ചിതലെരിച്ച മനസ്സുമായവിടെ നിൽക്കുമ്പോഴും കൂട്ടച്ചിരിയുയർന്നയാ സഭയിൽ ഇളിഭ്യനായി മുഖത്തൊരു പാൽപ്പുഞ്ചിരിയും ഫിറ്റ് ചെയതവിടെ ആരോടും മിണ്ടാതെ നിൽക്കുകയായിരുന്നു ഞാൻ ചെയ്തത്…………….

സമയം തെറ്റി

Story written by Adarsh Mohanan

ഞനെന്റെ പന്ത്രണ്ടാമത്തെ ഇന്റർവ്യൂ അറ്റന്റ് ചെയ്യാനായി വീടു വിട്ടിറങ്ങുമ്പോൾ ഉമ്മറത്തെ കണ്ണൻ വാഴയ്ക്ക് തടം വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു അച്ഛൻ

അമ്മയോട് യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നയെന്നെ കടുപ്പിച്ചൊന്നു നോക്കി യച്ഛൻ, ആ നോട്ടത്തിലും ഭാവത്തിലും നിന്നെനിക്ക് വായിച്ചെടുക്കാമായിരുന്നു എനിക്കു വേണ്ടി പായ വിരിച്ച സമയത്ത് ഇതുപോലെ നാല് വാഴ വെച്ചാൽ മതിയായിരുന്നു എന്നാണതെന്ന്

എന്നും വീടുവിട്ടിറങ്ങുമ്പോൾ ഉമ്മറത്തു തന്നെ ഒമ്പതാം കുഴിക്ക് ശത്രുവായി നെഞ്ചു വിരിച്ച് നിൽക്കുന്ന ശകുനം മുടക്കിയായ അച്ഛന്റെയാ വളർത്തു മകനെക്കാണുമ്പോൾ എന്തെന്നില്ലാത്ത ദേഷ്യം ഉള്ളിൽ അരിച്ചു കയറാറുണ്ട്

സ്നേഹത്തോടെയച്ഛനതിനെ പരിപാലിക്കുന്നത് കാണുമ്പോഴൊക്കെ അമ്മയോട് പലയാവർത്തി ഞാനാ ചോദ്യം ചോദിക്കണമെന്ന് വിചാരിക്കാറുണ്ട് അമ്മയ്ക്ക് അച്ഛനിലുണ്ടായ പൊന്നുമകനാണോയീ കണ്ണൻ വാഴയെന്ന്.

സ്വന്തം മകനെയൊരു എഞ്ചിനിയറായിക്കാണാനാഗ്രഹിച്ചയെന്റെ അച്ഛന് നേരെ എന്നു തിരിഞ്ഞോ അന്നു മുതലാണ് അച്ഛന്റെ പ്രണയം പറമ്പിലെ ചെമ്മണ്ണിനോടും അതിലുപരി വാഴകളോടുമായി മാറിയത്

തന്നിഷ്ട്ടത്തിന് കാര്യങ്ങൾ തീരുമാനിക്കണെങ്കിൽ അതെന്റെ ചിലവിൽ വേണ്ടയെന്നച്ഛനെന്നോട് പറയാതെ പറഞ്ഞപ്പോൾ ആ വാശിക്ക് ഒരു വർഷം ശങ്കരേട്ടന്റെ കൂടെ വെൽഡിംഗ് പണിക്ക് പോയാണ് എന്റെ അക്കൗണ്ടിംഗ് കോഴ്സ് എന്ന സ്വപ്നം ഞാൻ പൂവണിയിച്ചത്.

കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ എന്നെ പഠിപ്പിക്കാനെടുക്കാനിരുന്ന ലോണിന്റെ പൈസ ലാഭമാക്കി കൊടുക്കുമ്പോഴും ആ മുഖത്ത് ഒരിറ്റ് പോലും സന്തോഷം ഞാൻ കണ്ടിരുന്നില്ല, മറിച്ച് എന്നെ പ്രശംസിക്കേണ്ടതിനു പകരമായി ശകാരവാക്കുകളാലും കുത്തുവാക്കുകളാലും മൂടുകയായിരുന്നെന്നെ

ഒപ്പം അയലത്തുള്ളയെന്റെ കളിക്കൂട്ടുകാരനെയെന്റെയച്ഛൻ വാനോളം പുകഴ്ത്താറുണ്ട് തന്റെ അതേ പ്രായത്തിലുള്ളവനിന്ന് വലിയൊരു മൾട്ടി നാഷണൽ കമ്പനിയിൽ എഞ്ചിനീയറാണെന്നും പറയുമ്പോഴും മരുന്നിനു പോലും ഉപയോഗമില്ലാത്ത ഈയുള്ളവനെ ഒരുപാട് പ്രാകാതെ പ്രാകിയിട്ടുണ്ടെന്റെയച്ഛൻ

അന്ന് അയലത്തെ ഗീതുട്ടീടെ കല്യാണത്തിന് തലേദിവസത്തെ സദ്യപ്പന്തലിൽ വെച്ച് അവൾക്കുള്ള സമ്മാനവുമായി ഒന്നരപ്പവന്റെ മാലയുമായി വന്ന ഹരിക്കുട്ടനെ എന്റെയച്ഛൻ ആവോളം പ്രശംസിച്ചു

പുച്ഛത്തോടെയെന്റെ നേർക്കു വീണ അച്ഛന്റെയാ നോട്ടത്തിൽ ഞാനലിഞ്ഞില്ലാതെയാവുകയായിരുന്നപ്പോൾ, കൂട്ടം കൂടി നിന്ന സഭയിൽ തമാശ രൂപേണ ” എന്റെ കുടുംബത്തുമുണ്ടൊരുത്തൻ കാൽക്കാശിനു ഗുണമില്ലാത്തോൻ ഒരു കഴിവുകെട്ടവൻ. കണ്ടുപഠിക്കെടായിവനെ ” എന്നച്ഛൻ പറഞ്ഞപ്പോൾ ഉളളിൽ തീക്കനൽ കോരിയിട്ട പോലെയായിരുന്നെനിക്ക് തോന്നിയത്

ചിതലെരിച്ച മനസ്സുമായവിടെ നിൽക്കുമ്പോഴും കൂട്ടച്ചിരിയുയർന്നയാ സഭയിൽ ഇളിഭ്യനായി മുഖത്തൊരു പാൽപ്പുഞ്ചിരിയും ഫിറ്റ് ചെയതവിടെ ആരോടും മിണ്ടാതെ നിൽക്കുകയായിരുന്നു ഞാൻ ചെയ്തത്

അന്നു മുതലൊരു വാശിയായിരുന്നു മറ്റാരോടുമല്ല ഈയെന്നോട് തന്നെ എനിക്കെന്റെയച്ഛനു മുൻപിൽ തെളിയിക്കണമായിരുന്നു ഈ ഒന്നിനും കൊള്ളാത്തവന്റെ സ്വപ്നങ്ങൾക്ക് പത്തരമാറ്റായിരുന്നു എന്ന് , ഈ കഴിവു കെട്ടവനെക്കൊണ്ടെന്റെ കുടുംബത്തിന് എന്നേലുമൊരു ഉപകാരമുണ്ടാകുമെന്ന്,

പതിവുപോലെ ഞാനാ പടിയിറങ്ങുമ്പോഴും അയലത്തുള്ള അമ്മിണി യേട്ടത്തിയുടെ സ്ഥിരം ചോദ്യമുയർന്നു ജോലിയൊന്നുമായില്ലേ എന്ന് , കവലയിലെ ബസ്റ്റോപ്പിൽ ചെന്നു നിൽക്കുമ്പോഴും ചായക്കടയ്ക്കു മുൻപിലിരുന്ന് കാരണവൻമാർ നാടിനും വീടിനും ഒരു ഉപയോഗവുമില്ലാത്തയെന്നെ എന്തേലുമൊരു പണിക്ക് പോയിക്കൂടെയെന്ന് ഉപദേശിച്ചപ്പോഴും എനിക്കു ചിലവിനു തരുന്നത് അവരാണെന്നു പോലുള്ളയവരുടെ മുഖഭാവം ഞാൻ കണ്ടില്ലെന്നു തന്നെയാണ് നടിച്ചത്

ഇന്റർവ്യു കഴിഞ്ഞ് തിരിച്ചു വരുമ്പോഴും ഉള്ളിൽ വലിയ പ്രതീക്ഷകളൊന്നും തന്നെയുണ്ടായിരുന്നില്ല ഉമ്മറത്തെത്തിയപ്പോഴും വളർത്തു മകന് വളമിടുന്ന തിരക്കിലായിരുന്നു അച്ഛൻ

അന്തിക്ക് അത്താഴത്തിനു മുൻപിലിരിക്കുമ്പോഴും മനസ്സിനകത്തൊരു ഉൾഭയമായിരുന്നു വിളമ്പി വെച്ച കുത്തരിച്ചോറിലൂടെ വിരലോടിക്കുമ്പോഴും ആ വിരലുകൾ വിറച്ചുകൊണ്ടിരുന്നു എന്റെ ശ്രദ്ധ മുഴുവനും അച്ഛന്റെ തിരുവായിൽ നിന്നുമെന്തേലും പഴമൊഴി വീഴുന്നുണ്ടോ എന്നായിരുന്നു

ആദ്യത്തെ ഉരുളയുരുട്ടി അണ്ണാക്കിലേക്കു തിരുകുമ്പോഴും അച്ഛന്റെ ശബ്ദം ഒരശിരീരി പോലെയെന്റെ കാതിൽ മുഴങ്ങി

“നന്നായി കേറ്റിക്കോ നാളെ തെണ്ടാനിറങ്ങേണ്ടതല്ലേ “

എന്റെ കൂടപ്പിറപ്പായ കുഞ്ഞനിയത്തി ” ഒരു പാത്രവും കൂടെ കയ്യിലെടുക്കാൻ പറയച്ഛാ ” എന്നു കൂടെ പറഞ്ഞപ്പോൾ ആ ഉരുളയെന്റെ തൊണ്ടയിൽക്കുടുങ്ങുകയാണുണ്ടായത്

മടുപ്പോടെ ഞാനവിടെ നിന്നും എണീറ്റു പോരുമ്പോഴും അച്ഛന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല, പക്ഷെയെന്റെ കുഞ്ഞനിയത്തിയുടെ മുഖമാകെ വാടിത്തളർന്നിരുന്നു അവളതൊരു തമാശയ്ക്ക് പറഞ്ഞതാണെന്നെനിക്കറിയാം

അവളിടെയ്ക്കിടക്ക് പറയാറുണ്ട് ഞാനാണ് ബെസ്റ്റ് ഞാനാണവളുടെ ഹീറോ എന്ന് എന്തു കണ്ടിട്ടാണ് ഈ ധിക്കാരിയായ കഴിവുകെട്ടവൻ അവളുടെ ഹീറൊ ആയതെന്നെനിക്കപ്പോഴും മനസ്സിലായിരുന്നില്ല

എണീറ്റു പോന്നത് ഭക്ഷണത്തിനു മുൻപിൽ നിന്നായതുകൊണ്ടാവണം അച്ഛനാകെ അസ്വസ്ഥനായിരുന്നു അന്നു രാത്രി ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴും പടിഞ്ഞാറേപ്പറമ്പിൽ തുമ്പയിളകി മറിയണ ശബ്ദമാണ് കേട്ടത് , ജനലിലൂടെ ഞാനൊന്നു എത്തിനോക്കിയപ്പോൾ എന്നോടുള്ള രോക്ഷമെല്ലാം മണ്ണിനോടു തീർക്കുകയായിരുന്നു അച്ഛൻ

ഇളകി മറിഞ്ഞു നിലംപതിക്കുന്ന മണ്ണിന്റെ താളം എന്റെ കാതിൽ പ്രതിധ്വനിച്ചത്

‘വാഴ വെച്ചാൽ മതിയായിരുന്നു’

‘വാഴ വെച്ചാൽ മതിയായിരുന്നു ‘

എന്ന പോലെയാണെനിക്ക് തോന്നിയത്. എന്റെ ജീവിത ലക്ഷ്യമെല്ലാം അച്ഛനു വേദനകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളു എന്നോർത്തപ്പോൾ ഇടനെഞ്ചിൽ ഇടിവെട്ടേറ്റ പ്രതീതിയാണുളവായതും

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവസാനം ഞാൻ ഇന്റർവ്യൂ അറ്റന്റ് ചെയ്ത കമ്പനിയിൽ നിന്നും അപ്പോയിൻമെന്റ് ലെറ്റർ വന്നപ്പോഴും സ്വപ്നങ്ങൾ പൂവണിഞ്ഞതിന്റെ ആനന്ദമുണ്ടായിരുന്നില്ല, ജോലി കിട്ടിയ വിവരം അച്ഛനെ അറിയക്കണ്ട എന്ന എന്റെ നിർദ്ദേശം അമ്മ പാടെ ഉൾക്കൊള്ളുകയായിരുന്നു

മാസശമ്പളം കൈക്കൊണ്ട് ഞാൻ നേരെ ചെന്നത് അച്ഛന്റെയരികിലേക്കാണ്, തൊഴുകൈയ്യാൽ ഞാനാ അഞ്ഞൂറിന്റെ കെട്ടുകളാ കാൽക്കൽ സമർപ്പിച്ചു കൊണ്ട് ഈ ധിക്കാരിയുടെ അഹങ്കാരം പൊറുത്തുതരണമെന്നു പറയുമ്പോഴും നാട്ടുകാർക്കു മുൻപിൽ എന്നെത്താഴ്ത്തിക്കെട്ടിയിട്ട് അമ്മയ്ക്കു മുൻപിൽ മാത്രം മകനെപുകഴ്ത്തിക്കൊണ്ടഭിമാനം കൊള്ളാറുള്ളയെന്റെ അച്ഛന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നും തന്നെയുണ്ടായിരുന്നില്ല

എന്റെ ആദ്യ ശമ്പളം അച്ഛൻ നേരെയേൽപ്പിച്ചത് അമ്മയേയാണ് ,എന്നോടൊന്നും ഉരിയാടാതെ വെട്ടുകത്തിയും കൈയ്യിലേന്തിയച്ഛൻ നേരെ നടന്നത് ഉമ്മറത്തെ കണ്ണൻ വാഴയുടെ കടയ്ക്കിലേക്കാണ്

ആദ്യം ഞാൻ വിചാരിച്ചത് വാഴയ്ക്കരികിൽ കിളിർത്ത കുറ്റിപ്പുല്ലരിഞ്ഞെടുത്ത് പൂവാലിപ്പശുവിനു കൊടുക്കാനാണെന്നായിരുന്നു

പക്ഷെ എന്റെ ദൃഷ്ടിയാവാഴയിലേക്ക് പതിച്ചപ്പോഴാണെനിക്ക് മനസ്സിലായത് എന്റെ ശത്രു, അച്ഛന്റെയാ വളർത്തു മകൻ ആകെ ക്ഷീണിച്ചു മണ്ടയടഞ്ഞു പോയിരുന്നു

മുറുകെപ്പിടിച്ച വെട്ടുകത്തിയുമായി അച്ഛൻ മെല്ലെപ്പറയുന്നുണ്ടായിരുന്നു

” അതെ ശരിയാണ് എന്റെ സമയം തെറ്റിപ്പോയിരുന്നു, നിനക്കു വേണ്ടി കുഴി വെട്ടിയ സമയം തെറ്റായിരുന്നു “

മുറുക്കിപ്പിടിച്ചയാ വെട്ടുകത്തി കൊണ്ട് അച്ഛനാ കണ്ണൻ വാഴയെ രണ്ടാക്കി മാറ്റിയപ്പോൾ ഉള്ളിൽ ഞാനാനന്ദത്താൽ ആർമ്മാദ്ദിക്കുന്നുണ്ടായിരുന്നു,

നേർത്ത പുഞ്ചിരിയാലച്ഛനെന്നേയൊന്നു നോക്കിയപ്പോൾ എന്റെ കുഞ്ഞിപ്പെങ്ങളെന്നോട് പറയാറുള്ള വാചകങ്ങൾ ഞാൻ മനസ്സിൽ ആയിരം തവണ ഞാനുരുവിട്ടു കൊണ്ടിരുന്നു

” ആദി യൂ ആർ ദ ബെസ്റ്റ് എൻഡ് യൂ ആർ മൈ ഹീറോ”

Related Posts

Leave a Reply

Your email address will not be published. Required fields are marked *