ജീവിതം, അത് വല്ലാത്ത ഒരു അത്ഭുതമാണ്. അല്ലേ പ്രിയ? അല്ലെങ്കിൽ ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം ഡിസംബറിലെ ഈ ക്രിസ്തുമസ് രാവിൽ………

മഞ്ഞും നിലാവും

Story written by Shafia Shamsudheen

“ജീവിതം, അത് വല്ലാത്ത ഒരു അത്ഭുതമാണ്. അല്ലേ പ്രിയ? അല്ലെങ്കിൽ ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം ഡിസംബറിലെ ഈ ക്രിസ്തുമസ് രാവിൽ ഈ കടൽത്തീരത്ത് നമ്മളിങ്ങനെ വീണ്ടും കണ്ടുമുട്ടുമോ?”

പ്രിയ മറുപടിയൊന്നും പറഞ്ഞില്ല. ആഞ്ഞടിക്കുന്ന തിരമാലകളേക്കാൾ പ്രക്ഷുബ്ധമായിരുന്നു അവളുടെ മനസ്സ്.

“പ്രിയ, എന്നെ ഒന്നു നോക്കൂ പ്ലീസ്. വെറുപ്പ് ഉണ്ടോ നിനക്കെന്നോട്?”

പ്രിയ പതിയെ മുഖം തിരിച്ച് അവനെ നോക്കി. “വെറുപ്പോ? എനിക്ക് നിന്നോടോ? കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി നിന്നെ വെറുക്കാനോ സ്നേഹിക്കാനോ ആവാതെ എന്റെ ഹൃദയത്തിന്റെ അടച്ചുപൂട്ടിയ ഒരു അറക്കുള്ളിൽ ഞാൻ പോലുമറിയാതെ നീ തടവിലായിരുന്നു.”

അവൻ നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാനെന്നോണം താഴേക്കു നോക്കി, അവളുടെ നീണ്ട കൈവിരലുകൾ ചേർത്തുപിടിച്ച് അവന്റെ കൈവെള്ളയിലൊതുക്കി.

“പ്രിയ, ഇനിയും എന്നോട് ഒന്ന് ചിരിച്ചൂടെ നിനക്ക്? നിന്റെ മനസ്സ് ഒന്ന് തുറന്നൂടെ?”

“ഇനിയിപ്പോൾ ഈ സായംസന്ധ്യയിൽ നിന്നെ കാണരുതായിരുന്നു എന്നെന്റെ മനസ്സ് പറയുന്നു.”

“അങ്ങനെ പറയല്ലേ നീ. നിന്റെ ഹൃദയത്തിന്റെ തടവറക്കുള്ളിൽ നിന്നും നിന്റെ കണ്മുന്നിൽ ഇന്നെന്നെ എത്തിച്ചത് നമ്മൾ വിശ്വസിക്കുന്ന ദൈവം അല്ലേ? നിനക്കറിയോ.. പ്രിയ? ഈ പതിനഞ്ച് വർഷങ്ങൾ നീ എന്നിൽ ഉണ്ടായിരുന്നു. എന്റെ ശ്വാസമായി, എനിക്ക് ഊർജ്ജമായി, എന്റെ പ്രാണനായി. നീ എന്നെ വിട്ടു പോയിട്ടേയില്ല.

നീ നടന്ന കാലടിപ്പാടുകളിൽ, നിന്നെ കണ്ടുമുട്ടാറുള്ള ഇടവഴികളിൽ നിന്റെ ഗന്ധം തേടി ഞാൻ എന്നും ഉണ്ടായിരുന്നു. എന്നിൽ പ്രണയം തളിർത്തത് നിനക്ക് വേണ്ടി ആയിരുന്നു പ്രിയാ. അത് നിറയെ പൂത്തതും ഇന്നും കൊഴിയാതെ കാത്തതും നിന്നെ ഓർത്തായിരുന്നു.”

അവൾ നിശബ്ദയായി. ഹൃദയത്തിൽ ഒരു കാരമുള്ള് ആഴ്ന്നിറങ്ങുന്നതിന്റെ നോവിൽ അവളൊന്നു പിടഞ്ഞു. കൺപീലികൾ നനഞ്ഞു കുതിർന്നു കൊണ്ടേയിരുന്നു.

അവൾ പതിയെ പറഞ്ഞു, “എന്നിട്ടും നീ ഇത്രയും പ്രണയം ഉള്ളിലൊതുക്കി എന്തിനൊരു പ്രണയശൂന്യനുവേണ്ടി എന്നെ കൈയൊഴിഞ്ഞു? എന്നെ സ്വന്തമാക്കാൻ മാത്രമെന്തേ അന്ന് നിന്റെ ഗു ണ്ടായിസത്തിന്റെ ആവനാഴിയിൽ അമ്പുകൾ ഇല്ലാതെ പോയി?”

“വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ച് നീയെന്നെ ശിക്ഷിച്ചോളൂ പ്രിയാ. നിന്നെ നഷ്ടപ്പെടുത്തിയ അന്ന് മുതൽ ഈ നിമിഷം വരെ ഞാൻ അനുഭവിക്കുന്ന വേദനയുടെ, കുറ്റബോധത്തിന്റെ, നഷ്ടബോധത്തിന്റെ ഒരു വിങ്ങൽ ഉണ്ടല്ലോ. അതിനോളം വരില്ല ഇതൊന്നും. എന്റെ കൗമാരത്തിൽ ഞാൻ വിത്തുപാകിയ നിന്നോടുള്ള പ്രണയം എന്റെ ഹൃദയത്തിൽ ഇന്ന് വൻവൃക്ഷമായി പടർന്നു പന്തലിച്ചു നിൽപ്പുണ്ട് പ്രിയ. ഇനിയെങ്കിലും എനിക്ക് നിന്റെ സാന്നിധ്യം കൊണ്ട് അൽപം ആശ്വാസം വേണം. അത് മാത്രം മതി എനിക്ക്. തന്നൂടെ നിനക്ക്?”

“നമ്മിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആ പടുവൃക്ഷത്തിന്റെ തണലിൽ ഇപ്പോൾ രണ്ടു കുടുംബങ്ങൾ ഉണ്ട് അലക്സ്. അത് നീ മറന്നു. ഒരിക്കൽ തളിർത്ത പ്രണയത്തിൽ വിരിഞ്ഞ പനിനീർപൂക്കൾ നമ്മിൽ സുഗന്ധം വറ്റാതെ വാടാതെ ഉണങ്ങി കിടപ്പുണ്ട്. അത് നമുക്ക് നമ്മോടൊപ്പം ഖബറടക്കാം. ആ സുഗന്ധം ഇനി പരന്നൊഴുകാൻ അനുവദിച്ചാൽ മറ്റു ചിലരുടെ സന്തോഷത്തിന്റെ ചങ്കിൽ കുറുകെ തറയ്ക്കുന്ന കൂരമ്പുകൾ ആയി മാറും അത്.”

“പ്രിയാ, പ്ലീസ് ഇടയ്ക്ക് ഒന്ന് കണ്ടാൽ മതി എനിക്ക് നിന്നെ. നിന്റെ സാമീപ്യം എന്റെ വേദനകളെ അത്രയ്ക്ക് അലിയിച്ചു കളയുന്നുണ്ട്.”

“വേണ്ട അലക്സ്. നമുക്ക് കാണണ്ട. നീയും ഞാനും കാണുന്തോറും ആ കരിഞ്ഞ പനിനീർപുഷ്പം വീണ്ടും സുഗന്ധം നിറഞ്ഞ് അതിന്റെ മുഴുവൻ സൗന്ദര്യത്തിൽ ഇനിയും വിടരും. അതിനി വേണ്ട അലക്സ്.”

“വിടരട്ടെ. നമുക്കായി മാത്രം ആ പനിനീർ പൂക്കൾ വീണ്ടും വീണ്ടും വിടരട്ടെ പ്രിയാ. പ്ലീസ്…” അവൻ പിറുപിറുത്തു കൊണ്ടിരുന്നു.

“വേണ്ട അലക്സ്.. വേണ്ട”

“പ്രിയ, എനിക്ക് ഭ്രാന്ത് പിടിക്കുന്നു!”

അവൾ അവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. സുഗന്ധം വറ്റി കരിഞ്ഞുണങ്ങിയ പനിനീർപ്പൂക്കൾക്കപ്പോൾ ഒരു ജന്മം മുഴുവൻ അവൾ അനുഭവിച്ചു തീർത്ത വ്യഥയേക്കാൾ ഇരട്ടി ഭാരം ഉണ്ടായിരുന്നു.

പ്രണയത്തിന്റെ നോവിന് അല്ലെങ്കിലും വല്ലാത്ത ഭാരമാണ്.

ഒരിക്കൽ കൂടെ അവന്റെ കണ്ണുകളിലേക്കു നോക്കാൻ ശക്തിയില്ലാതെ അവൾ നടന്നു.

മഞ്ഞു പെയ്യുന്ന ആ രാവിനെ വരവേൽക്കാൻ വിരുന്നെത്തിയ നിലാവു പോലും അവർക്ക് നേരെ കണ്ണു ചിമ്മിയോ?

അപ്പോഴും ദൂരെയാ റിസോർട്ടിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ മേളം മുഴങ്ങി കൊണ്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *