ചുറു ചുറുക്കോടെ തെങ്ങേൽ വലിഞ്ഞു കേറുന്ന അവനെ വല്യമ്മച്ചിക്കു നന്നായി ബോധിച്ചൂന്ന് മുഖം കണ്ടാലറിയാം.പക്ഷെ തേങ്ങായിടാൻ തുടങ്ങിയപ്പോളാണ്……..

Story written by Adam John

എന്ത് ജോലിയും ചെയ്യാമെന്നേൽക്കുന്ന കൂട്ടുകാരുണ്ടോ നിങ്ങൾക്കാർക്കെങ്കിലും.എനിക്കുണ്ടൊരെണ്ണം.

ഒരുദിവസം അവനെന്റൊപ്പം വീട്ടിലേക്ക് വന്നതായിരുന്നു.

അവനെ കണ്ടപാടെ വല്യമ്മച്ചി ചോദിക്കാണ് മോനെ മോന്റെ പരിചയത്തില് തെങ്ങ് കേറാനറിയുന്ന ആരെങ്കിലുമുണ്ടോന്ന്. വല്യമ്മച്ചിക്ക് പാരമ്പര്യമായി കിട്ടിയ ഒരു തെങ്ങിൻതോപ്പും പുരയിടവുമുണ്ട്.അതിലെ തേങ്ങ ഉണങ്ങി വീഴുവാണെന്നും വഴിയെ പോവുന്നോരൊക്കെ എടുത്തോണ്ടു പോവാണെന്നും പറഞ് ദിവസവും വെറുപ്പിക്കും.

ആകെക്കൂടി കിട്ടുന്ന തേങ്ങ കൂലികൊടുക്കാൻ പോലും തികയില്ല. എന്നാലും വല്യമ്മച്ചിക്ക് വാശിയാണ്. വയസ്സാം കാലത്ത് ആരുടേം മുന്നിൽ കൈ നീട്ടണ്ട അവസ്ഥ വരാത്തത് അതീന്ന് കിട്ടുന്ന ആദായം കൊണ്ടാണെന്നേ പറയുള്ളൂ.എന്തെലും പറഞ്ഞാലത് വഴക്കിലെ അവസാനിക്കുള്ളു എന്നറിയാവുന്നതോണ്ട് അമ്മച്ചി അതേപറ്റി ഒന്നും പറയാറുമില്ല.വയസാം കാലത്തെന്തിനാ അമ്മായി ‘അമ്മ പോരെടുക്കുന്നെന്ന് ഓർത്താവും.

വല്യമ്മച്ചിയുടെ ചോദ്യം കേൾക്കാൻ കാത്തുനിന്ന പോലായിരുന്നു അവന്റെ ഉത്തരവും. ഞാനുള്ളപ്പോ വേറെയാളെ നോക്കണോ ഞാൻ കേറിക്കോളാ അമ്മച്ചീന്നും പറഞ്ഞോണ്ട് അവനപ്പോൾ തന്നെ തൊടിയിലേക്കിറങ്ങി.
കണ്ടു പഠിക്കെടാ ന്നുള്ള മട്ടിൽ എന്നെയൊന്നു അമർത്തി നോക്കിക്കൊണ്ട് വല്യമ്മച്ചി പിറകെയും..

ചുറു ചുറുക്കോടെ തെങ്ങേൽ വലിഞ്ഞു കേറുന്ന അവനെ വല്യമ്മച്ചിക്കു നന്നായി ബോധിച്ചൂന്ന് മുഖം കണ്ടാലറിയാം.പക്ഷെ തേങ്ങായിടാൻ തുടങ്ങിയപ്പോളാണ് പണി കിട്ടീന്ന് വല്യമ്മച്ചിക്ക് മനസിലായത്.

വിളഞ്ഞ തേങ്ങയേതാണെന്നും വിളയാത്ത തേങ്ങ ഏതാണെന്നും തിരിച്ചറിയാത്ത അവൻ തെങ്ങിന്മേൽ ഉണ്ടായിരുന്ന ഒട്ടുമിക്കതും വലിച്ചു പറിച്ചു താഴെയിട്ടു. പോരാത്തതിന് പൊരപ്പുറത്തെആഞ്ചാറു ഓടുകളെയും കാലപുരിക്കയച്ചേ അവൻ അടങ്ങിയുള്ളൂ.

കാര്യമെന്താണേലും പിന്നീടങ്ങോട്ട് ഒന്ന് രണ്ടു ദിവസത്തേക്കു അമ്മച്ചിക്ക് കോളായിരുന്നു. ഇളനീർ പുഡ്ഡിംഗ് ഇളനീർ പായസം ഇളനീർ ഷേക്ക് തുടങ്ങി സകലതും പരീക്ഷിച്ചത് ആ സമയത്തായിരുന്നു. കാര്യം ഇഷ്ടംപോലെ തെങ്ങുണ്ടെലും ജീവിതത്തിലിന്നേവരെ ഒരു ഇളനീർ പറിക്കാൻ വല്യമ്മച്ചി സമ്മതിച്ചിട്ടില്ല. ലവൻ താഴേക്കിറങ്ങിയാൽ അപ്പൊത്തന്നെ വിളിച്ചോണ്ട് പൊക്കോണം എന്നും പറഞ്ഞോണ്ട് വല്യമ്മച്ചി വീട്ടിലൊട്ട് കേറിപ്പോയി.

ഒരിക്കൽ പണിയൊന്നും ഇല്ലാതെ നടക്കുന്ന കണ്ടപ്പോൾ വിഷമം തോന്നി അവനെ അകന്നൊരു ബന്ധുവിന്റെ വർക്ക്‌ഷോപ്പിൽ സഹായിയായി കൊണ്ടു ചെന്നാക്കിയതായിരുന്നു.

അവിടെ വണ്ടി ശരിയാക്കാൻ വന്ന കസ്റ്റമർ ടൈൽസ്‌ വിരിക്കാൻ അറിയാവുന്ന ആരെയെങ്കിലും കിട്ടുമോന്ന് അവനോടു അന്വേഷിച്ചതും അപ്പോൾ തന്നെ അയാളുടെ കൂടേ ഇറങ്ങിപ്പോയി.പിന്നെ കൊറച്ചു നാളത്തേക്ക് അവനെ കുറിച്ചൊരു വിവരവുമില്ലായിരുന്നു.

മൊബൈലാണേൽ സ്വിച്ച്ഡ് ഓഫും. പിന്നീടാണറിഞ്ഞത് വിരിക്കാൻ ചെന്നിടത്തൂന്ന് ടൈൽസോക്കെ പൊട്ടിച്ചു അവർക്ക് കുറെയേറെ നഷ്ടമുണ്ടാക്കിയെന്ന്.

വല്യമ്മച്ചിയെ ചെക്കപ്പിന് കൊണ്ടോവുമ്പോൾ അവനും കൂടേ വന്നിരുന്നു.ആശുപത്രി പരിസരത്ത് പാർക്കിങ് സൗകര്യം കുറവായതോണ്ട് അവനെ വണ്ടിയിലിരുത്തി ഞാനമ്മച്ചിയേം കൊണ്ട്‌ ആശുപത്രീലെക്ക് പോയി..കുറച്ചു കഴിഞ്ഞു മുമ്പ് ഡോക്ടറെ കാണിച്ച പ്രിസ്ക്രിപ്‌ഷൻ എടുക്കാനായി പുറത്തേക്കിറങ്ങി വണ്ടി നിർത്തിയേടത്ത് ചെന്ന് നോക്കിയപ്പോൾ വണ്ടിയുമില്ല അവനുമില്ല. ഇനി ഗേറ്റിന് വെളിയിലെങ്ങാനും നിർത്തിയേക്കുവാണോ എന്നോർത്ത് അങ്ങോട്ടേക്ക് നടക്കുമ്പോളാണ് ഒരു ആംബുലൻസ് സൈറണും ഇട്ടോണ്ട് എന്റെ അരികിലൂടെ ഗേറ്റിന് വെളിയിലേക്ക് പോവുന്നത് കണ്ടത്..ഒരു മിന്നായം പോലെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന ആളെ കണ്ടതും ഞാൻ തലയിൽ കൈ വെച്ചിരുന്നു പോയി. അതവനായിരുന്നു.

ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം കോശി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *