കല്യാണം കഴിഞ്ഞേച്ച് ഭർതൃ വീട്ടിലേക്ക് പറിച്ചു നടപ്പെടുന്ന പെണ്ണിന്റെയും അവസ്ഥ ഏതാണ്ട് ഇതുപോലൊക്കെ തന്നാവില്ലേ……

Story written by Adam John

വല്യപ്പച്ചന്റെ വകേലൊരു ബന്ധുവുണ്ട് മലേഷ്യയില്. അങ്ങേര് കുടുംബവായി തിരികെ പോവുമ്പോ വല്യപ്പച്ചന് കൊടുത്തതാരുന്നു ഞങ്ങടെ വീട്ടിലെ ആദ്യത്തെ ടീവി. കൊണ്ട് വന്ന പാടെ പുതുപ്പെണ്ണിന്റെ കൂട്ട് ടീവികൊച്ചിനെ കട്ടിലേൽ കൊണ്ടിരുത്തിയേക്കുവാരുന്നു. പരിചിതവായ ചുറ്റുപാടുകളിൽ നിന്നും തീർത്തും അപരിചിതരായ ആളുകൾക്കിടയിൽ പെട്ട് പോയതിന്റെ പരിഭ്രമം ആ സ്‌ക്രീനിൽ നിന്ന് വായിച്ചെടുക്കാവാരുന്നു. കല്യാണം കഴിഞ്ഞേച്ച് ഭർതൃ വീട്ടിലേക്ക് പറിച്ചു നടപ്പെടുന്ന പെണ്ണിന്റെയും അവസ്ഥ ഏതാണ്ട് ഇതുപോലൊക്കെ തന്നാവില്ലേ.

ടീവിക്കൊച്ചിനെ ഒന്ന് തൊടുന്നത് പോയിട്ട് ആരേം അടുത്തൊട്ട് പോവാൻ വരെ വല്യപ്പച്ചൻ സമ്മതിച്ചീല. ആദ്യവായി കാണുന്നതല്ലേ. ഇത് പ്രവർത്തിപ്പിക്കുന്നത് എങ്ങിനാന്ന് പോലും ആർക്കും അറിയത്തില്ലാരുന്നു. ഒടുക്കം അറിയാവുന്ന ആരെയോ കൊണ്ട് വന്ന് കൊച്ചിനെ ഹാളിലോട്ട് മാറ്റി ഓൺ ചെയ്തപ്പോ അർജന്റിന ഫൈനലിൽ എത്തിയ കൂട്ട് സന്തോഷവാരുന്നു ഞങ്ങൾക്ക്.

എല്ലാരും തറയിൽ ഇരുന്നോണ്ട് ടീവി കാണുമ്പോ വല്യപ്പച്ചൻ മാത്രം കസേരയിൽ ഇരുന്നോണ്ടാവും കാണുക. സ്വഭാവികവായും കാഴ്ചക്കാരുടെ എണ്ണം കൂടിയാൽ പിറകിൽ ഇരിക്കുന്നവരിൽ പലർക്കും ടീവി കാണാൻ ഒക്കുകേല. എങ്ങാനും നിന്ന് കൊണ്ട് കാണാവെന്ന് വെച്ചാ അപ്പോ തന്നെ വല്യപ്പച്ചൻ തല ചെരിച്ചു പിടിച്ചേച്ച് പറയും എന്നാത്തിനാ നിക്കുന്നെ അവിടെങ്ങാനും ഇരിക്കരുതോന്ന്. അങ്ങേര് പറയുന്നത് അനുസരിക്കാതെ വയ്യല്ലോ. സ്വാഭാവികമായും പിറകിൽ ഇരിക്കുന്ന വർക്ക് ടീവി സ്‌ക്രീൻ പോലെ പുറത്തോട്ട് തള്ളി നിൽക്കുന്ന വല്യപ്പച്ചന്റെ പ്രിഷ്ടം കണ്ട് ആത്മ നിർവൃതി അടയുകയേ നിവൃത്തി ഉണ്ടാരുന്നുള്ളൂ. അത് കാണാതിരിക്കാനുള്ള കൊതി കൊണ്ട് മാത്രം മിക്ക ദിവസങ്ങളിലും ആളുകൾ ടീവി സ്റ്റേഷൻ തുറക്കുന്നെന് മുന്നേ വീട്ടിലോട്ട് വന്നെത്തുന്നത് പതിവായി.

റൊമാൻസ് ഇഷ്ടവില്ലാഞ്ഞിട്ടാണോ എന്തോ സിനിമ കണ്ടോണ്ടിരിക്കുമ്പോ പ്രണയ രംഗങ്ങൾ വരുന്നുണ്ടേൽ വല്യപ്പച്ചൻ എഴുന്നേറ്റ് നിന്നേച്ച് ചുറ്റിനും നോക്കിക്കൊണ്ട് പറയും ടീവി ചൂടായെക്കുവാ. ഇനി ഇത്തിരി കഴിഞ്ഞേച്ച് കാണാവെന്ന്. ചൂടാവാൻ ടീവിയെന്നതാ കമ്മീഷണറിലെ സുരേഷ്‌ഗോപിയാന്നോ. പക്ഷെ എന്തേലും മിണ്ടാൻ ഒക്കുവോ. ടീവിയുടെ ഉടയോൻ അങ്ങേരല്ലായോ. അതോണ്ട് തന്നെ ആരും പ്രതികരിക്കുകേല.

തണുത്ത കാറ്റും പൊടിയുവേറ്റ് ടീവിക്കൊച്ചിന് വല്ല പനിയും പിടിച്ചേക്കുവോ എന്ന് ഭയന്നാണോ എന്തോ കിടക്കാൻ നേരം വല്യമ്മച്ചി തണുപ്പ് കാലത്ത് പുതക്കാൻ ഉപയോഗിച്ചിരുന്ന കമ്പിളി കൊണ്ട് ടീവിയെ പുതപ്പിക്കേം ചെയ്താരുന്നു വല്യപ്പച്ചൻ. ഡാഡി ഗിരിജയുടെ കൂട്ട് കമ്പിളി പുതച്ചോണ്ടിരിക്കുന്ന ടീവിയെ ചുമ്മാ കാണുന്നത് പോലും എന്നാ രസവാരുന്നെന്നോ.

ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാവത്തില്ലേലും ടീവി വന്നേപ്പിന്നെ ഹിന്ദി സീരിയലുകളും പാർലമന്റ് വാർത്തയും കണ്ടോണ്ടിരിക്കുന്നത് വല്യപ്പച്ചന്റെ സ്ഥിരം ഹോബിയാരുന്നു. തൊട്ടതിനും പിടിച്ചതിനും വല്യമ്മച്ചിയുമായി വഴക്കടിച്ചോണ്ടിരുന്ന വല്യപ്പച്ചൻ ടീവി വന്നേ പിന്നെ കാര്യവായൊന്നും മിണ്ടാതായി. വല്യപ്പച്ചനുവായുള്ള വഴക്കുകളായിരുന്നല്ലോ വല്യമ്മച്ചിയുടെ മെയിൻ എന്റർടെയിന്മെന്റ്. അതില്ലാതായതോടെ യുദ്ധവില്ലാത്ത മഹാഭാരതം സീരിയൽ പോലെ വല്യമ്മച്ചിയുടെ ദിവസങ്ങൾ വിരസവായി മാറി.

ആരുടെ ശാപവാണെന്നറിയത്തില്ല വീട്ടിലെ മറ്റെല്ലാ ഉപകരണങ്ങളേം പോലെ തന്നെ ടീവിക്കും ഒരു കുഴപ്പവുണ്ടാരുന്നു. ഇടക്ക് ആരേലും അതിനടുത്തൂടെ പോയാലോ ഉറക്കെ ശബ്ദവുണ്ടാക്കിയാലോ താനേ മിണ്ടാതാവും. വീണ്ടും പ്രവർത്തിക്കണമെങ്കിൽ ഒന്ന് രണ്ട് തവണ കൈ കൊട്ടിയെച്ചാ മതി. ഒരിക്കൽ അങ്ങനെ മിണ്ടാട്ടം മുട്ടിയ സമയത്ത് ഓൺ ചെയ്യാൻ വേണ്ടി വല്യപ്പച്ചൻ കൈ കൊട്ടുവാരുന്നു.

ഒന്ന് രണ്ട് തവണ കൈ കൊട്ടിയിട്ടും ടീവിയുണ്ടോ അനങ്ങുന്നു. അതോടെ കൊട്ടലിന്റെ എണ്ണം കൂട്ടുവേം ചെയ്തു. അതിന്റിടേൽ കറി വേപ്പില നുള്ളാൻ വേണ്ടി പുറത്തോട്ടിറങ്ങിയ വല്യമ്മച്ചി കണ്ട കാഴ്ച അഞ്ചാറ് കാക്കകൾ മതിലിൻമേൽ ഇരുന്നോണ്ട് കലപില ശബ്ദവുണ്ടാക്കുവാ. വല്യപ്പച്ചൻ ബലി ഇടാനായി കൊട്ടി വിളിച്ചതാന്നോർത്ത് വന്നതാവണം. എവിടോ സ്വസ്ഥവായി കിടക്കുന്ന ആത്മാക്കളെ വിളിച്ചു വരുത്തിയതല്ലേ. ചുമ്മാ തിരിച്ചയക്കാൻ ഒക്കുവോ. ഒടുവിൽ ഉച്ചക്കുള്ള ഊണും കഴിച്ചേച്ചാണ് കാക്കകൾ തിരികെ മടങ്ങിയെ.

ഒരിക്കൽ പതിവ് പോലെ കണ്ണടച്ച ടീവിക്കൊച്ച് എത്ര കൈകൊട്ടി വിളിച്ചിട്ടും കണ്ണ് തുറന്നീല. പഴയ പോലെ വഴക്ക് കൂടാവെന്നോർത്താവും വല്യമ്മച്ചിക്ക് ഭയങ്കര സന്തോഷവായി. ടീവി പോയതോടെ അനാഥവായ ആന്റിനയുടെ മോളിലാരുന്നു കുറേക്കാലം അമ്മാവൻ ജെട്ടിയുണക്കാനിട്ടിരുന്നേ.

അതിന് ശേഷം വീട്ടിലോട്ട് പുതിയ ടീവി വന്നാരുന്നു. വീട്ടിലോട്ട് മാത്രവല്ല ഒട്ടുമിക്ക വീടുകളിലും ടീവി കടന്ന് കയറിയ കാലം. ഒപ്പം പുതിയ ചാനലുകളും പരിപാടികളും. ഫോൺ ഇൻ പ്രോഗ്രാമുകളും പ്രചാരം നേടിത്തുടങ്ങിയ സമയവാരുന്നു. ഇഷ്ട ഗാനങ്ങൾ കേൾക്കാനും ഡെഡിക്കേറ്റ് ചെയ്യാനുവൊക്കെ ആളുകൾ ടീവിയിലോട്ട് വിളിച്ചുപറയും.

വീട്ടിലോട്ട് ഫോൺ വന്നേ പിന്നെ അമ്മാവന്റെ ഇഷ്ട വിനോദവും അതാരുന്ന്. ചാനലിലോട്ട് വിളിച്ചു വെറുപ്പിക്കുന്നത്. ആയിടക്കൊരിക്കൽ വല്യപ്പച്ചന് തീരെ വയ്യാതായി. ആശുപത്രീലേക്ക് കൊണ്ടോവാതെ ഡോക്ടറോട് ചോദിക്കാം പരിപാടിയിൽ വിളിച്ചേച്ച് അസുഖ വിവരങ്ങൾ പറഞ്ഞതിന് ഡോക്ടറുടെ വായീന്ന് ചീത്ത കേക്കേണ്ടി വന്നേൽ പിന്നെയാണ് അമ്മാവന്റെ ഹോബിക്ക് അന്ത്യം കുറിച്ചത്. ഒരുകണക്കിനത് നന്നായി. അല്ലെങ്കിൽ അമ്മാവന്റെ വെറുപ്പിക്കൽ കൊണ്ട് സഹിക്ക വയ്യാതെ ചാനലുകൾ പൂട്ടിപ്പോയേനെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *