ചേച്ചി അറിഞ്ഞോ…നമ്മുടെ ഇന്ദു മാഡം ആ ആനന്ദ് സാറുമായി പ്രേമം ആണെന്ന്…ഒരു അവധി ദിവസമാണ് രാധയാ രഹസ്യം പറയുന്നത്…

മിഥ്യ

Story written by Deepthy Praveen

അവരെ എന്നാണ് ആദ്യമായി കണ്ടത്.. ഓര്‍മ്മയില്ല… പതിവു കാഴ്ചകള്‍ക്കിടയില്‍ എപ്പോഴോ അവരും ഭാഗഭാക്കാകുകയായിരുന്നു…

ഇന്ദു സുന്ദരിയായ വീട്ടമ്മയാണ്‌.. ടൗണിലെ ഏതോ ഓഫീസില്‍ ജോലി ചെയ്യുകയാണെന്ന് വീടുവൃത്തിയാക്കാന്‍ വരുന്ന രാധ പറഞ്ഞാണ് അറിഞ്ഞത്..ആ ഹൗസിംഗ് കോളനിയുടെ അവസാനത്തെ വീടായിരുന്നു എന്റേത്… ഇന്ദുവിന്റേത് ആദ്യവും ഭര്‍ത്താവും മകനും അടങ്ങുന്ന കുടുംബം .. ഇന്ദുവിന്റെ ഭര്‍ത്താവ് നല്ല സോഷ്യല്‍ മൈന്‍ഡുള്ള ആളാണെന്ന് രാധ പറഞ്ഞപ്പോള്‍ ആ വാക്കുകളിലെ മൃദുലത പ്രത്യേകം ശ്രദ്ധിച്ചിരുന്നെങ്കിലും എടുത്തു ചോദിക്കാന്‍ ഒന്നും പോയില്ല.. അല്ലെങ്കിലും അതറിഞ്ഞിട്ടു തനിക്ക് പ്രത്യേകിച്ചും നേട്ടമൊന്നും ഇല്ലല്ലോ.. രാജീവേട്ടന് ട്രാന്‍സര്‍ ആയതില്‍ പിന്നെയാണ് ഈ ബസുകളെ ആശ്രയിക്കേണ്ടി വന്നത്.. ആഴ്ചയില്‍ ഒരിക്കല്‍ രാജീവേട്ടന് വരാന്‍ സാധിക്കൂ… അമ്മയും ഞാനും മാത്രമുള്ള വീട്ടില്‍ ആളനക്കം ഉണ്ടാകുന്നത് രാജീവേട്ടന്‍ വരുമ്പോഴാണ്‌..

ആദ്യമൊക്കെ വളരെയധികം ബുദ്ധിമുട്ട് തോന്നുന്നതായിരുന്നു ബസ് യാത്ര.. കോളനിയില്‍ നിന്നും കുറച്ചകലെ മാറിയുള്ള ബസ്റ്റോപ്പില്‍ വെച്ചാണ് ഇന്ദുവിനെ ആദ്യമായി കണ്ടത്… കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇന്ദൂവിനോടൊപ്പം നിഴല്‍ പോലെയുള്ള ആ രൂപത്തെ ശ്രദ്ധിക്കുന്നത്.. ഇരുനിറമുള്ള ആവശ്യത്തിന് വണ്ണവും ഉയരവും ഉള്ള ഉയര്‍ന്ന നെറ്റിയും കട്ടിയുള്ള മീശയും അലങ്കാരമാക്കിയ ആ ചെറുപ്പക്കാരന്‍…

അവന്‍ ഇടതടവില്ലാതെ ഇന്ദുവിനോട് സംസാരിക്കുന്നുണ്ട്.. ചുറ്റുപാടുകളെ ശ്രദ്ധിക്കാതെ അവരുടെ മാത്രമായ ലോകത്തില്‍ രണ്ടുപേര്‍… ആദ്യം അങ്ങനെയാണ് തോന്നിയതെങ്കിലും പെട്ടെന്ന് തന്നെ എന്റെ തോന്നലുകളെ മനസ്സ് എതിര്‍ത്തു..

എന്തുകൊണ്ടാണ് സദാചാരകണ്ണുകള്‍ കൊണ്ട് അവരെ നോക്കിയതെന്ന് സ്വയം കുറ്റപെടുത്തി.. കുറച്ചു ദിവസങ്ങള്‍ കൊണ്ട് കാണുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കാനുള്ള അടുപ്പം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സംസാരിക്കാന്‍ എന്തു കൊണ്ടോ മടി തോന്നി.. ഇന്ദു എന്നെ നോക്കി മനോഹരമായി പുഞ്ചിരിക്കുന്നത് കണ്ടു അടുത്തു നിന്ന ആള്‍ എന്തോ പറയുന്നത് കണ്ടു.. ഒരു പക്ഷേ എന്നെ പറ്റി അന്വേഷിച്ചതാകാം..

എത്ര ശ്രമിച്ചിട്ടും ആ മുഖം കണ്ടതായി ഓര്‍മ്മ വരുന്നില്ല.. കോളനിയില്‍ ഉള്ളതായിരിക്കുമോ… അസോസിയേഷന്‍ മീറ്റിംഗിലൊക്കെ വെറുതെ ആളുകാണിച്ചു പോരുന്നതായിരുന്നു പതിവ്..അതുകൊണ്ട് തന്നെ ആളുകളെ കാര്യമായ പിടിയില്ല.. ചിന്തകളുടെ മേല്‍ ബസിന്റെ ഹോണ്‍ മുഴുകിയപ്പോള്‍ ശ്രദ്ധ റോഡിലേക്ക് തിരിഞ്ഞു..

തുടര്‍ന്നുള്ള ദിവസങ്ങളും ഇന്ദുവും ആ ചെറുപ്പക്കാരനും എന്റെ മിഴികളില്‍ നിറഞ്ഞിരുന്നു .. അടുത്തു നില്‍ക്കുന്ന പലരും തുറിച്ചു നോക്കുമ്പോഴും അവര്‍ കൂസലില്ലാതേ അവരുടെ പ്രവൃത്തി തുടര്‍ന്നു.. പിന്നീടുള്ള ദിവസങ്ങളില്‍ ഇന്ദുവിന്റെ പുഞ്ചിരിയ്ക്കൊപ്പം ആ ചെറുപ്പക്കാരന്റെയും പുഞ്ചിരി എന്നെ തേടിയെത്തി…. ഒരൂ ദിവസം ബസ് കയറാന്‍ കോളനിയില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോഴാണ് അദ്ദേഹം അവിടൂത്തെ താമസക്കാരനാണെന്ന് മനസ്സിലായത്..

ചുറ്റുപാടും ജീവിക്കുന്നവരെ അറിയാത്ത കോളനി സമൂഹത്തെ പണ്ട് അതിരു കെട്ടി തിരിക്കാത്ത കാലം കൊഞ്ഞനം കുത്തുന്നതു പോലെ തോന്നി….

” ചേച്ചി അറിഞ്ഞോ… നമ്മുടെ ഇന്ദു മാഡം ആ ആനന്ദ് സാറുമായി പ്രേമം ആണെന്ന്…”

ഒരു അവധി ദിവസമാണ് രാധയാ രഹസ്യം പറയുന്നത്…

” ആനന്ദ്..?? ”

”ആനന്ദ് സാറിനെ അറിയില്ലേ…കോളനിയിലെ താമസക്കാരനാണ്.. അമ്മയും മോനും മാത്രമാണ് താമസം.. അവര്‍ എന്നും ബസ്റ്റോപ്പില്‍ നിന്നും ഭയങ്കര സംസാരം ആണെന്നാണെല്ലോ പറയുന്നത്…എന്നിട്ടും ചേച്ചി കണ്ടിട്ടില്ലേ.. ”

രാധ എന്റെ മുഖത്തോട്ടും നോക്കി നില്‍ക്കുകയാണ്‌..

” ഞാന്‍ അതൊന്നും ശ്രദ്ധിക്കില്ല രാധേ… അല്ലെങ്കിലും നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ക്കൊക്കെ നമ്മളെന്തിനാ തലയിടുന്നത്.. ”

” അതു ശരിയാ.. ഞാന്‍ പിന്നെ അവരുടെ വീട്ടില്‍ പോകുന്നത് കൊണ്ട് അറിയുന്നതാണ്.. ”

അല്‍പം ലജ്ജയോടെ ആണ് അവര്‍ അങ്ങനെ പറഞ്ഞത്…

പിന്നെയും രാധ അമ്മയോട് എന്തോക്കെയോ പറഞ്ഞു.. ഇന്ദൂവിനെ ഭര്‍ത്താവ് വഴക്കു പറഞ്ഞെന്നും ഇന്ദൂ ഭര്‍ത്താവിന്റെ വഴിവിട്ട ജീവിതത്തെ ചോദ്യം ചെയ്തെന്നും ഒടുവില്‍ ഡിവോഴ്സ് ചെയ്യാതെ സപ്പറേറ്റ് താമസിക്കുവാന്‍ തീരുമാനിച്ചത് അനുസരിച്ച് ഇന്ദുവിന്റെ ഭര്‍ത്താവ് മുകളിലെ നിലയിലേക്ക് താമസം മാറിയെന്നും .. ഇതെല്ലാം കേട്ടപ്പോഴും ഞാന്‍ ഇന്ദുവിനെ ഓര്‍ക്കുകയായിരുന്നു…

ചെറിയ കുട്ടികളുടെ നിഷ്കളങ്കതയുള്ള ,ഭംഗിയുളള ചിരിയുമായ കുഞ്ഞു മുഖം… അവര്‍ക്ക് എങ്ങനെ വിവാഹേതര ബന്ധം വന്നു…

പിന്നെയും കുറേ ദിവസം ഇന്ദുവിനെ കണ്ടില്ല… ആനന്ദ് ദിവസവും അവര്‍ നില്‍ക്കാറുള്ള സ്ഥലത്ത് വന്നു ബസ് കയറും.. ചിലപ്പോഴൊക്കെ എനിക്ക് നേരേ മങ്ങിയ ചിരിയുമെറിയും…

ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ദുവിനെ കണ്ടു.. അവളെ കണ്ട പലരും അടക്കം പറയുകയും അടക്കി ചിരിക്കുകയും ചെയ്തു…. അന്ന് ആനന്ദിനെ കണ്ടില്ല.. എന്റെ നേര്‍ക്ക് നോക്കി ചിരിച്ച ശേഷം ഇന്ദു എന്റെയടുത്തേക്ക് വന്നു…

” വീണ ഒന്നും അറിഞ്ഞില്ലേ..” ആകാംക്ഷയോടെ ആയിരുന്നു ചോദ്യം…

” എന്ത്…. ഒന്നും മനസ്സിലായില്ല.. ”

” എന്റെയും ആനന്ദിന്റെയും കാര്യം ” വെട്ടിത്തുറന്നുള്ള ആ സംസാരത്തില്‍ ഒരു നിമിഷം എന്തു പറയണമെന്ന് അറിയാതെ പകച്ചു പോയി..

” അത് ഞാന്‍ അറിഞ്ഞിരുന്നു .. ”

” എന്നിട്ടും എന്തേ വീണയുടെ മുഖത്തു മാത്രം പരിഹാസവും ചിരിയും ഇല്ലാതെ പോയി… ”

എന്തു മറുപടി പറയണമെന്ന് ഒരു എത്തുംപിടിയും കിട്ടിയില്ല..

എന്നെ ബാധിക്കാത്ത ഒന്നിനെയും ഞാന്‍ ശ്രദ്ധിക്കില്ലെന്നു പറയണോ…അതോ മറ്റെന്തെങ്കിലും…

” ആനന്ദ് എവിടെ.. ”

അങ്ങനെ ചോദിക്കാന്‍ ആണ് തോന്നിയത്..

” ആനന്ദ് നേരത്തെ പോയി.. ഞാനാ പറഞ്ഞത് പോയിക്കോളാന്‍.. ട്രാന്‍സ്ഫര്‍ വാങ്ങാനും പറഞ്ഞിട്ടുണ്ട് … വെറുതെയുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും ചുമ്മുന്ന കഴുതയായി ജീവിതം അവസാനിക്കട്ടെ..

ആനന്ദ് ഡിവോഴ്സ് നേടിയതാണ്.. ഇനിയും മറ്റൊരു ജീവിതം തിരഞ്ഞെടുക്കാം.. പക്ഷേ എനിക്ക് അതുപറ്റില്ലല്ലോ…

വേണമെന്നു കരുതി ചെയ്തതല്ല.. അറിയാതെ തോന്നിപോയതാണ്… അത് എന്നോടു കൂടി അവസാനിക്കട്ടെ… ജീവിതം ഒരു ചതുരംഗകളിയാണ്‌.. വെട്ടി മുന്നേറുന്നവരേ വിജയികളാകു… പക്ഷെ എന്റെ മോനെ ഓര്‍ക്കുമ്പോള്‍ എനിക്ക് അതിന് കഴിയുന്നില്ല…

അല്ലെങ്കിലും വെട്ടി മുന്നേറാന്‍ ആണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ ചെയ്തേനേ.. സ്വന്തം ഭര്‍ത്താവ് അന്യസ്ത്രീകളുമായി സ്വന്തം വീട്ടില്‍ കയറിയിറങ്ങുന്നത് കണ്ടു മനസ്സ് മടുത്താണ് ജോലിക്ക് പോയി തുടങ്ങിയത്…

അതൊരിക്കലും ഞാന്‍ ചെയ്തതിനെ ന്യായീകരിക്കാനുള്ള കാരണമല്ല… ചെയ്തത്‌ തെറ്റാണെന്ന തോന്നലും ഇല്ല.. നിയമപരമായി അല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്നെ അകന്നവരാണ് ഞാനും ഭര്‍ത്താവും.. ആ ഏകാന്ത ജീവിതത്തിന് കുറേയൊക്കെ ആശ്വാസമായിരുന്നു ആനന്ദ്…

നമ്മുടെ സമൂഹത്തില്‍ പുരുഷനോളം സ്വാതന്ത്ര്യം ഒരിക്കലും സ്ത്രീക്ക് കിട്ടില്ലല്ലോ.. സ്ത്രീകളെ പോലെ ആയിരുന്നു പുരുഷന്‍മാരോടും ഉള്ള മനോഭാവം എങ്കില്‍ എന്റെ ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങളൊക്കെയെന്നേ അവസാനിച്ചേനേ…. ”

.അന്നത്തെ ആ യാത്രയിലുടനീളം അവര്‍ സംസാരിച്ചു കൊണ്ടെയിരുന്നു… അവരുടെ മനസ്സിലെ അമര്‍ഷം സങ്കടം എല്ലാം..

” അപ്പോള്‍ ആനന്ദിനെ മറക്കാന്‍ ഇന്ദുവിന് കഴിയുമോ.. ”

ഒരു ചിരി മാത്രമായിരുന്നു മറുപടി …

ഇന്ദുവിനോട് യാത്ര പറഞ്ഞു ഓഫീസിലേക്ക് നടക്കുമ്പോഴും ജീവിതമെന്ന സമസ്യയെ പറ്റി ആയിരുന്നു ആലോചിച്ചത്‌… പ്രണയമെന്ന കടംങ്കഥയെ കുറിച്ചും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *