അവളിറങ്ങിപ്പോയിട്ട് നാലര വ൪ഷം കഴിഞ്ഞാണ് തിരിച്ചുവന്നത്. എന്തിനാണ് വന്നത് എന്ന് ചോദിക്കാൻ അമ്മയുടെ നാവ് തരിച്ചു. പക്ഷേ അവളുടെ മുഖം……..

ദ പെയിൻഫുൾ വോക്കിങ്.

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

അവളിറങ്ങിപ്പോയിട്ട് നാലര വ൪ഷം കഴിഞ്ഞാണ് തിരിച്ചുവന്നത്. എന്തിനാണ് വന്നത് എന്ന് ചോദിക്കാൻ അമ്മയുടെ നാവ് തരിച്ചു. പക്ഷേ അവളുടെ മുഖം കണ്ടപ്പോൾ ഒന്നുംതന്നെ ചോദിക്കാൻ തോന്നിയില്ല.

ജനിച്ചപ്പോഴേ കവിളിനുതാഴെ ഒരു മറുകുണ്ട്. രണ്ടുവയസ്സുള്ളപ്പോൾ വീണുപൊട്ടിയ ഒരു കലയുണ്ട് നെറ്റിയിലും. വിട൪ന്ന കണ്ണുകൾ, ഓമനത്തം തുളുമ്പുന്ന മുഖം. ഇതെല്ലാം കാണിച്ച് പോലീസ് സ്റ്റേഷനിൽ പോയി കാണ്മാനില്ല എന്നൊരു കംപ്ലെയിന്റ് കൊടുത്തതല്ലാതെ കാര്യമായ അന്വേഷണമൊന്നും നടന്നില്ല.

അമ്മാ, ദാ ഞാൻ വന്നു.. എന്നൊരു ശബ്ദത്തിന് കാതോ൪ത്ത് നാലര വർഷം…. ഉറക്കത്തിലും ഉണ൪വ്വിലും ആ മുഖവും ശബ്ദവും ഓ൪ത്തോ൪ത്ത് അമ്മ എരിഞ്ഞുതീ൪ന്നു. അവൾ ജീവിച്ചിരിപ്പുണ്ടാവുമോ, ഈ നാട്ടിലോ അതോ അന്യദേശത്തോ, സ്വതന്ത്രയോ അതോ തടവിലോ എന്നിങ്ങനെ ഓരോ ചിന്തകൾ….വല്ലതും കഴിച്ചുകാണുമോ, ഉറങ്ങിയോ എന്നിങ്ങനെ പിന്നെയും…

കാണാതാകുമ്പോൾ അവൾക്ക് വെറും പതിനൊന്നാണ് വയസ്സ്. തിരിച്ചു വരുമ്പോഴേക്കും അവൾ നീളംവെച്ചിരിക്കുന്നു. എണ്ണതേച്ച് ഒതുക്കി ക്കെട്ടിവെച്ചിരുന്ന മുടിയൊക്കെ പാറിപ്പറന്ന്…കണ്ണുകൾക്കുമാത്രം പഴയ തിളക്കം അതുപോലുണ്ട്. ചിരി ഒന്നുകൂടി സുന്ദരമായിരിക്കുന്നു..അവൾ അനിയന്മാരോട് രണ്ടുപേരോടും സംസാരിക്കുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും അമ്മ ചെവിയോ൪ക്കും. അവൾക്ക് സുഖമായിരുന്നോ..?.എവിടെ ആയിരുന്നു ഇത്രയുംനാൾ…

അയൽക്കാരൊക്കെ അവളെനോക്കി പിറുപിറുത്ത് നടക്കുന്നതും രഹസ്യമായി വേണ്ടാതീനം പറയുന്നതുമോ൪ത്ത് ആ അമ്മക്ക് കരച്ചിൽ വന്നു. പക്ഷേ അതൊന്നുമുണ്ടായില്ല.

പെണ്ണേ, നീയാ ഉടുപ്പുകളൊക്കയൊന്ന് കഴുകിയിട് എന്ന് പറഞ്ഞാൽ എനിക്കെങ്ങുംവയ്യ എന്നുപറഞ്ഞ് ഉല്ലാസമോടെ കളിക്കാനോടുന്ന മകളായിരുന്നു മനസ്സിൽ ബാക്കിയുള്ള ചിത്രം. പക്ഷേ അവൾ തിരിച്ചുവന്നപ്പോൾ പറയാതെതന്നെ വസ്ത്രങ്ങളൊക്കെ കുളത്തിലെ പടവുകളിൽ കൊണ്ടുപോയി അടിച്ചുനനച്ചു കഴുകി പിഴിഞ്ഞ് ആറിയിടാൻ പഠിച്ചിരിക്കുന്നു.

അടുക്കളയിൽ ആഹാരം കഴിക്കാൻമാത്രം കയറിശീലിച്ചവൾ ചോറും കറികളും മറ്റു വിശിഷ്ടഭോജ്യങ്ങളും തയ്യാറാക്കുന്നതിൽ മികവു കാണിക്കുന്നു. അവളുടെ മുറിവുകൾ ഉണങ്ങിയിരിക്കുന്നുവെങ്കിൽ വേദനിപ്പിക്കേണ്ട എന്നുകരുതി ഒന്നും ചോദിക്കാത്ത അമ്മയുടെമുന്നിൽ അവൾ ഏതോ സ്വപ്നലോകത്തി ലെന്നപോലെ ഓ൪ത്തിരിക്കുകയും പുഞ്ചിരി തൂവുകയും ചെയ്യുന്നു.

ആരുടെ കൂടെയാണ് നീ ഈ നാലരവ൪ഷം കഴിഞ്ഞത് എന്ന് ഒരു നിലവിളിപോലെ ചോദിക്കാൻ അമ്മയുടെ നാവ് കൊതിക്കും.. ചില ഉത്തരങ്ങൾ ഒരിക്കലും ഉറക്കംതരാത്ത രാത്രികളുടെ തുട൪ച്ചയാവുന്നതോ൪ത്ത് അവ൪ പിന്നീടാവട്ടെ എന്നുകരുതി മാറ്റിവെക്കും.

പലഹാരങ്ങൾ ആൺകുട്ടികൾക്ക് പകുത്തുകൊടുത്ത് വയറുനിറയെ അവരെ ഊട്ടുന്നതുകാണുമ്പോൾ അമ്മ പിന്നെയും അതിശയിക്കും. ഇവളൊരുനാൾ അവർക്കൊപ്പം തുല്യമായി പലഹാരങ്ങൾ കിട്ടാതെ കണ്ണീരുതൂകി മാറിയിരുന്ന് പരിഭവിച്ചവൾ തന്നെയോ! നാലര വ൪ഷമോ അതോ അതിലേറെയും കാലം കടന്നുപോയിരിക്കുന്നോ… ചില നെടുവീ൪പ്പുകൾ അവൾ കേട്ടതും, എന്താ അമ്മാ എന്നൊരു ചോദ്യം മിഴികളിൽ ചാലിച്ച് തന്റെ നേ൪ക്കെറിയുന്നത് അവ൪ കണ്ടില്ലെന്നുവെച്ചു.

ചന്തയിൽപ്പോയി മടങ്ങുമ്പോൾ ചെറിയവൻ ഒരു പമ്പരം കീശയിൽനിന്നും കൈയിലെടുത്ത് നോക്കുന്നതുകണ്ടാണ് അമ്മ ചോദിച്ചത്:

ഇത് നിനക്കെവിടുന്ന് കിട്ടി?

ഇത് ചേച്ചിയുടെ ഗുബ്രു അനിയന്റേതാണ്.

അതാരാ?

മേഹൻഅപ്പൂപ്പന്റെ കൊച്ചുമോൻ.

അമ്മ അധികമൊന്നും ചോദിച്ചില്ല. അവനായിട്ട് വല്ലതും പറയട്ടെ എന്നുകരുതി. പക്ഷേ അവനാ പമ്പരം കൈയിലിട്ടു കറക്കി നടത്തമായി. ചേച്ചി എവിടെ ആയിരുന്നു എന്നൊരു ചോദ്യം താൻ ചോദിക്കാത്തതിൽ അവനും പരിഭവം കാണുമായിരിക്കും എന്ന് അമ്മയ്ക്ക് തോന്നി.

വെറുതേയിരിക്കുമ്പോൾ അവൾ ചുമരിൽ ചിത്രങ്ങൾ വരച്ചു. ഇലകളിൽ നിന്നും പിഴിഞ്ഞെടുത്ത ചാറിലായിരുന്നു അവളുടെ വ൪ണ്ണവരകൾ. താൻ പറഞ്ഞുകൊടുത്തിട്ടില്ലാത്ത, ഇവിടെ നിന്നും പോകുന്നതുവരെ അവൾക്കറിയാത്ത കഥകളൊക്കെ അവൾ വരക്കുന്നതിനിടയിൽ അനുജന്മാ൪ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. സീതാരാമന്മാരുടെ കഥകൾ. ഇതും അവളുടെ മേഹൻഅപ്പൂപ്പൻ പറഞ്ഞുകൊടുത്തതായിരിക്കും.

എന്തിനാ നീയീവീടുവിട്ട് പോയത്..

ഒരിക്കൽ അനിയൻ ചേച്ചിയോട് ചോദിക്കുന്നതുകേട്ട് അമ്മ ചെവി വട്ടംപിടിച്ചു.

അത് ഗുബ്രു റോഡിൽനിന്ന് കരയുന്നതുകണ്ട് അവന്റെ അപ്പൂപ്പനെത്തേടി പോയതല്ലേ..

എന്നിട്ടോ?

മേഹനപ്പൂപ്പന് ചെവി കേൾക്കില്ല. ഞങ്ങൾ പിറകിൽ കയറിയതും അപ്പൂപ്പൻ വണ്ടി ഓടിച്ചുപോയി. ഞാനും കയറിയത് അപ്പൂപ്പൻ കണ്ടിരുന്നില്ല. നി൪ത്താൻ പറഞ്ഞതൊന്നും കേട്ടില്ല. പിന്നെ രാത്രിയായി. വഴിയിൽ ഉറക്കമായി ഞാനും ഗുബ്രുവും. പിന്നെ പുല൪ന്നപ്പോൾ വേറെയേതോ സ്ഥലത്ത് എത്തിയിരുന്നു.

നീയെന്തിനാ ആ വണ്ടിയിൽ കയറിയത്?

ഈ പമ്പരം നിനക്ക് തരാൻ എടുക്കാനായി അവൻ കയറിയപ്പോൾ എന്നോടുംകൂടെ കയറിവരാൻ പറഞ്ഞു. ഞാനതുംവാങ്ങി തിരിച്ചിറങ്ങുന്നതിനു മുന്നേ അപ്പൂപ്പൻ വണ്ടി വിട്ടു.

അവരെന്താ സംസാരിക്കുക? മലയാളം തന്നെയാണോ?

അല്ല, വേറേതോ ഭാഷയാ… എനിക്കറിയില്ല..

ചില തുണികളിൽ അവൾ ഒഴിവുനേരങ്ങളിൽ പൂക്കൾ തുന്നിച്ചേ൪ത്തു. ആ കരവിരുതുകൾ കണ്ടപ്പോൾ അമ്മയ്ക്ക് അതിശയം തോന്നി.കുറച്ചുദിവസത്തിനകം അവൾ ചില മധുരപലഹാരങ്ങൾ ഉണ്ടാക്കി ചന്തയിൽ കൊണ്ടുപോയി വിറ്റു. അവൾക്ക് കിട്ടിയ കാശിന് അരിയും പച്ചക്കറികളും വാങ്ങിവന്നു. അമ്മയുടെ വയ്യാത്ത കാലിന് ചില കുഴമ്പും എണ്ണയും. അതൊക്കെ ചൂടാക്കി അമ്മയുടെ കാലിന് തേച്ചുപിടിപ്പിക്കുമ്പോൾ അമ്മയ്ക്ക് നാലരവ൪ഷം മുമ്പുവരെ അവളെ പിടിച്ചുനി൪ത്തി എണ്ണ തേപ്പിക്കാനുള്ള സാഹസം ഓ൪മ്മവന്നു.

മഴക്കാലം പിറക്കുമ്പോഴേക്കും ചോ൪ന്നൊലിക്കുന്ന പുരകെട്ടിമേയാനായല്ലോ എന്ന അമ്മയുടെ പിറുപിറുക്കൽകേട്ട് അവൾ കാശുകുടുക്ക എടുത്ത് അമ്മയുടെ നേരെനീട്ടി.

ഇതാ, നമുക്ക് ഈ പ്രാവശ്യം വീടിന് ഓടുമേയാം. ഇതു മതിയാകില്ലേ..? അവളുടെ ഓരോ നോക്കും വാക്കും അമ്മയുടെ നെഞ്ചിൽ സങ്കടത്തിന്റെ അമ്പുകളാവുമെന്ന് കരുതിയെങ്കിലും ആശ്വാസത്തിന്റെ പൂമഴകളാണ് അവ വ൪ഷിച്ചത്. ആ പ്രാവശ്യം ചോ൪ന്നൊലിക്കാത്ത മഴക്കാലം എല്ലാവരും ഓടുമേഞ്ഞ വീട്ടിൽ സുഖമായിക്കഴിഞ്ഞു.

കുട്ടികൾ രണ്ടുപേരും സ്കൂളിൽ പോയ ഒരുദിനം അമ്മ ചോദിച്ചു:

ഗുബ്രു ഇപ്പോഴെവിടെയുണ്ട്?

അവളുടെ കണ്ണുകൾ തിളങ്ങി.

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു:

അമ്മാ, ഗുബ്രു ഇപ്പോൾ അവന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമാ…അവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മേഹനപ്പൂപ്പൻ. അവൻ പോയതോടെ അപ്പൂപ്പൻ തനിച്ചായി. എനിക്ക് പെട്ടെന്ന് വരാൻ തോന്നിയില്ല. ഞങ്ങൾ പച്ചക്കറിയെല്ലാം ചന്തയിൽ കൊടുത്തുവരുംവഴി ഗുബ്രുവിനും വല്ലതും വാങ്ങി അവനെ കാണാൻ ചെല്ലും. അവനും സ്കൂളിൽ പോകുന്നുണ്ട്…

അവൾ‌കുറച്ചുനേരം ഓ൪മ്മകളുടെ ലോകത്തായി.

എപ്പോഴെങ്കിലും മേഹനപ്പൂപ്പന്റെ കൂടെ ഗുബ്രു ഇവിടെയും വരും.

അവൾ സ്വയം അങ്ങനെ വിശ്വസിപ്പിക്കുന്നതായി തോന്നി.

വഴിയിൽ വേദനയും മുറിവുകളും സമ്മാനിക്കുന്ന നടത്തങ്ങളല്ലാതെ പ്രാകാശവും മഴവില്ലും നിറച്ചാ൪ത്തുകളും തുന്നിച്ചേ൪ത്ത യാത്രകൾ സാധ്യമാകുമോ, അതും പതിനൊന്ന് വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടിക്ക്… അമ്മയ്ക്ക് അതൊരു പുതിയ അറിവായിരുന്നു. അവ൪ക്ക് അവളോടൊരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങിയിരിക്കുന്നു.

അമ്മാ, ഗുബ്രു എന്റെ മടിയിൽ തലവെച്ചുകിടന്ന് എത്ര കഥകളാ പറഞ്ഞുതരികയെന്നറിയോ.. അവനറിയാത്ത കഥകളില്ല.. അപ്പൂപ്പൻ നല്ല നാടൻപാട്ട് താളമിട്ടുപാടുമ്പോൾ അടുത്തുള്ള വീടുകളിലെ സ്ത്രീകളൊക്കെ കൂട്ടമായിവന്ന് ചുവടുകൾ വെക്കും. അവരുണ്ടാക്കുന്നതുകണ്ടാ ഞാനീ പലഹാരങ്ങളൊക്കെ ഉണ്ടാക്കാൻ പഠിച്ചത്.

പിന്നെയും അവളെന്തൊക്കെയോ ഓ൪ത്തെടുത്തു പറയുന്നുണ്ടായിരുന്നു.. അമ്മയ്ക്ക് സംശയം പക്ഷേ വേദനിക്കാതെ, പാദങ്ങൾ മുറിയാതെ അവളെങ്ങനെ നടന്നു എന്നതിലാണ്..വേദനിച്ചത് മുഴുവൻ, മുറിഞ്ഞത് മുഴുവൻ ഇങ്ങുദൂരെ അമ്മയുടെ ഹൃദയമായിരുന്നല്ലോ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *