കൂട്ടത്തിൽ ഉറക്കെ സംസാരിക്കുന്നവളുടെ പേര് രേഷ്മ എന്നാണെന്നും അവൾക്ക് രണ്ടു മക്കൾ ആണെന്നും ഒരു എൽ.പി സ്കൂൾ അധ്യാപിക ആണെന്നും…….

മക്കൾ നിന്റേത് തന്നെ, പക്ഷേ അവർ ഒറ്റയായ ഓരോ വ്യക്തിത്വങ്ങളാണ്

Story written by Shafia Shamsudheen

അനിയത്തിയുടെ കല്യാണത്തലേന്ന് പന്തലിന്റെ ഒരു മൂലയിൽ ചേച്ചി രേഖയുടെ അടുത്ത കൂട്ടുകാരികൾ അഞ്ചാറ് പേർ ഒത്തുകൂടിയിട്ടുണ്ട്.

കുറച്ചധികം നേരം സംസാരിച്ചിരിക്കാൻ വേണ്ടി അവരൊക്കെ നേരത്തെ തന്നെ എത്തിയതായിരുന്നു. എല്ലാർക്കും ഉണ്ട് ആറോ ഏഴോ വയസ്സുള്ള ഒരേ മക്കൾ, ചിലർക്ക് അതിന് താഴെ ചെറിയ മക്കൾ ഓരോന്ന് കൂടെയുണ്ട്.

എല്ലാവരും വർഷങ്ങളായുള്ള വിശേഷങ്ങളുടെ ഭാണ്ഡക്കെട്ടും അഴിച്ചുവെച്ച് വർത്താനോം ചിരീം ബഹളോം ആയി തകർക്കുകയാണ്.

അവർക്കടുത്തായി ഒരൊഴിഞ്ഞ കസേരയിൽ രേഖയുടെ വല്യമ്മ രാജേശ്വരി ടീച്ചർ വന്നിരുന്നു. അമ്പതിന് മേലെ പ്രായം തോന്നുന്ന അവർ തൊട്ടടുത്ത സ്കൂളിലെ ഹെഡ്‌മിസ്ട്രെസ് ആണ്.

രേഖയുടെ ഫ്രണ്ട്സിന്റെ കലപില സംസാരം അവിടെ ഇരിക്കുന്ന മറ്റുള്ളവരുടെ പോലെ തന്നെ വല്യമ്മയുടെ ചെവിയിലും അലയടിച്ചു കൊണ്ടിരുന്നു.

കൂട്ടത്തിൽ ഉറക്കെ സംസാരിക്കുന്നവളുടെ പേര് രേഷ്മ എന്നാണെന്നും അവൾക്ക് രണ്ടു മക്കൾ ആണെന്നും ഒരു എൽ.പി സ്കൂൾ അധ്യാപിക ആണെന്നും അവരുടെ സംസാരത്തിൽ നിന്നും വല്യമ്മക്ക് മനസിലായി.

രേഷ്മ എന്തോ മഹാകാര്യം എന്ന പോലെ വിളിച്ചു പറഞ്ഞോണ്ടിരുന്ന കാര്യങ്ങളിലേക്ക് രാജേശ്വരി ടീച്ചർ ഒന്നു ശ്രദ്ധിച്ചു.

“എടീ, എന്റെ മോളുണ്ടല്ലോ, മൂന്നാം ക്ലാസ്സിലാ അവളിപ്പോ. ഞാൻ ഇപ്പഴേ ഒരു പൊടിക്ക് വിട്ട് കൊടുക്കൂല. വാശിക്ക് നിന്നാൽ അതിനപ്പുറം വാശി ഞാനെടുക്കും. കയ്യിൽ കിട്ടിയതെടുത്തു ഞാൻ വീക്കും, ഒന്നും നോക്കൂല. എന്റേത് ആയതോണ്ട് ഞാൻ എന്ത്‌ ചെയ്താലും ആരും ചോദിക്കാൻ വരൂല്ലല്ലോ? (കൂട്ടച്ചിരി)

നിനക്കൊക്കെ കേൾക്കണോ? അവളുണ്ട് രാത്രിയിൽ വേൾഡ് കപ്പ്‌ കാണാൻ ഇരിക്കുന്നു. അതുപോട്ടേന്ന് വെക്കാം. മെസ്സി ഗോൾ അടിച്ചു എന്നും പറഞ്ഞ് അവളുണ്ട് എണീറ്റ് നിന്ന് ഒച്ചയിട്ട് ചാടുന്നു. ഞാനങ്ങു ഇല്ല്യാണ്ടായി. കൊടുത്തു ഞാൻ നല്ല രണ്ടെണ്ണം. അങ്ങനെയുള്ള അമിത ആവേശം ഒന്നും ഒന്നിനും വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

പിന്നെ ഒരു ദിവസം അവൾ എന്നോട് പറയാ.. അവൾക്ക് മെസ്സിയുടെ ഫോട്ടോയുള്ള ജേഴ്സി വേണം പോലും. ഞാൻ ചോദിച്ചു, അതെന്താ നിനക്ക് നിന്റെ അച്ഛന്റെ ഫോട്ടോ ഉള്ളത് വേണ്ടേ? എന്റെ ഫോട്ടോയുള്ളത് വേണ്ടേ? മാമന്റെ ഫോട്ടോയുള്ളത് വേണ്ടേ? എന്ന്.

അവൾ പറയാ വേണ്ടാന്ന്. ഞാൻ ചോദിച്ചു അതെന്താ..

ഉടനെ വന്നു അവളുടെ മറുപടി. മെസ്സി അവളുടെ റോൾ മോഡൽ ആണത്രേ.

ഞാൻ പറഞ്ഞു മെസ്സിയെയോ റൊണാൾഡോയോ ഒന്നുമല്ല നീ റോൾ മോഡൽ ആക്കേണ്ടത് നിന്റെ അച്ഛനും അമ്മയും ഉണ്ടിവിടെ. അവരെയാണ് നീ റോൾ മോഡൽ ആക്കേണ്ടത്.”

ഇത് കേട്ട് രേഷ്മയുടെ കൂട്ടുകാരികളെല്ലാം കൂട്ടത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു നീ ആളു കൊള്ളാമല്ലോടീ.

“പക്ഷേ എന്റെ കുഞ്ഞിന് സംസാരിക്കുമ്പോ വിക്കൽ ഉണ്ടെടീ. അതെനിക്ക് വല്ലാത്തൊരു സങ്കടമാണ്. വീട്ടിൽ ഏട്ടന്റെ അമ്മ ഭയങ്കര പ്രശ്നക്കാരിയാ. ഞാനുമായി എന്നും വഴക്കാണ്. ആ വക കുടുംബപ്രശ്നങ്ങളിൽ മനസ്‌ വിഷമിച്ചാണ് എന്റെ മോൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് വന്നത്” രേഷ്മ പറഞ്ഞു നിർത്തി.

തൊട്ടടുത്ത കസേരകളിൽ കൂട്ടം കൂടിയിരുന്നു കളിക്കുന്ന കുഞ്ഞുമക്കളിലേക്ക് രാജേശ്വരി ടീച്ചർ ഒന്ന് നോക്കി. കൂട്ടത്തിലെ നിസ്സഹായത മുറ്റി നിൽക്കുന്ന മുഖമുള്ള, ഭയം നിഴലിക്കുന്ന കണ്ണുകൾ ഉള്ള ആ മൂന്നാം ക്ലാസുകാരി കുഞ്ഞിനെ ടീച്ചറിന് പെട്ടെന്ന് മനസിലായി.

ടീച്ചർ രേഖയുടെ ഫ്രണ്ട്സിന്റെ അടുത്തേക്ക് തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു സ്വയം പരിചയപ്പെടുത്തി. “ഞാൻ രേഖയുടെ വല്യമ്മ. പേര് രാജേശ്വരി. ഇവിടെ അടുത്തുള്ള ഗവണ്മെന്റ് ഹൈസ്കൂളിലെ ഹെഡ്‌മിസ്ട്രെസ് ആണ്.”

അവർ ടീച്ചറിനോട് വിശേഷങ്ങൾ ചോദിച്ചു, ടീച്ചർ തിരിച്ചും.

കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു, “രേഷ്മ ഒന്നിങ്ങോട്ട് വരോ?”

രേഷ്മ ഉറങ്ങുകയായിരുന്ന തന്റെ ഒന്നര വയസുകാരനെ മാ റോട് ചേർത്ത് ടീച്ചർക്കരികിലുള്ള കസേരയിലേക്ക് ഇരുന്നു.

“രേഷ്മ എൽ.പി. സ്കൂളിലെ ടീച്ചർ ആണെന്നല്ലേ പറഞ്ഞത്?”

“അതേ ആന്റി”

“അതായത് പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അല്ലേ?”

“അതെ”

“ഇത്രയധികം കൊച്ചു കുട്ടികളോട് ഒരു ദിവസം ഇടപെടേണ്ടി വന്നിട്ടും ഒരു കുട്ടിയുടെ മനസിലൂടെ, ചിന്തയിലൂടെ ലോകത്തെ കാണാനും മുതിർന്നവരെ കാണാനും രേഷ്മക്ക് ആവുന്നില്ലേ?”

“എന്താ ആന്റി അങ്ങനെ ചോദിച്ചത്?”

“മറ്റൊന്നുമല്ല കുട്ടീ. താൻ തന്റെ കുഞ്ഞിനെ ചട്ടം പഠിപ്പിക്കുന്നതിനെ കുറിച്ച് അവിടെ വിവരിക്കുന്നത് ഞാൻ കേട്ടു. അത് എന്റെ കുഞ്ഞല്ല, തന്റെ കുഞ്ഞാണ്. എന്നിട്ടും എന്റെ നെഞ്ചിലെ വിങ്ങൽ ഒതുങ്ങുന്നില്ല. കാരണം ഞാൻ ഒരു അധ്യാപികയാണ് കുഞ്ഞുങ്ങളുടെ മനസിലൂടെ ലോകത്തെ കാണുന്ന അധ്യാപിക.

പിന്നെ “എന്റെതല്ലേ.. എനിക്ക് എന്തു വേണമെങ്കിലും ചെയ്യാലോ” എന്ന തന്റെയാ ചിന്താഗതിയാണ് എന്നെ ഏറെ വേദനിപ്പിച്ചത്. ഓരോ മാതാപിതാക്കളും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം എത്ര ദുരിതപൂർണ്ണമായിരിക്കും എന്നാണ് ഞാൻ ഓർത്തത്.

മെസ്സി ഗോളടിച്ചപ്പോ ഒച്ചയിട്ടു ചാടിയ തന്റെ മോൾക്ക് താൻ ‘രണ്ടു’ കൊടുത്തു എന്ന് പറഞ്ഞല്ലോ. അവളുടെ നിസാരമൊരു സന്തോഷപ്രകടനത്തെ തല്ലിക്കെടുത്തിയിട്ട് താൻ എന്ത് നേടി കുട്ടീ? തന്റെ മോളുടെ സന്തോഷത്തിലേക്ക് നിറഞ്ഞ മനസോടെ, വിടർന്ന കണ്ണുകളോടെ നോക്കിയിരുന്ന് ആസ്വദിക്കാൻ തനിക്ക് കഴിയുന്നില്ലെങ്കിൽ, താൻ എത്രത്തോളം പരാജിതയാണെന്ന് സ്വയം ഒന്ന് വിലയിരുത്തി നോക്ക്. തന്റെ മകളായി ജനിച്ചത് ആ മോൾക്ക് ഒരു ശാപം ആയി തോന്നാതിരിക്കാൻ ശ്രദ്ധിച്ചോളൂ.

രേഷ്മേ.. ആ കളിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ തന്റെ മകളുടെ മുഖത്തേക്ക് താനൊന്ന് നോക്ക്, മറ്റു കുട്ടികളിലേക്കും നോക്ക്.

കുഞ്ഞിന് സംസാരിക്കാൻ പ്രയാസം അനുഭവപ്പെടുന്നത് കുടുംബപ്രശ്നങ്ങളെ കൊണ്ടൊന്നും അല്ല, അവളുടെ അമ്മയിൽ നിന്നുള്ള പീ ഡനങ്ങളിൽ നീറി നീറി ഭയന്നു ഭയന്നു ആ കുഞ്ഞിന്റെ വാക്കുകളും ചിരിയും മുറിഞ്ഞു പോവുന്നതാണ്, അവൾ മുറിച്ചു കളയുന്നതാണ്.

സൂക്ഷിച്ചില്ലെങ്കിൽ വാക്കുകളും ചിരിയും മാത്രമല്ല വളരുന്തോറും ചിന്തയും പ്രജ്ഞയും അവൾ തന്നെയും അവളിൽ നിന്നു താൻ മൂലം മുറിച്ചു മാറ്റപ്പെടാം.

അപ്പോഴും തനിക്കവളിലെ കുറ്റങ്ങളിലേക്ക് നോക്കി അവളെ അടിച്ചും തൊഴിച്ചും ചട്ടങ്ങൾ പഠിപ്പിച്ചോണ്ടിരിക്കാം.

നമ്മൾ പ്രസവിച്ചു വളർത്തുന്നു എന്ന് കരുതി നമ്മുടെ മക്കൾ നമുക്ക് തോന്നുന്നതെല്ലാം ചെയ്യാനുള്ള, നമുക്ക് മറ്റാരോടൊക്കെയോ തോന്നുന്ന ദേഷ്യം തീർക്കാനുള്ള ഉപകരണങ്ങൾ അല്ല.

താൻ തന്റെ മകളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവൾ നല്ലൊരു വ്യക്തിത്വ മുള്ളവളായി വളരുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ കുഞ്ഞിനോട് ആവോളം സ്നേഹം പ്രകടിപ്പിക്ക്..

അവളാണ് തന്റെ ലോകം എന്നും അവളുടെ സന്തോഷം ആണ് തനിക്ക് മുഖ്യം എന്നും തന്റെ സ്നേഹത്തിലൂടെ അവളെ ബോധ്യപ്പെടുത്ത്. അതിലൂടെ അവളിൽ ആത്മവിശ്വാസം നിറക്ക്. ഓരോ കുഞ്ഞുങ്ങളും ഓരോ ഒറ്റയായ വ്യക്തിത്വങ്ങൾ ആണെടോ, അല്ലാതെ അവർ ആരുടേയും അടിമകൾ അല്ല.

കുഞ്ഞുങ്ങളുടെ കണ്ണിലൂടെ, അവരുടെ മനസിലൂടെ ഈ ലോകം ഒന്ന് കണ്ടു നോക്ക്, അവരുടെ ചിന്തകളിലേക്ക് നമ്മൾ ഒന്ന് താഴ്ന്നു കൊടുത്തു നോക്ക്.. അതൊരു പ്രത്യേക അനുഭൂതിയാണെടോ. അനുഭവിച്ചറിയണം..”

അത്ര നേരം മിണ്ടാതിരുന്ന രേഷ്മ ഒതുക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചിലോടെ മകനെ ടീച്ചറുടെ മടിയിൽ കിടത്തി ഓടിച്ചെന്നു തന്റെ മകളെ വാരിയെടുത്തു തുരുതുരാ ഉമ്മ വെച്ചു.

അന്നേരം അവളുടെ കണ്ണീരിന്റെ ആ ചൂടിന് അവൾ ധരിച്ചുവെച്ചിരുന്ന പേരെന്റ്റിംഗ് സ്റ്റൈലിൽ അടിഞ്ഞു കൂടിയിരുന്ന കീടാണുക്കളെയെല്ലാം ഉന്മൂലനം ചെയ്യാനുള്ള ശക്തിയുണ്ടായിരുന്നു.

പ്രിയപ്പെട്ടവരേ, വായിച്ച് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങൾ ഒരഭിപ്രായം കുറിക്കുമല്ലോ 🙏❣️

Related Posts

Leave a Reply

Your email address will not be published. Required fields are marked *