ദേശീയപാതയിലെ സിഗ്നൽ കുരുക്കുകളിലൊന്നിൽ, ബസ്സ് പച്ചവെളിച്ചം കാത്തു കിടന്നു. അയാൾ വാച്ചിലേക്കു നോക്കി. എട്ടര കഴിഞ്ഞിരിക്കുന്നു. ഒരു മണിക്കൂർ കൂടി യാത്രയുണ്ട്, വീട്ടിലേക്കെത്തുവാൻ…….

വിശപ്പ്

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

രാത്രി; ദേശീയപാതയിലെ സിഗ്നൽ കുരുക്കുകളിലൊന്നിൽ, ബസ്സ് പച്ചവെളിച്ചം കാത്തു കിടന്നു. അയാൾ വാച്ചിലേക്കു നോക്കി. എട്ടര കഴിഞ്ഞിരിക്കുന്നു. ഒരു മണിക്കൂർ കൂടി യാത്രയുണ്ട്, വീട്ടിലേക്കെത്തുവാൻ.

പാതയോരത്തേ ഏതോ തട്ടുകടയിൽ നിന്നും, ഉയർന്നു പൊങ്ങുന്ന രുചി മണങ്ങൾ. തട്ടിൽ മൊരിയുന്ന ഓംലറ്റിന്റെ ഗന്ധം. വിശക്കുന്നുണ്ട്; യാത്ര തുടർന്നു. യാത്രയിലെ പാതിയുറക്കത്തിൽ, വിശപ്പ് അടഞ്ഞ മിഴികൾ സമക്ഷം ചില കാഴ്ച്ചകൾ നിരത്തി.

ബാല്യം; പുക പിടിച്ച അടുക്കളച്ചുവരും ചാരി, കുന്തിച്ചുള്ള ഇരിപ്പ്. വെള്ളപ്പിഞ്ഞാണിയിലെ റേഷനരിച്ചോറിന്റെ വറ്റിനൊരെണ്ണത്തിന് പച്ചനിറം. അമ്മിക്കല്ലിൽ കുത്തിയെടുത്തു, മൂപ്പിച്ച വറ്റൽ മുളകിൽ ഉപ്പും പുളിച്ചാണയിൽ നിന്നിത്തിരിയും കൂട്ടിത്തിരുമ്മിയിരിക്കുന്നു. കൂടെ, ഒരു ഉണക്കമാന്തൾ തൊലി കളഞ്ഞു വറുത്തു വച്ചിട്ടുണ്ട്. മൊരിഞ്ഞ മാന്തളിന്റെ വാലിൽ പിടിച്ചമർത്തുമ്പോൾ, കിരുകിരേ പൊടിയുന്നു. ഗ്ലാസിലിത്തിരി പച്ചമോരുണ്ട്.
അമ്മ, മനയ്ക്കലേ അടിച്ചുതളി കഴിഞ്ഞപ്പോൾ കൊണ്ടുവന്നതാകാം. അടുക്കളപ്പുറത്തേ വേപ്പുമരത്തിലേ, ഇലകളുടെ സുഖഗന്ധം സംയോജിച്ച മോര്.

എത്ര വേഗമാണ് ഒരു കിണ്ണം ചോറുണ്ടത്. ഇത്തിരിക്കൂടി വേണമായിരുന്നു. കനമറ്റ ചോറ്റുകലം അരികിലേക്കു നീക്കുമ്പോൾ, അമ്മയുടെ മുന്നറിയിപ്പ്.

“അച്ഛൻ കഴിച്ചിട്ടില്ല്യാ, ട്ടാ കുട്ടാ”

മതി, ചോറിതു മതി. അമ്മയെന്തിനാ ഇത്ര രുചിയുള്ളതൊക്കെ ഉണ്ടാക്കാൻ പോയത് ? മനസ്സിലോർത്തു കൊണ്ട്, അടുക്കളപ്പുറത്തേയ്ക്കു കൈ കഴുകാൻ പോയി.Nമണ്ണെണ്ണവിളക്ക്, അടുക്കളയിൽ പുക തുപ്പിക്കൊണ്ടേയിരുന്നു.

യാത്ര തീരുന്നു. ഉള്ളിലെ പഴയ സ്മൃതികളും മറയുന്നു.

വീട്; വന്നപാടെ, കുളിച്ചു ഭക്ഷണം കഴിക്കാനിരുന്നു. സമസ്ത സൗകര്യങ്ങളുടേയും ദൃഷ്ടാന്തങ്ങൾ തെളിഞ്ഞ തീൻമേശയിൽ വിഭവങ്ങൾ ശുഷ്കമായിരുന്നു. അഞ്ചു വയസ്സുകാരൻ മകന്, ഇത്തിരി നൂഡിൽസ്. മുൻപിലേ പാത്രത്തിൽ, രണ്ടേരണ്ടു ചപ്പാത്തി. അരികു ചേർന്ന്, വിളറിയ നിറമുള്ള പച്ചക്കറിയുടെ പുഴുക്ക്. ചുടുവെള്ളം.

ഭാര്യ, എന്തോ ജ്യൂസ് കുടിച്ച് അത്താഴം അവസാനിപ്പിച്ചു. അവളുടെ മെല്ലിച്ച കൈകാലുകളും, ചടച്ച അരക്കെട്ടും തീർത്തും അരോചകമായി തോന്നി. ചപ്പാത്തി കഴിച്ച്, കിടപ്പുമുറിയിലേക്കുള്ള നടത്തത്തിനിടയിൽ അനുഭവിച്ചു മറന്ന ഒരു ഗന്ധം അയാളെ പിന്തുടർന്നു. പഴയ റേഷനരിച്ചോറിന്റെ, മുളകു കുത്തിപ്പൊടിച്ചു കാച്ചിയ, ചാറധികമുള്ള പരിപ്പുകറിയുടെ, മൊരിഞ്ഞ മാന്തളിന്റെയെല്ലാം സമന്വയ ഗന്ധം. ഒപ്പം,Nഓർമ്മകളിൽ മാത്രം ശേഷിച്ച, അമ്മയുടെ താരള്യ സ്വരങ്ങളും.

അയാൾക്കു പിന്നേയും വിശക്കാൻ തുടങ്ങി. കിടപ്പറയിലേക്കു കടന്ന്, വാതിൽ തഴുതിട്ടു. മകൻ, ചുവരരികു ചേർന്നു ഗാഢനിദ്രയിലമർന്നിരുന്നു. വിസ്തൃതമായ ശയ്യയിൽ ഭാര്യയുടെ അരികു ചേർന്നു കിടക്കുമ്പോൾ, അവളയാളെ ഇറുകേ പുണർന്നു. വേറൊരു വിശപ്പിന്റെ ശമനത്തിനായി.

**************

Related Posts

Leave a Reply

Your email address will not be published. Required fields are marked *