പടച്ചോനെ പിടിച്ചതിനേക്കാൾ വലിയതാണല്ലോ മാളത്തിൽ ന്ന് പറഞ്ഞപോലെ ആണല്ലോ ഓൾടെ മറുപടി .. മറുത്തൊന്നും പറയാതെ ഓളുടെ നീട്ടിപ്പിടിച്ച കയ്യിൽ…..

എഴുത്ത്:- സൽമാൻ സാലി

” ഇക്കാ ഇങ്ങളൊന്നിങ് വന്നേ …!!

ഒന്ന് സമാധാനത്തിൽ എവിടെയെങ്കിലും ഇരുന്ന് ഫോണിൽ തോണ്ടാൻ തുടങ്ങിയാൽ അപ്പൊ വരും കെട്യോളുടെ ഇക്കാ ന്നുള്ള റിങ്ടോൺ .. ആദ്യറിങ്‌ടോണിൽ പ്രതികരണം ഇല്ലേൽ അടുത്ത ഇക്കാ വിളിയോടൊപ്പം ഓള് മുന്നിലുണ്ടാകും ..

” ഉം ന്തേയ് …

” ഇങ്ങള് ഇതിന്ന് ഒരെണ്ണം എടുക്ക് ..!

നീട്ടിപ്പിടിച്ച കയ്യിൽ രണ്ട് കടലാസ് തുണ്ടുകൾ ..

” ഇതെന്താ ..?

” ഇങ്ങള് എടുക്ക് ..

മനസില്ലാ മനസോടെ അവളുടെ കയ്യിൽ നിന്നും ഒരു പേപ്പർ എടുത്ത് തുറന്നു ..

‘ വാഷിംഗ് ..

”ഇതെന്താടി വാഷിങ് ..?

” ഹാ ഞാൻ രണ്ട് ബക്കറ്റിൽ പൊതിർത്തി ഇട്ടിട്ടുണ്ട് അത് മോൻ പോയി അലക്കിയിട്ടിട്ട് വാ .. ഇത് പുതിയ ചാലഞ്ച് ആണ് ..

” അപ്പൊ നിന്റെ കയ്യിലെ മറ്റേ പേപ്പറിൽ എന്തുവാ ..?

അവൾ ആ പേപ്പർ തുറന്നു കാണിച്ചു

” ക്ളീനിങ് ..

പിന്നെ ഒന്നും നോക്കിയില്ല മുണ്ട് മടക്കിക്കുത്തി ബക്കറ്റിലിരുന്ന തുണികൾ എടുത്തിട്ട് അലക്കാൻ തുടങ്ങി ..

ന്റെ പൊന്നോ രണ്ട് ബക്കറ്റിൽ എന്ന് പറഞ്ഞിട്ട് അലക്കിയിട്ടും അലക്കിയിട്ടും തീരുന്നില്ല .. ഓരോ തുണി എടുക്കുമ്പോഴും പിന്നെയും പിന്നെയും പിള്ളേരുടെ ഡ്രെസ്സുകൾ പൊങ്ങി വന്നോണ്ടിരുന്നു ..

ഒരുവിധം അലക്കി തീർന്ന് ഒന്ന് നടുനിവർത്തി ഇരുന്ന് ഫോൺ കയ്യിൽ പിടിച്ചതും ടൺ ടഡാ ന്നും പറഞ്ഞു ഓള് മുന്നിൽ കയ്യിൽ വീണ്ടും രണ്ട് പേപ്പർ തുണ്ടുകൾ ..

” അല്ലടി ഷാഹി തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ എന്താ കുപ്പീന്ന് വന്ന ഭൂതാ .. ഹരിശ്രീ അശോകന്റെ ഡയലോഗിനൊപ്പം ഒരൊന്നൊന്നര എക്സ്പ്രഷനും വാരി ഇട്ട് നോക്കി ..

” അല്ല ഇക്ക തീരുമ്പോ തീരുമ്പോ പണി എടുക്കാൻ ഞാനെന്താ അത്ഭുതവിളക്കിന്ന് വന്ന ജിന്നാ …

പടച്ചോനെ പിടിച്ചതിനേക്കാൾ വലിയതാണല്ലോ മാളത്തിൽ ന്ന് പറഞ്ഞപോലെ ആണല്ലോ ഓൾടെ മറുപടി .. മറുത്തൊന്നും പറയാതെ ഓളുടെ നീട്ടിപ്പിടിച്ച കയ്യിൽ നിന്നും കടലാസ് എടുക്കാനായി ഞാൻ കണ്ണുകളടച്ചു ..

” അട്ടക്ക പൊട്ടക്ക ഡമ്മണം പൊട്ടക്ക ഡാ ഡി ഡു ‘ ന്നും പറഞ്ഞു ഓളുടെ കയ്യിന്ന് ഒരു പേപ്പറെടുത്തു തുറന്നു ..

”കുക്കിങ് ..

പടച്ചോനെ ഇന്നാരെ ആണോ കണി കണ്ടത് എന്നോർത്ത് ഓളെ കയ്യിലെ പേപ്പർ തുറന്നു നോക്കി. മക്കളെ പഠിപ്പിക്കുവാനുള്ള ടാസ്ക്ക് ആണ് അതിൽ .. രണ്ടും ഒരേ പോലെ എളുപ്പമല്ലാത്തതുകൊണ്ട് ഫോണും ചാർജിലിട്ട വലതുകാൽ വെച്ച് അടുക്കളയിലോട്ട് കേറി ..

ചോദ്യം നമ്പർ ഒന്ന് .. എന്ത് ഉണ്ടാക്കും ..?

ഉച്ചക്കെക്കുള്ളതായതുകൊണ്ട് പത്ത് മാർക്കിന്റെ വലിയ ചോദ്യം ആണ് .. രാവിലെ ആണേൽ ഒന്നര മാർക്കിന്റെ മുട്ട ഓംപ്ളേറ്റ് അടിച്ചു നിർത്താമായിരുന്നു ..

അറിയാവുന്ന അറിവ് വെച് ഒരു ചിക്കൻ മന്തി അങ്ങട് ഉണ്ടാക്കി .. കഴിഞ്ഞ പ്പോഴേക്കും അടുക്കള യുദ്ധക്കളം പോലെ ആയി .. കബോഡിൽ കിടന്ന പുട്ടും കുറ്റിവരെ വാഷ് ബേസിനിൽ എത്തിച്ചത് എന്തിനാണെന്ന് അടുത്ത വർഷത്തെ ബാലരമയിലെ ചുരുളഴിയാത്ത രഹസ്യമായി നിന്നോട്ടെ എന്ന് കരുതി ഞാനും ആലോചിച്ചില്ല ..

” ഇക്കാ എന്തേലും ഹെല്പ് വേണോ ..

മന്തിക്ക് വെച്ച വെള്ളം അല്പം കൂടി കുഴ കുഴ പരുവത്തിലായി നട്ടം തിരിഞ്ഞു നിക്കുമ്പോളാണ് കെട്യോളുടെ സഹായം ചോദിക്കൽ ..

കയ്യിൽ ഇരുന്ന തവി ഓൾടെ കയ്യിൽ കൊടുത്തോണ്ട് ” എടീ ദാണ്ടേ ഇതുപോലെ രണ്ട് തവിയും നാല് പത്രവും കയ്യിൽ തന്നൊണ്ട് അബുദാബിയിലെ ലേബർക്യാമ്പിലേക്ക് കേറി ചെല്ലുമ്പോ നിന്നെപ്പോലെ ഹെല്പ് വേണോ എന്ന് ചോദിക്കാൻ ആരും ഉണ്ടായിട്ടില്ല ഈ സാലീടെ മുന്നില് .. അവിടുന്ന് തുടങ്ങിയതാ ഈ പത്രവും തവിയും കൊണ്ടുള്ള കബഡി കളി .. അതോണ്ട് അടുക്കള പണി എന്ന ഉമ്മാക്കി കാണിച്ചു സാലിനെ തളർത്താൻ അനക്ക് പറ്റൂലെ നീലക്കണ്ടാ .. ചോദിച്ചത് തെറ്റായി പോയി എന്നൊരു കുറ്റബോധം മനസ്സിൽ വന്ന് തുടങ്ങിയാൽ നീ വാ ഈ അടുക്കളയിലെ ഒന്നോ രണ്ടൊ പാത്രം ഞാൻ തരും അത് കൊണ്ടുപോയി കഴുകിവെച്ചു ആശ തീർക്കാം നിനക്ക് ആശ..

കണ്ട സിനിമയിലെ ഡയലോഗ് മുഴുവൻ ഒറ്റയടിക്ക് പറഞ്ഞു തീർത്തപ്പോ നന്ദനത്തിലെ ബാലാമണിയെപോലെ ”ആരും കേട്ടില്ല ഞാനേ കേട്ടുള്ളൂ എന്നും പറഞ്ഞോണ്ട് കെട്യോൾ അകത്തേക്ക് പോയി …

നാല് പ്ളേറ്റ് കഴുകി എല്ലാവർക്കുമുള്ള മന്തി വിളമ്പി ആദ്യം തന്നെ ഞാൻ ഇരുന്ന് കഴിക്കാൻ തുടങ്ങി …

ആഹാ .. എന്താ ഒരു രുചി .. തൈര് വേണ്ട അച്ചാർ വേണ്ട വായിലിട്ട് ചവക്കുക കൂടെ വേണ്ട അലിഞ്ഞു ചേരും .. അത്രക്ക് രുചിയാണ് ..

കെട്യോൾ വന്ന് പ്‌ളേറ്റിലെ മന്തിയെ ഒന്ന് നോക്കി പിന്നെ എന്നെയും .. കസേര ഒന്ന് നീക്കി കുനിഞ്ഞു നിന്ന് എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചോണ്ട് അവള് പറയുവാ ” ബസുമതി അരികൊണ്ട് ഉപ്മാവ് ഉണ്ടാക്കിയ മഹാനുഭാവ അനുഗ്രഹിച്ചാലും എന്ന് ..

തൈരും വേണ്ട അച്ചാറും വേണ്ട വായിലിട്ട് ചവക്കുക കൂടെ വേണ്ട എന്നിട്ടാണ് ഓള് ന്റെ മന്തിയെ കളിയാക്കുന്നത് .. പട്ടിണി കിടക്കേണ്ട എന്നൊരൊറ്റ കാരണം കൊണ്ട് അവൾ അത് കഴിച്ചു തീർത്തത് …

ഒരുവിധം അവധി ദിവസം ഓവർടൈം എടുപ്പിച്ചു എല്ലാം കഴിഞ്ഞെന്ന് കരുതി പിന്നേം ഫോണുമായി സോഫയിൽ ഇരുന്നതാണ് ..

വേട്ട അവസാനിച്ചു എന്ന് ഇരയെ തെറ്റിദ്ധരിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ വിത്ത് ബി ജി എം .. കെട്യോൾ വീണ്ടും രണ്ട് തുണ്ട് പേപ്പറുമായി മുന്നിൽ …

ഇനിയും പണി വാങ്ങിച്ചു കൂട്ടാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് പേപ്പർ രണ്ടും കയ്യിലെടുത്തിട്ട് ഓളോട് പറഞ്ഞു ഇനി ഇയ്യെടുക്ക് .. ന്നിട്ട് എന്താ കിട്ടുന്നെ ന്ന് വെച്ചാൽ ഇയ്യെന്നെ അങ്ങട് ചെയ്തോ. ന്ന് ..

ഓളുടെ മുഖത്ത് ഒരു ചിരി വന്നപ്പോഴേ എനിക്ക് തോന്നി ഓൾക്ക് പണി പാളി എന്ന് ..

കയ്യിലെ പേപ്പർ തുറന്ന് അവൾ എനിക്ക് നേരെ തിരിച്ചു ..

”ഉറക്കം ..!

ങേ .. ഇതെന്ത് ടാസ്ക് .. എന്നാൽ എന്റെ കയ്യിലേത് കിടത്തം ആവും എന്ന് കരുതി തുറന്നതാണ് ..

‘ഡ്രസ്സ് അയൺ ‘

ഓളുടെ മുഖത്തു നോക്കി ഒരു വളിച്ച ചിരി ചിരിച്ചപ്പോ ഒന്നര ലോഡ് പുച്ഛം ഇറക്കി ഇട്ട് ഓള് ഫോണുമായി കിടക്കയിലേക് മറിഞ്ഞു .. ഇസ്തിരിപെട്ടിയും തുണികളുമായി ഞാൻ നിന്ന് തേക്കാനും തുടങ്ങി ..

ഇമ്മാതിരി ചാലഞ്ച് ഉണ്ടേൽ അടുത്ത ആഴ്ച മുതൽ ലീവ് വേണ്ടെന്ന് പറയണം കമ്പനിയിൽ .. അല്ല പിന്നെ …

Related Posts

Leave a Reply

Your email address will not be published. Required fields are marked *