ്പ് എഴുതാന്‍ തുടങ്ങി. സിനിമ എന്ന മായിക ലോകം സ്വപ്നം കണ്ട് കഥകളും തിരക്കഥകളും എഴുതിയിരുന്ന ഷാൻ തന്റെ ആത്മഹ ത്യ കുറിപ്പ് എഴുതി തുടങ്ങി. കുറിപ്പെഴുതിയതിന് ശേഷം ഷാൻ തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത ആ നിമിഷം മനസ്സിലൂടെ മകന്‍, ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുടെ മുഖങ്ങള്‍ കടന്നുപോയി.അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്നെ സ്രൃഷ്ടിച്ച ദൈവത്തോട് അവന് പുച്ഛമായി. കുറച്ച് സമയത്തിന് ശേഷം അവന്‍ തന്റെ കണ്ണീര്‍ തുള്ളികൾ തുടച്ചു മാറ്റി. അവനെഴുതിയ ആത്മഹ ത്യ കുറിപ്പ് വലിച്ചു കീറി. ആത്മഹ ത്യ എന്ന തീരുമാനത്തില്‍ നിന്നും ഷാൻ പിന്മാറി. ആത്മഹ ത്യ കുറിപ്പിന് പകരം അവന്‍ ഒരു വെള്ള പേപ്പറില്‍ എഴുതി

“ദൈവമേ മാപ്പ്”

ആ സംഭവത്തിന് ശേഷം ഷാനിലെ മാറ്റങ്ങള്‍ വീട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തി. എന്നും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ജോലി അന്വേഷിച്ചു നടക്കും. ചിലപ്പോള്‍ പാതിരാത്രിയാകും വീട്ടിലെത്താൻ. അങ്ങനെ അലഞ്ഞു തിരിഞ്ഞു നടന്ന് അവന് ഒരു ജോലി ശരിയായി. കൊട്ടാരം പോലത്തെ വീട്ടിലെ ഡ്രൈവറായി അവന്‍ ജോലി ആരംഭിച്ചു. കൂട്ടുകുടുംബമായി താമസിക്കുന്ന ആ വലിയ വീട്ടിൽ മൊത്തം നാല് ഡ്രൈവര്‍മാർ ഉണ്ടായിരുന്നു. അതില്‍ ഒരു ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം സംഭവിച്ച് ഹോസ്പിറ്റലില്‍ ആണ്. ആ ഒഴിവിലേക്കാണ് ഷാനിനെ നിയമിച്ചത്.

വീട്ടിലെ ആദ്യ ഓട്ടം, തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഷാഹിന ക്കൊപ്പ മായിരുന്നു. ആ വീട്ടിലെ മരുമകള്‍ ആയിരുന്നു അവൾ. ഓഫീസിലേക്കുള്ള അവരുടെ യാത്രയില്‍ ഷാൻ അവളോട് തന്റെ ജീവിതത്തില്‍ നടന്നതെല്ലാം പറഞ്ഞു. പഴയതൊക്കെ മറക്കണമെന്നും ഈ ജോലി ചെയ്യാന്‍ തന്നെ അനുവദിക്കണമെന്നും ഷാൻ അവളോട് അപേക്ഷിച്ചു. തന്റെ പഴയ കാമുകനെ ഒരു ഡ്രൈവറുടെ വേഷത്തിൽ കണ്ടപ്പോള്‍ അവള്‍ ഉറപ്പിച്ചു. അന്ന് താനെടുത്ത തീരുമാനമായിരുന്നു ശരിയെന്ന്. ആ കാര്യം അവള്‍ ഷാനിന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. അവളുടെ മുന്നില്‍ തലകുനിച്ച് നിൽക്കാനെ അവന് സാധിച്ചൊള്ളൂ.

വീട്ടിലെ നാലു ഡ്രൈവര്‍മാരിൽ എല്ലാവരുടെയും പ്രിയപ്പെട്ട ഡ്രൈവര്‍ ആവാൻ അവന് കൂടുതല്‍ സമയമെടുത്തില്ല. വീട്ടില്‍ നിന്നും ആര് പുറത്തേക്ക് പോകുമ്പോഴും ഷാനിനെ ആയിരുന്നു വിളിച്ചിരുന്നത്. ഷാൻ അവിടെ ഇല്ലെങ്കില്‍ അവന് വേണ്ടി കാത്തിരിക്കുമായിരുന്നു. അങ്ങനെ ഷാൻ ആ വീട്ടുകാരുടെ പ്രിയപ്പെട്ടവനായി. ഇതിനിടയില്‍ ഒരു വൻ ദുരന്തത്തിൽ നിന്നും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഷാഹിനയുടെ മകളുടെ ജീവന്‍ അവന്‍ രക്ഷിച്ചു. തന്റെ മകളുടെ ജീവന്‍ രക്ഷിച്ച ഷാനിനോട് ഈ ലോകത്ത് എന്ത് ആഗ്രഹമുണ്ടെങ്കിലും അത് താന്‍ നടത്തി തരാം എന്ന് ഷാഹിനയുടെ കോടീശ്വരനായ ഭർത്താവ് പറഞ്ഞു. അത് കേട്ട് ഷാനൊന്ന് പുഞ്ചിരിച്ചു. അയാള്‍ ഒരു ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു നല്‍കി. ആ ചെക്ക് വാങ്ങി കീറികളഞ്ഞിട്ട് കാശും പണവും ഒന്നും വേണ്ട ഈ സ്നേഹം മാത്രം മതി എന്ന് പറഞ്ഞ് ഷാൻ അയാളുടെ കൈകള്‍ കൂട്ടിപിടിച്ചു. ഷാനിന്റെ കണ്ണുനീര്‍ തുള്ളികൾ അയാളുടെ കൈകളില്‍ പതിച്ചു.

ഷാഹിനയുടെ മകളുടെ രണ്ടാമത്തെ പിറന്നാള്‍ വളരെ ഗ്രാന്റ് ആയിട്ട് നടത്താൻ എല്ലാവരും തീരുമാനിച്ചു. മരിച്ച് ജീവിച്ച കുട്ടിയല്ലേ അത് കൊണ്ട് വളരെ ഗ്രാന്റ് ആയി തന്നെ എല്ലാം നടക്കണമെന്ന് വീട്ടുകാർക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ മകളുടെ പിറന്നാള്‍ തിയ്യതി ഒരു സ്റ്റാര്‍ ഹോട്ടലില്‍ അവര്‍ പാര്‍ട്ടിഹാള്‍ ബുക്ക് ചെയ്തു.

ദിവസങ്ങള്‍കു ശേഷം അവളുടെ പിറന്നാള്‍ ദിനം വന്നെത്തി. പാട്ടും ഡാൻസു മൊക്കെയായി അടിപൊളി പാര്‍ട്ടി ആയിരുന്നു അത്. പാര്‍ട്ടിയില്‍ ഓടിച്ചാടി എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്നിരുന്നത് ഷാനായിരുന്നു. ഇതിനിടക്കാണ് സിനിമയില്‍ സംവിധാന സഹായിയായിരുന്നപ്പോൾ തന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനെ ഷാൻ അവിടെവെച്ച് കാണുന്നത്. സുഹൃത്ത് ആ സ്റ്റാര്‍ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. സുഹൃത്തിനെ കണ്ടതും ഷാൻ അവിടെ നിന്നും മാറാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ അവനെ കണ്ടു. ഈ സമയം ഷാഹിനയുടെ ഭർത്താവ് ഷാനിനേയും തിരക്കി നടക്കുക യായിരുന്നു. അപ്പോഴാണ് ഷാനും സുഹൃത്തും കൂടി സംസാരിക്കുന്നത് കണ്ടത്. തന്റെ സുഹൃത്തിനോട് ഷാൻ പൊട്ടിക്കരഞ്ഞുകൊണ്ട് എന്തോ പറയുന്നത് അയാള്‍ ശ്രദ്ധിച്ചു. കുറച്ചു കൂടി അടുത്തെത്തിയപ്പോഴാണ് അവരുടെ സംസാരം മുഴുവനായി കേട്ടത്. താന്‍ ചെയ്യാന്‍ പോവുന്ന പുതിയ സിനിമയിലേക്ക് ഷാനിനെ ക്ഷണിക്കുകയായിരുന്നു സുഹൃത്ത്. അവന്റെ ടാലന്റിനെ കുറിച്ചും സിനിമയെ കുറിച്ചും സുഹൃത്ത് കൂടുതലായി പറഞ്ഞപ്പോള്‍ തന്റെ ഈ പരാജയ ജീവിതത്തെ കുറിച്ചോർത്ത് ഷാൻ വിതുമ്പി. അവന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം സുഹൃത്തിനോട് പറഞ്ഞു. അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു

“ഇനി എന്റെ ജീവിതത്തില്‍ സിനിമ ഇല്ല. ഞാന്‍ ഒരു സിനിമ ചെയ്താല്‍ അത് എന്റെ മാത്രം സന്തോഷമാണ്, പക്ഷെ ഞാനിപ്പോള്‍ ചെയ്യുന്ന ജോലികൊണ്ട് എന്റെ കുടുംബം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കുന്നു. എനിക്ക് അതുമതി. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാന്‍ ആഗ്രഹിച്ചതുപോലെ ഒരു വലിയ സംവിധായകന്‍ ആകും തീർച്ച. ഈ ജന്മം ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടി മാറ്റിവെക്കുകയാണ്”

ഇത്രയും പറഞ്ഞ് ഷാൻ പാര്‍ട്ടി ഹാളിലേക്ക് തിരിച്ചു പോയി. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി കളിയും ചിരിയുമായി ഷാൻ അവിടെ പാറി നടന്നു. അവനെ ഷാഹിനയുടെ ഭർത്താവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഷാനിനെ കുറിച്ചോർത്ത് അയാൾക്ക് അഭിമാനം തോന്നി.

പിറ്റേദിവസം അയാള്‍ ഷാനിന് സമ്മാനിച്ചത് ഒരു ചെക്കായിരുന്നു. ഷാൻ അത് മേടിച്ചില്ല. താന്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ പോവുകയാണന്നും ആ ബിസിനസ്സിന്റ ആരംഭം നിന്നിലൂടെയാണന്നും പറഞ്ഞ് അയാള്‍ ആ ചെക്ക് വീണ്ടും അവനു നേരെ നീട്ടി. ഷാനിന് ഒന്നും മനസ്സിലായില്ല.

“ഞാന്‍ ഒരു സിനിമ നിർമ്മിക്കാൻ പോകുന്നു, ആ സിനിമയുടെ സംവിധായകന്‍ നീയാണ്”

ഇത് കേട്ടപ്പോള്‍ ഷാനിന്റെ കണ്ണുകള്‍ നിറഞ്ഞു. ഇനിയൊരിക്കലും തനിക്കതിനു കഴിയില്ല എന്ന് പറഞ്ഞ് അവന്‍ പിന്മാറാൻ ശ്രമിച്ചു. പക്ഷെ അയാള്‍ ഷാനിന് ധൈര്യം കൊടുത്തു.

“നിന്നെ പുച്ഛിച്ചവരെ കൊണ്ട് അവന്‍ എന്റെ മകനാ, അവന്‍ എന്റെ കൂട്ടുകാരനാ, അവന്‍ എന്റെ നാട്ടുകാരനാ എന്ന് അഭിമാനത്തോടെ പറയിപ്പിക്കണം. അത് നിന്നെക്കൊണ്ടാവും എനിക്കുറപ്പാണ്”

ഷാൻ അയാളിൽ നിന്നും ചെക്ക് വാങ്ങിച്ചു.

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഫസ്റ്റ് ക്ലാപ്പ് അടിച്ചത് ഷാഹിനയായിരുന്നു. തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഷാഹിനയുടെ കൈകൾ കൊണ്ട് തന്നെ അവന്റെ സ്വപ്ന സാഫലൃം നടന്നു. നല്ല രീതിയില്‍ ഷൂട്ടിംഗ് അവസാനിച്ചു.

സിനിമയുടെ റിലീസ് ദിവസം ഷാനും ഷാഹിനയും, നിർമ്മാതാവും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും പ്രേക്ഷകരുടെ കൂടെ ആദ്യ ഷോ കാണാന്‍ എത്തി.സിനിമ തുടങ്ങി ഒരോ രംഗവും കയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ചു. സിനിമ കഴിഞ്ഞതും പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. നിർമ്മാതാവ് ഷാനിനെ വാരിപ്പുണർന്നു. സിനിമ കഴിഞ്ഞ് ആ കയ്യടി ശബ്ദങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ ഷാൻ കബീറിന്റെ മനസ്സ് ദൈവവുമായി സംസാരിക്കുക യായിരുന്നു…

“നന്ദി ദൈവമേ നന്ദി… എന്റെ ലക്ഷ്യത്തിലെത്താൻ എന്നെ പ്രേരിപ്പിച്ചതിന്. നീ കേൾക്കുന്നില്ലേ ദൈവമേ ആ കയ്യടികൾ, നീ കേള്‍ക്കുന്നില്ലേ ദൈവമേ അവർ എന്നെ പ്രശംസിക്കുന്നത്. നീ എഴുതിയ എന്റെ ജീവിതമെന്ന തിരക്കഥയിലെ പരാജിതന്റെ റോളാണ് ഞാന്‍ ചെയ്തിരുന്നങ്കിൽ അന്ന് ഞാന്‍ ആത്മഹ ത്യ ചെയ്ത് നിന്റെ കഥയിലെ എന്റെ റോൾ അവസാനിപ്പിച്ചേനെ. നീ നല്ലൊരു തിരക്കഥാകൃത്ത് അല്ലാ എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ആ നിമിഷം മുതല്‍ നീ എഴുതിയ എന്റെ ജീവിതത്തിന്റെ തിരക്കഥയിൽ ഞാന്‍ ചില തിരുത്തുകൾ വരുത്തി.നീ എഴുതിയ കഥയിലെ ക്ലൈമാക്സ് ഞാന്‍ ഇടവേളയാക്കി. പിന്നീട് ഞാന്‍ എഴുതി ഒരു തിരക്കഥ…, സ്വന്തം ജീവിതത്തിന്റെ തിരക്കഥ. ജോലി അന്വേഷിച്ചു പോകുന്ന പേരും പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത് എന്റെ ജീവിതത്തിന്റെ തിരക്കഥ എഴുതാനായിരുന്നു. ഷാഹിനയുടെ വീട്ടില്‍ ഞാന്‍ യാദൃശ്ചികമായി ചെന്നെത്തിയതല്ല. അവളുടെ വീട്ടിലെ ഡ്രൈവറെ അപായപ്പെടുത്തിയതും ആ ഒഴിവിൽ കയറി പറ്റിയതും, ഷാഹിനയുടെ മകളെ ജീവൻ ഞാന്‍ ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തിയ നാടകവും, ഒടുവില്‍ സിനിമാ സുഹൃത്തായി വന്ന് എന്നോട് ഷാഹിനയുടെ ഭർത്താവ് കേൾക്കേ സംസാരിച്ച ആ കഥാപാത്രവുമുൾപ്പെടെ എല്ലാം എന്റെ തിരക്കഥയിലെ സീനുകളാണ്. എന്നെ ഒരുപാട് മോഹിപ്പിച്ച് സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചിട്ട് അവള്‍ കാശുള്ള ഒരുവനെ തേടിപ്പോയി. ‌ അവള്‍ ഫസ്റ്റ് ക്ലാപടിച്ചു തുടങ്ങിയ ആ സിനിമ ഞങ്ങള്‍ രണ്ടു പേരും ഇന്ന് ഒരുമിച്ചിരുന്നു കണ്ടു. പരസ്പരം ജീവനുതുല്യം പ്രണയിച്ച് നടന്നിരുന്നപ്പോൾ അവളും ഞാനും കണ്ട സ്വപ്നമായിരുന്നു ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഒരുമിച്ചിരുന്ന് കാണണമെന്ന്. ഈ തിരക്കഥ മുഴുവനായപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാനൊരു വില്ലനാണന്ന്. അല്ലെങ്കിലും കുറച്ച് വില്ലത്തരം കാണിക്കാതെ നീ സൃഷ്ടിച്ച ഈ ലോകത്ത് ജീവിക്കാന്‍ സാധിക്കില്ലല്ലോ ദൈവമേ”

Related Posts

Leave a Reply

Your email address will not be published. Required fields are marked *