തന്റെ നെഞ്ചോടു ചേർത്ത് അവളെ കോരിയെടുക്കുമ്പോൾ പലപ്പോഴും അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനിൽ പറ്റി ചേർന്നു……

പ്രണയച്ചെപ്പ്

Story written by Sabitha Aavani

ജനലഴികൾക്കിടയിലൂടെ മഞ്ഞവെയിൽ അടുക്കളപ്പുറത്ത് എത്തിയിരുന്നു.

ചൂടൻ ദോശയും കടലയും തയ്യാറായി പാത്രങ്ങളിൽ നിരന്നു.

മോറാൻ ബാക്കിയുള്ള പാത്രങ്ങൾ മുറ്റത്ത് കാക്ക കൊത്തിവലിയ്ക്കുന്ന ശബ്ദം.

വിറക് എരിഞ്ഞുതീരാറായ അടുപ്പിലേക്ക് അയാൾ നീളൻ വിറകു കഷ്ണങ്ങൾ എടുത്തുവെച്ചു.

കരിപിടിച്ച് പഴകിയ കലത്തിൽ അരി തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുന്നു. നീളൻ തവിയെടുത്ത് അതൊന്നു ഇളക്കി വിരലുകൊണ്ട് ഒരു അരിമണി എടുത്ത് ഞെക്കി നോക്കി.

ഇല്ല വെന്തിട്ടില്ല.

നുറുക്കി വെച്ച പച്ചക്കറികൾ വെള്ളമൊഴിച്ചു അടുപ്പിൽ വെച്ചു ഒന്നുകൂടി തീകാഞ്ഞഞ്ഞതിനു ശേഷം അടച്ചുവെച്ചിരുന്ന ചായ മൂടിനീക്കി ഒരു ഗ്ലാസ്സിലേയ്ക്കിഴിച്ച് അയാള്‍ അകത്തേയ്ക്കു നടന്നു.

മരുന്നിന്റെയും ഡെറ്റോളിന്റെയും മണംനിറഞ്ഞ മുറിയിടുടെ ചുവരുകളിൽ വര്‍ണ്ണങ്ങള്‍ വാരിത്തേച്ച് മോഡിപിടിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നതു പോലെ.

മേശപ്പുറത്ത് നിരന്നിരിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ പല വലുപ്പത്തിലും നിറത്തിലും പാക്ക് ചെയ്ത മരുന്നുകൾ.

പണ്ടത്തെ ഏതോ വീക്കിലി പകുതി താളുകളുമായി അതിനു മേലെ കിടക്കുന്നു.

അവൾ അപ്പോഴും ഉറക്കമായിരുന്നു.

” രാജി… ചായ കുടിച്ചിട്ട് ആവാം ഇനി ഉറക്കം.”

അവളെ തട്ടി ഉണർത്താന്‍ നോക്കുമ്പോൾ അവൾ എഴുന്നേൽക്കാൻ കൂട്ടാക്കാതെ കിടന്നു.”

“എടൊ… എനിക്ക് പണിക്ക് പോണം. എണീറ്റെ മടി പിടിക്കല്ലെ…”

അവൾ മെല്ലെ കണ്ണ് തുറന്നു.

” എന്താടോ എന്ത് പറ്റി വയ്യേ? ക്ഷീണം ഉണ്ടോ ?”

അവളുടെ കണ്ണുകൾ എന്തോ മറുപടി പറഞ്ഞു.

” മുഖം ഒക്കെ വാടിയിരിക്കുന്നല്ലോ… എന്തുപറ്റി എന്റെ കുട്ടിയ്ക്ക്?”

പുതപ്പ് മാറ്റി നോക്കുമ്പോൾ അവളാകമാനം ചോ രയിൽ മുങ്ങിയിരുന്നു.

ദുഷിച്ച ഗന്ധവും.

രാത്രിയിലെപ്പോഴോ ആയിട്ടുണ്ടാവണം. പാവം.

ജോലി കഴിഞ്ഞുവന്ന് ഓൾക്ക് ഭക്ഷണം മരുന്നും എടുത്ത് കൊടുത്ത് കിടന്നതേ ഓര്‍മ്മയുള്ളു.

അവളുടെ കണ്ണിലെ നിസ്സാഹായത കണ്ടില്ലെന്ന് നടിച്ച് അയാൾ അവളെ നെറ്റിയിൽ തടവി.

” വേഗം കുളിച്ച് വന്നിട്ട് ചായ കുടിയ്ക്കാം.”

അയാൾ അവളെ കോരിയെടുത്ത് കസേരയിൽ ഇരുത്തി.

തന്റെ നെഞ്ചോടു ചേർത്ത് അവളെ കോരിയെടുക്കുമ്പോൾ പലപ്പോഴും അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനിൽ പറ്റി ചേർന്നു.

അവളുടെ തുണിയൊക്കെ മാറ്റി കുളിക്കാനായി ബാത്റൂമിലേക്ക് കൊണ്ടുപോയി.

കുളിപ്പിച്ച് കൊണ്ടുവന്നു നാപ്കിൻ ഇടിയിച്ച് അവളുടെ പ്രിയപ്പെട്ട മഞ്ഞ നൈറ്റി ഇടീച്ചു, കസേരയിൽ ഇരുത്തി.

കട്ടിലിലെ തുണി മാറ്റി പുതിയ പുതപ്പിട്ട്.

അയാൾ അവളെ വേഗം കോരിയെടുത്ത് കട്ടിലിൽ ചാരി ഇരുത്തി.

” ഇനി നമുക്കൊന്ന് ഒരുങ്ങേണ്ട?” അവൻ ചിരിച്ചു. ഒപ്പം അവളുടെ കണ്ണുകളും.

മുഖം തുടച്ച് പൗഡർ ഇട്ട്.

ചുവന്ന വല്യ സിന്ദൂരപ്പൊട്ട് തൊട്ട് കണ്ണെഴുതി അവളെ തന്റെ രാജകുമാരിയാക്കി.

ഇനിയും എന്തോ പതിവ് ബാക്കിയുള്ളത് പോലെ അവൾ അയാളെ നോക്കി.

അവളുടെ മുഖം തന്റെ കൈക്കുള്ളിൽ വാരിയെടുത്ത് നെറ്റിയിൽ ഉമ്മവെച്ചു.

അവളുടെ കണ്ണുകൾ വിടരുന്നതും മുഖം ചുവക്കുന്നതും അയാൾ അറിഞ്ഞു.

” വേദന ഉണ്ടോ?”

” ഇല്ലന്നവൾ കണ്ണുകൾ കൊണ്ട് പറഞ്ഞു.”

അയാൾക്കു മാത്രം മനസിലാവുന്ന ഭാഷ്യമായിരുന്നു അത്. കഴിഞ്ഞ നാലുവർഷമായി ആ വീട്ടിൽ അവളുടെ ശബ്ദം ഉയർന്നട്ടില്ല.

അവൾക്കായി അവന്റെ കൈകൾ പ്രവർത്തിച്ചു.

അവൾക്കായി അവൻ സംസാരിച്ചു.

വീണു പോയ തന്റെ പാതിയെ അവന്‍ കൈവിട്ടില്ല.

രണ്ടുടലും ഒരു ജീവനും ആയിരുന്നു അവര്‍.

ചുറ്റുമുള്ളവരും നാട്ടുകാരും ഒക്കെ അവനെ സഹതാപത്തോടെ നോക്കി.

“പാവം പയ്യൻ. ഇത്ര ചെറുപ്പത്തിലേ…”

പക്ഷെ അവനത് ഒന്നും ഒരു കാരണമേ ആയിരുന്നില്ല.

അവൻ വേഗം മുഷിഞ്ഞ തുണിയും പുതപ്പും വാരിയെടുത്ത് പുറത്ത് കൊണ്ടുപൊയി അലക്കാന്‍ കുതിര്‍ത്തു വെച്ചു.

ആ സമയം അകത്ത് അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു പോകുവായിരുന്നു.

ഉറക്കം മതിവരാതെ അവൾ ആ ഇരുപ്പ് തുടര്‍ന്നു.

അപ്പോഴേക്കും ചായ തണുത്ത് ആറി പോയിരുന്നു.

അടുക്കളയിൽ പോയി അവൾക്ക് കൊ‌ടുക്കാൻ ദോശയും കടലയും ഒരു ഗ്ലാസ് ചൂട് ചായയുമായി അയാൾ വന്നു.

തന്റെ ഫോൺ എടുത്ത് അയാൾ ഉച്ചത്തിൽ പാട്ടു വെച്ചു.

” തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)

ഒരു നാടൻപാട്ടായിതാ … ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ….

ഓരോ പിടിവാരിക്കൊടുക്കുമ്പോഴും അവൾ നോക്കുന്നൊരു നോട്ടമുണ്ട്.

അവന്റെ കരുതലിന്റെ, സ്നേഹത്തിന്റെ ആഴം ഇക്കാലയളവിൽ അവൾ നന്നേ അറിഞ്ഞിട്ടുണ്ടാവണം.

ജനാലവഴി പുറത്തേയ്ക്ക് നോക്കി അവൾ ഇരുന്നു.

പാട്ടിൽ ലയിച്ച്.

ഇഷാൻ ദേവിന്റെ പാട്ടുകളോട് അല്ലെങ്കിലും അവൾക്ക് വല്ലാത്തോരു ഇഷ്ടമുണ്ട്.

അതുപോലെ തന്നെ ഉണ്ണിമേനോനും ജയചന്ദ്രനും. അവരുടെ പാട്ടുകേട്ട് കൊറേ നേരം അതിൽ മാത്രം ലയിച്ചിരിക്കുന്നത് കാണാം.

പണ്ട് ഇങ്ങനെ ഒന്നും ആയിരുന്നില്ല അവൾ. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഹരിയുടെ പെണ്ണ് എന്ന് പറയുമ്പോൾ എല്ലാവർക്കും നൂറു നാവാ.

ചിരിയും കളിയും പാട്ടും നൃത്തവും വായനയും ഒക്കെ ഉള്ളവൾ. നിര്‍ത്താതെ ചിരിക്കും. എല്ലാവരെയും ചിരിപ്പിക്കും. പക്ഷെ അതെല്ലാം അധികനാൾ നീണ്ടുനിൽക്കാത്ത സന്തോഷങ്ങൾ മാത്രമായിരുന്നു.

മധുവിധു കഴിഞ്ഞിട്ടില്ല. അന്നൊരു രാത്രി ഇപ്പോഴും ഹരിയ്ക്ക് ഏറെ ഭീതിയുള്ളതാണ്.

പുറത്ത് പോയി തിരികെ വരുമ്പോൾ വഴിയ്ക്ക് വെച്ചോരു ആക്സിഡന്റ്.

ജീവനറ്റില്ല എന്നെ ഉള്ളു.

പാതി ചത്ത നിലയിലായിരുന്നു രാജി.

എന്നാല്‍ ഒരു പോറൽ പോലും ഏൽക്കാതെ ഹരി രക്ഷപെട്ടു.

പക്ഷെ രാജി…

നീണ്ട മൂന്നുമാസം എടുത്ത് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരാൻ.

നട്ടെല്ലിനും തലയ്ക്കും ഏറ്റ ക്ഷതം.

സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ ജീവൻ തിരിച്ചുകിട്ടിയെന്ന സന്തോഷമായിരുന്നു ഹരിയ്ക്ക്.

” അവൾക് ഞാനുണ്ട്. ഞാൻ മരിക്കും വരെ അവൾക്കായി ആരും ബുദ്ധിമുട്ടണ്ട അവളെ ഞാൻ പൊന്നുപോലെ നോക്കും. അവളെന്റെ പെണ്ണാണ്.”

ഹരിയിത് പറഞ്ഞത് മറ്റാരോടും അല്ല രാജിയുടെ സ്വന്തം അച്ഛനോട് ആണ്. ആശുപത്രിയിൽ നിന്നും രാജിയെ അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ വാശിപിടിച്ചപ്പോൾ ഹരി കൊടുത്ത മറുപടി ആണ്. അത്ര എളുപ്പത്തിൽ വിട്ടുകളയാൻ പറ്റുന്ന ഒന്നായിരുന്നില്ല ഹരിയ്ക്ക് രാജി.

കഴിഞ്ഞതിനെ പറ്റി ഹരി ചിന്തിയ്ക്കാറില്ല. പക്ഷെ രാജി…

” മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ…”

രാജിയുടെ പ്രിയപ്പെട്ട പാട്ടുകൾ ഉയർന്നു കൊണ്ടിരുന്നു.

ഹരി അടുക്കളയിൽ പണി തീർക്കാനുള്ള ഓട്ടത്തിലും.

ഉച്ചയ്ക്കലത്തെ ആഹാരം തയ്യാറാക്കി വെച്ചു, തുണി കഴുകി രാജിയ്ക്കടുക്കൽ വരുമ്പോൾ രാജി മയക്കത്തിലേക്ക് വീണിരുന്നു.

കുളിച്ചു റെഡിയായി ജോലിക്ക് പോകാൻ ഇറങ്ങുമ്പോഴും രാജിയെ തട്ടി ഉണർത്തി.

” ഞാൻ പോയിട്ട് വരാം. തനിക്ക് വേദനയുണ്ടോ?” ഇല്ലന്നവൾ തലയാട്ടി.

രാജിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത. ബൈക്ക് സ്റ്റാർട്ട് ആക്കി നേരെ ഓഫീസിലേക്ക് പോകുമ്പോൾ ആ ശൂന്യത തന്നെ പിന്തുടരുന്നതായി തോന്നി അവന്.

ഓഫീസിൽ ചെന്നിരുന്ന് പതിയെ വീണ്ടും എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നു.

ഇതുവരെ ഇല്ലാത്ത ഒരുതരം മരവിപ്പ്. ഉൾഭയം.

കസേരയിൽ കണ്ണടച്ചിരുന്നു നോക്കി എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ.

രാജിയ്ക്ക് എന്തേലും വയ്യായ്ക വന്നു കാണുവോ?

അതാണോ തനിക്കിങ്ങനെ.

നൂറുകൂട്ടം പേടി. അവൾക്ക് എന്തേലും … വീണ്ടും വീണ്ടും മനസ്സങ്ങനെ പറയുന്നു.

വേഗം അവളെ കാണാൻ ഒരു തോന്നൽ. ഓഫീസിൽ ലീവ് പറഞ്ഞ് വേഗം ഓടി വീട്ടിലെത്തി.

അകത്തേയ്ക്ക് കയറാൻ എന്തോ ഒരു പേടി. കാലുകൾ വിറയ്ക്കുന്ന പോലെ.

അവൾക്കെന്തെലും ആപത്ത് ഉണ്ടായാൽ തനിക്കിനി ആരാ.

മനസ്സു കൈവിട്ടുപോകുന്ന പോലെ.

അകത്ത് അപ്പോഴും പാട്ട് കേൾക്കുന്നുണ്ടായിരുന്നു.

“തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും നിന്‍ മൃദുമേനിയൊന്നു തലോടിയില്ല.. എങ്കിലും..നീയറിഞ്ഞു.. എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്‌.. നിന്നെ പുണരുന്നതായ്.. ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല”

അകത്ത് കയറി. രാജി നല്ല ഉറക്കം. പതിയെ അവളുടെ നെറ്റിയിൽ തലോടി. ഇല്ല ഒന്നുമില്ല. അവൾ മെല്ലെ കണ്ണുതുറന്നു. എന്തെ എന്ന ഭാവത്തിൽ അവനെ നോക്കി.

” ഒന്നുല്ലടാ ഒരു മൂഡ് ഇല്ല അതോണ്ട് ലീവ് എടുത്ത് പോന്നു.”

അവളുടെ കണ്ണുകളിൽ തെളിച്ചം. ഒരുപക്ഷെ അവളും അവന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നിരിക്കണം.

ഹരി ഏറെ ശാന്തനായി കട്ടിലിൽ ഇരുന്നു, ഉള്ളിലെ പേടി പുറത്ത് കാട്ടാതെ.

അവളുടെ മുഖം നെഞ്ചിൽ ചേർത്ത് അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് അവർ ഇരുന്നു.

ചിലപ്പോഴൊക്കെ സ്നേഹം ഇങ്ങനെ ആണ്.

നഷ്ടപെടലിന്റെ ആഴം വെറുതെ ഓർമ്മിപ്പിച്ച് പേടിപ്പിക്കും.

ചിലപ്പോ ദൂരെ ഉള്ള ഒരു മനസ്സിനെ പെട്ടന്ന് അടുത്ത് കൊണ്ടെത്തിയ്ക്കും.

അവന്റെ ചൂടിൽ പറ്റിച്ചേർന്ന് ഇരിക്കുമ്പോൾ പിന്നിൽ ആ പാട്ടുയർന്നു.

” കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ അനുരാഗിണീ ഇതാ എൻ ..”

    Related Posts

    Leave a Reply

    Your email address will not be published. Required fields are marked *