ഓടുന്നതിനിടയിൽ നീയൊരിക്കലും ഗുണം പിടിക്കത്തില്ലെടി എന്ന് പ്രാകിക്കാണും അമ്മായിയെ. ആർക്കായാലും സങ്കടം വരത്തില്ലായോ….

Story written by Adam John

വല്യപ്പച്ചൻ പശൂനേം കൊണ്ട് പറമ്പിലെങ്ങാണ്ട് പോയേക്കുവാരുന്നു. വല്യമ്മച്ചി തെങ്ങേൽ നിന്ന് വീണ് അകാല മരണം പുൽകിയ തേങ്ങകൾക്ക് നിത്യ ശാന്തി നേരാൻ വേണ്ടി തൊടിയിലോട്ട് ഇറങ്ങിയേക്കുവാ. മടങ്ങി വരുമ്പോ കയ്യിൽ കൊറേ ഓല മടലും കാണും. കത്തിക്കാനുള്ളതാണ്.

അമ്മാവൻ പതിവ് പോലെ തിണ്ണയിലിരുന്നോണ്ട് പല്ലിന്റെ ഇടേൽ ഈർക്കിൽ കുത്തിക്കൊണ്ട് ഉച്ചക്ക് കഴിക്കാൻ എന്താരിക്കും ഉണ്ടാക്കുന്നെ എന്നാലോചിക്കുവാരുന്നു. അമ്മായിയാണെൽ അടുക്കള ജോലിയൊക്കെ കഴിഞ്ഞോണ്ട് മച്ചിൻ മേലുള്ള മാറാലകളൊക്ക തൂത്ത് വൃത്തിയാക്കാനുള്ള പുറപ്പാടാ.

ചൂലുമായി അമ്മായി വരുന്നത് കണ്ടപ്പോ തന്നെ ചുവര് കയ്യേറി കുടിൽ കെട്ടി താമസിക്കുവാരുന്ന എട്ടുകാലി കുഞ്ഞമ്മ പറക്ക മുറ്റാത്ത മക്കളെയും ഒക്കത്തിരുത്തിക്കൊണ്ട് ജനാല വഴി ഇറങ്ങിയോടി. ഓടുന്നതിനിടയിൽ നീയൊരിക്കലും ഗുണം പിടിക്കത്തില്ലെടി എന്ന് പ്രാകിക്കാണും അമ്മായിയെ. ആർക്കായാലും സങ്കടം വരത്തില്ലായോ. കഷ്ടപ്പെട്ടു നെയ്ത്ണ്ടാക്കിയ കൂര യാതൊരു മനസാക്ഷിയും കൂടാതല്ലേ നശിപ്പിക്കുന്നെ.

ഇതൊക്കെ കണ്ടിട്ടും പല്ലിച്ചായൻ മിഥുനം സിനിമേലെ ഇന്നച്ചന്റെ കൂട്ട് ഉത്തരത്തിന്മേൽ ഒരു കൂസലുമില്ലാതെ നിപ്പാണ്. നിപ്പ് കണ്ടാ തോന്നുവ അങ്ങേര് താങ്ങിയില്ലേൽ ഉത്തരം താഴേക്ക് പോരുമെന്നാ.

അമ്മായി കുടമുടക്കൽ കോമ്പറ്റീഷന് പങ്കെടുത്തയാളുടെ കൂട്ട് സ്റ്റൂളിൻമേൽ നിന്നോണ്ട് ആവും വിധം ശ്രമിച്ചെങ്കിലും അങ്ങേരവിടന്ന് അണുവിട മാറാൻ കൂട്ടാക്കിയില്ല. അങ്ങനെയാണ് അവസാന ശ്രമമെന്ന നിലക്ക് അമ്മാവനെ നീട്ടി വിളിക്കുന്നെ.

ഇത്തിരിപ്പോന്ന പല്ലിയുടെ അഹങ്കാരം കണ്ടപ്പോ അമ്മായിക്ക് ഈഗോ അടിച്ചതാവാനെ വഴിയുള്ളൂ. അല്ലേൽ അതവിടെ ഉണ്ടെന്ന് വെച്ച് എന്നാ സംഭവിക്കാനാ.

ഭാര്യ ഏതേലും പണിക്ക് വിളിച്ചാൽ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത ഭർത്താക്കന്മാര് പോലും അത്യാവശ്യം ചില കാര്യങ്ങൾക്ക് ഭാര്യ വിളിച്ചാൽ ഓടിച്ചെല്ലും. അത് സ്നേഹം കൊണ്ടൊന്നുവല്ല. നിന്നെക്കൊണ്ടെന്തിന് കൊള്ളാം എന്നുള്ള മട്ടിൽ ഭാര്യമാരെ പുച്ഛിക്കാൻ കിട്ടുന്ന അവസരം പാഴാക്കാതിരിക്കാൻ വേണ്ടിയുള്ള വരവാണ്.

