കഷ്ടകാലത്തിന് ഓളോട് എങ്ങാനും പൈസ കടം വാങ്ങിയാൽ സായാഹ്‌ന ശാഖയിൽ നിന്നും ലോൺ എടുത്തപോലെയാണ് ……

എഴുത്ത് :- സൽമാൻ സാലി

” ഇക്കാ ഇങ്ങള് വരുമ്പോൾ ഒരു തേങ്ങ കൊണ്ട് വരണം ട്ടോ .. ഇങ്ങക്കൊരു സർപ്രൈസ് ഉണ്ട് ..

” ഈയിടെ ആയിട്ട് ഓൾക് സർപ്രൈസും നൊസ്റ്റാൾജിയയും അല്പം കൂടുതൽ ആണ്

എന്തേലും പുതിയ റെസീപ്പി കണ്ടു കാണും എന്ന് കരുതി തേങ്ങ വാങ്ങാൻ പോയി പൈസ കൊടുക്കാൻ നേരം പോക്കറ്റിൽ നോക്കിയപ്പോ ചില്ലറയായിട്ട് ഉണ്ടായിരുന്ന ഒരു റിയാൽ കാണുന്നില്ല ..

ഓള് നാട്ടിന്ന് വന്നേ പിന്നെ ഇടകിടെക്ക് പോക്കറ്റിൽ നിന്നും ഇതുപോലെ റിയാൽ മുങ്ങാറുണ്ട് .. പോക്കറ്റിൽ നിന്നും പൈസ അടിച്ചു മാറ്റുന്നതിൽ ഓള് മിടുക്കിയ .. ചില്ലറ ഇല്ലേൽ അഞ്ച് റിയാലിന്റെ നോട്ട് എടുത്തിട്ട് ബാക്കി നാല് റിയാൽ ഓള് പോക്കറ്റിൽ ഇട്ടോളും .. കണക്കിൽ അത്രക്ക് കൃത്യതയാണ് ഓൾക് ..

കഷ്ടകാലത്തിന് ഓളോട് എങ്ങാനും പൈസ കടം വാങ്ങിയാൽ സായാഹ്‌ന ശാഖയിൽ നിന്നും ലോൺ എടുത്തപോലെയാണ് .. എത്ര തിരിച്ചടച്ചാലും മുതൽ അവിടെ ബാക്കിയുണ്ടാവും .. ഒരാഴ്ച കഴിഞ്ഞാൽ പിന്നേം ചോദിക്കും എവിടെ എന്റെ പത്ത് റിയാൽ എന്ന് ..

എന്റെ പോക്കറ്റിന്ന് അടിച്ചു മാറ്റിയ പൈസ ഞാൻ തന്നെ കടം വാങ്ങിച്ചു അതിന് വീണ്ടും വീണ്ടും പലിശ കൊടുക്കേണ്ടി വന്ന എന്നേക്കാൾ ഗതികെട്ടവൻ വേറെ ഉണ്ടോ ആവോ ..

ഹാ അപ്പൊ പറഞ്ഞു വന്നത് തെങ്ങേടെ കാര്യം ആണ് അല്ലെ … അങ്ങിനെ തേങ്ങയും വാങ്ങി വീട്ടിലേക്ക് ചെന്നു .. അവൾ അതും വാങ്ങി അടുക്കളയിലോട്ട് കേറിയിട്ടും വലിയ സ്മെൽ ഒന്നും കാണുന്നില്ല .. ഹാ എന്തേലും പുതിയ റെസീപ്പി അല്ലെ അതാവും അതിന്റെ മണം കിട്ടാത്തതെന്ന് കരുതി ഞാൻ ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ ഓൾടെ വിളി വന്നു …

” ഇതെന്താടി ചമ്മന്തിയും ചോറുമോ .. ഇതാണോ നിന്റെ സർപ്രൈസ് ..

ഒരു വളിച്ച ചിരിയും ചിരിച്ചു ഓള് പറയുവാ ഇക്കാ ഇപ്പൊ ഇങ്ങക്ക് പഴയ സ്കൂൾ ലൈഫ് നൊസ്റ്റാൾജിയ കിട്ടുന്നില്ലേ .. എന്ന് ..

അംഗൻവാടിയിലെ നൊസ്റ്റാൾജിയ എന്നും പറഞ്ഞോണ്ട് കഴിഞ്ഞ ആഴ്ച കഞ്ഞിയും പയറും. ആയിരുന്നു.. ഉച്ചവരെ കിടന്നുറങ്ങീട്ട് എളുപ്പത്തിൽ കഴിയാൻ വേണ്ടി ഓൾടെ ഓരോ കണ്ടുപിടുത്തങ്ങൾ ..

ഇനി എപ്പോഴാണാവോ വല്ല സെർലാക്കും കലക്കി തന്നിട്ട് കുഞ്ഞുന്നാളിലേ നൊസ്റ്റാൾജിയ ആക്കുന്നത് എന്തോ …

Related Posts

Leave a Reply

Your email address will not be published. Required fields are marked *