കോളേജ് ജീവിതം അവസാനിക്കാൻ പോകുവാണല്ലോ ? അതിന്റെ വിഷമമാണോ ? . പ്രിയപ്പെട്ട കൂട്ടുകാരെയൊക്കെ വിട്ടുപിരിഞ്ഞു പോകേണ്ടി…….

മധുരനെല്ലിക്ക

Story written by Sebin Boss J

ഓഡിറ്റോറിയത്തിലെ ആർപ്പുവിളികൾക്കും സ്റ്റേജിലെ ഡിജെ ഡാൻസിലുമായിരുന്നില്ല അവളുടെ മനസ് .

ഇനിയൊരുമാസം കൂടി ഈ ജീവിതം . ഇനിയെങ്ങോട്ട് ?

മനസിലാഞ്ഞു വീശുന്ന തിരമാലകൾ അസഹ്യമായപ്പോൾ ലീന എഴുന്നേറ്റു പുറത്തേക്ക് നടന്നു . കല്ലുപാകിയ ഇരുവശത്തും പൂക്കൾ ഉള്ള ആ പാതകൾ ഇനിയും അന്യം .

“‘ലീനാ ….”‘ പതിഞ്ഞ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി .

“‘സാർ ….””

“‘ലീനയിരിക്കൂ ….”” പ്രശാന്ത് ലീനയോട് പറഞ്ഞിട്ട് ക്യാമ്പസിലെ സിമന്റ് ബെഞ്ചിൽ ഇരുന്നെങ്കിലും ലീന നിന്നതേയുള്ളൂ .

“‘ഇരിക്കടോ …. “” പ്രശാന്ത് നിർബന്ധിച്ചപ്പോൾ ലീന മടിച്ചുമടിച്ചിരുന്നു.

“‘എന്നും അടിച്ചുപൊളിച്ചു നടക്കുന്ന താനെന്താ ഇന്ന് മൂകയായിട്ട് . “‘

“‘ഹേയ് … ഒന്നുമില്ല സാർ ..”’

“‘കോളേജ് ജീവിതം അവസാനിക്കാൻ പോകുവാണല്ലോ ? അതിന്റെ വിഷമമാണോ ? . പ്രിയപ്പെട്ട കൂട്ടുകാരെയൊക്കെ വിട്ടുപിരിഞ്ഞു പോകേണ്ടി വരുമല്ലോയെന്ന വിഷമം? . അതോ വല്ല പ്രണയ നൈരാശ്യമോ ?”’

“”ഹേയ് …. അതൊന്നുമല്ല സാർ …”” ലീനാ അയാൾക്ക് മുഖം കൊടുക്കാതെ മുഖം താഴ്ത്തി

“‘ താനിനി എന്താ നോക്കുന്നെ … ഹയർസ്റ്റഡീസ്‌ വെളിയിലാവുമല്ലോ അല്ലെ . “” പ്രശാന്തിന്റെ ചോദ്യത്തിന് ലീന മറുപടിയൊന്നും പറഞ്ഞില്ല .

“‘ ആർത്തുവിളിച്ചുനടക്കുന്ന തന്നെ പെട്ടന്ന് മൂകയായി കണ്ടപ്പോൾ ഒന്ന് ശ്രദ്ധിച്ചെന്നെ ഉള്ളൂ … എല്ലാം കളയടോ . ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമല്ലേ . ഞാൻ തന്നെ ഇതിലും കൂടുതൽ ഉഴപ്പി നടന്നിട്ടുള്ളതാ.””

“” സർ.. ഞാൻ.. സോറി…ഞാൻ സാറിനെ .. “”

“”ഹേയ്…. അത് കള. പഠിക്കേണ്ട സമയത്ത് പഠിക്കണം. ഞാൻ ജോയിൻ ചെയ്യുമ്പോൾ തന്നെകുറിച്ചു വല്യ ധാരണ ഉണ്ടായിരുന്നില്ല. ഈ അടിച്ചുപൊളിയും ക്‌ളാസ് മിസ്സാക്കലും എല്ലാം കണ്ടപ്പോൾ ഒന്ന് ഷൗട്ട് ചെയ്തു. അതാരായാലും ചെയ്യും. താൻ ആണ് ഫസ്റ്റ് എന്നറിഞ്ഞതിൽ പിന്നെ ഒന്നും പറഞ്ഞിട്ടില്ലല്ലോ . ബഹളം കൂടുമ്പോൾ ഒന്ന് വാൺ ചെയ്യും. അത് എന്റെ ഡ്യൂട്ടി അല്ലെ….. അതൊക്കെ വിട്…ഹമ്….പിന്നേയ് ഹയർസ്റ്റഡീസിന് ക്യാനഡ, ഓസ്‌ട്രേലിയ ഒക്കെയാണ് ഞാൻ പ്രിഫർ ചെയ്യൂ…കിട്ടുന്ന കോഴ്‌സ് എടുക്കരുത് .ഒക്കെ ഞാൻ പറയാം.താൻ ഫ്രീയാകുമ്പോൾ എന്നെ വന്നൊന്ന് കാണ് “””” പ്രശാന്ത് എണീറ്റപ്പോൾ ലീന എന്തോ പറയാനായി ഒരുങ്ങിയപ്പോൾ പ്രശാന്ത് അവളെ നോക്കി ചിരിച്ചു.

“” ഈ സെലിബ്രെഷൻ മിസാക്കല്ലേടോ ലീനാ. താനിപ്പോൾ ഹാളിലേക്ക് ചെല്ല് .അത് ആസ്വദിക്ക് . മുന്നോട്ടുള്ള ജീവിതമൊക്കെ കയ്‌പേറുമ്പോൾ ഓർത്തു മധുരിക്കാൻ ഈ ക്യാമ്പസ് ജീവിതമൊക്കെയേ ഉള്ളൂ . ചെല്ല് .. കൂട്ടുകാരൊക്കെ തന്നെ തിരയുന്നുണ്ടാവും “”‘””

ലീന സാറിനെ നോക്കി ചിരിച്ചിട്ട് ഓഡിറ്റോറിയത്തിലേക്ക് നടന്നു.

*****************

“‘ ചായയില്ലേ ?”’. ജോലി കഴിഞ്ഞു വന്ന സീതാലക്ഷ്‍മി ഫ്ലാസ്ക് കാലിയായിരിക്കുന്നത് കണ്ടു പ്രശാന്തിനെ നോക്കി .

“‘ഇട്ടില്ല … ഒരു മൂഡില്ലായിരുന്നു “”

“‘ കുടിക്കടാ …”” വേഷം മാറി , ചായയും ബിസ്ക്കറ്റും ചിപ്സുമായി വന്ന സീതാലക്ഷ്‍മി മകന്റെ അടുത്തിരുന്നു .

“‘ ഈ പ്രശ്നം കൂടുതൽ വഷളാകും . തദ്ദേശീയ മാധ്യമങ്ങളിൽ ജനങ്ങളുടെ ആശങ്ക തീരത്തക്ക രീതിയിൽ വാർത്ത കൊടുക്കണം . ഓരോ ഭാഷയിലും അതിന്റെ കോപ്പികൾ വിശദീകരിച്ചു വരണം . അതിൽ പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കണം . തന്ത്ര പ്രധാനമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ആദ്യം അത് ജനങ്ങളിലേക്കെത്തിച്ചു ജനഹിതമല്ലേ തേടേണ്ടത് ?”’ സീതാലക്ഷ്‍മി ടിവിയിലെ വാർത്തയിലേക്ക് നോക്കി പറഞ്ഞിട്ട് പ്രശാന്തിനെ നോക്കി . റിമോട്ട് തെരുപ്പിടിച്ചു കൊണ്ട് പ്രശാന്ത് ടിവിയിലേക്ക് നോക്കിയിരിപ്പായിരുന്നെങ്കിലും അയാളുടെ കണ്ണിൽ എല്ലാം ബ്ലർ ആയിരുന്നു .

“”‘നീയിതിവിടെങ്ങും അല്ലെ? …..ഡാ ? ”’

“‘ഏഹ് …ആ അമ്മാ .?” സീതാലക്ഷ്‍മി തോളിൽ അടിച്ചപ്പോഴാണ് പ്രശാന്ത് ചിന്തയിൽ നിന്നുണർന്നത് .

“‘നീയെന്താ ഈയാലോചിക്കുന്നത് ? ഇന്ന് രാവിലെ പറഞ്ഞ ആ കുട്ടിയുടെ കാര്യമാണോ ? ഇഷ്ടം പോലെ കോഴ്സുകൾ ഉണ്ടല്ലോ ഇപ്പോൾ . എന്റെയൊരു ഫ്രണ്ട് എജ്യുക്കേഷണൽ കൺസൾട്ടന്റ് ഉണ്ട് . അവളോടും ചോദിക്കാം .എന്താ പോരെ .”‘

“‘ഹമ് “‘ പ്രശാന്ത് മൂളിയിട്ട് വാർത്തകളിലേക്ക് കണ്ണ് നട്ടു . സീതാലക്ഷ്മിയുടെ നോട്ടം അപ്പോഴും അവന്റെ മുഖത്തെ ഭാവവ്യത്യാസങ്ങളിലായിരുന്നു .

****************

“”.(a + b)2 = a2 + 2ab + b2…പാത്തു ഇവിടെ നോക്കിക്കേ…. ഇതെഴുതിക്കെ നീ… മുത്തേ.. നീ പഠിച്ചോ…ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം‌പാദത്തിലന്ത്യമായ്, രണ്ടക്ഷരം കുറഞ്ഞീടി- ലതു മഞ്ജരിയായിടും.””

“‘ചേച്ചിയമ്മേ ..ചേച്ചിയമ്മ ഇവിടുന്ന് പോകുവാന്ന് മറിയാമ്മ ചേച്ചി പറഞ്ഞു ശെരിയാണോ ?”’ ഹാളിൽ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തു കൊണ്ടിരിക്കയായിരുന്ന ലീന കുഞ്ഞിപ്പാത്തുവിന്റെ ചോദ്യം കേട്ടതും പെട്ടന്ന് നിശബ്ദയായി .

“”ഹമ് …:”’ അവൾ വെറുതെ മൂളിക്കൊണ്ട് കുരിശിൽ തറച്ച ക്രിസ്തുവിന്റെ രൂപത്തിലേക്ക് നോക്കി .

“‘ചേച്ചിയമ്മ പോണ്ട .. ചേച്ചിയമ്മേനെ ഞങ്ങള് വിടൂല്ല ..”‘ കുട്ടികളേവരും കൂടി അവളെ കെട്ടിപ്പിടിച്ചപ്പോൾ ലീനയും വിങ്ങിക്കരഞ്ഞു പോയി .

പോയെ പറ്റൂ തനിക്ക് ..പക്ഷെ എങ്ങോട്ട് ? …ഈ അനാഥ മന്ദിരത്തിലെ വാസം ഇനിയേതാനും നാളുകൾ കൂടി മാത്രം . ഇത്ര നാളും താൻ അനാഥയല്ലായിരുന്നു . ഈ കുട്ടികൾ , സിസ്റ്റേഴ്സ് , മറിയാമ്മച്ചേട്ടത്തി , വർഗീസേട്ടൻ ചേട്ടൻ , രഞ്ജിത്തേട്ടൻ, പിന്നെ തന്റെ താങ്ങും തണലും കരുത്തുമായ തോമസച്ചൻ . എല്ലാവരുടെയും സ്നേഹവും കരുതലുമൊക്കെ ഏതാനും നാളുകൾ കൂടി മാത്രം . ഡിഗ്രി അവസാനിക്കുന്നതോടെ താനീ അനാഥമന്ദിരത്തിൽ നിന്ന് പുറത്താക്കപ്പെടും . പുറത്താക്കപ്പെടുന്നതല്ലല്ലോ , ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഇവിടെയാർക്കും സ്ഥാനമില്ലല്ലോ . തനിക്ക് പകരം ചോരത്തിളപ്പിന്റെയും നഷ്ടപ്രണയത്തിന്റെയും കബളിപ്പിക്കപ്പെടലുകളുടെയും ബാക്കി പത്രമായ ഏതെങ്കിലും കുട്ടികൾ തന്റെ ബെഡ്‌സ്‌പേസ് കയ്യടക്കും . ഇനിയെങ്ങോട്ടെ ന്നറിയില്ല , ഇനിയെന്താണ് തന്റെ ഭാവിയെന്നും .

ലീനയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .

“‘ചേച്ചിയമ്മേ കരയല്ലേ .. ചേച്ചിയമ്മേനെ എവിടേക്കും വിടല്ലെന്ന് ഞങ്ങള് അച്ഛനോട് പറയാൻ പൂവാ “‘ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചിട്ട് മുത്ത് പറഞ്ഞപ്പോൾ ലീന പുഞ്ചിരിയോടെ അവളെ കെട്ടിപ്പിടിച്ചുമ്മ വെച്ചു

“‘ഹേയ് ..ചേച്ചിയമ്മ എങ്ങോട്ടും പോവണില്ലല്ലൊ… അഥവാ പോയാലും നിങ്ങളെയൊക്കെ കാണാൻ ഓടി വരില്ലേ ..നിങ്ങളെ കാണാതിരിക്കാൻ പറ്റുവോ ചേച്ചിയമ്മക്ക് …””‘

“”ലീനാ …നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്. അച്ചൻ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു”” വാതിൽക്കൽ സിസ്റ്റർ ലൂസിയുടെ ശബ്ദം

“”ശെരി സിസ്റ്റർ…”” ലീനാ മറ്റ് കുട്ടികൾക്കും കൂടി ഓരോ ഹോംവർക്ക് പറഞ്ഞു കൊടുത്തിട്ട് പുറത്തേക്ക് നടന്നതും വാതിൽക്കൽ തോമസച്ചൻ. കൂടെ ആഢ്യത്യം തുളുമ്പുന്ന ഒരു സ്ത്രീയും.

“” ഇതാണ് സീതാലക്ഷ്മീ…. നമ്മുടെ കഥാ നായിക ലീനാമേരി. ലീനക്ക് ഇതാരാണെന്ന് മനസിലായോ?””

ലീന കൂടെയുള്ള സ്ത്രീയെ നോക്കി പുഞ്ചിരിച്ചിട്ട് അച്ചനെ ആകാംക്ഷയോടെ നോക്കി.

“”ഇത് അഡ്വക്കേറ്റ് സീതലക്ഷ്മി . ഇവിടുത്തെ ഒന്ന് രണ്ട് കുട്ടികളുടെ സ്പോണ്സർ ഷിപ്പ് എടുത്തു സഹായിച്ചിട്ടുണ്ട് സീതലക്ഷ്മി. പിന്നെ എന്തെലും നിയമപരമായി വല്ല സഹായം വേണേൽ ഫീസില്ലാതെ സഹായിക്കും കേട്ടോ. ..ഹഹഹ”” അച്ചൻ പൊട്ടിച്ചിരിച്ചു.

“” ഹമ്… സീതാലക്ഷ്മി വന്ന കാര്യം പറഞ്ഞില്ല ഞാൻ നിന്നോട്. സീതാലക്ഷ്മി യുടെ മോൻ ഇന്നെന്നെ കാണാൻ വന്നിരുന്നു. അവനോട് ഞാൻ നിന്റെ ഹയർ സ്റ്റഡീസിന്റെ കാര്യം പറഞ്ഞു. ഇപ്പൊ സീതാലക്ഷ്മി നിന്റെ ഉപരി പഠനത്തിനുള്ള ചിലവ് വഹിക്കാമെന്നുറപ്പ് പറയാൻ എത്തിയതാണ്.””

“” അച്ചോ…””ലീനയുടെ കണ്ഠം ഇടറി. നിറഞ്ഞ കണ്ണുകളൊടെ അവൾ സീതലക്ഷ്മിയെ നോക്കി തൊഴുതു.

“”അയ്യേ.. കരയുവാണോ ജാൻസി റാണി. ഫാദർ ഒത്തിരി പറഞ്ഞിട്ടുണ്ട് ജാൻസി റാണിയുടെ കാര്യങ്ങൾ”” അഡ്വക്കേറ്റ് സീതാലക്ഷ്‍മി ലീനയുടെ കരം ഗ്രഹിച്ചു .

“” സത്യത്തിൽ ഇവൾ ഞങ്ങൾക്കൊരു സഹായമായിരുന്നു സീതാ. രാവിലെ എല്ലാ പണിക്കും കിച്ചനിൽ കൂടും. പിന്നെ കോളേജിൽ. വന്നാലും എല്ലാറ്റിനും സഹായിക്കും . പിള്ളേർക്ക് ട്യൂഷൻ. ഇവളുടെ ട്യൂഷൻ കൊള്ളാം കേട്ടോ. എല്ലാവരും ക്ലാസ്സിൽ ഫസ്റ്റാ. എന്റെ വലം കയ്യാ പോകുന്നേ. ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല. ഇതിൽ കൂടുതൽ ഇവിടെ നിർത്താനും വയ്യല്ലോ.”” അച്ചന്റേയും കണ്ണുകൾ നിറഞ്ഞു.

“” അച്ചോ.. ഞാനൊരു കാര്യം പറഞ്ഞാൽ അച്ചൻ അവിവേകമായി കാണരുത്””

“” എന്താ സീതാ…””

“” ഇവളെ പുറത്തെവിടെയേലും ഹയർ സ്റ്റഡീസിന് വിടാനാണ് എന്റെ തീരുമാനം””

“” ഹാ…അതിനെന്നാ.. ഇതില്പരം സന്തോഷം എന്താ ഉള്ളെ? “” സീതാലക്ഷ്‍മി പൂർത്തിയാക്കുന്നതിന് മുൻപേ അച്ചൻ പറഞ്ഞു .

“” അതല്ലച്ചോ….പഠനം കഴിഞ്ഞു എനിക്കിവളെ തരുമൊന്നാ.. എന്റെ മരുമോളായി ….. അല്ല മകളായിട്ട് തന്നെ നോക്കിക്കോളാം””

“” എന്റെ കർത്താവേ… ആരുമില്ലാത്തവന് നീയുണ്ടാകുമെനാണല്ലോ …ലീനാ നീ ഭാഗ്യവതിയാ മോളെ .”” അച്ചൻ അവളെ ചേർത്തു നിർത്തി മൂർദ്ധാവിൽ ചും ബിച്ചു

“” അച്ചാ. .ക്രിസ്തീയ ആചാരങ്ങളോടെ ഇവൾ ഇനിയും ജീവിക്കും….””

“” നീയെന്താ സീതാലക്ഷ്‍മി ഈ പറയുന്നേ. നിനക്കിത്ര വിദ്യാഭ്യാസം ഉള്ളതല്ലേ ?. മതങ്ങൾ മനുഷ്യരാൽ . മനുഷ്യർക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് . ഏതെങ്കിലും ഒരു വിശ്വാസത്തിൽ അടിയുറച്ചാലേ പാപങ്ങൾ ചെയ്യുമ്പോൾ ഭയവും , മനുഷ്യർക്ക് നന്മ ചെയ്യാനുള്ള മനസ്സും ഉണ്ടാവൂ . ഈ മതത്തിലൊന്നും വിശ്വസിക്കുന്നില്ലാത്തവരും മനുഷ്യരാണ് . അവരും ഈ സമൂഹത്തിൽ ജീവിക്കുന്നുണ്ട് . മതമേതായാലും മനുഷ്യരോട് കരുണയുണ്ടായാൽ മതി ”’

“”’ആരാണ് ഇവളുടെ മാതാപിതാക്കളെന്നോ ഒന്നുമറിയില്ല . ഇവിടെ ആരോ ഏൽപ്പിച്ചു. ഞങ്ങളൊരു പേരിട്ടു വളർത്തി. ഈ കുഞ്ഞിനെ മറ്റു സമുദായക്കാർ നടത്തുന്ന ഓർഫനേജിൽ ആണ് കിട്ടുന്നതെങ്കിൽ അവരങ്ങനെ വളർത്തും. ആരും ഒരു മതത്തിലും ജനിക്കുന്നില്ല. അവരവരുടെ മാതാപിതാക്കളുടെ മതമാണ് കുഞ്ഞിന്റെയും മതം.. സീതാലഷ്മി , ഞാൻ ഇവളുടെ ഭാഗ്യമാണിതെന്ന് പറയില്ല . നിങ്ങളുടെ ഭാഗ്യമെന്നേ പറയൂ . മിക്കവാറും ദിവസങ്ങളിൽ , ക്‌ളാസ് കട്ട് ചെയ്‌തുവരെ നമ്മുടെ സെയിന്റ് തോമസ് പള്ളിയുടെ വൃദ്ധസദനത്തിൽ ഇവൾ പോകാറുണ്ട് . അവരെ ശുശ്രൂഷിക്കാനായി … കാരണം ഇവൾ പറയുന്നതെ ന്താന്നോ .എനിക്ക് അച്ഛനും അമ്മയുമില്ലല്ലോ അച്ചോ ..അവർക്ക് മക്കളും . ഇപ്പൊ എനിക്ക് അച്ഛനുമമ്മയുമായി .അവർക്കൊരു മകളും എന്ന് ..”’ വലിയ വട്ടക്കണ്ണട ഊരി നിറഞ്ഞ കണ്ണുകൾ തോമസച്ചൻ തുടച്ചു .

“‘അതെ മകൾ തന്നെയാ .എന്റെ മോൾ … ലീനാ , എന്റെ മോനോട് ഞാൻ ഈ ആലോചന പറഞ്ഞിട്ടില്ല . വിസിറ്റിംഗ് റൂമിൽ അവനുണ്ട് . ലീനാ . .അവിടെ പോയി നോക്കി മോൾക്ക് ഇഷ്ടമാണെങ്കിൽ മാത്രം വന്ന് എന്നോട് പറയൂ . നമുക്ക് പഠനം കഴിഞ്ഞു വിവാഹം നടത്താം .”‘ ലീന നാണിച്ചു ചുവന്നു .

ദൈവമേ ആരായിരിക്കും …ആരായിരുന്നാലും സ്വീകരിച്ചേ മതിയാവൂ . ഒരു പ്രണയാഭ്യർത്ഥനയിലും വീഴാതിരുന്നത് ഇത് കൊണ്ടാണ് . പൊന്നും പണവും ഒന്നും കിട്ടാത്ത ഒരു അനാഥപെണ്ണിനെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ചുരുക്കം ചിലരെ ഉണ്ടാവൂ . പ്രണയിച്ചാൽ അത് വിവാഹജീവിതത്തതിൽ എത്തിയില്ലെങ്കിൽ അത് രണ്ടാളുടെയും ജീവിതത്തതിൽ ഒരു കരിനിഴലായി കിടക്കും .

ലീന മിടിക്കുന്ന ഹൃദയത്തോടെ ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ട് ഗസ്റ്റ് റൂമിലേക്ക് നടന്നു . വിസിറ്റിംഗ് റൂമിലേക്ക് എത്തിനോക്കിയ ലീന പ്രശാന്ത് സാറിനെ കണ്ടു ഞെട്ടി .

”’ ലീനാ …താൻ പിന്നെയും ഞെട്ടിച്ചു കളഞ്ഞു കേട്ടോ . ഫാദർ ഒരു കുട്ടിയുടെ സ്‌പോൺസർഷിപ്പ് നോക്കാമോയെന്നേ ചോദിച്ചുള്ളൂ . അത് …അത് താനാണെന്ന് ഇന്നിവിടെ വരുമ്പോഴാ അറിയുന്നേ .തനിക്ക് വിഷമം ആകണ്ടന്ന് കരുതിയ അമ്മയെ പറഞ്ഞു വിട്ടെ . ആ അമ്മ തന്നെ എന്റടുത്തേക്ക് പറഞ്ഞുവിട്ടു അല്ലെ ?.. വിഷമമോ ചമ്മലോ ഒന്നും വേണ്ട . അനാഥനായി ജനിക്കുന്നത് ആരുടെയും കുറ്റമല്ലല്ലോ … “” വാതിൽക്കൽ ലീനയെ കണ്ടതും വായിച്ചു കൊണ്ടിരുന്ന ശാലോം മാഗസിൻ വെച്ചിട്ട് പ്രശാന്ത് അവളുടെ അടുത്തേക്ക് വന്നു .

“‘ ഞാൻ അനാഥയൊന്നുമല്ല …”‘ പ്രശാന്ത് അവസാനം പറഞ്ഞത് ശ്രദ്ധിക്കാതെ ലീനാ പിന്നെയും ആ കുറുമ്പത്തി കോളേജ് പെണ്ണായി .

“‘പിന്നെ ?”’പ്രശാന്ത് അവളെ അമ്പരന്ന് നോക്കി .

“”എന്റെ അമ്മേടെ പേര് സീതാലക്ഷ്മി . ഭാവി ഭർത്താവിന്റെ പേര് പ്രശാന്ത് ബാബു . “”

”ഏഹ് ?”” പ്രശാന്ത് വാ പൊളിച്ചു .

“‘എന്റെ മാഷെ .. ഇപ്പൊ നടന്നതൊരു പെണ്ണുകാണലാ . നോക്കീട്ട് ആളെ ഇഷ്ട്മാണെങ്കിൽ വന്നു പറയാൻ അമ്മ എന്നെ പറഞ്ഞുവിട്ടതാ. എനിക്കിഷ്ടായി കേട്ടോ . “” ലീനാ അയാളെ കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു .

“‘ആഹാ ….അമ്മ കൊള്ളാമല്ലോ ..അതിനെനിക്ക്‌ കൂടെ തന്നെ ഇഷ്ടമാകണ്ടേ ?”’ പ്രശാന്ത് ഗൗരവം നടിച്ചു പറഞ്ഞപ്പോൾ ലീനയുടെ കണ്ണുകൾ നിറഞ്ഞു .

“‘കൊച്ചിനെ കരയിപ്പിക്കില്ലേടാ . ..മോളെ ലീനാ … കോളേജിൽ ജോയിൻ ചെയ്‌ത അന്ന് മുതലേ നിന്റെ കാര്യം പറയുമ്പോൾ അവന്റെ കണ്ണിലെ തിളക്കം ഞാൻ കാണുന്നതാ . പ്രണയിക്കുവാണേൽ അങ്ങനൊരു കാന്താരിയെ പ്രണയിക്കണോന്നും പറഞ്ഞിട്ടുണ്ട് അവൻ …”‘അങ്ങോട്ട് വന്ന സീതാലക്ഷ്‍മി അവളെ ചേർത്ത് നിർത്തി മകനെ ശാസിച്ചു .

”അഹ് ..അതെ അതെ .. എനിക്ക് പ്രണയിച്ചു കല്യാണം കഴിക്കണം .അതിന്റെ സുഖമൊന്ന് അറിയണോല്ലോ .”‘ ചമ്മിയ മുഖത്തിൽ നിന്ന് രക്ഷപെടാനായി പ്രശാന്ത് വീണ്ടും അവളെ ചൂടാക്കി .

”അതേയ് നാളെത്തന്നെ കല്യാണം കഴിക്കുവല്ല . എന്റെ പഠിത്തം കഴിഞ്ഞിട്ടാ . രണ്ടു വർഷത്തെ ടൈം ഉണ്ട് .അതുവരെ മാഷെന്നെ പ്രണയിച്ചോ .,ആ സുഖമൊന്ന് ഞാനും അറിയട്ടെ .അല്ലെ അമ്മെ ?”” ലീനാ സീതാലക്ഷ്മിയുടെ തോളിലേക്ക് ചാഞ്ഞു .

“”അതെ … അമ്മായിയമ്മയുടെ അനുവാദത്തോടെ ഉള്ള പ്രണയം ..അത് മതി പ്രശാന്തേ …”” അവർക്കരികിലേക്ക് വന്ന തോമസച്ചൻ പറഞ്ഞപ്പോൾ ലീനയുടെയും പ്രശാന്തിന്റെയും മുഖം ഒരുപോലെ ചുവന്നു .

“” ശുഭം “‘

Related Posts

Leave a Reply

Your email address will not be published. Required fields are marked *