വായിച്ച് കഴിഞ്ഞ് മറുപടി കൊടുക്കും മുൻപേ തന്നെ അവളെ കലിപ്പൻ ബ്ലോക്ക് ചെയ്ത് കഴിഞ്ഞിരുന്നു…അങ്ങും ഇങ്ങും എത്താതെയുള്ള കലിപ്പന്റെ മെസേജ് കണ്ട് ഒന്നും മനസ്സിലാകാതെ ആമി………..

കലിപ്പനും കാന്തരികളും

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” അയ്യേ എനിക്കൊന്നും വേണ്ട അങ്ങേരെ…”

പെണ്ണുകാണൽ വന്ന ചെക്കൻ തിരികെ പോകുമ്പോഴേക്കും അതും പറഞ്ഞ് ആമി മുറിയിലേക്ക് നടന്നു..

” പിന്നെ നിന്നെ കെട്ടാൻ ഇനി സൽമാൻ ഖാൻ വരും..അവന് എന്താടി കുഴപ്പം, അവനൊരു സർക്കാർ ജോലിക്കാരൻ ആണ് ഇങ്ങനെ ഒരു ബന്ധം കിട്ടാൻ ഞാൻ എത്ര കഷട്ടപെട്ടെന്നൊ….”

അച്ഛൻ ആമിയോട് ദേഷ്യപെട്ട് പറയുമ്പോൾ അവൾ അതൊന്നും ശ്രദ്ധിക്കാതെ മൊബൈൽ തോണ്ടി കൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചു.. അവൾ ഫേസ്‍ബുക്കിൽ പരിചയപ്പെട്ട കലിപ്പൻചെക്കനും ആയി അഗാധ പ്രണയത്തിൽ ആണെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലല്ലോ..ആമി മെസ്സഞ്ചറിൽ കലിപ്പന് മെസ്സേജ് അയച്ചിട്ട് മറുപടിക്കായി കാത്തിരുന്നു…

അതേ സമയം നമ്മുടെ കലിപ്പൻ കുളിയും നനയും ഇല്ലാതെ താടിയും മുടിയും വളർത്തി നടക്കുന്ന ഏതോ ബംഗാളി സിനിമ നടന്റെ ഫോട്ടോയും വച്ച് തന്റെ പത്താമത്തെ അക്കൗണ്ട് ക്രീയേറ്റ് ചെയ്‌ത് കാന്തരികൾക്ക് ഫ്രണ്ട്‌സ് റിക്വസറ്റ് അയക്കുന്ന തിരക്കിൽ ആയിരുന്നു..

പതിവില്ലാതെ കലിപ്പന്റെ റിപ്ലൈ വൈകിയപ്പോൾ ആമിക്ക് നെഞ്ചിൽ ആരോ കല്ലെടുത്ത് വെച്ച പോലെ വേദനയും അസ്വസ്ഥതയും തോന്നി..അവൾ ഇടയ്ക്ക് ഇടയ്ക്ക് മൊബൈൽ എടുത്ത് അവന്റെ ഐഡി യിൽ കയറി നോക്കിയെങ്കിലും അവൻ ഓൺലൈൻ വന്നിരുന്നില്ല…

അന്ന് രാത്രി ആയിട്ടും ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന മോളേ കണ്ടപ്പോൾ ആമിയുടെ അച്ഛനും അമ്മയ്ക്കും വല്ലാത്ത വിഷമമായി…

” മോളെ നിനക്ക് താല്പര്യം ഇല്ലേ നമുക്ക് വേറെ പയ്യനെ നോക്കാം,അല്ലേൽ മോൾക്ക് ആരേലും ഇഷ്ടം ഉണ്ടേൽ പറ നമുക്ക് ആലോചിക്കാം…. ഇപ്പോൾ നി എഴുന്നേറ്റ് വാ എന്തേലും കഴിക്ക് ഇങ്ങനെ കിടക്കാതെ…..”

മോളുടെ വിഷമം കണ്ടപ്പോൾ ആ അച്ഛനും നൊമ്പരമായി.. ഉള്ളിൽ ഒരാളോട് ഇഷ്ടം ഉണ്ടേലും അവനെ കുറിച്ച് ഒരുപാട് അറിയാത്തത് കൊണ്ട് വീട്ടിൽ പറയാൻ ഉള്ള ധൈര്യം ആമിക്കും ഉണ്ടായില്ല..എന്തായാലും അവൻ ഓൺലൈൻ വരുമ്പോൾ ഒരു തീരുമാനം ഉണ്ടാക്കാം എന്ന് ആമിയും കരുതി.. അത്താഴം കഴിക്കുമ്പോഴും ആമിയുടെ ചിന്ത കലിപ്പനെ കുറിച്ച് തന്നെ ആയിരുന്നു…

രാത്രി ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ആണ് ആമിയുടെ മൊബൈലിൽ മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം വരുന്നത്. ശബ്ദം കേട്ടയുടനെ അവൾ മൊബൈൽ എടുത്ത് നോക്കി. ആ ബംഗാളിയുടെ മുഖം വച്ചേക്കുന്ന അവളുടെ കലിപ്പന്റെ മെസ്സേജ് കണ്ടപ്പോൾ ആമിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു…

അവൾ പെട്ടെന്ന് മെസേജ് ഓപ്പൻ ആക്കി..അവൻ ഒരു ഹായ് മാത്രമേ ഇട്ടിട്ടുള്ളൂ, ഇത്ര നേരം അവനെ കാത്ത് ഇരുന്നിട്ടും ഒരു ഹായ് മാത്രം കണ്ടപ്പോൾ ആമിക്ക് ദേഷ്യവും സങ്കടവുമൊക്കെ ഇരച്ചു കയറി…അവൾ പരിഭവങ്ങളുടെ കെട്ട് തുറന്ന് തുരുതുരെ അവന് മെസ്സേജ് അയച്ചു…

” മോളെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…”

അവന്റെ ആ റിപ്ലൈ കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്ന് ആമിക്ക് മനസ്സിലായി..

” മോളെ ഞാൻ കുറച്ച് ദിവസത്തേക്ക് ഉണ്ടാകില്ല ,ഈ അക്കൗണ്ട് കളയുകയാണ് , കുറച്ച് ദിവസം കഴിഞ്ഞ ഞാൻ വരും…”

കലിപ്പന്റെ ആ മെസ്സേജ് കണ്ടപ്പോൾ ആമി സത്യത്തിൽ ഞെട്ടി പോയി..

” എന്താ ഏട്ടാ, എന്താ ഇങ്ങനെ പറയുന്നത്….”

” എന്നോട് ഇപ്പോൾ ഒന്നും ചോദിക്കരുത് മോളെ ,എല്ലാം ഏട്ടൻ പറയാം. എന്റെ മനസ്സ് കൈവിട്ട് പോകുന്ന അവസ്ഥയിൽ ആണ്, എല്ലാം ഒന്ന് ശരിയാകുന്നത് വരെ മാറി നിൽക്കുകയാണ്…”

അത് വായിച്ച് കഴിഞ്ഞ് മറുപടി കൊടുക്കും മുൻപേ തന്നെ അവളെ കലിപ്പൻ ബ്ലോക്ക് ചെയ്ത് കഴിഞ്ഞിരുന്നു…അങ്ങും ഇങ്ങും എത്താതെയുള്ള കലിപ്പന്റെ മെസേജ് കണ്ട് ഒന്നും മനസ്സിലാകാതെ ആമി മൊബൈൽ കട്ടിലിലേക്ക് ഇട്ട് തലയിണയിൽ മുഖം താഴ്ത്തി കരച്ചിൽ തുടങ്ങി…

അതേ സമയം കലിപ്പൻ തന്റെ ആ അക്കൗണ്ടിൽ ഉള്ള ബാക്കി കാമുകിമരോടും കണ്ണീരോടെ യാത്ര പറഞ്ഞുകൊണ്ടിരിക്കുക ആയിരുന്നു. ചിലർക്ക് അവൻ അവസാന ഉമ്മ കൊടുത്തപ്പോൾ മറുപടിയായി ഒരായിരം ഉമ്മകൾ തിരികെ കിട്ടുന്നത് കണ്ട് അവൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ടിരുന്നു..

അവന്റെ ആ എട്ടാമത്തെ അക്കൗണ്ട് കളയുമ്പോൾ അവന് അതുവരെ എത്ര കാമുകിൽ ഉണ്ടായിരുന്നു എന്ന് അവനുപോലും കണക്ക് ഇല്ലായിരുന്നു. ആ കാമുകിമരിൽ പഠിക്കുന്ന കുട്ടികൾ മുതൽ കെട്ടിച്ചു വിടാൻ പ്രായമായാ മക്കൾ ഉള്ള ആന്റിമാർ വരെ ഉള്ളത് അവൻ ഓർത്തെടുത്തു….

പലരിൽ നിന്നും പല പല അനുഭവങ്ങൾ, ചിലർ ആത്മാർത്ഥമായി സ്നേഹിക്കുന്നു, മറ്റുചിലർ ടൈം പാസ്സിനു സ്നേഹിക്കുന്നു. ചിലരുടെ ദിവ്യ പ്രണയം ആണേൽ മറ്റുചിലരുടെ പ്രണയം ശരീരത്തോട് ആണ്. ചിലർ അവന് പൈസ കടം കൊടുക്കുന്നു, ചിലർ അവനോട് സ്നേഹം നടിച്ചു പൈസ അങ്ങോട്ട് ചോദിക്കുന്നു.. ചിലർ അവരുടെ സുന്ദരമായ മുഖം അവന് അയച്ചു കൊടുക്കുന്നു,മറ്റുചിലർ അവരുടെ നഗ്ന മേനി അയച്ചു കൊടുക്കുന്നു….

ഈ ലോകത്ത് വഞ്ചിക്കാൻ പറ്റിയ ആയുദ്ധം സ്നേഹപ്രകടനം ആണെന്ന് മനസ്സിലാക്കികഴിഞ്ഞിരുന്നു അവൻ. ആ ലഹരിയിൽ അവൻ ഒരുപാട് അക്കൗണ്ടുകൾ ഉണ്ടാക്കി പലരെയും തന്റെ വലയിൽ ആക്കി, കുറച്ച് കഴിയുമ്പോൾ സ്വാഭാവികമയും ഉണ്ടാകുന്ന മടുപ്പ് കാരണം പുതിയ അക്കൗണ്ട് ഉണ്ടാക്കി പുതിയ അനുഭവങ്ങൾ തേടി പോകുകയാണ് അവൻ. ഒർജിനൽ അക്കൗണ്ടിൽ മാന്യത കാണിക്കുന്ന പലരും ആരും അറിയാത്ത അവരുടെ രണ്ടാമത്തെ അക്കൗണ്ടിൽ തനി സ്വഭാവം കാണിക്കും എന്നുള്ളത് കൊണ്ട് മുഖമില്ലാത്ത അകൗണ്ടുകളിൽ മാത്രമാണ് അവന്റെ ശ്രദ്ധ…

കലിപ്പൻ തന്റെ ഒൻപതാമത്തെ അക്കൗണ്ട് ലോഗ് ഇൻ ചെയ്തപ്പോൾ വന്നുതുടങ്ങി ഒരുപാട് നോട്ടിഫിക്കേഷൻ.അതിൽ നിന്ന് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ഒരു മെസ്സേജ് അയച്ച് റിപ്ലേയ്ക്ക് വെയിറ്റ് ചെയ്ത് ഇരുന്നു കലിപ്പൻ. മെസ്സേജ് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഏതോ ഒരാൾ തന്റെ ചൂണ്ടയിൽ കൊത്തിയിരിക്കുന്നു എന്ന് അവന് മനസ്സിലായി,..

അവൻ ആദ്യം ആ പ്രൊഫൈൽ ചെക്ക് ചെയ്തു നോക്കി,അതിൽ നിന്ന് ആ അകൗണ്ട് ഉടമ വിരഹം അനുഭവിക്കുന്ന ആളാണ് എന്നവന് മനസ്സിലായി, വിരഹത്തിന്റെ മരുന്ന് സ്നേഹമാണ്, അത് ആവോളം തന്റെ പക്കൽ ഉള്ളത് കൊണ്ടും അവൻ വല ഒന്ന് ആഞ്ഞു വീശി തുടങ്ങി…കലിപ്പൻ വിചാരിച്ചതിലും പെട്ടെന്ന് തന്നെ ആ കാന്താരി കലിപ്പന്റെ വലയിൽ വീണു…അന്ന് രാത്രി രണ്ടുപേരും ചാറ്റി ചാറ്റി എപ്പോഴോ ഉറങ്ങിപ്പോയി…

കലിപ്പൻ പോയിട്ട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞു എങ്കിലും ആമി കലിപ്പൻ പോയതിന്റെ വിഷമത്തിൽ നിന്ന് കരകയറിയില്ല. അപ്പോഴും നമ്മുടെ കലിപ്പൻ കാന്തരികളുടെ ഇൻബോക്സിൽ പുഴ്‌പ്പിച്ചുകൊണ്ടേയിരുന്നു. ചെറിയ മഴയും തണുപ്പുമുള്ള ആ രാത്രിയിൽ ഇൻബോക്സിൽ ചൂട് പിടിച്ചപ്പോൾ ആണ് കാന്തരിക്കും കലിപ്പനും പരസ്പ്പരം കാണാൻ ഉള്ള ആഗ്രഹം മൂത്തത്… അവശ്യക്കാരന് ഔചിത്യം ഇല്ലന്ന് മനസ്സിലാക്കിയ കലിപ്പൻ മറ്റൊന്നും ആലോചിക്കാതെ തന്റെ ബുള്ളറ്റും കൊണ്ട് കാന്താരിയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു…

രണ്ട് മൂന്ന് വീടുകൾക്ക് അപ്പുറം വണ്ടി വച്ചിട്ട് നടന്നാണ് കലിപ്പൻ കാന്താരിയുടെ വീട്ടിലേക്ക് ചെന്നത്. പ്രേമരൂപേണെ തന്നെയും കാത്ത് നിൽക്കുന്ന കാന്തരിയെ നിലാവെളിച്ചതിൽ കലിപ്പൻ കണ്ടു..വീട്ടിൽ കയറി വാതിൽ അടച്ച് കാന്താരിയുടെ അരുകിലേക്ക് ചേർന്ന് നിന്നപ്പോൾ ആണ് പുറത്ത് ആരോ വാതിലിൽ മുട്ടിയത്. മുട്ടിയ ശബ്ദം കേട്ട് കലിപ്പൻ ഞെട്ടി പെട്ടെന്ന് ഇരുട്ടുള്ള ഭാഗത്തേക്ക് പതുങ്ങി നിന്നു…

കാന്താരി വാതിൽ തുറന്നതും മൂന്നുനാല് പേര് വീട്ടിലേക്ക് കയറി. മുറിയിലേക്ക് ലൈറ്റ് അടിച്ചു നോക്കിയപ്പോൾ മുറിയിലെ ഒരു മൂലയിൽ പേടിച്ചു വിറച്ചു നിൽക്കുന്ന കലിപ്പനെ ആണ് കണ്ടത്…

” ഇവിടെ വാടാ.. കുറച്ച് ദിവസമായി നമ്മൾ ശ്രദ്ധിക്കുന്നു രാത്രിയുള്ള നിന്റെ ഈ വരവും പോക്കും..”

അത് പറഞ്ഞ് കൂട്ടത്തിലെ ഒരു തടിയൻ കലിപ്പന്റെ കഴുത്തിന് കുത്തിപിടിച്ചു പുറത്തേക്ക് വലിച്ചപ്പോൾ കലിപ്പൻ നിസ്സഹായതയോടെ കാന്തരിയെ നോക്കി അവൾക്ക് ഇതൊന്നും പുത്തരിയല്ല എന്ന പോലെ അവനെ നോക്കി നിൽപ്പുണ്ടായിരുന്നു..

കലിപ്പനെ ആരൊക്കെയോ പുറത്തേക്ക് തള്ളിയപ്പോൾ വീടിന് ചുറ്റും ഒരു ഉത്സവത്തിന് ഉള്ള ആൾക്കാർ ഉണ്ടായിരുന്നു. ചിലർ നല്ല പുളിച്ച തെറികളും പറയുന്നുണ്ട്, നമ്മുടെ കാന്തരിയുടെ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ കാന്താരിക്ക് ഇതിൽ ഒരുപാട് പ്രവർത്തി പരിചയം ഉണ്ടെന്ന നഗ്ന സത്യം കലിപ്പൻ മനസ്സിലാക്കി…

” ഈ ഫേസ്‌ബുക്കും ,വാട്ട്സ് ആപ്പും കാരണമാണ് പിള്ളേരെല്ലാം വഴി തെറ്റി പോകുന്നത്…”

അതും പറഞ്ഞു പത്രം മേശപ്പുറത്ത് ഇട്ടു കൊണ്ട് അകത്തേക്ക് പോകുന്ന അച്ഛനെയും കണ്ട് കൊണ്ടാണ് പിറ്റേന്ന് രാവിലെ ആമി ഉറക്കാമെഴുന്നേറ്റ്‌ വരുന്നത്.. പതിവില്ലാതെ അവൾ പത്രം മറിച്ച് നോക്കിയപ്പോൾ ആ വാർത്ത കണ്ടു..

” വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളിൽ നിന്ന് പൈസ തട്ടിയെടുക്കുയും, വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ….”

ആ ഹെഡ് ലൈൻ വായിക്കുമ്പോൾ അവളുടെ നെഞ്ച് ഒന്ന് പിടഞ്ഞു. താഴോട്ട് വായിക്കുമ്പോൾ കലിപ്പനെന്ന പേരിൽ ഒരുപാട് അകൗണ്ട് ഉണ്ടാക്കി പറ്റിക്കുന്ന അയാളിൽ നിന്ന് രക്ഷപ്പെട്ടതിൽ ആമി സന്തോഷിച്ചു..

അത്രയും ദിവസം ജോലിക്ക് പോകാതെ വീട്ടിൽ ചടഞ്ഞു കൂടി ഇരുന്ന ആമി അന്ന് ഉത്സാഹത്തോടെ രാവിലെ ജോലിക്ക് പോകാൻ റെഡിയായി ഇറങ്ങി, അവൾ ഇറങ്ങുമ്പോൾ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു അച്ഛനും അമ്മയും…

” അച്ഛാ, ആ പഴയ സർക്കാർ ഉദ്യോഗസ്ഥന്റെ കല്യാണം കഴിഞ്ഞില്ലേൽ അത് ഉറപ്പിച്ചോ…”

അത് പറഞ്ഞ് റ്റാറ്റ യുംപറഞ്ഞു പോകുന്ന മോളേയും നോക്കി അവൾക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ അവർ മുറ്റത്ത് നിന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *