ഓരോ പ്രശ്നങ്ങൾ ഒന്നിനുപിറകേ ഒന്നായി വലുതാകാൻ തുടങ്ങിയപ്പോൾ ജീവിതമേ മതിയായിത്തുടങ്ങി. എല്ലാം അവസാനിപ്പിച്ചേക്കാമെന്ന് കരുതിയാണ്…….

പിൻതുടരുന്ന കണ്ണുകൾ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

താഴ്ചയിലേക്ക് കണ്ണുംനട്ട് നിൽക്കുമ്പോഴാണ് പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടത്. നന്ദിത തിരിഞ്ഞുനോക്കി.

എന്താ ഇവിടെ..?

പരുക്കൻ ശബ്ദം. പരുക്കൻ രൂപവും. ഭയന്നുപോയി. പക്ഷേ ധൈര്യം സംഭരിച്ച് അവൾ പറഞ്ഞു:

ചുമ്മാ..

ഇവിടെ അതിനുമാത്രം പ്രകൃതിഭംഗിയുണ്ടോ..?

അയാൾ താഴേക്ക് എത്തിനോക്കി. ആ സമയം കൊണ്ട് നന്ദിത റോഡിലേക്ക് കയറി. കുറച്ചുദൂരെ അയാളുടെ ബൈക്ക് നി൪ത്തിയിരിക്കുന്നതുകണ്ടു. താനിങ്ങനെ ഒരു ശബ്ദം കേട്ടതേയില്ലല്ലോ… എപ്പോഴാണ് ഇയാൾ ഇതുവഴി വന്നതും തന്നെ കണ്ടതും..

ഓരോന്നാലോചിച്ച് മുന്നോട്ട് നടക്കുമ്പോൾ അയാളുടെ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു. തന്റെ പിറകേ വരും, ഇനിയും കൂടുതൽ ചോദ്യങ്ങൾ ചോദിക്കും.. എന്തുപറയും..

നന്ദിത ആശങ്കയോടെ ഓരോന്നാലോചിച്ച് ആഞ്ഞുനടന്നു. അയാളുടെ ബൈക്ക് തന്നെ കടന്ന് മുന്നോട്ട് പോയപ്പോഴാണ് സമാധാനമായത്.. രണ്ടാഴ്ചയായി മനഃസ്സമാധാനത്തോടെ ഉറങ്ങിയിട്ട്.. ഓരോ പ്രശ്നങ്ങൾ ഒന്നിനുപിറകേ ഒന്നായി വലുതാകാൻ തുടങ്ങിയപ്പോൾ ജീവിതമേ മതിയായിത്തുടങ്ങി. എല്ലാം അവസാനിപ്പിച്ചേക്കാമെന്ന് കരുതിയാണ് ആ‌ കൊക്കയിലേക്കുള്ള താഴ്ച കാണാൻ ആരും കാണാതെ പോകാൻ തീരുമാനിച്ചത്.

ഏതായാലും ഒരു പൂ൪ണ്ണവിരാമം തീരുമാനിച്ചു. എന്നാൽ ഒന്ന് കറങ്ങിയാലോ എന്ന ചിന്തയാലാണ് രാവിലെതന്നെ വീട്ടിൽനിന്ന് പുറപ്പെട്ടത്. തൊട്ടടുത്ത ദേവീക്ഷേത്രത്തിൽ പോയി ഒന്ന് തൊഴുതു. അടുത്തുള്ള കടയിൽ കയറി കാപ്പി കുടിച്ചു. ബസ്സിൽ കയറി ദൂരെയുള്ള സുഹൃത്തിനെ കാണാൻ പോയി.

അവളുടെ നി൪ബ്ബന്ധം കാരണം ഊണൊക്കെ കഴിഞ്ഞേ മടങ്ങാൻ സാധിച്ചുള്ളൂ. ഇത്തിരി നേരത്തെ മടങ്ങേണ്ടതായിരുന്നു. എങ്കിൽ ആരും കാണാതെ ആ പാറക്കെട്ടുകളിൽനിന്നൊരു ചാട്ടം മനസ്സിൽ വിചാരിച്ചതുപോലെ നടന്നേനേ.. ഇന്നിനി ഒന്നും നടക്കില്ല.. എപ്പോഴാണോ ആവോ അയാളുടെ കണ്ണിൽ താൻ പെട്ടത്.

സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോൾ നന്ദിത ഫോൺ എടുത്ത് ഒരു സെൽഫിയെടുത്തു. ഇന്നിപ്പോൾ ഇതുംകൂട്ടി ഇരുപതാമത്തെ സെൽഫിയാണ്. തന്റെ മരണത്തിനുശേഷം ആ൪ക്കും ഒരു സംശയത്തിനും ബുദ്ധിമുട്ടിനും ഇടയാക്കരുത്. ഫോൺ പാറക്കെട്ടിൽ വെച്ച് താഴേക്ക് ‌ചാടുക. അതായിരുന്നു തീരുമാനം.

പോലീസിന് എല്ലാം ക്ലിയറായിരിക്കണം, അന്ന് താനെവിടെയൊക്കെ പോയി, എന്തായിരുന്നു ഓരോ സ്ഥലത്ത് എത്തുമ്പോഴും തന്റെ മുഖഭാവം എന്നിങ്ങനെ എല്ലാം പ്ലാൻ ചെയ്തിരുന്നു.

ബസ് വരാൻ വൈകുന്തോറും നന്ദിത അസ്വസ്ഥയായി. സമയം അഞ്ചര യാകാറായി. ബസ്സിൽ ഒന്നേകാൽ മണിക്കൂ൪ ഇരിക്കണം വീടെത്താൻ.. രാവിലെ ആറരക്ക് പുറപ്പെട്ടതാണ് വീട്ടിൽനിന്ന്. അച്ഛൻ മരിച്ചതോടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമാണ്. താനൊരു ഭാരമാണ് എല്ലാവ൪ക്കും. ജോലി ചെയ്യുന്നുണ്ടെങ്കിലും വലിയ വരുമാനമില്ലാത്തതിനാൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തുവാക്കുകൾ കേട്ട് മടുത്തു. ഇന്നിനി വൈകിയെത്തിയാൽ അതുമതി, എല്ലാവർക്കും ബഹളംവെക്കാൻ..

അവൾ ഫോൺ എടുത്ത് രാവിലെ മുതൽ എടുത്ത സെൽഫികൾ ഓരോന്നായി നോക്കാൻ തുടങ്ങി. അവൾ നടുങ്ങിപ്പോയി.. മിക്ക സെൽഫിയിലും വിദൂരത്തായി അയാളുടെ മുഖം. തന്നെ ഇത്രനേരവും അയാൾ പിന്തുടരുന്നുണ്ടായിരുന്നോ അതും രാവിലെ മുതൽ..

അമ്പലത്തിലെ നടയിൽനിന്നും താഴേക്കുള്ള പടവുകളിറങ്ങി ചെരിപ്പിട്ട് പുറത്തിറങ്ങുമ്പോഴാണ് ആദ്യത്തെ സെൽഫിയെടുത്തത്. ദേ അയാൾ പടവുകളിറങ്ങുന്നു . ക്ഷേത്രക്കുളം കണ്ടപ്പോൾ ബാഗിൽനിന്നും വീണ്ടും ഫോൺ എടുത്ത് ഫോട്ടോ എടുത്തിരുന്നു. അയാൾ കുളത്തിലിറങ്ങി കാലുകഴുകുന്നുണ്ട്.. ഹോട്ടലിൽ കാപ്പി കുടിക്കുന്നതിന് തൊട്ടുപിറകിൽ ഇരുന്ന് അയാളും കാപ്പി കുടിക്കുന്ന സൈഡ് വ്യൂ.. ബസ്സിൽ താനിരുന്ന സീറ്റിന്റെ പിറകിലുള്ള നാലാമത്തെ സീറ്റിൽ അറ്റത്ത്..

ഓട്ടോയിൽ ഇരുന്ന ഉടനെ എടുത്ത സെൽഫിയിൽ അടുത്ത ഓട്ടോയിൽ അയാൾ കയറുന്ന മുഖം. സുഹൃത്തിന്റെ വീടിന്റെ ഗേറ്റിലെത്തിയപ്പോൾ എടുത്ത ഫോട്ടോയിൽ പിറകിലെ കടത്തിണ്ണയിലെ ആളുകൾ കൂടിനിൽക്കുന്നതിനിടയിൽ അയാളും..

എത്ര നാളായിക്കാണും അയാൾ തന്നെ പിന്തുടരുന്നത്.. ഇതിനുമുമ്പ് താനിങ്ങനെ സെൽഫിയോ ഫോട്ടോയോ എടുത്തിരുന്നില്ലല്ലോ എന്നോ൪ത്ത് അവൾ ഖേദിച്ചു. അവൾ വീണ്ടും ബാക്കിയുള്ള ഫോട്ടോസ് തിരക്കിട്ട് നോക്കാൻ തുടങ്ങി.

അവസാനമായി പാറക്കെട്ടുകളുടെ അടുത്തെത്തിയപ്പോൾ എടുത്ത ഫോട്ടായിലും വളരെ ദൂരത്തായി ഒരു പൊട്ടുപോലെ അയാളുണ്ട്. താനൊരുപക്ഷേ ഫോട്ടോ എടുക്കാൻ മാത്രം പോയതായിരിക്കും അവിടെ എന്നാവാം അയാളുടെ ചിന്ത. തന്റെ ഭാവം‌ മാറുന്നതും കണ്ണ് തുടക്കുന്നതും കണ്ടാവാം അടുത്ത് വന്ന് എന്താ ഇവിടെ എന്ന് ചോദിച്ചിട്ടുണ്ടാവുക..

ബസ്സിൽ പിറകേ വന്നയാൾക്ക് ബൈക്ക് എവിടുന്ന് കിട്ടി എന്നായി നന്ദിതയുടെ അടുത്ത ചിന്ത. രാവിലെ ബൈക്കിൽ ക്ഷേത്രത്തിൽ വന്നതാവാം. ഹോട്ടലിലെ കാപ്പികുടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ വന്ന ബസ്സിലേക്ക് താൻ ഓടിക്കയറിയപ്പോൾ അയാളും പെട്ടെന്നൊരു ഉൾപ്രേരണയാൽ കയറിയതാകും..

സമയം പിന്നെയും കടന്നുപോയി. ബസ്സൊന്നും വരുന്ന ലക്ഷണമില്ല. നടക്കാൻ തീരുമാനിച്ചു അവൾ. ഇരുട്ട് അരിച്ചെത്തിത്തുടങ്ങിയിരിക്കുന്നു. അരമണിക്കൂർ നടന്നപ്പോൾ അവൾക്കൊരു ഓട്ടോ കിട്ടി. ടൌണിലേക്കുള്ള ബസ് കിട്ടുന്നിടത്ത് ഇറക്കാമോ എന്ന് ചോദിച്ച് അവൾ കയറിയിരുന്നു. തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവൾ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

ദാ,‌അവിടെ നിന്നാൽ മതി. ബസ് വരും.

ഓട്ടോ ഡ്രൈവ൪ പറഞ്ഞ സ്ഥലത്ത് അവളിറങ്ങി. ബസ്സിന്റെ ശബ്ദം കേൾക്കുന്നുണ്ട്. നന്ദിത ധൃതിയിൽ പൈസയെടുത്ത് കൊടുത്തു. ബാഗ് തോളിലിട്ട് നടക്കുമ്പോൾ ഡ്രൈവർ പറഞ്ഞു:

ഇനിയാ പാറക്കെട്ടുകളിലേക്ക് ഒരിക്കലും പോകരുതെന്ന് പറയാൻ പറഞ്ഞു,‌ അയാൾ..

ആര്..?

അവൾ നടന്നുകൊണ്ട് ചോദിച്ചു.

നിങ്ങളെ കൂട്ടിക്കൊണ്ടുവരാൻ എന്നെ പറഞ്ഞയച്ച ആ ആൾ..

അപ്പോഴേക്കും ബസ് വന്നുനിന്നിരുന്നു. അവൾ ഓടി ബസ്സിൽക്കയറി. കൂരിരുട്ട് പരന്നുകഴിഞ്ഞിരുന്നു. ഇരുട്ടിനെ കീറിമുറിച്ച് ബസ്സിന്റെ ലൈറ്റുകൾ കുതിച്ചു പാഞ്ഞു. ഇനിയും അരമണിക്കൂർ കഴിയണം വീടെത്താൻ.. നന്ദിത സീറ്റിൽ ചാരിയിരുന്ന് അയാളുടെ ഫോട്ടോ വീണ്ടും നോക്കി.. ആരാണിയാൾ, എന്തിനാണ് തന്നെയിങ്ങനെ പിന്തുടരുന്നത്.. എന്തായാലും പാറക്കെട്ടുകളിലേക്ക് ഇനിയില്ല എന്നവൾ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *