ഒരു നിമിഷം ആ കണ്ണുകളിലേക്ക് കണ്ണെടുക്കാതെ നോക്കിയിരുന്നിട്ട്, ഇച്ഛനോട് ചേർന്ന് നിന്നിട്ട്, ജീവിക്കാൻ എന്നെ മോഹിപ്പിച്ച ആ കാഴ്ചയെക്കുറിച്ചു പറഞ്ഞു ഞാൻ……..

❤️ ഇഷ്ടം ❤

story written by Bindhya Balan

“ഡോ കെട്ട്യോളെ “

അടുക്കളയിൽ കറിക്ക് അരിഞ്ഞോണ്ട്‌ നിൽക്കുമ്പോൾ ആയിരുന്നു ചെക്കന്റെ വിളി കേട്ടത്

“എന്നാടാ കെട്ട്യോനെ? “

ഞാനും തിരികെ ചോദിച്ചു

“ഞാനൊരു കാര്യം ചോദിച്ചാ പറയോ? “

“.. എന്നാടാ താന്തോന്നി? “

ഞാൻ പിന്നെയും അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു. എന്റെ ചോദ്യം കേട്ട് നോക്കുമ്പോഴുണ്ട് ചെക്കൻ ദേ അടുക്കളയിലേക്ക് തെന്നിത്തെറിച്ചു വരുന്നു.

“ന്നാ ചോദിക്കട്ടെ “

കിച്ചൺ സ്ലാബിൽ കയറിയിരുന്നിട്ട് ദേ ചെക്കൻ പിന്നേം ചിണുങ്ങുന്നു.

“എന്നാന്നേ കാര്യം…നാളെ വെളുപ്പിന് കാസ്റ്റിംഗ് പ്ലാൻ ചെയ്തിട്ടുണ്ടോ.. കുഞ്ഞോൻ എല്ലാ ഞായറാഴ്ചയും പോകുന്നതല്ലേ സ്‌ട്രൈക്കിങിനും കാസ്റ്റിങിനും .. ഇനീപ്പോ ഞാൻ പോവണ്ട എന്ന് പറഞ്ഞാലും കുഞ്ഞോൻ പോകും.. പിന്നെന്തിനാ “

നുറുക്കി വെച്ചതിൽ നിന്നൊരു കഷ്ണം ക്യാരറ്റ് എടുത്ത് ചെക്കന്റെ വായിലേക്ക് വച്ചിട്ട് ഞാൻ പറഞ്ഞു

“അയ്യേ.. അതൊന്നുമല്ലെടി.. ഇത് വേറൊരു കാര്യം ആണ് “

“ആ ന്നാ പറ.. ഇന്നെന്താ ഇത്രേം ബിൽഡപ്പ്”

“അതോ… വേറൊന്നുമല്ല, കൊറോണ വന്നതിൽ പിന്നെ കൊച്ചിനേം കൊണ്ട് എങ്ങും പോകാൻ പറ്റിയിട്ടില്ല. രണ്ടു ദിവസമായി ഞാൻ ആലോചിക്കുവാ, രണ്ട്‌ ദിവസത്തേക്കൊരു ട്രിപ്പ്‌ പോയാലോ എന്ന്..ഞാൻ ചോദിക്കാൻ വന്നത് വേറൊന്നുമല്ല, പൊന്നുവേ ഇന്നോളം കണ്ടതിൽ വച്ച് കൊച്ചിനേറ്റവും ഇഷ്ട്ടമുള്ള കാഴ്ച,സ്ഥലം ഏതാണ്.. അതായത് വീണ്ടും വീണ്ടും കാണണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ളത് എന്താണ്.. നമുക്ക് അവിടെ പോകാം. “

ഇത്രയും ആയപ്പോഴേക്കും, ഇച്ഛന്റെ കണ്ണിലെ തിളക്കത്തിലേക്ക് നോക്കി ഞാൻ ചിരിച്ചു

“പറ പൊന്നുവേ.. ഉണ്ടോ അങ്ങനെ എന്തെങ്കിലും? “

ഇച്ഛനെ നോക്കിയൊരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു

“അങ്ങനെയൊന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ..ഇനീം ഇനീം കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഓർക്കുന്ന ഒന്ന്.. അതിന്റെ ഏറ്റവും വലിയ രസമെന്താന്നു വച്ചാ ഇച്ഛന്റെ കൂടെ തന്നെയാണ് അത് ഞാൻ കണ്ടത്.. ഇനി ഒരിക്കൽ കൂടി കാണാൻ പറ്റുമോ എന്ന് ചോദിച്ചാൽ ചിലപ്പോ ഇച്ഛനെ കൊണ്ട് സാധിക്കില്ല അത് “

“ഇച്ഛൻ കാണിച്ച് തന്നതോ.. അതേതാ അങ്ങനെ ഒന്ന്? “

ഒരു കുഞ്ഞ് ചിരിയോടെ, ആകാംഷയോടെയിരിക്കുന്ന ഇച്ഛന്റെ കണ്ണുകളിലേക്ക് നോക്കി ഒരു രഹസ്യം വെളിപ്പെടുത്തുന്നത് പോലെ ഞാൻ പറഞ്ഞു

“അങ്ങനെയൊന്നുണ്ട് ചെക്കാ.. ഇന്നോളം കണ്ട കാഴ്ചകളിൽ, കണ്ണിൽ നിന്നോ ഉയിരിൽ നിന്നോ മായാതെ കിടക്കുന്ന ഒന്ന് .. വീണ്ടും വീണ്ടും കാണാൻ കൊതി തോന്നിപ്പോയിട്ടും ഒരിക്കൽ മാത്രം കാണാൻ കഴിഞ്ഞ ഒന്ന്…. ഇപ്പോഴും ജീവിക്കാൻ മോഹിപ്പിച്ചു കൊണ്ട് ആ കാഴ്ച ഉള്ളിലങ്ങനെ നിറഞ്ഞു നിൽപ്പാണ്. “

“അതേതാ ആ കാഴ്ച.. ഞാൻ അറിയാത്തത്.? “

എന്റെ കണ്ണിലേക്കു കണ്ണെറിഞ്ഞ് കൊണ്ട് ഇച്ഛൻ വീണ്ടും ചോദിച്ചു.. അതേ ചിരിയോടെ ഇഛന്റെ കണ്ണുകളിൽ നിറഞ്ഞ ആകാംഷയിലേക്ക് നോക്കി ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു

“അതെന്താണെന്നു പറയെട്ടെ ഞാൻ…? “

“മ്മ്മ്.. പറ കെട്ട്യോളെ.. ഞാൻ കേൾക്കട്ടെ “

കേൾക്കാൻ ഇച്ഛനും ഉത്സാഹം കൂടി

ഒരു നിമിഷം ആ കണ്ണുകളിലേക്ക് കണ്ണെടുക്കാതെ നോക്കിയിരുന്നിട്ട്, ഇച്ഛനോട് ചേർന്ന് നിന്നിട്ട്, ജീവിക്കാൻ എന്നെ മോഹിപ്പിച്ച ആ കാഴ്ചയെക്കുറിച്ചു പറഞ്ഞു ഞാൻ.

“നാലു കൊല്ലം മുൻപൊരു പകലിൽ എനിക്കൊരു ചെക്കനെ കിട്ടി നിധിപോലെ. മിണ്ടിയും പറഞ്ഞും തല്ല് കൂടിയും ഇണങ്ങിയും നാളുകൾ പോയപ്പോ എപ്പോഴോ അവനെന്റെ പ്രാണനായി.. അവനില്ലാതെ ജീവിക്കാൻ ആവില്ല എന്ന് ബോധ്യമായ ഒരുനാൾ എന്തും വരട്ടെ എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ച്‌ ഞാൻ എന്റെ ചെക്കനോട് പറഞ്ഞു

‘ഡാ താന്തോന്നി എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടാണ്.. ചെക്കനില്ലാതെനിക്ക് ജീവിക്കാൻ പറ്റില്ലെന്ന്,ഞാൻ ചെക്കന്റെ കൂടെ പോന്നോട്ടെ എന്ന്……അന്ന് അവന്റെ കണ്ണുകളിൽ ഞാൻ കണ്ട ആ ഞെട്ടൽ… ഞെട്ടലിൽ നിന്ന് ഒഴുകി മാറി അവനിൽ നിറഞ്ഞ ആ ചിരി… അത്രമേൽ ഭംഗിയുള്ള ഒരു കാഴ്ചയും അതിന് മുൻപ് ഞാൻ കണ്ടിട്ടില്ല… “

പറഞ്ഞു നിർത്തുമ്പോൾ ഇച്ഛന്റെ ചേർത്ത് പിടിക്കലിന് ശക്തി കൂടുന്നത് ഞാൻ അറിഞ്ഞു. ഇച്ഛന്റെ നെഞ്ചിടിപ്പുകൾ കാതിനെ വന്ന് തൊട്ടു.

“സത്യം ഇച്ചായാ.. എന്റെയീ താന്തോന്നിയുടെ ചിരി കാണാൻ ആണ് എനിക്കേറ്റവും ഇഷ്ടം.. കഴിഞ്ഞ നാല് വർഷമായി എന്നെ ജീവിക്കാൻ മോഹിപ്പിക്കുന്നത് നിന്റെയീ കള്ളച്ചിരിയാ രാവണാ…ജീവിതത്തിലെ ഓരോ നിമിഷവും ദേ ഈ ചിരി ഇങ്ങനെ കണ്ടോണ്ടിരിക്കുമ്പോൾ, എന്റെ സ്വർഗം ഇവിടെയാണ്. എന്റെയാത്മാവ് നിന്റെയീ ചിരിയിലാണ് ചെക്കാ കുരുങ്ങി കിടക്കുന്നത്‌ “

എന്റെ വർത്തമാനം കേട്ടിട്ടും മറുപടി ഒന്നും പറയാതെ വലിയൊരു പൊട്ടിച്ചിരിയോടെ എന്നെ ഇറുകെ കെട്ടിപ്പിടിച്ച് നെറുകയിൽ ഒരുമ്മ തന്ന് അത്രമേൽ പ്രിയപ്പെട്ട കവിത മൂളുമ്പോൾ എന്റെ പേര് നിറയുന്ന ഇച്ഛന്റെ നെഞ്ചിടിപ്പിലേക്ക് ഞാൻ കൈ ചേർത്ത് വച്ചു. അപ്പോഴും ചെക്കന്റെ മുഖത്ത് ആ ചിരി.. എന്നെ ജീവിക്കാൻ മോഹിപ്പിക്കുന്ന അതേ കള്ളച്ചിരി ….

വാല് : ഭൂമിയിൽ നമുക്ക് മാത്രമായൊരു ചിരിയുണ്ടാവണം.. ജീവിക്കാൻ അത്രമേൽ മോഹം തോന്നുന്നൊരു ചിരി ❤❤❤

Related Posts

Leave a Reply

Your email address will not be published. Required fields are marked *