അമ്മായിക്ക് അമ്മാവനെക്കാൾ പൊടിക്ക് നീളം കുറവാരുന്നു. ഒരിക്കൽ വെള്ളം കോരിക്കൊണ്ടിരിക്കുമ്പോ കപ്പിയേൽ കയർ കുരുങ്ങിയത് നേരെയാക്കാൻ അമ്മാവനെ വിളിച്ചപ്പോ ഇതേപോലെ ഓടി ചെന്നതാരുന്നു അമ്മാവൻ. ചെന്നപാടെ അമ്മായിയെ പരിഹാസത്തോടെ ഒരു നോട്ടം നോക്കിയത് അമ്മായിക്കത്ര പിടിച്ചീല. കയർ നേരെയാക്കാനായി ശ്രമിച്ചപ്പോ കാല് തെന്നിയതാന്നോ അമ്മായി തള്ളി ഇട്ടതാന്നോ എന്നറിയത്തില്ല അമ്മാവൻ ദേ കിടക്കുന്നു കിണറ്റിൽ. വീഴുന്ന ശബ്ദം കേട്ട് വന്ന വല്യപ്പച്ചൻ പറയുവാ ഇനി കിണറും കൂടിയേ ചീത്തയാക്കാൻ ബാക്കിണ്ടാരുന്നുള്ളു. അതൂടെ പൂർത്തിയായെന്ന്. കിണറിന് വല്യ ആഴമൊന്നും ഇല്ലാത്തൊണ്ട് രക്ഷപ്പെട്ടതാരുന്നു അന്ന്.

അതോണ്ടാണോ എന്നറിയത്തില്ല അമ്മാവൻ പെട്ടെന്നോടി ചെല്ലാഞ്ഞത്. വിളിയുടെ എണ്ണം കൂടിയതോടെ ഇനി ചെന്നില്ലേൽ ചൂലും കൊണ്ടമ്മായി അങ്ങോട്ടേക്ക് എത്തുമെന്ന് പേടിച്ചാവണം അമ്മാവൻ പരീക്ഷണത്തിന് മുതിരാതെ അകത്തൊട്ട് ചെന്നത്. ചെന്ന പാടെ ചുറ്റിനും ഒരു നിരീക്ഷണം നടത്തി ഈ നിസ്സാര കാര്യത്തിനാണോ മനുഷ്യനെ വിളിച്ചു ശല്യപ്പെടുത്തിയെന്നും ചോദിച്ചോണ്ട് ചൂലും കൊണ്ട് സ്റ്റൂളേൽ കേറി പല്ലിയെ ഓടിക്കാൻ വേണ്ടി മുന്നോട്ടാഞ്ഞതും സ്റ്റൂളൊന്ന് ചെരിഞ്ഞു. സ്വഭാവികമായും ചെരിവിനോടൊപ്പം അമ്മാവനും താഴെക്ക് പോന്നു.

വീഴുന്ന വീഴ്ചേൽ അമ്മച്ചിയെ ന്നെങ്ങാനും വിളിച്ചാരുന്നു. അതിപ്പോ ആരാന്നേലും അങ്ങനല്ലേ വിളിക്കത്തുള്ളൂ. അതിന്റെ കെറുവാണോ എന്തോ അമ്മായി തിരിഞ്ഞു നോക്കാതെ മുഖം വീർപ്പിച്ചോണ്ട് നിന്നതെന്ന് അറിയത്തില്ല.
പക്ഷെ മക്കളുടെ കരച്ചിൽ കേട്ടാൽ പെറ്റമ്മക്ക് സഹിക്കോ. വല്യമ്മച്ചി അപ്പോ തന്നെ തേങ്ങാ താഴെയിട്ടോണ്ട് അകത്തേക്കോടി. വീണ് ശീ ലവായതോണ്ടാണോ എന്തോ കാര്യമായൊന്നും പറ്റീലാരുന്നു.

കാര്യമറിഞ്ഞപ്പോ വല്യമ്മച്ചി അമ്മായിയെ നോക്കി പറയുവാ..നീ പറയുന്ന നട്ടാൽ കിളിർക്കാത്ത നുണകളൊക്കെ കേട്ട് ചിലക്കാത്തോണ്ടാന്നോ പല്ലിയോടിത്ര ദേഷ്യവെന്ന്. അതൂടെ കേട്ടതോടെ അമ്മായിക്ക് ദേഷ്യം ഇരട്ടിച്ചെന്ന് പറയണ്ടാലോ.

രാത്രി ഏറെ വൈകിയും അമ്മായിടെ ദേഷ്യം മാറാതെ വന്നപ്പോ അമ്മാവൻ കരുതിയത് വീഴുമ്പോ അമ്മച്ചീന്ന് വിളിച്ചതിനാണ് അമ്മായി പിണങ്ങിയതെന്നാ. അതോടെ അമ്മാവൻ പതുക്കെ അമ്മായിടെ അടുത്തൊട്ട് ചെന്ന് പറയുവാ. ഇത്തവണത്തേക്ക് ക്ഷമിക്ക്..ഇനി വീഴുവാണേൽ നിന്നെ വിളിച്ചോണ്ടേ വീഴത്തുള്ളൂന്ന്.

*****************

Related Posts

Leave a Reply

Your email address will not be published. Required fields are marked *