കണ്ണ് നീര് വീണ് ഉപ്പ് കൂടിയ ബാക്കി വന്ന ചോറും കലവും കഴുകി വെച്ച് അവൾ കുളിമുറിയിലേക്ക് നടന്നു .. തന്റെ സങ്കടങ്ങൾ ഏറ്റവും കൂടുതൽ കണ്ട…….

എഴുത്ത് :- സൽമാൻ സാലി

” നിനക്കിവിടെ എന്തിന്റെ കുറവാണെടി .. മൂന്ന് നേരം വയറ് നിറച്ചു തിന്നാൻ തരുന്നില്ലെ .. ?

എല്ലാവരും ഭക്ഷണം കഴിച്ച ശേഷം വിശപ്പ് സഹിക്കാൻ പറ്റാതായപ്പോ ബാക്കി വന്ന ചോറ് മീൻ കറിയുടെ ചട്ടിയിൽ ഇട്ട് കുഴച്ചു വിശപ്പ് മാറ്റുന്നതിന്റെ ഇടയിൽ കെട്യോന്റെ വാക്കുകൾ അവളുടെ തൊണ്ടക്കുഴി അടച്ചു കൊണ്ട് ഹൃദയം തുളച്ചു കയറിപ്പോയി ….

കണ്ണ് നീര് വീണ് ഉപ്പ് കൂടിയ ബാക്കി വന്ന ചോറും കലവും കഴുകി വെച്ച് അവൾ കുളിമുറിയിലേക്ക് നടന്നു .. തന്റെ സങ്കടങ്ങൾ ഏറ്റവും കൂടുതൽ കണ്ട നാല് ചുവരുകൾക്കിടയിൽ അവൾ ഈ സങ്കടവും കരഞ്ഞു തീർത്ത് മുഖം കഴുകി തിരികെ വന്നു …

ഇനിയും വൈകിയാൽ അമ്മായിമ്മക്കും അമ്മായി അപ്പനും വൈകിട്ടത്തെ ചായ കൊടുക്കാൻ വൈകും ..

അവൾ സറീന .. മരക്കച്ചവടക്കാരൻ അബുവിന്റെ മൂത്ത മോൾ .. പതിനാലാം വയസിൽ വയസ്സറിയിച്ചതുമുതൽ പിന്നെ അവൾ പള്ളിക്കൂടത്തിൽ പോയിട്ടില്ല ..

വലിയ തറവാട്ടുകാർ എന്ന മഹിമ കൊണ്ട് നടക്കുന്ന ഉമ്മയും വാപ്പയും .. അന്ന് തുടങ്ങിയതാണ് കയറിച്ചെല്ലുന്ന വീട്ടിലെ ജോലി എടുക്കാനുള്ളതാണ് എന്ന് പറഞ്ഞു വീട്ടിലെ സകല പണികളും സറീനയെ കൊണ്ട് എടുപ്പിക്കാൻ …

പതിനാറാം വയസിൽ തന്നെക്കാൾ പത്ത് വയസിന് മൂത്ത ഹൈദറിനെ കൊണ്ട് കെട്ടിക്കുമ്പോൾ അവന്റെ തറവാട്ട് മഹിമ മാത്രമാണ് അന്ന് വാപ്പ നോക്കിയത് .. മറുത്തൊന്നും പറയാതെ അന്ന് കല്യാണവും കഴിഞ്ഞു .. അവസാനമായി സെറീനയുടെ കൈകളിൽ മൈലാഞ്ചി അണിഞ്ഞ ദിവസം അന്നായിരുന്നു …

വലിയ തറവാട്ടിലേക്ക് കയറി വന്ന പെണ്ണിന് സകല സൗഭാഗ്യങ്ങളും കിട്ടുന്നുണ്ടാകും എന്ന് കരുതി സമാധാനിച്ചു അബു …

ഹൈദറിന്റെ കുടുമ്പത്തിന്റെ സ്വഭാവ ഗുണം കൊണ്ട് തന്നെ ജേഷ്ടന്മാർ വേഗം വീട് വെച്ച് താമസം മാറിയപ്പോ ഇളയ പുത്രൻ ഹൈദർ തറവാട്ടിലെ സ്ഥിര താമസക്കാരനും ആയി .. ശരിക്കും പറഞ്ഞാൽ സെറീനയ്ക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചത് പോലെ ആയി അവസ്ഥ ..

രാവിലെ അഞ്ച് മണിക്ക് അടുക്കളയിൽ കയറിയാൽ പിന്നെ രാത്രി വരെ അവിടെ ഉള്ളവർക്ക് വെച് വിളമ്പാനും രാത്രി ഹൈദറിന്റെ കിടപ്പറയിൽ ചൂട് പകരാനും ഒരാൾ .. അതായിരുന്നു ആ തറവാട്ടിലുള്ളവർക്ക് സറീന …

പകരം അവൾക്ക് നൽകുന്ന കൂലിയാണ് മൂന്ന് നേരത്തെ ഭക്ഷണവും രണ്ട് പെരുന്നാളിന് കിട്ടുന്ന പുതിയ വസ്ത്രങ്ങളും ..

ഓടിനടന്ന് ജോലി ചെയ്യുന്നതിനിടയിൽ വിശന്ന് തളരുമ്പോൾ ആണ് വല്ലതും കഴിക്കാനിരിക്കുന്നത് .. അപ്പോൾ വരും പിറു പിറുപ്പുമായി അമ്മായിമ്മ ..

തൊണ്ടക്കുഴിയിൽ കുരുക്കിട്ട് വാ നിറയെ ഭക്ഷണം തരുന്ന ഒരവസ്ഥയാണ് അത് .. ഇറക്കാനും പറ്റില്ല തുപ്പാനും പറ്റില്ല അതിങ്ങനെ ഇറങ്ങാതെ തൊണ്ടയിൽ കുരുങ്ങി നിൽക്കും …

പലപ്പോഴും ഇറങ്ങി പോകാൻ മനസ്സ് കൊതിച്ചതായിരുന്നു .. അപ്പൊഴൊക്കെ മക്കളുടെ മുഖം ഓർത്ത് അവിടെ തന്നെ നിന്നത് …

തന്റെ പതിനാറ് വയസുകാരി മോളോട് എന്തോ പറഞ്ഞതിന് ” ഉമ്മച്ചി എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് മുഖത്ത് നോക്കി അവൾ പറഞ്ഞപ്പോഴാണ് മക്കൾക്കും ഞാനൊരു ജോലിക്കാരി മാത്രമാണെന്ന് അവൾ അറിഞ്ഞത് ….

രാത്രി കിടന്നിട്ടും ഉറക്കം വരാതായപ്പോൾ വെള്ളം കുടിക്കാനായി മുറിയിൽ നിന്നിറങ്ങിയത് .. വെള്ളം കുടിക്കുമ്പോളാണ് മകൾ ഇട്ട് ബാക്കിവെച്ച മൈലാഞ്ചി അവളുടെ കണ്ണിൽ പെടുന്നത് .. അന്നുവരെ തോന്നാത്ത ഒരാഗ്രഹം അവളുടെ മനസ്സിലെക്ക് വന്നു .. ഒന്ന് മൈലാഞ്ചി ഇടണം …

നനവ് വീണ കൈകൾ മാക്സിയിൽ തുടച്ചു ഈർക്കിൽ കൊണ്ട് കോരിയെടുത്തു അവൾ കൈകളിൽ മൈലാഞ്ചി ഇടുമ്പോൾ അതുവരെ ഇല്ലാത്തൊരു സന്തോഷം അവളുടെ മനസ്സിനെ പൊതിഞ്ഞുകൊണ്ടിരുന്നു …

തണുത്തുറഞ്ഞൊരു കാറ്റ് അവളെ തഴുകി കടന്നുപോയത് അവളറിഞ്ഞിരുന്നു …

അവളുടെ മയ്യത്ത് കുളിപ്പിക്കുമ്പോൾ ഇടതു കയ്യിലെ മൈലാഞ്ചി ചുവപ്പിന് കടും ചുവപ്പായിരുന്നു .. ഇനിമുതൽ അവൾക്ക് വിശ്രമമാണ് .. ആർക്ക് വേണ്ടിയും അടിമപ്പണി ചെയ്യതെ തറവാട് മഹിമ ഇല്ലാത്ത അവളുടെ മാത്രം ലോകത്തേക്ക് മൈലാഞ്ചി ചുവപ്പുള്ള കൈകളുമായി അവൾ യാത്രയായി ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *